മുംബൈ: ഷീന ബോറയെ കൊലപ്പെടുത്തിയിട്ടില്ലെന്നും മകള്‍ ജീവനോടെയുണ്ടെന്നും അവകാശപ്പെട്ട് ഇന്ദ്രാണി മുഖര്‍ജി സി.ബി.ഐക്ക് കത്തയച്ചു. ഷീന ജീവിച്ചിരിപ്പുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും സി.ബി.ഐ ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ ഇന്ദ്രാണി ആവശ്യപ്പെട്ടു.
ഷീനയെ താന്‍ കശ്മിരില്‍ കണ്ടുവെന്ന്, ജയിലില്‍ പരിചയപ്പെട്ട സ്ത്രീയാണ് തന്നോട് വെളിപ്പെടുത്തിയതെന്നും കത്തില്‍ പറയുന്നതായി ദേശീയമാധ്യമമായ ഇന്ത്യ ടുഡേ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ കോടതിയിലും ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. വൈകാതെ ഇത് പരിഗണിക്കുമെന്നാണ് സൂചന.
ആദ്യ വിവാഹത്തിലെ മകളായ 25 കാരിയായ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ 49 കാരിയായ ഇന്ദ്രാണി മുഖര്‍ജി 2015 മുതല്‍ മുംബൈയിലെ ജയിലിലാണ്. മൂന്ന് മാസത്തിന് ശേഷം, ഇന്ദ്രാണിയെ സഹായിച്ചതിന് ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും അറസ്റ്റിലായി.
ഷീന ബോറയെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി എന്നാണു കേസ്.
സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ ആയ പീറ്റര്‍ മുഖര്‍ജിയുടെ ആദ്യഭാര്യയിലെ മകന്‍ രാഹുലുമായി ഷീന പ്രണയത്തിലായതിനെ തുടര്‍ന്നാണു കൊലപാതകം എന്നാണു പൊലീസ് പറയുന്നത്.
Comments are closed for this post.