2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഒരുമിക്കാം, ലഹരിമുക്ത സമൂഹത്തിന്

കെ.എം അബ്ദുല്‍ ജമാല്‍

ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി തീരുമാനപ്രകാരം ജൂണ്‍ 26 ലോക ലഹരി വിരുദ്ധദിനമായി ആചരിക്കുന്നതിന്റെ 36-ാം വാര്‍ഷികദിനമാണ് ഇന്ന്. മയക്കുമരുന്നുകളുടെ ഉപയോഗത്തെക്കുറിച്ചും ഭവിഷ്യത്തുകളെക്കുറിച്ചും സിംബോസിയങ്ങളും സെമിനാറുകളും ബോധവല്‍ക്കരണ പരിപാടികളുമൊക്കെ നടക്കുന്നുവെങ്കിലും പ്രായോഗികമായ തലങ്ങളിലേക്ക് വഴി മാറുന്നില്ലാ എന്നത് വസ്തുതയാണ്.


ഭൂമിയിലേക്ക് പിറന്നുവീണ നിമിഷം മുതല്‍ അശ്ലീലങ്ങളും ആഭാസങ്ങളും കാണാനും കേള്‍ക്കാനും വിധിക്കപ്പെട്ട ഈ പുതുതലമുറ നന്മയുടെ വെളിച്ചം കാണാന്‍ കഴിയാതെ ഇരുട്ടിന്റെ അഗാധഗര്‍ത്തങ്ങളിലേക്ക് നടന്നുനീങ്ങുകയാണ്. ഒറ്റത്തവണത്തെ ഉപയോഗം കൊണ്ടുപോലും പുതിയ ഇരകളെ ലഹരിക്ക് അടിമകളാക്കാന്‍ പറ്റുന്ന ജൈവരാസലഹരി മുതല്‍ സൂചിമുനയോളം നാവില്‍ വച്ചാല്‍ മണിക്കൂറുകളോളം ബോധം നഷ്ടപ്പെടുത്തുന്ന അത്യാധുനിക രാസലഹരികള്‍ വരെ ഇന്ന് സുലഭമാണ്.


യുവതലമുറയെ തകര്‍ത്തെറിയുന്ന മാരകമായ മയക്കുമരുന്നാണ് ക്രിസ്റ്റല്‍ മെത്ത് എന്ന ഓമനപ്പേരില്‍ വിളിക്കുന്ന മെഥലിന്‍ ഡൈഒാക്‌സി മെത്തഫെറ്റമിന്‍ (എം.ഡി.എം.എ). ആദ്യകാലങ്ങളില്‍ കായികതാരങ്ങള്‍ ഉത്തേജകമരുന്നായി ഉപയോഗിച്ചിരുന്ന മെത്തഫെറ്റമിനെ വിവിധങ്ങളും അപകടകാരികളുമായ രാസവസ്തുക്കള്‍ കൂട്ടിച്ചേര്‍ത്ത് കുക്കിങ് ലാബുകളില്‍ രാസപരിണാമങ്ങള്‍ക്ക് വിധേയമാക്കി പാര്‍ട്ടി ഡ്രഗ് എന്ന എം.ഡി.എം.എ പിറവിയെടുക്കുന്നു.


തലച്ചോറിലെ നാഡീകോശങ്ങള്‍ക്ക് പരസ്പരം ആശയവിനിമയം ചെയ്യുന്നതിന് വേണ്ടി ന്യൂറോണുകള്‍ക്കിടയിലുള്ള ഇലക്‌ട്രോ കെമിക്കല്‍ സബ്‌സ്റ്റെന്‍സായ ന്യൂറോട്രാന്‍സ്മിറ്ററുകളില്‍ പ്രധാനപ്പെട്ട ഡോപ്പാമിന്റേയും സിറാടോണിന്റേയും ഘടനയിലേക്ക് കടന്നു കയറി പ്രോഗ്രാമുകള്‍ മാറ്റിമറിക്കാന്‍ ശക്തിയുള്ള രാസഘടനയാണ് എം.ഡി.എം.എയില്‍ ഉള്ളത്.
ശരീരത്തിലെ നാഡീ ഞരമ്പുകളെ അനാവശ്യമായി ഉത്തേജിപ്പിച്ച് താല്‍ക്കാലിക സുഖാനുഭൂതിയും ഊര്‍ജസ്വലതയും അമിതമായ ആത്മവിശ്വാസവും വര്‍ധിപ്പിച്ച് വീറും വാശിയോടെ ആര്‍ത്തുല്ലസിച്ച് നടക്കാനുള്ള പ്രേരണയും ചിലപ്പോഴൊക്കെ അക്രമാസക്തരാകാനും അടിച്ചുപൊളിക്കാനുമായി തോന്നുന്ന മാനസികാവസ്ഥയിലേക്ക് എടുത്തെറിയപ്പെടുന്ന എം.ഡി.എം.എയുടെ നിരന്തരമായ ഉപയോഗം മൂലം അപസ്മാര ലക്ഷണങ്ങളും ഹൃദയസ്പന്ദനനിരക്ക് ഉയര്‍ന്ന് മനോരോഗലക്ഷണങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യുന്നു.


ലഹരി ഉപയോഗത്തിലൂടെ ജീവിതവും ലക്ഷ്യവും നഷ്ടപ്പെട്ട് ശൂന്യതയുടെ ലോകത്ത് എത്തിപ്പെടുകയാണ് ഇന്നത്തെ തലമുറ. അരുതെ എന്ന് പറയുമ്പോഴെല്ലാം പുച്ഛിച്ച് തള്ളുന്ന വാക്കുകള്‍ പിന്നീട് എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍ കുറ്റബോധത്തോടെ ഓര്‍ക്കേണ്ടി വരുമ്പോഴേക്കും തിരിച്ച് കയറാനാകാത്തവിധം കാണാക്കയത്തില്‍ ആണ്ടുപോയിക്കാണും കൗമാര ജീവിതങ്ങള്‍.
സാഹചര്യങ്ങളുടെ സമ്മര്‍ദം കൊണ്ട് വഴിതെറ്റി പോകുന്നവരുടേയും ചതിയില്‍പെടുന്നവരുടേയും എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. നമ്മുടെ മക്കളുടെ ദൈനംദിന ജീവിതം വളരെയേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മനസ് തുറന്ന് നമ്മളോട് സംസാരിക്കാന്‍ സ്വാതന്ത്ര്യം കൊടുക്കേണ്ടിയിരിക്കുന്നു. കണ്ണൊന്നു തെറ്റിയാല്‍ റാഞ്ചിക്കൊണ്ടുപോകാന്‍ ലഹരിയുടെ കഴുകന്‍മാര്‍ വട്ടമിട്ടു പറക്കുന്നുണ്ട്. പ്രിയപ്പെട്ട മക്കളോട് എപ്പോഴും പറഞ്ഞുകൊണ്ടേയിരിക്കണം, തകര്‍ക്കരുത് വിലപ്പെട്ട ജീവിതം.

(വിജിലന്റ് എഗയിനിസ്റ്റ് ഡ്രഗ്ഗ് അബ്യൂസ് ഇന്‍ ഇന്ത്യ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡൻ്റാണ് ലേഖകന്‍)

Together, for a drug-free society

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.