2020 October 25 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ട്രംപ് സമാധാന ദൂതനോ..?

ഹസ്സന്‍ തിക്കോടി

 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോക സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാണോ അല്ലയോ എന്ന ചര്‍ച്ചാവിഷയം ഇന്നത്തെ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വളരെ സജീവമാണ്. ഫോക്‌സ് ന്യൂസ് വിശേഷിപ്പിച്ചപോലെ അറബ് – ഇസ്‌റാഈല്‍ സമാധാന കരാറില്‍ ഒരു ബ്രോക്കറായി പ്രവര്‍ത്തിച്ചതിനാണോ 2021 ലെ അതിപ്രധാനമായ ഒരു സമ്മാനം ട്രംപിന് നല്‍കപ്പെടാന്‍ നോര്‍വീജിയക്കാരനായ ക്രിസ്റ്റന്‍ ടൈബ്രിങ് ശുപാര്‍ശ ചെയ്തത് എന്ന ചോദ്യം പ്രസക്തമാണ്. അമേരിക്കയിലെ സോഷ്യല്‍ മീഡിയകളിലും വാര്‍ത്താ മാധ്യമങ്ങളിലും ഇതു സംബന്ധിച്ച് പലതരം ട്രോളുകള്‍ ദിനേനയെന്നോണം വന്നുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒന്നരമാസം മാത്രം ബാക്കി നില്‍ക്കെ എന്തിനു ഇത്ര ധൃതിപിടിച്ചു നോബേല്‍ സമ്മാനത്തിന് ട്രംപിനെ ശുപാര്‍ശ ചെയ്തു? അവര്‍ക്കു ഒരുപാട് ചോദിക്കാനും പറയാനുമുണ്ട്. കൊവിഡ് എന്ന പകര്‍ച്ചവ്യാധിമൂലം ഇതിനകം രണ്ടു ലക്ഷം അമേരിക്കക്കാരെ മരിപ്പിച്ചതിനാണോ അതോ ഇനിയും മരണത്തിനു വിട്ടുകൊടുക്കാന്‍ തയാറായ ഭരണ വൈകല്യത്തിനാണോ? വൈറ്റ് ഹൗസിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ മേധാവി ഡോക്ടര്‍ ഫൗച്ചി പറഞ്ഞത് ശരിയാണെങ്കില്‍ പുതിയ പ്രസിഡന്റ് സ്ഥാനാരോഹണം ചെയ്യുമ്പോഴേക്കും രാജ്യത്ത് കൊവിഡ് മഹാമാരിമൂലം നാലുലക്ഷം പേരെങ്കിലും മരണമടയും, അത്രമേല്‍ കഠിനമായാണ് രോഗവ്യാപനം നടന്നുകൊണ്ടിരിക്കുന്നത്. ഇത് തികച്ചും ട്രംപ് ഭരണകൂടത്തിന്റെ അനാസ്ഥയും വീഴ്ചയുമാണ്.

രണ്ടു നൂറ്റാണ്ടുകള്‍ക്കിടയില്‍ നടക്കുന്ന അതിപ്രധാനമായ ഒരു സമാധാന കരാര്‍ എന്ന നിലയില്‍ അറബ് – ഇസ്‌റാഈല്‍ കരാറിനെ ചിലര്‍ വിശേഷിപ്പിക്കുന്നുണ്ട്. ഇതിനുമുമ്പ് അമേരിക്ക തന്നെ മുന്‍കൈയെടുത്ത ‘ക്യാംപ് ഡേവിഡ്, ഓസ്‌ലോ കരാറുകള്‍’ എവിടെയുമെത്താതെ വെടിയൊച്ചകള്‍ കൂട്ടാന്‍ മാത്രമേ ഉപകരിച്ചുള്ളൂ എന്നത് സ്മരണീയമാണ്. ഫലസ്തീന്‍ ജനതയെ അവരുടെ ഭൂമിയില്‍ നിന്ന് ആട്ടിയോടിച്ചവര്‍ അവിടെ കുടിലുകെട്ടി ആധിപത്യം സ്ഥാപിച്ചപ്പോള്‍ ഇല്ലാതായത് ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതങ്ങളും മോഹങ്ങളുമായിരുന്നു. അതിനെ കണ്ണടച്ച് പിന്താങ്ങുകയും മറ്റാരോടും ഇല്ലാത്ത അനുകമ്പയും സഹതാപവും വാരിക്കോരികൊടുത്തു വളര്‍ത്തി വലുതാക്കുമ്പോള്‍ മറുഭാഗത്തു സ്വന്തം ഭൂമിയിലേക്ക് തിരിഞ്ഞുനോക്കാനാവാതെ കല്ലേറും ബുള്ളറ്റും ബോംബും ഏറ്റുവാങ്ങേണ്ടിവന്ന ജനതയുടെ നിസ്സഹായാവസ്ഥയുടെ പേരാണ് ഫലസ്തീന്‍ ജനത. ഇത്രയും നാള്‍ അവര്‍ അറബ് ലോകത്തിനും പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ക്കും വേണ്ടപ്പെട്ടവരായിരുന്നു. അവരോടു സഹതാപവും കാരുണ്യവും കാണിച്ചവര്‍ ഇന്ന് മറുകണ്ടം ചാടാന്‍ തുടങ്ങിയിരിക്കുന്നു. അറബ് ലോകത്തു 1979ല്‍ ഈജിപ്തും, 1994 ല്‍ ജോര്‍ദാനും ഇസ്‌റാഈലിന്റെ അസ്തിത്വം അംഗീകരിച്ചത് അവരുടെ നിലനില്‍പ്പിന്റെ ആവശ്യമായിരുന്നു. എന്നാല്‍, ഇസ്‌റാഈലിനെ നഖശിഖാന്തം എതിര്‍ത്ത ഗള്‍ഫ് രാജ്യങ്ങള്‍ ഇതാദ്യമായാണ് ആ രാജ്യത്തെ അംഗീകരിക്കാന്‍ തയാറായത്. യു.എ.ഇയും ബഹ്‌റൈനും ഈ കരാറില്‍ ഒപ്പുവച്ചത് അവരുടെ സ്വാര്‍ഥതകൊണ്ട് മാത്രമാണെന്നാണ് ഫലസ്തീനികള്‍ പറയുന്നത്. ഇറാനുമായുള്ള ഈ രണ്ടു രാജ്യങ്ങളുടെയും വൈര്യത്തിനും നിരന്തരമായ ഭീഷണിയില്‍ നിന്നും അവര്‍ക്കു ഒരു വേള രക്ഷപ്പെടാന്‍ ഈ കരാര്‍ ഒരുപക്ഷേ സഹായകമായേക്കാം. പക്ഷേ മറുവശം അമേരിക്കയ്ക്കു ഇത് വെറും ഒരു കച്ചവട താല്‍പര്യമായിരുന്നു എന്ന് ഒറ്റനോട്ടത്തില്‍ കരാറിലെ ഉള്ളടക്കം വീക്ഷിക്കുന്നവര്‍ക്കു മനസിലാക്കും. പൂര്‍ണ രൂപം ഇതേവരെ ഇരുകൂട്ടാരും വെളിപ്പെടുത്തിയിട്ടില്ലങ്കിലും ആയുധ കച്ചവടം അന്നു തന്നെ നടന്നു കഴിഞ്ഞിരിക്കുന്നു. യു.എ.ഇയും ബഹ്‌റൈനും യുദ്ധവിമാനങ്ങളും മറ്റു യുദ്ധോപകരണങ്ങളും നല്‍കാന്‍ കരാറില്‍ വ്യവസ്ഥയുണ്ടുതാനും.

ഇക്കഴിഞ്ഞദിവസം വൈറ്റ്ഹൗസില്‍ നടന്ന ചടങ്ങില്‍ യു.എ.ഇയും ബഹ്‌റൈനും അംഗീകാരത്തിന്റെ കടലാസില്‍ ഒപ്പിട്ടു. ഈ കരാറിന് ചുക്കാന്‍ പിടിച്ച ഡൊണാള്‍ഡ് ട്രാപ് എന്ന ഇന്നത്തെ അമേരിക്കന്‍ പ്രസിഡന്റിനെ ലോകസമാധാനത്തിനു നല്‍കുന്ന നോബേല്‍ സമ്മാനത്തിനായി നോര്‍വേയിലെ വലതുപക്ഷ പാര്‍ട്ടിയും നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗവും കൂടിയായ ക്രിസ്റ്റന്‍ ടൈബ്രിങ് ശുപാര്‍ശ ചെയ്തത് വളരെപെട്ടന്നായിരുന്നു. നോര്‍വേയിലെ ഈ വലതുപക്ഷ പാര്‍ട്ടിക്ക് അതിനുള്ള അധികാരമുണ്ട്. ഇതിനുമുമ്പും രാഷ്ട്രത്തലവന്മാരുടെ പേരുകള്‍ ഇവര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. നാറ്റോ പാര്‍ലമെന്ററി അസംബ്ലി ഓഫ് നോര്‍വീജിയന്‍ ഡെലിഗേഷന്‍ മേധാവി കൂടിയാണ് ക്രിസ്റ്റന്‍ ടൈബിങ്.

പശ്ചിമേഷ്യയില്‍ സ്ഥിരമായ സമാധാനവും ശാന്തിയും ഈ കരാര്‍മൂലം വന്നുചേരുമെന്നു എല്ലാ ട്രംപ് അനുകൂലികളും പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ ഒപ്പുവച്ച രണ്ടു രാജ്യങ്ങള്‍ക്കു പിന്നാലെ ഇതര ഗള്‍ഫ് രാജ്യങ്ങളും ഇവരെ പിന്തുടരാനുള്ള സാധ്യതയ്ക്കായി ട്രംപ് ഭരണകൂടം ശ്രമിച്ചുവരികയാണ്. പക്ഷേ, മറുവശത്തു ഫലസ്തീന്‍ ഗ്രൂപ്പുകള്‍ ഒന്നടങ്കം ഇതിനെ എതിര്‍ക്കുകയും ജറൂസലമിനോടും മസ്ജിദുല്‍ അഖ്‌സയോടും ഗസ്സയോടും അമേരിക്കന്‍ സര്‍ക്കാര്‍ സ്ഥിരമായി കാണിക്കുന്ന നിഷ്ഠുരത വഞ്ചനയാണെന്നും വിലയിരുത്തുന്നു. വെസ്റ്റ് ബാങ്കും ഗസ്സയും ഫലസ്തീനികളുടെ പ്രിയപ്പെട്ട പ്രദേശമാണ്. ഫലസ്തീനികള്‍ക്കു നേരെയുള്ള ഇസ്‌റാഈലിന്റെ ക്രൂരമായ ആക്രമണം അറിയാത്തവരല്ല അറബ് രാജ്യങ്ങള്‍. അധിനിവേശത്തിന്റെ കഥകള്‍ മാത്രം കണ്ടും കേട്ടും വളര്‍ന്നവരാണ് അറബിമക്കള്‍. ആയുധങ്ങളില്ലാതെ പോരാടേണ്ടിവന്ന ഒരു ജനതയുടെ കണ്ണീരിന്റെ ചരിത്രമാണ് ഗസ്സ നിവാസികള്‍ക്ക് പറയാനുള്ളത്. അശാന്തിയുടെ ഭൂമികയില്‍ വീണ്ടും അസമാധാനം വന്നുചേരുമോ എന്ന ഭീതിയിലാണ് അവിടത്തെ ജനത. നാളിതുവരെ തങ്ങള്‍ക്കു കൈത്താങ്ങായി നിന്ന ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയുമായി ചേര്‍ന്ന് തങ്ങളെ കൂടുതല്‍ പ്രയാസത്തിലാക്കുമോ എന്നാണ് അവരുടെ പേടി. അതുകൊണ്ടാണ് ഇസ്‌റാഈല്‍ – യു.എ.ഇ- ബഹ്‌റൈന്‍ ബന്ധത്തെ അവര്‍ വഞ്ചനയുടേതാണെന്ന് കരുതുന്നത്. കാരണം ഇതിന്റെ മധ്യസ്ഥന്‍ ഡൊണാള്‍ഡ് ട്രംപായതിനാല്‍ അദ്ദേഹത്തിന്റെ താല്‍ക്കാലിക നേട്ടങ്ങള്‍ക്കുപരി ഈ ബന്ധം മറ്റൊരു തലത്തിലേക്ക് എത്തിച്ചേരുമെന്നും അവര്‍ കരുതുന്നു. 2002 ല്‍ അറബ് ലീഗ് സമര്‍പ്പിച്ച സമാധാന കരാറിലെ വ്യവസ്ഥകള്‍ പാടെ നിരാകരിക്കുന്നതാണ് അമേരിക്കയുടെ അമരക്കാരനായി രണ്ടാമൂഴം കൊതിക്കുന്ന ട്രംപിന്റെ കാര്‍മികത്വത്തില്‍ നടന്ന ഈ കരാര്‍.

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം വിലയിരുത്തുന്നത് അഞ്ചംഗ കമ്മിറ്റിയാണ്. സാഹിത്യത്തിലും ശാസ്ത്രത്തിനും നല്‍കുന്നപോലെ ഏതെങ്കിലും ഒരു കൃതിയെയോ കണ്ടുപിടുത്തത്തെയോ വിലയിരുത്തി സമാധാനത്തിനുള്ള നൊബേല്‍ പ്രൈസ് കൊടുക്കുക പ്രയാസമാണ്. സമാധാനവുമായി ബന്ധപ്പെട്ടു ഒരുപാടു മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇതിനുമുമ്പ് അമേരിക്കയിലെത്തന്നെ മൂന്നു പ്രസിഡന്റുമാര്‍ക്കും ഒരു വൈസ് പ്രസിഡന്റിനും നോബേല്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. അവരാരുംതന്നെ ഇത്രയധികം വിമര്‍ശനങ്ങളോ തര്‍ക്കങ്ങളോ നേരിടേണ്ടി വന്നിട്ടില്ല. ഏറ്റവും ഒടുവില്‍ 2009 ല്‍ കറുത്തവര്‍ഗക്കാരനായ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ തെരഞ്ഞെടുത്തത് അദ്ദേഹം വൈറ്റ് ഹൗസില്‍ എത്തിയ ഒന്‍പതാമത്തെ മാസത്തിലായിരുന്നു. ലോകനയതന്ത്ര ബന്ധങ്ങള്‍ കാര്യക്ഷമമായി നടത്തിയതും ന്യൂക്ലിയര്‍ ആയുധ നിര്‍മ്മാര്‍ജനത്തെ പ്രോത്സാഹിപ്പിച്ചതുമായിരുന്നു ഒബാമയെ ഈ ബഹുമതിക്ക് അര്‍ഹനാക്കിയത്. അതിനുമുമ്പ് 1920 ല്‍ വുഡ്രോ വില്‍സണ്‍ അര്‍ഹനായത് ഒന്നാം ലോകമഹായുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്തതിനാലാണ്. 2002 ല്‍ ജിമ്മി കാര്‍ട്ടറിനെ ബഹുമതി തേടിയെത്തിയത് ലോകസമാധാനത്തിനായി ഒരു സമാധാന ഫോര്‍മുല രൂപപ്പെടുത്തിയതിനും മനുഷ്യാവകാശം സംരക്ഷിക്കുന്നതിനുമായിരുന്നു. കാലാവസ്ഥ വ്യതിയാനത്തെ ലോകം മുഴുവന്‍ അറിയിക്കാനും അതിലേക്കു ലോകരാജ്യങ്ങളുടെ ശ്രദ്ധ എത്തിക്കുകയും ചെയ്ത അമേരിക്കയുടെ വൈസ് പ്രസിഡന്റ് അല്‍ഗോറിന് 2007 ല്‍ സമാധാന പുരസ്‌കാരം ലഭിച്ചത്.

ഇവിടെ ട്രംപ് മറ്റു പ്രസിഡന്റുമാരില്‍നിന്നും വ്യത്യസ്തമാവുന്നതു അദ്ദേഹത്തിന്റെ വെള്ള വംശീയതയും പെരുമാറ്റത്തിലെ അപ്രമാദിത്തവുമാണ്. അതോടൊപ്പം കൊവിഡ് എന്ന മഹാമാരിയെ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുകയും രണ്ടു ലക്ഷം അമേരിക്കക്കാരെ നിഷ്‌കരുണം മരണത്തിനു വിട്ടുകൊടുത്തതുമാണ്. ഇനിയും ഒരു രണ്ടു ലക്ഷം പേര്‍ മരിക്കുമെന്ന് പ്രതീക്ഷിച്ചിട്ടും ഗൗരവമായ രോഗപ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാന്‍ മടികാണിക്കുന്നു എന്ന പരാതിയും ജനങ്ങളെ ആശങ്കയിലെത്തിക്കുന്നു. അമേരിക്കയെന്ന സമ്പന്ന രാഷ്ട്രം നാളിതുവരെ കാണാത്ത സാമ്പത്തിക തകര്‍ച്ചയും തൊഴിലില്ലായ്മയും വര്‍ണ വിവേചനവും വംശീയതയും മറുഭാഗത്തു ട്രംപിന്റെ റേറ്റിങ് കുറക്കുന്നു. രണ്ടുവര്‍ഷം മുമ്പ് ഉത്തര കൊറിയയെയും ദക്ഷിണ കൊറിയയെയും ബന്ധിപ്പിക്കാന്‍ സിംഗപ്പൂരില്‍ നടത്തിയ സമാധാനശ്രമങ്ങള്‍ക്ക് 2017 ല്‍ ട്രംപിനെ നൊബേലിന് പരിഗണിച്ചെങ്കിലും അവസാന നിമിഷം അത് വേണ്ടെന്ന് തീരുമാനിച്ചു. 2020 ഒക്ടോബറില്‍ സമാധാന സമ്മാനമായ നോബേല്‍ അദ്ദേഹത്തെ തേടിയെത്തുമെങ്കില്‍ അത് അതിശയകരമായിരിക്കുമെന്നു ഡെമോക്രാറ്റുകള്‍ മാത്രമല്ല അദ്ദേഹത്തിന്റെ തന്നെ അഭ്യുദയകാംക്ഷികളും കരുതുന്നു. നൊബേല്‍ കമ്മിറ്റിയിലെ മറ്റു നാലുപേരുടെയും അഭിപ്രായങ്ങള്‍ വരുന്നമുറക്ക് ട്രംപിനാണോ എന്നകാര്യം അറിയുകയുള്ളൂ. 2019 ല്‍ എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്കായിരുന്നു സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്. എറിത്രിയയുമായുള്ള ദീര്‍ഘകാലത്തേ വൈര്യം അധികാരത്തില്‍ എത്തി ആറുമാസത്തിനകം ഒത്തുതീര്‍പ്പാക്കാന്‍ സാധിച്ചതായിരുന്നു അബി അഹമ്മദിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.

ഏതായാലും ഒരു ‘ചരിത്ര മുഹൂര്‍ത്തം’ വന്നുചേര്‍ന്നിരിക്കുന്നു. ഏഴു പതിറ്റാണ്ടുകാലത്തെ വൈര്യത്തിനും പകപോക്കലിനു അര്‍ധവിരാമമിട്ടുകൊണ്ടു കഴിഞ്ഞദിവസം വൈറ്റ്ഹൗസില്‍ രണ്ടു ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിനിധികള്‍ ഡൊണാള്‍ഡ് ട്രംപിന്റെയും മറ്റു എഴുനൂറോളംപേരുടെയും സാന്നിധ്യത്തില്‍ കരാര്‍ യാഥാര്‍ഥ്യമായിരുന്നു. നയതന്ത്ര, സാമ്പത്തിക മേഖലകളിലെ സഹകരണവും സമാധാനവുമാണ് കരാര്‍ നിഷ്‌കര്‍ഷിക്കുന്നത്. അതോടൊപ്പം അഹങ്കാരത്തോടെ ഡൊണാള്‍ഡ് ട്രംപിനും അഭിമാനിക്കാം. രണ്ടു അറബ് നാടുകളെ താനുദ്ദേശിച്ച പാതയില്‍ കൊണ്ടുവരാന്‍ സാധിച്ചതിനാല്‍ തുടര്‍ന്നുള്ള നാളുകളില്‍ മറ്റു ഗള്‍ഫ് നാടുകളെ തന്റെ വരുതിയില്‍ കൊണ്ടുവരാനാവുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് അദ്ദേഹം. മറുവശത്തു കരാറിനെ തുടര്‍ന്നുള്ള ഫലസ്തീനികളുടെ പ്രതിഷേധവും നിസ്സഹായതയും അറബ് രാജ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. മേഖലയിലെ സ്ഥിരം ശത്രുവായ ഇറാന്‍ ഇതൊക്കെ നോക്കി മിണ്ടാതിരിക്കുമെന്നും പ്രവചിക്കാനാവില്ല. മറുവശത്തു തുര്‍ക്കിയും കരാറില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഇതൊക്കെ കൂട്ടിവായിക്കുമ്പോള്‍ മധ്യ പൗരസ്ത്യ ദേശം ഒരിക്കല്‍ കൂടി അശാന്തിയിലേക്കു പോകുമോ അതോ ശാശ്വതമായ ശാന്തി കൈവരിക്കുമോ എന്ന് ലോകം ഉറ്റുനോക്കുകയാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.