2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

മറുവെട്ട്


പാര്‍ട്ടിക്ക് വേണ്ടിയുള്ള പ്രധാന പോരാട്ട വഴി ചാനല്‍ സ്റ്റുഡിയോകളായി മാറിയപ്പോള്‍ കോണ്‍ഗ്രസുകാര്‍ ഏറെ ആവേശത്തോടെ സ്വീകരിച്ച പേരാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഷ്ട്രീയ സംവാദങ്ങളില്‍ ഒട്ടും ദയാദാക്ഷിണ്യമില്ലാതെ എതിരാളികളെ അരിഞ്ഞുവീഴ്ത്തുന്ന മാങ്കൂട്ടത്തിലിന്റെ ശൈലിയാണ് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വോട്ടെടുപ്പ് വന്നപ്പോള്‍ തുണയായിരിക്കുക. ആ വോട്ടെടുപ്പിന്റെ പേരില്‍ തന്നെ ഇപ്പോള്‍ ബി.ജെ.പിയും സി.പി.എമ്മും ഒരു പോലെ രാഹുല്‍ മാങ്കൂട്ടത്തെ വേട്ടയാടാന്‍ ഒരുങ്ങുകയാണ്. ഇന്നുവരെ കേരള പൊലിസ് ഒരു കേസിലും കാണിച്ചിട്ടില്ലാത്ത ചടുലത ഈ കേസിലുണ്ട്.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്നതാണ് മ്മ്ണി വല്യ കേസ്. ഇനി വ്യാജം ഉണ്ടെന്ന് തന്നെ വയ്ക്കുക. ഇതുപയോഗിച്ച് ആരും റേഷന്‍ വാങ്ങിയിട്ടില്ല. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ പോലും വോട്ട് ചെയ്തിട്ടുമില്ല. യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം, ജില്ലാ സംസ്ഥാന പ്രസിഡന്റുമാരെ തെരഞ്ഞെടുത്ത വോട്ടെടുപ്പില്‍ പോലും പങ്കെടുത്തതായി വ്യക്തമായിട്ടില്ല.

729,626 വോട്ടുകള്‍ പോള്‍ ചെയ്ത തെരഞ്ഞെടുപ്പ് നടന്നത് യൂത്ത് കോണ്‍ഗ്രസ് ഇലക്ഷന്‍ അതോറിറ്റി എന്ന വെബ് സംവിധാനത്തിലൂടെയാണ്. പൂര്‍ണമായും ഡിജിറ്റലായി തെരഞ്ഞെടുപ്പ് നടത്തുകയും ഫലം പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തില്‍ ഒരു പാര്‍ട്ടിക്കും ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് നടത്താനായിട്ടില്ല. മുകളില്‍ നിന്ന് കെട്ടിയേല്‍പിച്ച യുവജന നേതാക്കളാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്ന് ആരോപിച്ച് കേസുകള്‍ ഉണ്ടാക്കുന്നത്. വ്യാജ ഐ.ഡി ഉണ്ടെങ്കില്‍ നടപടി എടുത്തോളൂവെന്ന് തന്നെയാണ് രാഹുല്‍ വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പില്‍ വ്യാജം നടക്കില്ലെന്നാണ് രാഹുല്‍ പറയുന്നത്. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യത കൂടി ഉപയോഗിച്ച് മൂന്ന് തരത്തില്‍ ആളെ ഉറപ്പുവരുത്തുന്നു. ഫോട്ടോ, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, വിഡിയോ എന്നിവ വച്ചാണ് ആപ് വോട്ടറെ തിരിച്ചറിയുന്നതും വോട്ട് ചെയ്യാന്‍ അനുവദിക്കുന്നതും. ചെറിയ തെറ്റുകള്‍ പോലും പൊറുക്കാത്തതാണ് ഈ വോട്ടിങ് ആപ്. അതുകൊണ്ടു തന്നെ 216,462 വോട്ടുകള്‍ അസാധുവായി. എന്തുകൊണ്ട് ഓരോ വോട്ടും അസാധുവായി എന്ന് ഇപ്പോഴും സൈറ്റില്‍ തെളിഞ്ഞു കിടക്കുന്നുണ്ട്.
221,986 വോട്ടുകള്‍ നേടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷ പദവിക്ക് അര്‍ഹനായത്. 168,588 വോട്ട് നേടിയ അബിന്‍ വര്‍ക്കി രണ്ടാമതും 31,930 വോട്ട് നേടിയ അരിത ബാബു മൂന്നാമതുമെത്തി. 53,398 വോട്ടുകള്‍ അബിന്‍ വര്‍ക്കിയേക്കാള്‍ നേടിയാണ് രാഹുല്‍ പ്രസിഡന്റായത്. ദേശീയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി നടക്കേണ്ടത് സ്ഥാനാരോഹണമാണ്. രാഹുല്‍ ഗാന്ധി കേരളത്തിലെത്തുമ്പോള്‍ അതു നടത്താനാണ് പാര്‍ട്ടിയുടെ നീക്കമെങ്കില്‍ അതിന് മുമ്പെ മാങ്കൂട്ടത്തിലിനെ കൂട്ടിലാക്കാനാണ് പൊലിസ് ശ്രമം.
കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലാ എന്നാണ് പറയുന്നതെങ്കിലും ഗ്രൂപ്പുകള്‍ കൂടാതെ കേരളത്തിലെ കോണ്‍ഗ്രസില്‍ ഒന്നും നടക്കുന്നില്ലെന്നും പറയണം. മാങ്കൂട്ടത്തില്‍ എ ഗ്രൂപ്പിന്റെയും അബിന്‍ വര്‍ക്കി ഐ ഗ്രൂപ്പിന്റെയും സ്ഥാനാര്‍ഥിയായിരുന്നു. രണ്ടു പേരും ചാനല്‍ ചര്‍ച്ചകളിലെ മികച്ച പോരാട്ടക്കാരുമാണ്. ഉമ്മന്‍ചാണ്ടിയാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട നേതാവെന്ന് വ്യക്തമാക്കിയ രാഹുല്‍ താന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത് കാണാന്‍ അദ്ദേഹം ഇല്ലല്ലോ എന്ന സങ്കടവും പങ്കുവച്ചിട്ടുണ്ട്.

   

ചാനലുകളിലെ പോരാട്ട വീര്യം സംഘാടനത്തിലും തെരുവ് സമരത്തിലും കാണിക്കാനാവുമോ എന്നതാവും രാഹുലിന് മുന്നിലെ വെല്ലുവിളി. ഉരുളക്കുപ്പേരി പോലെ ചരിത്രവും വര്‍ത്തമാനവും ഉദ്ധരിക്കുന്ന രാഹുലിന്റെ മിടുക്ക് പോരാ കേരളം പോലെ സംസ്ഥാനത്ത് യുവജന പ്രസ്ഥാനത്തെ മുന്നില്‍ നിന്ന് നയിക്കാന്‍.

പത്തനംതിട്ടയിലെ അടൂര്‍ സ്വദേശിയായ രാഹുലിന്റെ വിഷയം ചരിത്രമാണ്. രാജേന്ദ്രകുറുപ്പിന്റെയും ബീനാ കുറുപ്പിന്റെയും മകനായ രാഹുലിന്റെ കുടുംബപ്പേരാണ് മാങ്കൂട്ടത്തില്‍. പത്തനംതിട്ട കാത്തലിക് കോളജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ചരിത്രത്തില്‍ തന്നെ ബിരുദാനന്തര ബിരുദവും നേടിയ രാഹുല്‍ ഇപ്പോള്‍ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ഗവേഷണം ചെയ്യുകയാണ്. കോളജില്‍ യൂനിറ്റ് കെ.എസ്.യു ആയി സംഘടനാ പ്രവര്‍ത്തനം തുടങ്ങി. കെ.എസ്.യുവിന്റെ മണ്ഡലം പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, എന്‍.എസ്.യു ദേശീയ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എം.ജി യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലറായിരുന്നു. നിലവിലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെ.പി.സി.സി അംഗവുമാണ്. ദി കോണ്‍ഗ്രസ് ലെഗസി ഹിസ്റ്ററി ഓഫ് ദി ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി, ദി യൂത്ത് പവര്‍എ മാനിഫെസ്റ്റോ ഓഫ് ദി ന്യൂ ഇന്ത്യ എന്നിങ്ങനെ രണ്ടു പുസ്തകങ്ങളും രാഹുലിന്റേതായുണ്ട്.

ഗാന്ധിജിയെ കൊന്നത് ആര്‍.എസ്.എസ് തന്നെയെന്ന് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതിന് ബി.ജെ.പി നേതാക്കളുടെ ഭീഷണി മാങ്കൂട്ടത്തിലിന് നേരെയുണ്ടായിരുന്നു. രാഹുല്‍ ഇതേ കാര്യം പറഞ്ഞതിന് നിയമനടപടികളെ നേരിടുകയാണെന്ന് അതേ ചര്‍ച്ചയില്‍ ബി.ജെ.പി പ്രതിനിധി ചൂണ്ടിക്കാട്ടിയിട്ടും മാങ്കൂട്ടത്തില്‍ പിന്‍വാങ്ങിയില്ല. പിണറായിക്ക് നേരെയും ഏറ്റവും മൂര്‍ച്ചയേറിയ വാക്കുകള്‍ ഉപയോഗിക്കുന്ന മാങ്കൂട്ടത്തിലിനെതിരേ ഈ കേസ് ഉപയോഗിക്കാന്‍ പരമാവധി ശ്രമിക്കുക തന്നെ ചെയ്യും. ബി.ജെ.പിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ സഹായം ലഭിക്കുന്നത് പിണറായിക്കാണെന്നാണ് രാഹുലിന്റെ പക്ഷം. പ്രതികളുടെ മൊഴികള്‍ ഉണ്ടായിട്ടും ചോദ്യം ചെയ്യാന്‍ പോലും കേന്ദ്ര ഏജന്‍സികള്‍ മുതിരാത്തത് ഈ സഹായം കൊണ്ടു മാത്രമാണ്. സംഘ്പരിവാറിന് വഴി മരുന്നിടുകയല്ല പിണറായി റോഡ് വെട്ടി ടാറിട്ട് കൊടുക്കുകയാണ് രാഹുല്‍ പറയുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.