2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സോളാറിൽ പുറത്തുവരുന്നത് പകപോക്കലിന്റെ പിന്നാമ്പുറം

പ്രൊ.റോണി.കെ.ബേബി

‘അസത്യത്തിന്റെ കൂടെ അന്തിയുറങ്ങുന്ന വെപ്പാട്ടിയാണ് ചരിത്രം’. പ്രശസ്ത ചരിത്രകാരനായ ഗലീലിയോയുടെ വാക്കുകളാണിത്. എന്നാല്‍, എക്കാലവും അസത്യത്തിനൊപ്പം ചരിത്രം അന്തിയുറങ്ങുകയില്ല എന്നും അസത്യത്തിന്റെ കാര്‍മേഘങ്ങളെ ഭേദിച്ചുകൊണ്ട് സത്യമാകുന്ന സൂര്യന്‍ ഉദിച്ചുയരുമെന്നും ചരിത്രംതന്നെ പലപ്പോഴും സാക്ഷ്യപ്പെടുത്താറുണ്ട്. അത്തരമൊരു സാക്ഷ്യപ്പെടുത്തലാണ് രാഷ്ട്രീയകേരളം ഏറെ ചര്‍ച്ചചെയ്ത ജനകീയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തുടര്‍ഭരണം പോലും നിഷേധിച്ച സോളാര്‍ വിവാദത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.


സോളാര്‍ കേസിനെ കേരളത്തില്‍ വീണ്ടും ചര്‍ച്ചയിലേക്കെത്തിച്ചത് സമീപ ദിവസങ്ങളിലുണ്ടായ രണ്ട് വെളിപ്പെടുത്തലുകളാണ്. രണ്ടു വെളിപ്പെടുത്തലുകളും പുസ്തകരൂപത്തിലാണ് പുറത്തുവന്നത് എന്നത് ഏറെ കൗതുകകരമാണ്. സംസ്ഥാന പൊലിസിന്റെയും സി.ബി.ഐയുടേയും അന്വേഷണങ്ങളിലൂടെ അഗ്നിശുദ്ധി വരുത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എങ്ങനെയാണ് കേസിലേക്ക് വലിച്ചിഴച്ചതെന്ന കൃത്യമായ വെളിപ്പെടുത്തലുകളാണ് രണ്ടു പുസ്തകങ്ങളിലുമുള്ളത്. പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന വ്യക്തമായ അടയാളപ്പെടുത്തലുകളാണ് പുസ്തകങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്.


സി.പി.ഐ നേതാവും മുന്‍മന്ത്രിയുമായ സി. ദിവാകരന്റെ ‘കനല്‍ വഴികളിലൂടെ’ എന്ന ആത്മകഥയാണ് സോളാര്‍ കേസിനെ നീണ്ട ഇടവേളക്കുശേഷം വീണ്ടും ചര്‍ച്ചയിലേക്കെത്തിച്ച ഒരു പുസ്തകം. സോളാര്‍ സമരത്തില്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ വ്യക്തിഹത്യ നടത്തുകയും അദ്ദേഹത്തെ കായികമായി കൈയേറ്റം നടത്തുകയും ചെയ്ത സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകളാണ് ഈ പുസ്തകത്തിലുള്ളത്.


അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന് കോടികള്‍ കൊടുത്തുവെന്നാണ് സി. ദിവാകരന്റെ ആത്മകഥയിലെ വെളിപ്പെടുത്തല്‍. ആത്മകഥ പ്രകാശനം ചെയ്തതാകട്ടെ മുഖ്യമന്ത്രി പിണറായി വിജയനാണെന്നതും പാര്‍ട്ടിയെയും മുന്നണിയെയും ഒരുപോലെ പ്രതിരോധത്തിലാക്കുന്നുണ്ട്. സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ അധ്യക്ഷനായ ചടങ്ങിലായിരുന്നു പുസ്തകത്തിന്റെ പ്രകാശനം എന്നതും ശ്രദ്ധേയമാണ്. ‘നാലോ അഞ്ചോ കോടി രൂപ വാങ്ങിയാണ് എന്തോ ‘കണാ കുണാ’ റിപ്പോര്‍ട്ട് എഴുതിവച്ചത്’ എന്നായിരുന്നു ദിവാകരന്റെ പരാമര്‍ശം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ ഉമ്മന്‍ചാണ്ടിക്കെതിരേ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ന്നുവന്ന പിണറായി സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിക്കും യു.ഡി.എഫ് നേതാക്കള്‍ക്കുമെതിരേ കേസെടുത്തതും അന്വേഷണം ആരംഭിച്ചതും.സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷനെതിരേ രൂക്ഷ വിമര്‍ശനുമായി അന്വേഷണ ഉദ്യോഗസ്ഥനും മുന്‍ ഡി.ജി.പിയുമായ എ. ഹേമചന്ദ്രന്റെ ‘നീതി എവിടെ’ എന്ന ആത്മകഥയാണ് കേസിനെ കുറിച്ച് വീണ്ടും ചര്‍ച്ചക്കിടയാക്കിയ മറ്റൊരു പുസ്തകം. സദാചാര പൊലിസിന്റ മാനസികാവസ്ഥയിലായിരുന്നു കമ്മിഷനെന്നും അന്വേഷിച്ചത് സ്ത്രീ-പുരുഷ ബന്ധത്തിലെ മസാലക്കഥകള്‍ മാത്രമെന്നും ഹേമചന്ദ്രന്‍ തുറന്നടിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ അടക്കം അന്തസ്സും മൗലികാവകാശങ്ങളും ഹനിക്കുന്ന പെരുമാറ്റം കമ്മിഷന്റെ ഭാഗത്ത് നിന്നുണ്ടായെന്നും മുന്‍ ഡി.ജി.പി പുസ്തകത്തില്‍ പറയുന്നു.

ഭാവിയില്‍ ഇതിഹാസ രചനയ്ക്ക് മുതിരുന്ന കമ്മിഷനുകള്‍ക്ക് ഒരുപാഠം കൂടിയായിരിക്കും ‘സോളാര്‍ ഇതിഹാസം’ എന്നും ഹേമചന്ദ്രന്‍ പരിഹസിക്കുന്നുണ്ട്. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ നിയമസാധുതപോലും പരിശോധിക്കാതെയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ കേസെടുക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന ഗുരുതരമായ ആരോപണമാണ് ഹേമചന്ദ്രന്‍ ഉയര്‍ത്തുന്നത്.

ഉമ്മന്‍ചാണ്ടിയേയും മറ്റ് കോണ്‍ഗ്രസ് നേതാക്കളേയും രാഷ്ട്രീയമായി വേട്ടയാടുന്നതിനും പക തീര്‍ക്കുന്നതിനും ഇല്ലായ്മ ചെയ്യുന്നതിനും പിണറായി വിജയന്‍ സര്‍ക്കാര്‍ ഉപയോഗിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയാണ് ഈ രണ്ട് ആത്മകഥകളിലും ചോദ്യം ചെയ്യുന്നത്. കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയാണ് റിപ്പോര്‍ട്ട് എഴുതിച്ചതെന്ന ആരോപണത്തെ നിസ്സാരമായി കാണാന്‍ കഴിയില്ല.
2013 ജൂണ്‍ 15നാണ് സി.പി.എം സോളാര്‍ സമരം ആരംഭിച്ചത്. ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് പ്രഖ്യാപിച്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അന്നുതന്നെ സോളാര്‍ കേസ് അന്വേഷിക്കാന്‍ എ.ഡി.ജി.പി എ. ഹേമചന്ദ്രന്റെ കീഴില്‍ പ്രത്യേക സംഘം രൂപീകരിച്ചു. എന്നാല്‍, ഇതില്‍ തൃപ്തരാകാതെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതുവരെ ഉമ്മന്‍ചാണ്ടിയെ എല്ലാ പൊതുപരിപാടികളില്‍നിന്നും ബഹിഷ്‌കരിക്കാന്‍ സി.പി.എം തീരുമാനിച്ചു. ജൂണ്‍ 20ന് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉമ്മന്‍ചാണ്ടിക്ക് തുറന്ന കത്തെഴുതി.

സോളാര്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് 2013 ജൂലൈ 9ന് എല്‍.ഡി.എഫ് സെക്രട്ടേറിയറ്റിലേക്ക് അക്രമാസക്തമായ മാര്‍ച്ച് നടത്തി. ഓഗസ്റ്റ് 12ന് മുഖ്യമന്ത്രിയുടെ രാജിയും ജുഡിഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ട് എല്‍.ഡി.എഫ് സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു.
സോളാര്‍ വിഷയത്തില്‍ ഇടതുമുന്നണി ആസൂത്രണം ചെയ്ത അന്തിമ സമരമായിരുന്നു സെക്രട്ടേറിയറ്റ് ഉപരോധം. ഓഗസ്റ്റ് 13ന് സര്‍ക്കാര്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സിറ്റിങ് ജഡ്ജിയെ കൊണ്ട് ജുഡിഷ്യല്‍ അന്വേഷണം നടത്താമെന്നായിരുന്നു മന്ത്രിസഭാ തീരുമാനം. അസാധാരണമാം വിധം ജുഡിഷ്യല്‍ അന്വേഷണത്തില്‍ തന്നെയും തന്റെ ഓഫിസിനെയും ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സന്നദ്ധത പ്രഖ്യാപിച്ചു.


2015 ജനുവരി 12ന് ആരംഭിച്ച സാക്ഷി വിസ്താരം 2017 ഫെബ്രുവരി 15നാണ് അവസാനിച്ചത്. ഇതിനിടെ 216 സാക്ഷികളെ വിസ്തരിക്കുകയും 893 രേഖകള്‍ അടയാളപ്പെടുത്തുകയും ചെയ്തു. ഏപ്രില്‍ ആദ്യം വരെ വിസ്താരത്തിന്മേലുള്ള വാദം നീണ്ടു. അന്വേഷണ കമ്മിഷനെ നിയമിച്ച സര്‍ക്കാരിന്റെ അമരക്കാരനെത്തനെ 14 മണിക്കൂര്‍ നേരം ചോദ്യം ചെയ്തു. ആറ് മാസ കാലാവധിക്ക് നിയമിച്ചതായിരുന്നു കമ്മിഷനെങ്കിലും നടപടികള്‍ അനന്തമായി നീണ്ടു. നിരവധി തവണ സമയപരിധി നീട്ടി നല്‍കിയതിന് ശേഷം 2017 നവംബര്‍ 27ന് കാലാവധി അവസാനിക്കാനിരിക്കെ ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് സോളാര്‍ ജുഡിഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ പ്രകാരം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കീഴില്‍ അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണുണ്ടായത്.

നാലു വര്‍ഷത്തോളം ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ച കേസുകളില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ തെളിവു ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ പരാതിക്കാരി കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് സംസ്ഥാന സര്‍ക്കാരിനോടു ആവശ്യപ്പെടുകയായിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ആറ് കേസുകള്‍ സി.ബി.ഐക്ക് വിട്ട് ആഭ്യന്തര അഡിഷനല്‍ ചീഫ് സെക്രട്ടറി ജനുവരിയില്‍ വിജ്ഞാപനമിറക്കി.
തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ സോളാര്‍ കേസ് സജീവമാക്കി കോണ്‍ഗ്രസ് നേതാക്കളെ വേട്ടയാടുകയായിരുന്നു സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും ലക്ഷ്യം. പെരിയ ഇരട്ടക്കൊല, മട്ടന്നൂര്‍ ശുഹൈബ് വധം ഉള്‍പ്പെടെയുള്ള കേസുകളില്‍ സി.ബി.ഐ അന്വേഷണത്തിനെതിരേ കടുത്ത നിലപാടെടുത്ത പിണറായി സര്‍ക്കാര്‍ സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ സി.ബി.ഐ അന്വേഷണത്തിനായി വെള്ളക്കടലാസില്‍ പരാതി എഴുതി വാങ്ങുകയായിരുന്നു. എന്നാല്‍, നിയമപരമായ എല്ലാ അന്വേഷണങ്ങളും നടത്തി ഒരു തെളിവുമില്ലാത്ത കേസാണിതെന്ന് കണ്ടെത്തി എഴുതിത്തള്ളുകയാണ് സി.ബി.ഐ ചെയ്തത്.


ആത്മകഥകളായ ‘കനല്‍ വഴികളും’ ‘നീതി എവിടെ’യും ചര്‍ച്ചയാകുമ്പോള്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും കളങ്കിതരാക്കാനുമുള്ള ബോധപൂര്‍വമായ ഗൂഢാലോചനയായിരുന്നു സോളാര്‍ കേസെന്ന് സംശയരഹിതമായി വ്യക്തമാവുകയാണ്. ടി.പി വധം, ഷുക്കൂര്‍ വധം തുടങ്ങിയ രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ പ്രതിരോധത്തിലായ സി.പി.എമ്മിന് പിടിച്ചുനില്‍ക്കാന്‍ ചില നാടകങ്ങള്‍ ആവശ്യമായിരുന്നു. അതിനുവേണ്ടി അരങ്ങേറിയ അസംബന്ധനാടകമായിരുന്നു സോളാര്‍ സമരം.

Content Highlights: Todays ARTICLE written by prof.roney k baby

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.