എൻ.പി.േചക്കുട്ടി
എമ്പതുകളുടെ തുടക്കത്തിൽ പത്രപ്രവർത്തകനായി കോഴിക്കോട്ടു ദേശാഭിമാനിയിൽ ചേർന്ന കാലത്താണ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനം നഗരത്തിൽ നടന്നത്. ടാഗോർ സെന്റിനറി ഹാളിൽ ആഘോഷമായാണ് സമ്മേളനം നടന്നത്. പ്രമുഖ ചരിത്രകാരനും അലിഗർ മുസ്‌ലിം സർവകലാശാലയിലെ ചരിത്രാധ്യാപകനുമായിരുന്ന പ്രൊഫസർ ഇർഫാൻ ഹബീബ് ആയിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്യാനായി എത്തിയത്. അന്ന് കൽപകയിൽ താമസിച്ച ഇർഫാൻ ഹബീബിനെ അദ്ദേഹത്തിന്റെ മുറിയിൽ പോയി ഇന്റർവ്യൂ നടത്തിയതും ഓർമയിൽ പച്ചപിടിച്ചു നിൽക്കുന്നു.
മുസ്‌ലിം സ്ത്രീകൾ അനുഭവിക്കുന്ന സാമൂഹിക പീഡനങ്ങളെക്കുറിച്ചാണ് പ്രഭാഷണത്തിൽ ഇർഫാൻ ഹബീബ് പ്രധാനമായി പരാമർശിച്ചത്. ശരീഅത്ത് പരിഷ്‌കരണം സാമൂഹികനീതിക്ക് അനിവാര്യമാണ്. അതല്ലെങ്കിൽ രാജ്യത്തിന്റെ മുന്നിലുള്ള പോംവഴി ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പാക്കുകയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശരീഅത്തും അതിന്റെ പരിഷ്കരണവും രാജ്യത്തു ചർച്ചയായ അവസരമായിരുന്നു അത്. ഷാബാനു കേസിൽ സുപ്രിംകോടതി വിധി വന്നത് അന്നാണ്. കേരളത്തിൽ ഇടതുപക്ഷ മുന്നണിയുടെ ഭാഗമായിരുന്ന അഖിലേന്ത്യാ മുസ്‌ലിം ലീഗ് ഒരു ബാധ്യതയായി മാറിയിരിക്കുന്നു എന്ന് സി.പി.എം നിഗമനത്തിലെത്തിയതും ആ അവസരത്തിലാണ്. അടിയന്തരാവസ്ഥയിൽ തങ്ങൾക്കൊപ്പം ജയിലിൽ കിടന്ന അഖിലേന്ത്യാ ലീഗ് നേതാക്കളെ സി.പി.എം തള്ളിപ്പറഞ്ഞു. തങ്ങളുടെ നിലപാടിനെ ന്യായീകരിച്ചു സി.പി.എം സംസ്ഥാന സെക്രട്ടറി ഇ.കെ നായനാർ പറഞ്ഞത് ഇനിയൊരു ക്ലീൻ സ്ലേറ്റിൽ ആരംഭിക്കാനാണ് നീക്കം എന്നാണ്. ലീഗിനെപ്പോലുള്ള വർഗീയ ശക്തികളുമായി ഇനി ഒരു കൂട്ടുകെട്ടുമില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
അഖിലേന്ത്യാ ലീഗ് ഇടതുമുന്നണി വിട്ടതും അവർ വീണ്ടും മാതൃപേടകത്തിൽ ചേക്കേറിയതും വളരെ അപമാനകരമായ സാഹചര്യങ്ങളിലായിരുന്നു. അവരെ ഒതുക്കാനായാണ് ഇർഫാൻ ഹബീബിന്റെ പിന്നാലെ ഇ.എം.എസ് നമ്പൂതിരിപ്പാടും ശരീഅത്ത് പരിഷ്കരണം ചർച്ചാവിഷയമാക്കിയത്. കടുത്ത ഇസ്‌ലാംവിരുദ്ധ അപസ്മാരമാണ് അന്നു കേരളം കണ്ടത്. ഒരുഭാഗത്തു സി.പി.എമ്മും മറുഭാഗത്തു ലീഗും ഉയർത്തിയ മുദ്രാവാക്യങ്ങൾ ഇന്നും മലയാളികളുടെ മനസിലുണ്ട്. ലീഗിന്റെ നേതൃത്വത്തിൽ അന്ന് കോഴിക്കോട്ട് ശരീഅത്ത് സംരക്ഷണ സമ്മേളനം നടന്നു. ഭിന്നതകൾ അവഗണിച്ചു സുന്നികളും ജമാഅത്തെ ഇസ്‌ലാമി, കെ.എൻ.എം അടക്കമുള്ള മറ്റു പ്രസ്ഥാനങ്ങളും ഒരേവേദിയിൽ അണിനിരന്ന സമ്മേളനമാണത്.
ഇതിന്റെയെല്ലാം പ്രത്യാഘാതം ചെറുതായിരുന്നില്ല. സമുദായം എന്ന നിലയിൽ മുസ്‌ലിംകൾ അപരിഷ്കൃതരും ആധുനിക ജനാധിപത്യ സമൂഹത്തിൽ അപവാദവുമാണ് എന്ന രീതിയിൽ മുദ്രകുത്താൻ ശ്രമമുണ്ടായി. മുസ്‌ലിം സ്ത്രീകളുടെ വിമോചനത്തിനുള്ള ഒറ്റയാൾ പോരാട്ടമാണ് ഇ.എം.എസ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് അന്ന് ഇക്കണോമിക് & പൊളിറ്റിക്കൽ വീക്കിലി ഒരു കുറിപ്പിൽ പ്രഖ്യാപിച്ചത്.
എന്നാൽ അതിൽ വാസ്തവം എത്രമാത്രം ഉണ്ടായിരുന്നു എന്ന ചോദ്യം ആരും ഉന്നയിക്കുകയുണ്ടായില്ല. മുസ്‌ലിംകൾ പാരമ്പര്യങ്ങളിൽ ഉറച്ചുനിൽക്കുന്ന സമൂഹമാണ് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. എന്നാൽ അവർക്കിടയിൽ സാമൂഹിക പരിഷ്കരണങ്ങൾക്കുള്ള ശ്രമങ്ങൾ ഉണ്ടായില്ല എന്ന വ്യാഖ്യാനം തീർത്തും തെറ്റായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യകാലം മുതൽ അത്തരം മുന്നേറ്റങ്ങൾ നടന്നിരുന്നു. സാമൂഹിക മാറ്റങ്ങളോടു മുസ്‌ലിം സമുദായം ഒരിക്കലും പുറംതിരിഞ്ഞു നിൽക്കുകയുണ്ടായില്ല. സ്ത്രീവിദ്യാഭ്യാസത്തിലും അവരുടെ സാമൂഹിക പദവിയിലും തൊഴിൽമേഖലയിലുമുള്ള മുന്നേറ്റം വളരെ പ്രകടമായിരുന്നു. പുറത്തുനിന്നുള്ള സമ്മർദം മൂലം സംഭവിച്ച മാറ്റമായിരുന്നില്ല അത്. അത്തരം മാറ്റങ്ങൾക്കുള്ള പ്രചോദനം സമൂഹത്തിനകത്തു നിന്നുതന്നെയാണ് ഉയർന്നുവന്നത്.
ഈ മാറ്റങ്ങൾ വളരെ പ്രകടമായിരുന്ന എമ്പതുകളിൽ തന്നെയാണ് ശരീഅത്ത് പരിഷ്കരണ മുദ്രാവാക്യവുമായി സി.പി.എം ഇറങ്ങിയത്. അതിനു രണ്ടു നിഷേധ ഫലങ്ങളുണ്ടായി; ഒന്ന്, മുസ്‌ലിംവിരുദ്ധ വികാരങ്ങൾ സമൂഹത്തിൽ മുഖ്യധാരയുടെ ഭാഗമായി മാറി. ഇസ്‌ലാമോഫോബിയ എന്ന് പിൽക്കാലത്തു വിവരിക്കപ്പെട്ട മനോഭാവം കേരളത്തിൽ പൊതുസമൂഹത്തിൽ വേരുപിടിക്കുന്നത് അക്കാലത്താണ്. രണ്ട്, കേരളത്തിൽ ഹിന്ദു ഏകീകരണ മുന്നേറ്റം ശക്തമായി. തൊട്ടുപിന്നാലെ വന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും ഹിന്ദുമുന്നണിയും ഏഴു ശതമാനത്തോളം വോട്ടു നേടിയെടുത്തു. മുസ് ലിം വിരോധത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ ധ്രുവീകരണം കേരളത്തിൽ ആദ്യമായി നടക്കുന്നത് 1987ലെ തെരഞ്ഞെടുപ്പിലാണ്.
എന്നാൽ സി.പി.എമ്മും ഇടതുമുന്നണിയും വിജയിച്ചതു മതേതരമായ പ്ലാറ്റ്‌ഫോമിൽ നിന്നുകൊണ്ടാണ് എന്നാണ് അവർ വിലയിരുത്തിയത്. പക്ഷേ വർഗീയമായ സാമൂഹിക വിഭജന തന്ത്രത്തിന്റെ തിരമാലകളിലാണ് ആ വിജയം കൈവന്നത് എന്ന കാര്യം വ്യക്തമായിരുന്നു. ഇടതുവിജയത്തിന് ഏറ്റവും വലിയ ഊർജം നൽകിയത് ഹിന്ദുഐക്യം എന്ന മുദ്രാവാക്യവും അതിന്റെ ഭാഗമായ ബി.ജെ.പി-ഹിന്ദുമുന്നണി മുന്നേറ്റവും ആയിരുന്നു എന്ന് കണക്കുകൾ തെളിയിച്ചു.
സ്വാതന്ത്ര്യാനന്തരം, മുസ് ലിംകൾ അധികാരസ്ഥാനങ്ങളിൽനിന്ന് അകറ്റിനിർത്തപ്പെടുകയായിരുന്നു. അതിന് അന്ത്യം കുറിച്ചത് 1967ൽ ലീഗിനെ മുന്നണിയിൽ എടുത്തുകൊണ്ടു ഇ.എം.എസ് തന്നെയായിരുന്നു. പിന്നീട് ലീഗും മുസ്‌ലിം സമുദായവും കേരള രാഷ്ട്രീയത്തിൽ മുഖ്യധാരയിൽ ഇടം നേടി. എന്നാൽ അതിനു വിരാമമിട്ടുകൊണ്ടാണ് 1987ൽ നായനാർ സർക്കാർ അധികാരത്തിൽ വന്നത്. മുസ്‌ലിം പ്രാതിനിധ്യം പേരിനെങ്കിലും നിലനിർത്താൻ സി.പി.എം പാടുപെട്ടു. ഇരുപതംഗ മന്തിസഭയിൽ ഒരേയൊരു മുസ്‌ലിം മന്ത്രി മാത്രം: മലപ്പുറത്തെ മുൻ കോൺഗ്രസ് നേതാവ് ടി.കെ ഹംസ പൊതുമരാമത്തു മന്ത്രിയായി അതിൽ സ്ഥാനം നേടി. നാലു ക്രൈസ്തവരും മന്ത്രിസഭയിൽ ഉണ്ടായിരുന്നു. അങ്ങനെ വെറും അഞ്ചുപേരിൽ ഒതുങ്ങി ന്യൂനപക്ഷ പങ്കാളിത്തം.
ജനസംഖ്യയിൽ 40 ശതമാനത്തിൽ അധികം വരുന്ന മുസ്‌ലിം-ക്രൈസ്തവ വിഭാഗങ്ങളെ പന്തിക്കു പുറത്തുനിർത്തി ഒരു ജനാധിപത്യ സർക്കാരിനും മുന്നോട്ടുപോകാനാവില്ല എന്ന ബോധ്യം ഇ.എം.എസിന് ഉണ്ടായിരുന്നതു കൊണ്ടാണ് അദ്ദേഹം വൈകാതെ നിലപാടുകൾ തിരുത്തിയത്. പള്ളിക്കാരെയും പട്ടക്കാരെയും കൈവിട്ടാൽ കേരളാ കോൺഗ്രസിന് സ്വാഗതം എന്നദ്ദേഹം വ്യക്തമാക്കി. പിന്നീട് മുസ്‌ലിം സമുദായത്തിൽനിന്ന് ഒരു വിഭാഗത്തെ ഇടതുപക്ഷത്തേക്ക് ആകർഷിക്കാനായി അദ്ദേഹം ശ്രമങ്ങൾ നടത്തി. സുലൈമാൻ സേട്ടുവിനെയും അബ്ദുന്നാസർ മഅ്ദനിയെയും മുന്നണിയിൽ കൊണ്ടുവരാൻ അദ്ദേഹം നടത്തിയ നീക്കങ്ങൾ പാർട്ടിയിലെ എതിർവിഭാഗം തന്നെയാണ് പൊളിച്ചത്. മഅ്ദനിയെയും സേട്ടുവിനെയും മഹാത്മാഗാന്ധിക്കു തുല്യരായി അദ്ദേഹം പുകഴ്ത്തി എന്നു തുടങ്ങിയ പ്രചാരണങ്ങളുടെ പിന്നിലെ വസ്തുത അതായിരുന്നു.
മുസ്‌ലിം സമുദായത്തിൽ നിന്നുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ മതേതര പ്രതിബദ്ധത സംബന്ധിച്ച ആശയക്കുഴപ്പം അന്നുമുതൽ ഇന്നുവരെ സി.പി.എമ്മിൽ നിലനിൽക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം. 1994ൽ സുലൈമാൻ സേട്ടു ലീഗ് വിട്ടു ഐ.എൻ.എൽ ഉണ്ടാക്കിയെങ്കിലും അവർക്കു മുന്നണിയിൽ പ്രവേശനം നൽകാനാവില്ല എന്ന തീരുമാനമാണ് 1996ൽ ചണ്ഡീഗറിൽ ചേർന്ന പാർട്ടി കോൺഗ്രസ് എടുത്തത്. മതേതര പ്രതിബദ്ധത ബോധ്യമാകാൻ കാലമെടുക്കും എന്നാണ് പാർട്ടി പറഞ്ഞത്. പിന്നീട് 2016 വരെ അങ്ങനെയൊരു ബോധ്യമാകൽ പാർട്ടിക്കുണ്ടായില്ല. 2016ലാകട്ടെ ചർച്ചയും പ്രമേയവും ഒന്നുമില്ലാതെ തന്നെ സി.പി.എം ഇടതുമുന്നണിയിലേക്കു ഐ.എൻ.എൽ എന്ന പാർട്ടിയെ സ്വീകരിച്ചു. തങ്ങളുടെ തൊഴുത്തിൽ കെട്ടാവുന്ന വിധം പാർട്ടി മെലിഞ്ഞു എന്നവർക്കു ബോധ്യം വന്നിരിക്കണം.
ഈയൊരു പശ്ചാത്തലത്തിലാണ് ഏകീകൃത സിവിൽ നിയമത്തിനെതിരേ പ്രക്ഷോഭത്തിനിറങ്ങാനുള്ള സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തെ കാണേണ്ടത്. നാൽപതുവർഷം മുമ്പ് ശരീഅത്തിൽ പരിഷ്‌കരണം ആവശ്യപ്പെട്ടു അവർ തെരുവിൽ ഇറങ്ങിയതാണ്. മുസ്‌ലിം സ്തീകളുടെ സംരക്ഷണത്തിനു പൊതു സിവിൽ നിയമങ്ങൾ വേണം എന്ന നിലപാടും അവർക്കുണ്ടായിരുന്നു. അന്ന് ശരീഅത്ത് സംരക്ഷണത്തിനു ലീഗും സമസ്തയും ഒന്നിച്ചുനീങ്ങി. അവരെ ഒറ്റപ്പെടുത്താൻ പ്രച്ഛന്ന ഹിന്ദുത്വ രാഷ്‌ട്രീയമാണ് സി.പി.എം പ്രയോഗിച്ചത്. ഇന്നിപ്പോൾ കാലം മാറി; സി.പി.എമ്മിലും ഒരുപക്ഷേ മാറ്റങ്ങൾ വന്നിരിക്കാം. പക്ഷേ ഏകീകൃത സിവിൽ നിയമങ്ങൾക്കെതിരേ ന്യൂനപക്ഷങ്ങൾ അടക്കമുള്ളവരെ ഒന്നിച്ചു അണിനിരത്തി സമരത്തിന് പാർട്ടി ഇറങ്ങുമ്പോൾ തങ്ങളുടെ മുൻകാല നിലപാടുകൾ പൂർണമായും റദ്ദായി എന്നും 1980കളിൽ തങ്ങൾ വിളിച്ച മുസ്‌ലിംവിരുദ്ധ മുദ്രാവാക്യങ്ങൾ അനാവശ്യമോ അപ്രസക്തമോ ആയിരുന്നു എന്നും അവർ ഏറ്റുപറയുമെങ്കിൽ അത് രാഷ്ട്രീയ സത്യസന്ധത മാത്രമായിരിക്കും.
Comments are closed for this post.