2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മുഗളർ ബി.ജെ.പിയുടെ പുതിയ ശത്രുവാകുമ്പോൾ…

സിദ്ധാർത്ഥ് ഭാട്ട്യ

ഹിന്ദുത്വവർഗീയ മനസ്സിൽ മുഗളർക്ക് പ്രത്യേക സ്ഥാനമുണ്ട്. ‘അടിമത്വത്തിന്റെ 1,200 വർഷങ്ങളെ’ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പലപ്പോഴും സംസാരിച്ചതുമാണ്. 2014ൽ അദ്ദേഹത്തിൻ്റെ സർക്കാർ അധികാരത്തിൽ വന്ന ഉടനെ തന്നെ ഡൽഹിയിൽ നിന്നുള്ള ബി.ജെ.പി എം.പി ഔറംഗസേബ് റോഡിന്റെ പേരുമാറ്റി അബ്ദുൽകലാം എന്നാക്കണമെന്ന് ആവശ്യപ്പെട്ടു. ‘ക്രൂരനായ മുസ് ലിമിൽനിന്ന് ദേശാഭിമാനിയായ മുസ്‌ലിം’..! പെട്ടെന്നുതന്നെ അത് നടപ്പാക്കാൻ മുനിസിപ്പൽ കമ്മിറ്റി ബാധ്യസ്ഥരായി. അന്നുമുതൽ മുഗളരെ പിന്നാമ്പുറത്തു നിർത്തി പാർട്ടിയും അതിന്റെ കൂലിത്തല്ലുകാരും മുസ് ലിം പൗരൻമാരുടെ പിന്നാലെ പോയിരിക്കുകയാണ്. മുഗൾ എന്നത് ഇന്ത്യൻ മുസ്‌ലിംകളുടെ പകരമെത്തി. ഈ കഴിഞ്ഞ വർഷങ്ങളിൽ മുസ് ലിംകളുടെ പിന്നാലെ പോകുന്നതാണ് (സാമ്പത്തികമായും സാമൂഹ്യമായും ശാരീരികമായി പോലും) സർക്കാരിന്റെ മുൻഗണന.

ഇപ്പോൾ വീണ്ടും മുഗളൻമാർ സ്റ്റേജിന്റെ നടുവിലെത്തിയിരിക്കുകയാണ്. 1992ൽ ബാബരി മസ്ജിദ് തകർത്തതിൽ ഞാനും ഉണ്ടെന്ന് നിയമബിരുദധാരികൂടിയായ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പരസ്യമായി അവകാശപ്പെട്ടിരിക്കുന്നു. രാഷ്ട്രീയക്കാർ സാധാരണയായി കൂടുതൽ നിക്ഷേപം കൊണ്ടുവരുന്നതിലും സാമ്പത്തിക നയത്തിലും സാമൂഹികക്ഷേമപദ്ധതികളിലെ തങ്ങളുടെ നേട്ടങ്ങളെപ്പറ്റിയാണ് സാധാരണ പറയാറുള്ളത്. എന്നാൽ ഇത് ആദ്യമായിട്ടാവും പ്രത്യേകിച്ച് ഒരു മുഖ്യമന്ത്രി, തികച്ചും നിയമവിരുദ്ധമായ കാര്യത്തിൽ തന്റെ പങ്കാളിത്തത്തെ പറ്റി വളരെ അഭിമാനത്തോടെ പറയുന്നത്. ഇന്ത്യയുടെ മതേതരത്വം കീറിമുറിക്കുന്ന വർഗീയ ലഹളയിലേക്ക് നയിച്ച വിഷയത്തിൽ ഫഡ്‌നാവിസിന്റെ പ്രസ്താവന അദ്ദേഹത്തിനും മസ്ജിദ് തകർച്ചയുടെ പങ്കാളിത്തത്തിൽ അഭിമാനിക്കുന്ന ശിവസേനക്കും ഇടയിൽ ഒരു വാക്കു യുദ്ധത്തിന് തന്നെ കാരണമായി. ‘അത്യാവശ്യം തടിയുള്ള ഫഡ്‌നാവിസ് മസ്ജിദിന് മുകളിൽ കയറിയിട്ടുണ്ടെങ്കിൽ അത് തനിയെ പൊളിഞ്ഞുവീഴേണ്ടതായിരുന്നു’ എന്നാണ് ശിവസേനയുടെ ഉദ്ധവ് താക്കറെ ഇതിനോട് പ്രതികരിച്ചത്.

അതിനിടെ മുഗളരുടെ കാലത്തെ പ്രദേശങ്ങളുടെ പേരുകൾ മാറ്റണമെന്ന് മറ്റൊരു ബി.ജെ.പി നേതാവ് ആവശ്യപ്പെട്ടിരിക്കുകയാണ്. അത് അനുവദിച്ചവരുടെ പേരിലാണ് ഭൂമി എന്ന വസ്തുത അവഗണിച്ചാണ് ഈ ആവശ്യമെന്നതാണ് വാസ്തവം. ഷാജഹാൻ മുംതാസിന്റെ സ്മരണയ്ക്കായി നിർമിച്ച താജ്മഹലിൽ പൂട്ടിയിരിക്കുന്ന മുറികൾ തുറക്കണമെന്നും അവിടെ ഹിന്ദു വിഗ്രഹങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്നുമാണ് ഉത്തർപ്രദേശിലെ മറ്റൊരു ബി.ജെ.പി നേതാവിന്റെ ആവശ്യം. എന്നാൽ അത് അലഹബാദ് കോടതി നിഷ്‌കരുണം തള്ളി. തീർന്നില്ല, നിരവധി നോവലുകളുടെ രചയിതാവായ അമിഷ് ത്രിപാഠി മുഗളന്മാർ വിദേശികൾ ആണെന്നും അവർ ഇന്ത്യക്കാരെ പോലെയല്ല കാണാനെന്നും ചൈനക്കാരെ പോലെയാണെന്നും പ്രഖ്യാപിച്ചു.
ഈ പ്രസ്താവനയെ പലവിധത്തിലുള്ള പോയിന്റുകൾ വച്ച് എതിർക്കാവുന്നതാണ്. ഒന്നാമത്തേത്, ‘ഇന്ത്യൻ രൂപം’ എന്ന ഒന്നില്ല എന്നതാണ് ഇന്ത്യയുടെ വൈവിധ്യത്തിന്റെ മനോഹാരിത. അദ്ദേഹം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള ജനങ്ങൾക്ക് തങ്ങളുടെ മുഖത്തിന്റെ പേരിൽ മറ്റുള്ളവരിൽ നിന്ന് വിവേചനം നേരിടാൻ കാരണമുണ്ടാക്കുകയാണ് ചെയ്തിരിക്കുന്നത്. ഹുമയൂണിന് ശേഷം എല്ലാ മുഗളരും ഇന്ത്യയിൽ തന്നെയാണ് ജനിച്ചതെന്നതാണ് രണ്ടാമത്തെ കാര്യം. മാത്രമല്ല അക്ബറിന് ഒരു രജപുത് ഭാര്യ ഉണ്ടായിരുന്നു. അതിലെ മകനാണ് ജഹാംഗീർ. അവർ ഇന്ത്യയിൽ പൂർണമായും ഉൾച്ചേർന്നവരാണ്. മാത്രമല്ല അവർക്ക് ഇസ് ലാം പ്രചരിപ്പിക്കുകയാണ് ഉദ്ദേശമെങ്കിൽ ഇന്ത്യയിലെ വലിയൊരു വിഭാഗം ജനതയെ അവർ മുസ്‌ലിംകളാക്കേണ്ടതായിരുന്നു. ഇതിലെല്ലാമുപരി ത്രിപാഠിയുടെ തലതിരിഞ്ഞ യുക്തിയിലൂടെ നോക്കുകയാണെങ്കിൽ, വിദേശത്ത് ജോലിചെയ്യുന്ന ദശലക്ഷക്കണക്കിന് ഇന്ത്യൻ വംശജർ ഇന്ത്യയിലേക്ക് തന്നെ തിരികെപോകൂവെന്ന് പറയണം. അയർലാൻഡിലെ ലിയോ വറദ്കർ, ബ്രിട്ടനിലെ റിഷി സുനക് തുടങ്ങിയ രാഷ്ട്രീയ പ്രമുഖരും അതുപോലെതന്നെ ടെക് കമ്പനികളുടെ തലപ്പത്തിരിക്കുന്ന സുന്ദർ പിച്ചൈ, സത്യ നദെല്ല എന്നിവരും ഇതിലുൾപ്പെടും.

സത്യത്തിൽ ഈ ത്രിപാഠി ഒരു ചരിത്രകാരൻ അല്ല. മുഗളർ മുഴുവനായും ഇന്ത്യക്കാരായിരുന്നു എന്നെങ്കിലും അദ്ദേഹം അറിഞ്ഞിരിക്കേണ്ടതാണ്. മാത്രമല്ല നമ്മെ സാംസ്‌കാരികമായും വാസ്തുവിദ്യയിലും സാമൂഹികമായും വലിയ തോതിൽ സമ്പന്നരാക്കിയവരാണ് മുഗളർ. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ സെന്ററിന് കീഴിലുള്ള ലണ്ടനിലെ നെഹ്‌റു സെന്റർ തലവനാണ് അദ്ദേഹം. ഇതൊരു സർക്കാർ ജോലിയാണ്. സാമുദായിക താപനില ഉയർത്താൻ തീർത്തും ആസൂത്രിതമായ നീക്കം നടക്കുന്നുവെന്നതാണ് മുഗളർക്ക് നേരെയുള്ള ഈ വളഞ്ഞാക്രമണങ്ങൾ വിരൽചൂണ്ടുന്നത്. എല്ലാ വിഭാഗം ആളുകളിലേക്കും എത്തുന്ന വിധത്തിൽ ഒരു ഉന്നത രാഷ്ട്രീയക്കാരൻ, നിരവധി പ്രാദേശിക നേതാക്കൾ, ഇംഗ്ലീഷിൽ എഴുതുന്ന എഴുത്തുകാരൻ എന്നിവരൊക്കെയാണ് ഈ വിദ്വേഷപ്രചാരണങ്ങൾ നടത്തുന്നത്. തുടരെത്തുടരെ വെറുപ്പിന്റെ സന്ദേശങ്ങൾ പരത്തുന്ന ടെലിവിഷൻ ചാനലുകൾ. ഒന്നും ഒരിക്കലും യാദൃശ്ചികമാവാൻ ഇടയില്ല.

തീർച്ചയായും ഇതിനെല്ലാം ഒരുപ്രധാന കാരണം ആസന്നമായ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പാവും. സംസ്ഥാനത്തെ മുസ്‌ലിംകൾ ഇതിനകം പ്രാന്തവൽക്കരിക്കപ്പെട്ടുകഴിഞ്ഞു. തന്നെയുമല്ല ഇവിടെയുള്ള ഹിന്ദുക്കൾ ആവട്ടെ നരേന്ദ്രമോദിയുടെയും ബി.ജെ.പിയുടെയും വലിയ പിന്തുണക്കാരുമാണ്. മഹ്മൂദ് ഗസ്‌നി ഗുജറാത്ത് തീരത്തെ സോമനാഥക്ഷേത്രം നശിപ്പിക്കുകയും ധാരാളം കൊള്ളയടിക്കുകയും ചെയ്തു എന്ന കഥയുടെ ചരിത്രപരമായ സത്യസന്ധത എന്തായാലും അതിന് സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ മാത്രമല്ല മറ്റിടങ്ങളിലും വൻ സ്വീകാര്യതയാണുള്ളത്. മഹ്മൂദ് തീർച്ചയായും ഒരു മുഗളർ ആയിരുന്നില്ല. ബാബർ ഈ നാട്ടിൽ കാലുകുത്തുന്നതിൻ്റെ വളരെ മുമ്പ്, പതിനൊന്നാം നൂറ്റാണ്ടിലാണ് അദ്ദേഹത്തിന്റെ കൊള്ള നടന്നത്. പക്ഷേ മുസ് ലിംകളെ ആക്ഷേപിക്കുന്ന കാര്യമാണെങ്കിൽ ഏതാനും കുറച്ച് നൂറ്റാണ്ടുകൾ എന്ത് അല്ലെ?.

ഇടയ്ക്കിടെ ‘ബിരിയാണി’യും മറ്റ് പല അശ്ലീലപദങ്ങളും ഉപയോഗിക്കുന്നത് പോലെ മുഗൾ എന്ന പദം ആധുനിക മുസ് ലിംകളെ ഇകഴ്ത്താനും ആക്ഷേപിക്കാനുമുള്ള ഒരു സങ്കേതമായി മാറിയിരിക്കുന്നു. പൂർവകാല രാജാക്കൻമാരുടെ ഏത് പാപങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും വില നൽകേണ്ടിവരുന്നത് ഇപ്പോഴത്തെ ഇന്ത്യൻ മുസ്‌ലിംകളാണ്. അതിന് അവരുമായി യാതൊരു ബന്ധമില്ലെങ്കിൽ പോലും. ഈ കോഡ് ഹിന്ദുത്വർക്ക് മാത്രമല്ല മറ്റുള്ളവർക്കും നന്നായി മനസ്സിലായിരിക്കുന്നു. മാത്രമല്ല ബി.ജെ.പിക്ക് പുറത്തുള്ള മറ്റുള്ള ഹിന്ദുക്കളും ഇതെല്ലാം മനസ്സിലാക്കുമെന്നും അതുവഴി നന്നായിത്തന്നെ തെരഞ്ഞെടുപ്പിൽ നേട്ടംകൊയ്യാനും കഴിയും. തുടർച്ചയായി മാധ്യമങ്ങളിലൂടെയും വാട്‌സാപ്പിലൂടെയും സുഹൃത്തുക്കൾ തമ്മിലുള്ള യാദൃശ്ചിക സംഭാഷണങ്ങളിലൂടെയും ജനങ്ങളിലേക്ക് എത്തുന്ന മുസ്‌ലിംവിരുദ്ധ പ്രസ്താവനകളുടെ മുഴക്കം യുക്തിവാദികളുടെ മനസ്സിൽ പോലും സംശയം വിതയ്ക്കുകയും പതിയെ ഈ ആരോപണങ്ങളിൽ എന്തെങ്കിലും സത്യമുണ്ടെന്ന് സംശയിക്കുകയും ചെയ്യുന്നു. സന്ദർശന മുറികളിൽ സാധാരണയായി ചോദിക്കാറുള്ള ഒരു ചോദ്യമാണ്, എന്തുകൊണ്ടാണ് ലിബറലുകളും ബുദ്ധിജീവികളുമായ മുസ്‌ലിംകൾ സമുദായത്തിലെ മതഭ്രാന്തിനെ അപലപിക്കാത്തത് എന്ന് ?.

എന്നാൽ സമുദായത്തിനുള്ളിൽ അവർ ചെയ്യുന്ന യാതൊന്നും ഈ നവ സന്ദേഹവാദികളെ ബോധ്യപ്പെടുത്തുന്നില്ലെന്നതാണ് വാസ്തവം. ഇതൊരു വലിയ ഹിന്ദുരാഷ്ട്ര പദ്ധതിയുമായാണ് ശരിക്കും യോജിക്കുന്നത്. ബി.ജെ.പിക്കും അതിന്റെ പ്രത്യയശാസ്ത്ര ദാതാക്കളായ ആർ.എസ്.എസിനും മുസ്‌ലിംകളുടെ സാന്നിധ്യവും അവരുടെ സംസ്‌കാരവും വെറുപ്പാണ്. എല്ലാ മഹത്വങ്ങളും ഹിന്ദു സംസ്‌കാരത്തിലാണ് ഉൾക്കൊള്ളുന്നത്, അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്തായാലും. ഹിന്ദുത്വ പ്രചാരകരെ സംബന്ധിച്ചിടത്തോളം മുഗളന്മാരും മുസ്‌ലിംകളും ഹിന്ദു നാഗരികതയുടെ സുവർണ കാലഘട്ടത്തെ തടസപ്പെടുത്തിയ ഇടപെടലുകാരായും പുറത്തുനിന്നുള്ളവരായും കാണുകയും മുദ്രകുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ചരിത്രം ഈ സിദ്ധാന്തത്തെ സ്വീകരിക്കുന്നില്ല. എന്നാൽ വ്യാജ വിവരങ്ങളുടെയും വാട്‌സാപ്പ് യൂനിവേഴ്‌സിറ്റികളുടെയും സമാന്തര ലോകത്ത് ചരിത്രത്തിന് എന്ത് വില.മുസ്‌ലിംകളും ഇസ്‌ലാമും ഒന്നുകൂടി പറഞ്ഞാൽ മുഗളന്മാരും വില്ലന്മാരുമായി കാണപ്പെടുന്നുവെന്നതാണ് സത്യം. ഇതിലൂടെ മുഗളന്മാരെ കൂട്ടി പതിറ്റാണ്ടുകളോളം ഖനനം ചെയ്‌തെടുക്കാൻ പറ്റുന്ന ഐതിഹ്യങ്ങളും കെട്ടുകഥകളും വെറുപ്പും ശക്തമായി കൂട്ടിച്ചേർത്ത സമ്പന്നമായ സിരയിൽ തന്നെയാണ് ബി.ജെ.പി പിടിച്ചിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.