2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഉമ്മന്‍ചാണ്ടിയുടെ അരനൂറ്റാണ്ട്

ജേക്കബ് ജോര്‍ജ് 9446581311

കേരള രാഷ്ട്രീയത്തില്‍ കഴിഞ്ഞ അരനൂറ്റാണ്ടുകാലം സ്വന്തം നിലയ്ക്ക് അടയാളപ്പെടുത്തുകയാണ് ഉമ്മന്‍ചാണ്ടി. കോട്ടയം സി.എം.എസ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ കെ.എസ്.യുവിന്റെ പ്രവര്‍ത്തകനായും പിന്നീട് എ.കെ ആന്റണി പ്രസിഡന്റായപ്പോള്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായും ആന്റണി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി മാറിയപ്പോള്‍ സംസ്ഥാന പ്രസിഡന്റായും കേരളത്തിലെ രാഷ്ട്രീയത്തിലേക്ക് കടന്ന ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിനെയെന്നല്ല, ഐക്യജനാധിപത്യമുന്നണിയുടെയും കേരള രാഷ്ട്രീയത്തിന്റെ തന്നെയും ഗതി നിര്‍ണിയിക്കുന്ന മുന്‍നിര നായകരിലൊരാളായി വളരുകയായിരുന്നു. 1970-ല്‍ കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍നിന്ന് കേരള നിയമസഭയിലെത്തുമ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് വയസ് 27. ഉമ്മന്‍ചാണ്ടി നിയമസഭയിലെത്തിയിട്ട് ഇപ്പോള്‍ 50 വര്‍ഷം.

കേരളത്തിലെ കോണ്‍ഗ്രസിനെ സംബന്ധിച്ച് ചരിത്രപ്രധാനമായ വര്‍ഷമായിരുന്നു 1970. ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃപാടവത്തിന്റെയും ഭരണ വൈദഗ്ധ്യത്തിന്റെയും അടിത്തറയില്‍ തഴച്ചു വളര്‍ന്ന കോണ്‍ഗ്രസ് 1967-ല്‍ പല സംസ്ഥാനങ്ങളിലും തകര്‍ന്നടിഞ്ഞു. ആദ്യം തമിഴ്‌നാട്ടില്‍ (അന്ന് മദിരാശി സംസ്ഥാനം). പിന്നീട് ഗുജറാത്ത്, ഒഡിഷ, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. 1957-ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ കേരളത്തില്‍ കോണ്‍ഗ്രസിനെ തോല്‍പിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വരികയും ചെയ്തിരുന്നു. എന്നിട്ടും ഇവിടെ കോണ്‍ഗ്രസ് തളര്‍ന്നില്ല.

കേരളത്തില്‍ 1970 കോണ്‍ഗ്രസിനു നിര്‍ണായകമായ വളര്‍ച്ചയുടെ തുടക്കം കുറിക്കാന്‍ പോരുന്ന വര്‍ഷമായി. അഞ്ച് യുവാക്കളാണ് അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് നിയമസഭയിലെത്തിയത്. എ.കെ ആന്റണി ചേര്‍ത്തലയില്‍നിന്നും ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍നിന്നും എ.സി ഷണ്‍മുഖദാസ് ബാലുശേരിയില്‍നിന്നും എന്‍. രാമകൃഷ്ണന്‍ കണ്ണൂരില്‍നിന്നും കൊട്ടറ ഗോപാലകൃഷ്ണന്‍ കൊട്ടാരക്കരയില്‍നിന്നും വിജയിച്ചപ്പോള്‍ 1971 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ കാസര്‍കോട്ടുനിന്ന് തെരഞ്ഞെടുക്കപ്പെട്ട് ലോക്‌സഭയിലെത്തി. ഒപ്പം ചിറയിന്‍കീഴ് ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് വയലാര്‍ രവിയും ജയിച്ചു, 32-ാം വയസില്‍.

1970 കാലഘട്ടത്തിലാണ് ആന്റണിയുടെയും വയലാര്‍ രവിയുടെയും ഉമ്മന്‍ചാണ്ടിയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ ഒരു പുതിയ നേതൃനിര അതിവേഗം വളരാന്‍ തുടങ്ങിയത്. പഴഞ്ചന്‍ നേതൃത്വത്തെ തുടച്ചുനീക്കി താക്കോല്‍സ്ഥാനങ്ങളില്‍ യുവാക്കള്‍ കയറിപ്പറ്റണമെന്നാണ് കെ.എസ്.യുവിനും യൂത്ത് കോണ്‍ഗ്രസിനും വ്യക്തമായ ലക്ഷ്യവും മാര്‍ഗവും നിര്‍വചിച്ച, പുതിയൊരു പാത വെട്ടിത്തുറന്ന എം.എ ജോണ്‍ ആഹ്വാനം ചെയ്തത്. 1971-ല്‍ വയലാര്‍ രവി ചിറയിന്‍കീഴില്‍ സ്ഥാനാര്‍ഥിയായത് സാക്ഷാല്‍ ആര്‍. ശങ്കറിനെ ഒഴിവാക്കിയാണെന്ന കാര്യം ഓര്‍ക്കണം. ശങ്കര്‍ ചിറയിന്‍കീഴില്‍ മത്സരിക്കാനിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീവ്ര പിന്തുണയോടെ വയലാര്‍ രവി ചിറയിന്‍കീഴ് പിടിച്ചെടുത്തതും മത്സരിച്ചു ജയിച്ചതും.

കേരള രാഷ്ട്രീയത്തില്‍ പുതുപ്പള്ളിയിലൂടെ ഉമ്മന്‍ചാണ്ടിയുടെ ജൈത്രയാത്രയും ആരംഭിച്ചു. അടിയന്തരാവസ്ഥയ്ക്കുശേഷം കെ. കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഉമ്മന്‍ചാണ്ടി തൊഴില്‍ മന്ത്രിയായി. 1977 ഏപ്രില്‍ 11 ന് രാജന്‍ കേസിന്റെ പേരില്‍ രണ്ടാഴ്ച പിന്നിടും മുമ്പേ കരുണാകരന് രാജിവെയ്‌ക്കേണ്ടി വന്നു. പിന്നീട് എ.കെ ആന്റണി മുഖ്യമന്ത്രിയായപ്പോഴും ഉമ്മന്‍ചാണ്ടി തൊഴില്‍ മന്ത്രിയായി.

ആന്റണി മുഖ്യമന്ത്രിയായെങ്കിലും കരുണാകരന്‍ തന്നെയായിരുന്നു യു.ഡി.എഫ് നേതാവ്. അത് കരുണാകരന്‍ തന്നെ മെനഞ്ഞെടുത്ത മുന്നണിയായിരുന്നുതാനും. 1967-69 കാലഘട്ടത്തില്‍ ഒന്‍പത് അംഗങ്ങളുടെ ബലത്തില്‍ കെ. കരുണാകരന്‍ ഏറെ പ്രയത്‌നിച്ചുണ്ടാക്കിയ മുന്നണിയാണ് ഐക്യജനാധിപത്യമുന്നണി. 67 ലെ ഇ.എം.എസ് ഗവണ്‍മെന്റിനെ നിയമസഭയ്ക്കകത്തും പുറത്തും ശക്തമായി നേരിടാന്‍ കോപ്പുകൂട്ടിതന്നെയാണ് കരുണാകരന്‍ ഇറങ്ങിത്തിരിച്ചത്. 31 മാസത്തെ ഇ.എം.എസിന്റെ ഭരണവും അതിനുശേഷം ഒന്‍പത് മാസത്തെ അച്യുതമേനോന്റെ ഭരണവും കഴിഞ്ഞായിരുന്നു 1970-ലെ നിയമസഭാ തെരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ 17 ന് നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 133 സീറ്റില്‍ സി.പി.ഐ നേതൃത്വം നല്‍കിയ മുന്നണി 69 സീറ്റുമായി അധികാരത്തിലെത്തി. സി.പി.എമ്മിന്റെ നേതൃത്തിലുള്ള മുന്നണിക്ക് കിട്ടിയത് 37 സീറ്റ് മാത്രം. സി. അച്യുതമേനോന്‍ മുഖ്യമന്ത്രി. കോണ്‍ഗ്രസ് നേടിയ 32 സീറ്റ് കരുണാകരന് വലിയ കരുത്ത് നല്‍കി. അതീവ ബുദ്ധിശാലിയായ കരുണാകരനും എ.കെ ആന്റണിയും തമ്മിലുള്ള പോരും അതുണ്ടാക്കിയ സംഘര്‍ഷങ്ങളുമാണ് രാഷ്ട്രീയ കേരളം പിന്നെ കണ്ടത്. ആന്റണിക്ക് തുണയായി ഉമ്മന്‍ചാണ്ടിയും ഒപ്പമുണ്ടായിരുന്നു, രണ്ടാമനായി.

1980-ല്‍ ആന്റണി നേതൃത്വം കൊടുത്ത കോണ്‍ഗ്രസ്(യു) സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയില്‍ ചേര്‍ന്നതും മറ്റൊരു ചരിത്രസംഭവം. 1992ലെ കരുണാകരന്‍ സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായി ചേര്‍ന്ന ഉമ്മന്‍ ചാണ്ടി 1994 ജൂണ്‍ 22-ാം തിയതി രാജിവെച്ചു. കരുണാകരനെതിരേ യുദ്ധം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു രാജി.

രാഷ്ട്രീയത്തിലെ തന്ത്രങ്ങളൊക്കെയും പ്രയോഗിച്ചുകൊണ്ടായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നീക്കം. 1991-ല്‍ പ്രധാനമന്ത്രിയായ പി.വി. നരസിംഹ റാവുവിന്റെ പിന്തുണയുണ്ടെന്ന ബലത്തില്‍നിന്ന കരുണാകരനെതിരേയുള്ള നീക്കം അത്ര സുഗമമായിരുന്നില്ല തന്നെ. റാവുവിനെ പ്രധാനമന്ത്രിയാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കരുണാകരന് കിങ്‌മേക്കര്‍ എന്ന പേരും കിട്ടിയിരുന്നു. പ്രധാനമന്ത്രിയുടെ തുറന്ന പിന്തുണയും. പക്ഷേ ഉമ്മന്‍ചാണ്ടി അങ്ങേയറ്റത്തെ ക്ഷമയോടെ കരുക്കള്‍ നീക്കി. ആദ്യം കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ ഉമ്മന്‍ചാണ്ടി സ്വാധീനം ഉറപ്പിച്ചു. ഐ ഗ്രൂപ്പില്‍നിന്ന് നാല് എം.എല്‍.എമാരെ കൂടെക്കൂട്ടിക്കൊണ്ട് അദ്ദേഹം കരുണാകരന് മേലെയുള്ള കുരുക്ക് മുറുക്കി. 1991-ല്‍ തന്നെ ഐ വിഭാഗത്തില്‍ കരുണാകരനെതിരേ രൂപംകൊണ്ട തിരുത്തല്‍വാദി ഗ്രൂപ്പിനെയും കൂടെ കൂട്ടി. ജി. കാര്‍ത്തികേയന്‍, രമേശ് ചെന്നിത്തല, എം.ഐ ഷാനാവസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു പ്രധാന ശക്തിയായി തിരുത്തല്‍വാദികള്‍ മാറിയിരുന്നു. ഐക്യജനാധിപത്യ മുന്നണിയിലും ഉമ്മന്‍ചാണ്ടിയുടെ സ്വാധീനം വര്‍ധിച്ചു. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെയും ആര്‍. ബാലകൃഷ്ണപിള്ള, ടി.എം. ജേക്കബ് എന്നിവരെയും കൂടെ കൂട്ടി. എപ്പോഴും കരുണാകരനോടൊപ്പം ഉറച്ചുനിന്നിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയും കൂട്ടുവിട്ടതോടെ ഉമ്മന്‍ചാണ്ടിയുടെ നീക്കങ്ങള്‍ക്ക് ആക്കം കൂടി. അവസാനം ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഇടിത്തീ പോലെ പതിച്ചു. ചാരക്കേസില്‍ കരുണാകരന്റെ പ്രിയപ്പെട്ട ഉദ്യോഗസ്ഥന്‍ രമണ്‍ ശ്രീവാസ്തവയ്ക്കും പങ്കുണ്ടെന്ന വാര്‍ത്ത വന്നതോടെ കോണ്‍ഗ്രസില്‍ സംഘര്‍ഷം മൂര്‍ഛിച്ചു. കരുണാകരന്‍ രാജിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നു.

1969-ല്‍ കരുണാകരന്‍ കെട്ടിപ്പൊക്കിയ മുന്നണി സംവിധാനമാണ് അദ്ദേഹത്തിനെതിരേ തിരിയുന്നത്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പി.കെ നാരായണ പണിക്കരും സി.എം.പിയും മാത്രമാണ് കരുണാകരനെ തുണയ്ക്കാന്‍ അവശേഷിച്ചത്. എം.വി രാഘവനും സി.പി ജോണും പൂര്‍ണ പിന്തുണയുമായി കരുണാകരനോടൊപ്പം നിന്നു. എങ്കിലും കാല്‍ക്കീഴിലെ മണ്ണ് ഒഴുകിപ്പോകുന്നത് കരുണാകരന്‍ അറിഞ്ഞില്ല. അവസാനം ഉമ്മന്‍ചാണ്ടിയുടെ യുദ്ധം വിജയിച്ചു. 1995 മാര്‍ച്ച് 18 ന് കരുണാകരന്‍ രാജിവച്ചു. ഡല്‍ഹിയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ പറന്നിറങ്ങിയ എ.കെ ആന്റണി 22-ാം തിയതി മുഖ്യമന്ത്രിയായി. മന്ത്രിസഭയില്‍ ഉമ്മന്‍ചാണ്ടി ചേര്‍ന്നില്ല.

ഐക്യജനാധിപത്യ മുന്നണി ഉമ്മന്‍ചാണ്ടിയുടെ കൈകളിലേക്ക് വരികയായിരുന്നു. മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയും ഉമ്മന്‍ചാണ്ടിയോടൊപ്പം നിന്നു. ഇവര്‍ മൂവരുമായി പിന്നീട് യു.ഡി.എഫിന്റെ ആണിക്കല്ലുകള്‍. 2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പ്രഹരത്തെ തുടര്‍ന്ന് ആന്റണി മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസില്‍ ആദ്യമായി ഒന്നാമനാവുകയായിരുന്നു. ഉമ്മന്‍ചാണ്ടിയില്‍നിന്ന് ആന്റണി മാനസികമായി അകലുകയും ചെയ്തു.

2011-ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി. രമേശ് ചെന്നിത്തല കെ.പി.സി.സി അധ്യക്ഷസ്ഥാനമൊഴിഞ്ഞ് സംസ്ഥാന ആഭ്യന്തര മന്ത്രി സ്ഥാനത്തേക്ക് നീങ്ങിയപ്പോള്‍ ആ സ്ഥാനത്തേക്ക് ജി. കാര്‍ത്തികേയനെ കൊണ്ടുവരാനായിരുന്നു രണ്ടുപേരുടെയും താല്‍പര്യം. പക്ഷേ, ഹൈക്കമാന്റ് അയച്ചത് വി.എം. സുധീരനെ. കോണ്‍ഗ്രസ് രാഷ്ട്രീയം വീണ്ടും കലുഷിതമാവുകയായിരുന്നു. 2016 തെരഞ്ഞെടുപ്പില്‍ വിജയിച്ചത് ഇടതുപക്ഷം, രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവുമായി. സ്വാഭാവികമായി യു.ഡി.എഫ് ജയിച്ചാല്‍ മുഖ്യമന്ത്രിയാവേണ്ടയാള്‍. ഇപ്പോഴിതാ ഉമ്മന്‍ചാണ്ടി നിയമസഭാംഗമായതിന്റെ സുവര്‍ണ ജൂബിലിയാഘോഷം തുടങ്ങുകയായി. ലോക്‌സഭാംഗമായി ഡല്‍ഹിക്കുപോയ മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനൊരുങ്ങുന്നു. ഉമ്മന്‍ചാണ്ടി രംഗത്തുണ്ടായാല്‍ മാത്രമേ യു.ഡി.എഫ് ജയിക്കൂ എന്ന സംസാരം അന്തരീക്ഷത്തില്‍ ഉയരുന്നു. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാവുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുമ്പോള്‍ എല്ലാം ഹൈക്കമാന്റാണ് തീരുമാനിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടിയുടെ മറുപടി.

കേരളത്തിലെവിടെ ചെന്നാലും ഉമ്മന്‍ചാണ്ടിയുടെ ചുറ്റും ആളുകൂടും. ആര് എന്ത് സഹായം ചോദിച്ചാലും ആവുന്നത്ര ചെയ്തുകൊടുക്കും. പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്ക് ഗൗരവത്തോടെ ചെവി കൊടുക്കും. ഇതാണ് ഉമ്മന്‍ചാണ്ടിയെ ജനകീയ നേതാവാക്കുന്നത്. അതാണ് ഉമ്മന്‍ചാണ്ടിയുടെ പ്രസക്തിയും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.