2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കാലിടറുന്ന കേന്ദ്രഭരണകൂടം

എന്‍. അബു

 

ജനകീയ ഭരണമില്ലാത്ത വടക്ക് കശ്മിര്‍ മുതല്‍ ബി.ജെ.പി പിന്തുണയോടെ എ.ഐ.എ.ഡി.എം.കെ ഭരണത്തേര് തെളിക്കുന്ന തെക്ക് തമിഴ്‌നാട് വരെ ജനരോഷം ആളിക്കത്തുകയാണ്. ഒരു നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്ന മമതാ ബാനര്‍ജിയുടെ ബംഗാള്‍ കിഴക്കും ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ പഞ്ചാബ് പടിഞ്ഞാറുമായി കേന്ദ്രത്തിലെ സംഘ്പരിവാര്‍ ഏകാധിപത്യത്തെ ഒരിക്കല്‍കൂടി വെല്ലുവിളിക്കുന്നു. കര്‍ണാടകയില്‍ എം.എല്‍.എമാരെ കൂറുമാറ്റി ഭരണം പിടിച്ചെടുത്ത ബി.ജെ.പി ഇപ്പോള്‍ പുതുച്ചേരിയിലും അതാവര്‍ത്തിച്ചു. എന്നാല്‍ ജമ്മു കശ്മിരില്‍ മെഹ്ബൂബ മുഫ്തിയെ മുഖ്യമന്ത്രിയാക്കി പിന്‍സീറ്റ് ഭരണം നടത്താനുള്ള ശ്രമം പരാജയപ്പെട്ടു. രാജസ്ഥാനില്‍ കോണ്‍ഗ്രസിലെ വടംവലികളില്‍നിന്നു മുതലെടുക്കാന്‍ നടത്തിയ ശ്രമവും ഫലം കണ്ടില്ല. ഇപ്പോള്‍ കാലിനടിയിലെ മണ്ണ് ചോര്‍ന്നുപോകുന്നത് മനസിലാക്കി കേരളത്തിലും ബംഗാളിലുമൊക്കെ ധൃതിപിടിച്ചുള്ള നീക്കങ്ങളാണ് ബി.ജെ.പി നടത്തുന്നത്.
പഞ്ചാബില്‍ അവര്‍ക്കേറ്റ തിരിച്ചടി ജനാധിപത്യ മതേതര ശക്തികള്‍ക്ക് ഊര്‍ജം പകര്‍ന്നിരിക്കുന്നു. എട്ടു നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഏഴും കോണ്‍ഗ്രസ് തൂത്തുവാരി. സഖ്യകക്ഷികളൊന്നും ഒപ്പം ഇല്ലാത്തതിനാല്‍ 117 നിയമസഭാ സീറ്റുകളിലും തനിച്ച് ജനവിധി തേടേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ്മുക്ത ഭാരതം സ്വപ്നം കണ്ടവര്‍. ഗ്രാമങ്ങളില്‍ തുടങ്ങിയ കര്‍ഷകപ്രക്ഷോഭം നഗരങ്ങളിലും പ്രകമ്പനം സൃഷ്ടിച്ചിരിക്കുന്നുവെന്നാണ് ഈ ഫലങ്ങള്‍ തെളിയിക്കുന്നത്. പഞ്ചാബില്‍ ഇതാണ് ജനവികാരമെങ്കില്‍ യു.പി, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ഉണ്ടായേക്കാവുന്ന രാഷ്ട്രീയാഘാതം എന്തായിരിക്കുമെന്ന് ഊഹിക്കാം. നിലവില്‍ വോട്ടും സമരായുധമാക്കാനാണ് രാകേഷ് ടികായത്തിന്റെ നേതൃത്വത്തില്‍ സംയുക്ത കിസാന്‍ യൂനിയന്റെ നീക്കം. പൗരത്വ ബില്ലിനെതിരേ ഡല്‍ഹിയില്‍ നടന്ന ഷഹീന്‍ ബാഗ് സമരം കൊവിഡ് സാഹചര്യത്തില്‍ താല്‍ക്കാലികമായി പിന്‍വലിക്കപ്പെട്ടതുപോലെ കര്‍ഷകസമരവും പിന്‍വലിക്കുമെന്ന് കരുതിയ കേന്ദ്ര ഭരണകൂടത്തിനു തെറ്റുപറ്റി. 100 വര്‍ഷം മുന്‍പ് നൂറുകണക്കിനാളുകളെ ബ്രിട്ടീഷ് പട്ടാളം വെടിവച്ചിട്ടും തളരാത്ത പഞ്ചാബികള്‍ക്കു മുന്നില്‍ കേന്ദ്രം മുട്ടുമടക്കേണ്ടിവരും.

പഞ്ചാബില്‍ അമൃത്‌സറിനരികെ ജാലിയന്‍ വാലാബാഗില്‍ 1919 ഏപ്രില്‍ 13നു ബ്രിട്ടീഷ് പട്ടാളം വെടിവച്ചിട്ടത് നിരായുധരായ 379 പേരെയായിരുന്നു. അന്ന് ആ നരനായാട്ടിനു നേതൃത്വം നല്‍കിയ ബ്രിഗേഡിയര്‍ ജനറല്‍ റെജിനാള്‍ഡ് ഡയറെ 20 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പഞ്ചാബി തന്നെ ലണ്ടനില്‍ വെടിവെച്ചു കൊന്നതാണ് ചരിത്രം. ആ വീരസമരങ്ങളുടെ ഓര്‍മയിലാണ് ഇന്നും പഞ്ചാബിന്റെ യുവത്വങ്ങള്‍. ശിരോമണി അകാലിദളിനെ കൂട്ടുപിടിച്ച് സ്റ്റേറ്റ് ഭരിക്കാമെന്ന് കരുതി 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജനവിധി തേടിയതായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് 75 സീറ്റുകള്‍ നേടിയപ്പോള്‍ അകാലിദള്‍ ബി.ജെ.പി സഖ്യത്തിനു 15 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ആദ്യമായി രംഗത്തുവന്ന ആം ആദ്മി പാര്‍ട്ടി പോലും 20 സീറ്റ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് നേതാവ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് മുഖ്യമന്ത്രിയുമായി.

ഇന്ത്യയുടെ പ്രധാന ആഹാരസ്രോതസായ പഞ്ചാബിലെ കര്‍ഷകരെ മൂന്നു മാസമായി കൊടും തണുപ്പില്‍ സമരമുഖത്തേക്ക് തിരിച്ചുവിടുകയാണ് ഇന്ദ്രപ്രസ്ഥം ഭരിക്കുന്നവര്‍ ചെയ്യുന്നത്. ബാരിക്കേഡുകള്‍ ഉയര്‍ത്തിയും ബങ്കറുകള്‍ കുഴിച്ചും നാഷനല്‍ ഹൈവേകള്‍ താറുമാറാക്കിയിട്ടും ഡല്‍ഹി ചലോ റാലി മുടങ്ങിയില്ല. റാലിക്കെത്തിയവരില്‍ പലരും പിടിച്ചുനില്‍ക്കാനാവാതെ മരിച്ചുവീണപ്പോഴും കേന്ദ്ര സര്‍ക്കാര്‍ അനങ്ങിയില്ല. പതിനായിരക്കണക്കിനു ട്രാക്ടറുകള്‍ അണിനിരത്തി കര്‍ഷകര്‍ ഡല്‍ഹി ചലോ പ്രക്ഷോഭം നടത്തിയപ്പോള്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും കുടുംബസമേതം അതില്‍ പങ്കുചേര്‍ന്നു.

പിന്നാലെ റെയില്‍ റോക്കോ നടത്തിക്കൊണ്ട് പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, യു.പി, ബംഗാള്‍, ജാര്‍ഖണ്ഡ്, ഒഡിഷ, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ ഫെബ്രുവരി 18നു നാലു മണിക്കൂര്‍ ട്രെയിന്‍ ഗതാഗതവും സ്തംഭിപ്പിച്ചു. യുവാക്കളെയും കര്‍ഷകതൊഴിലാളികളെയും അണിനിരത്തി പ്രക്ഷോഭം രാജ്യവ്യാപകമാക്കാനാണ് സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചിരിക്കുന്നത്. 40 ലക്ഷം ട്രാക്ടറുകള്‍ നിരത്തി പാര്‍ലമെന്റ് മന്ദിരം വളയാനും പദ്ധതിയുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പഞ്ചാബ് മാതൃക പ്രകടമാകുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.