പ്രതിപക്ഷ സഖ്യം രൂപപ്പെട്ടാൽ ബി.ജെ.പിക്കെതിരേ എത്ര സീറ്റുകൾ കൂടുതൽ നേടാനാവും? വെറുമൊരു സഖ്യം കൊണ്ടുമാത്രം മോദിയെ താഴെയിറക്കാൻ കഴിയില്ല.
നൂറ് സീറ്റുകളിലെങ്കിലും കോൺഗ്രസ് പ്രകടനം മെച്ചപ്പെടുത്തിയാലെ സഖ്യലക്ഷ്യം സാധ്യമാകൂ. അതിന് ശക്തമായ തന്ത്രങ്ങൾ അനിവാര്യമാണ്. 543 അംഗ ലോക്‌സഭയിൽ 272 സീറ്റാണ് ജയിക്കാനായി വേണ്ടത്. നിലവിൽ ബി.ജെ.പിക്ക് 303 സീറ്റുണ്ട്. പട്‌നയിൽ കൂടിയ പ്രതിപക്ഷ പാർട്ടികൾക്കെല്ലാം കൂടി 333 സീറ്റുകളിൽ സാന്നിധ്യമുണ്ട്. ഇതിൽ 162 എണ്ണം ബി.ജെ.പിയുടെ കൈയിലാണ്. ബി.ജെ.പി ശക്തിയല്ലാത്ത കേരളം, തമിഴ്‌നാട്, പഞ്ചാബ് എന്നിവിടങ്ങളിലായി 72 സീറ്റുകളുണ്ട്. ഇവിടെ ആര് ജയിച്ചാലും അത് പ്രതിപക്ഷ സഖ്യത്തിനുള്ളതാണ്.
333ൽ പിന്നെ ബാക്കിയുള്ളത് 261 സീറ്റുകൾ. ഇതിൽ അസമിലുള്ള 14 സീറ്റുകൾ വീണ്ടും കുറയ്ക്കണം. നിലവിലുള്ള കോൺഗ്രസ്-എ.ഐ.യു.ഡി.എഫ് സഖ്യത്തിന് കൂടുതൽ സീറ്റുകൾ പിടിക്കാനാവില്ല.നാലു സീറ്റുകളാണ് രണ്ടു പാർട്ടികൾക്കും കൂടിയുള്ളത്. അസമിൽനിന്ന് ഈ രണ്ടു പാർട്ടികൾ മാത്രമാണ് പട്‌ന യോഗത്തിലുള്ളത്. ഉത്തർ പ്രദേശിലെ 80 സീറ്റുകളാണ് നിർണായകം. ഇതിൽ പരമാവധി സീറ്റുകൾ പിടിക്കുകയാണ് പ്രധാനം. ഇതിൽ 71 സീറ്റുകളിലും കഴിഞ്ഞ തവണ ബി.ജെ.പിയാണ് ജയിച്ചത്. അടിത്തറ തകർന്ന കോൺഗ്രസിന് കിട്ടിയത് ഒരു സീറ്റ് മാത്രം. അഞ്ചു സീറ്റ് നേടിയ എസ്.പിയാണ് യോഗത്തിലെ യു.പിയിൽ നിന്നുള്ള പ്രധാന കക്ഷി.
അടുത്ത തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എസ്.പി നടത്തുന്ന പ്രകടനത്തെ ആശ്രയിച്ചാകും യു.പിയിലെ സഖ്യത്തിന്റെ സാധ്യതകൾ. കോൺഗ്രസ് തകർന്ന് കിടക്കുന്ന ഇവിടെ അഖിലേഷും സംഘവും ഒറ്റക്ക് പൊരുതി നേടണം.
ജാർഖണ്ഡ് മുക്തിമോർച്ച – കോൺഗ്രസ് സഖ്യം ഭരിക്കുന്ന ജാർഖണ്ഡാണ് മറ്റൊന്ന്. കഴിഞ്ഞ തവണ ആകെയുള്ള 14 സീറ്റുകളിൽ ജാർഖണ്ഡ് മുക്തിമോർച്ച നേടിയത് രണ്ടു സീറ്റ് മാത്രമാണ്. ബാക്കിയെല്ലാം ബി.ജെ.പി കൊണ്ടുപോയി. ഇവിടെയും സഖ്യത്തിന് മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും. പട്‌ന യോഗത്തിൽ പങ്കെടുത്ത ഇടതുപാർട്ടികൾ കൂടി ചേർന്നാൽ ജാർഖണ്ഡിൽ ബി.ജെ.പിയുടെ രണ്ടോ മൂന്നോ സീറ്റിന് കൂടി ഭീഷണിയുയർത്താനാകും.
ആറു സീറ്റുകളുള്ള ജമ്മു കശ്മിരിൽ സാന്നിധ്യമുള്ള കോൺഗ്രസ്, പി.ഡി.പി, എസ്.പി പാർട്ടികളാണ് സഖ്യത്തിലുള്ളത്. ബിഹാർ (40), മഹാരാഷ്ട്ര (48), പശ്ചിമ ബംഗാൾ (42) സംസ്ഥാനങ്ങളിലായി 130 സീറ്റുകളുണ്ട്. ഇതിൽ 58 സീറ്റുകൾ നിലവിൽ ബി.ജെ.പിയുടേതാണ്.ബിഹാറിൽ ജെ.ഡി.യു, ആർ.ജെ.ഡി, ഇടതുപാർട്ടികൾ എല്ലാം കൂടി ചേരുമ്പോൾ പ്രതിപക്ഷ സഖ്യത്തിന്റെ സീറ്റുനിലയിൽ കാര്യമായ ഉയർച്ചയുണ്ടാകും.
മഹാരാഷ്ട്രയിൽ ശിവസേന ഉദ്ധവ് വിഭാഗമുണ്ടെങ്കിലും ദുർബലമാണ്. എൻ.സി.പിയും കോൺഗ്രസും ചേർന്ന് വേണം ഇവിടെ സീറ്റുനില ഉയർത്താൻ. പശ്ചിമബംഗാളിൽ കോൺഗ്രസും ഇടതുപാർട്ടികളും തമ്മിലുള്ള സഖ്യം തൃണമൂലിന് ചെറിയ രീതിയിലേ ഗുണം ചെയ്യൂ. ഫലത്തിൽ സഖ്യമുണ്ടെങ്കിലും പ്രധാന പോരാട്ടം കാഴ്ചവയ്ക്കേണ്ട ഉത്തരവാദിത്തം കോൺഗ്രസിനാണ്. കോൺഗ്രസ് പ്രകടനം മെച്ചപ്പെടുത്താതെ ബി.ജെ.പിയെ വീഴ്ത്താൻ കഴിയില്ല.
Content Highlights: Today’s Article in suprabaatham
Comments are closed for this post.