2020 September 21 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സംവരണം നേരിടുന്ന പുതിയ വെല്ലുവിളികള്‍

സംവരണം ഭരണഘടനാപരമായ ഒരു മൗലിക അവകാശമാണ്. സംവരണത്തിന് നേരെ കടുത്ത വെല്ലുവിളികള്‍ കഴിഞ്ഞ കുറെ കാലമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ് ഇന്ത്യയില്‍ സംവരണം നിലനില്‍ക്കുന്നത്. എന്നാല്‍ പരമോന്നത കോടതിയായ സുപ്രിംകോടതി തന്നെ സംവരണത്തെ തുരങ്കം വയ്ക്കുന്നതിന് പര്യാപ്തമായ ഒരു വിധിയാണ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. ഗുരുതരമായ പ്രത്യാഘാതമായിരിക്കും ഇത് ഇന്ത്യന്‍ സാമൂഹ്യ മണ്ഡലത്തിലുണ്ടാക്കുക.
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 16 പൊതുനിയമനങ്ങളില്‍ അവസര സമത്വം ഉറപ്പ് നല്‍കുന്നതാണ്. എന്നാല്‍ ഇത് ഏതെങ്കിലും പിന്നാക്ക വര്‍ഗത്തിലെ പൗരന്‍മാര്‍ക്ക് പൊതുതൊഴിലുകളില്‍ സ്ഥാനങ്ങള്‍ സംവരണം ചെയ്യുന്നതിനും വ്യവസ്ഥ ചെയ്തിട്ടുള്ള ഒന്നാണ്. പൊതുതൊഴിലുകളില്‍ ഇതുവരെ വളരെ കുറച്ച് മാത്രം പങ്കുവഹിച്ചിട്ടുള്ളവരെ സഹായിക്കാനായുള്ള വ്യവസ്ഥയാണിത്. പിന്നാക്ക സമുദായം ഏതെന്ന് നിര്‍ണയിക്കാനുള്ള അവകാശം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ട്. ഏതെങ്കിലും പ്രത്യേക നിയമ വ്യവസ്ഥയുടെ കീഴിലുള്ള മതപരമോ വിഭാഗീയമോ ആയ സ്ഥാപനത്തിന്റെ ഭരണനിര്‍വ്വഹണത്തെ സാമാന്യ തത്ത്വത്തിന്റെ പരിധിയില്‍ നിന്ന് പുറത്ത് കൊണ്ടുവരുന്നതാണ് ഈ അപവാദം.
ഭരണഘടനയിലെ വകുപ്പ് 335ല്‍ ഇപ്രകാരം പറയുന്നു: ഭരണത്തിന്റെ കാര്യക്ഷമതയുടെ സംരക്ഷണവുമായി പൊരുത്തപ്പെടുന്ന വിധം യൂനിയന്റെയോ ഒരു സംസ്ഥാനത്തിന്റെയോ കാര്യങ്ങളുമായി ബന്ധപ്പെട്ട സര്‍വിസുകളിലേക്കും തസ്തികകളിലേക്കും നിയമനങ്ങള്‍ നടത്തുന്നതില്‍ പട്ടികജാതികളും പട്ടികഗോത്രവര്‍ഗ്ഗങ്ങളിലും പെട്ട അംഗങ്ങളുടെ അവകാശങ്ങള്‍ പരിഗണിക്കേണ്ടതാണ്’.
ഭരണഘടനയിലും ഭരണഘടന വ്യാഖ്യാനം ചെയ്തുകൊണ്ടുള്ള സുപ്രിംകോടതി വിധിയിലുമെല്ലാം സാമുദായിക സംവരണം അംഗീകരിച്ചിട്ടുണ്ടെങ്കിലും പുതിയ വെല്ലുവിളികള്‍ അതിനെതിരായി ഉയര്‍ന്നുകൊണ്ടിരിക്കുന്നത് സമൂഹത്തിലെ താഴേക്കിടയിലുള്ള ജനകോടികള്‍ക്ക് നേരെയുള്ള യുദ്ധപ്രഖ്യാപനം തന്നെയാണ്. ഏറ്റവും ഒടുവില്‍ പരമോന്നത കോടതിയായ സുപ്രിംകോടതി പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് കടുത്ത പ്രഹരം ഏല്‍പ്പിച്ചുകൊണ്ടും, സാമുദായിക സംവരണത്തിന്റെ അടിത്തറയെ തന്നെ തകര്‍ക്കാന്‍ പര്യാപ്തമായ നിലയിലുമുള്ള ഒരു വിധി പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ജോലിയിലെ പ്രമോഷനില്‍ സംവരണം മൗലിക അവകാശമല്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കി. സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ബാധ്യസ്ഥമല്ലെന്നും സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിക്കാന്‍ കോടതികള്‍ക്കാകില്ലെന്നും ജസ്റ്റിസുമാരായ എല്‍. നാഗേശ്വര്‍റാവു, ഹേമന്ദ് ഗുപ്തയും അടങ്ങിയ ബെഞ്ചിന്റെ സുപ്രധാനമായ വിധിയില്‍ വ്യക്തമാക്കിയിരിക്കുകയാണ്.
ഉത്തരാഖണ്ഡ് പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍) തസ്തികയില്‍ എസ്.സി, എസ്.ടി വിഭാഗത്തിന് സംസ്ഥാന സര്‍ക്കാര്‍ നിഷേധിച്ച സ്ഥാനക്കയറ്റം നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലാണ് സുപ്രധാനമായ ഈ വിധി. ഭരണഘടനയിലെ സംവരണ തത്ത്വങ്ങള്‍ക്ക് യോജിക്കാത്ത നിരീക്ഷണമാണ് കോടതി ഇവിടെ നടത്തിയിരിക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സംവരണം അനുവദിക്കുന്ന ഭരണഘടനയിലെ 16(4), 16(4എ) അനുഛേദങ്ങള്‍ പ്രമോഷന് സംവരണം അവകാശപ്പെടാന്‍ വ്യക്തികള്‍ക്ക് മൗലിക അവകാശം നല്‍കുന്നില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍.
കോടതിയുടെ ഭരണഘടനാ ബെഞ്ചുകള്‍ മുമ്പും ഇക്കാര്യം തീര്‍പ്പാക്കിയിട്ടുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്ക് പ്രമോഷന് സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ബാധ്യസ്ഥവുമല്ല. എന്നാല്‍ പട്ടിക വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വിസില്‍ മതിയായ പ്രാതിനിധ്യം ഇല്ലെന്ന് സംസ്ഥാന സര്‍ക്കാരിന് ബോധ്യപ്പെട്ടാല്‍ അവര്‍ക്ക് നിയമനത്തിനും പ്രമോഷനും സംവരണം നല്‍കാന്‍ ഈ അനുഛേദങ്ങള്‍ സര്‍ക്കാരിന് വിവേചന അധികാരം നല്‍കുന്നുണ്ട്. ഈ വിവേചന അധികാരങ്ങളുപയോഗിച്ച് സംവരണം നല്‍കാന്‍ സംസ്ഥാനം തീരുമാനിച്ചാല്‍ ആ വിഭാഗത്തിന് സര്‍ക്കാര്‍ സര്‍വിസില്‍ പ്രാതിനിധ്യം കുറവാണെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ ശേഖരിച്ചിരിക്കണം. സംവരണത്തെ കോടതിയില്‍ ആരെങ്കിലും ചോദ്യം ചെയ്താന്‍ ഈ വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ച് ബോധ്യപ്പെടുത്തണം. സംവരണം നല്‍കേണ്ട എന്ന് തീരുമാനിച്ചാല്‍ അതിനെ ചോദ്യം ചെയ്യാനും ആകില്ല.
സര്‍ക്കാര്‍ സര്‍വിസില്‍ പ്രാതിനിധ്യം പിന്നാക്ക സമുദായത്തിന് കുറവാണെന്ന് തെളിയിക്കുന്ന രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നുള്ളതും സംവരണം നല്‍കേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതിനെ ചോദ്യം ചെയ്യാന്‍ ആകില്ല എന്ന വിധിയും യഥാര്‍ഥത്തില്‍ സംവരണത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നത് തന്നെയാണ്. പരമോന്നത കോടതി തന്നെ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗങ്ങളോട് യുദ്ധ പ്രഖ്യാപനം നടത്തുന്നതിനെ എങ്ങനെയാണ് നീതീകരിക്കാന്‍ കഴിയുന്നത്?
പട്ടികജാതി, പിന്നാക്ക വര്‍ഗ്ഗവിഭാഗങ്ങള്‍ക്ക് ജോലി സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയില്ലെന്നും സ്ഥാനക്കയറ്റ സംവരണം മൗലിക അവകാശമല്ലെന്നുമുള്ള സുപ്രിംകോടതി വിധിയെ ചൊല്ലി പാര്‍ലമെന്റില്‍ വലിയ ബഹളവും പ്രതിപക്ഷ വാക്കൗട്ടും എല്ലാം നടന്നു. ഈ സുപ്രിംകോടതി ഉത്തരവില്‍ കേന്ദ്രസര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നും സാമൂഹ്യ നീതി മന്ത്രി പവര്‍ ചന്ദ് ഗെലോട്ട് ലോക്‌സഭയില്‍ അവകാശപ്പെട്ടു. മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, ഡി.എം.കെ, സി.പി.ഐ അംഗങ്ങള്‍ ലോക്‌സഭയില്‍ നിന്ന് വക്കൗട്ട് നടത്തി.
സര്‍ക്കാര്‍ തസ്തികകളില്‍ സംവരണം നല്‍കേണ്ടതില്ലെന്ന സുപ്രിംകോടതിയിലെ ഉത്തരവ് ഉത്തരാഖണ്ഡിലെ ബി.ജെ.പി സര്‍ക്കാര്‍ എസ്.എസി, എസ്.ടി വിഭാഗക്കാര്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം നല്‍കുന്നതിനെതിരായുള്ള കേസിലെ വിധിയിലാണ് ഉണ്ടായിട്ടുള്ളത്. എസ്.എസി, എസ്.ടി, ഒ.ബി.സി വിഭാഗക്കാര്‍ക്ക് നല്‍കുന്ന സംവരണം അവസാനിപ്പിക്കണമെന്ന് ആര്‍.എസ്.എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത്, സഹ സര്‍ കാര്യവാഹ് മോഹന്‍ വൈദ്യ എന്നിവര്‍ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രമുഖ അഭിഭാഷകരെ വച്ച് സംവരണ വിരുദ്ധ വാദമുഖങ്ങള്‍ ഇക്കൂട്ടര്‍ സുപ്രിംകോടതിയില്‍ ഉന്നയിച്ചത്. നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും സംവരണം അവകാശപ്പെടാന്‍ രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് മൗലിക അവകാശമില്ല എന്ന ഭരണഘടനാ വിരുദ്ധമെന്ന് കരുതാവുന്ന വിധിയാണ് നിര്‍ഭാഗ്യവശാല്‍ കോടതിയില്‍നിന്ന് ഉണ്ടായിരിക്കുന്നത്.
പിന്നാക്കക്കാര്‍ക്ക് ഇനി സംവരണം നല്‍കേണ്ടതില്ലെന്ന് 2012 ലാണ് ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചത്. എല്ലാം പരിശോധിച്ചാണ് ഈ തീരുമാനം അന്നത്തെ സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് നിലവിലെ ബി.ജെ.പി സംസ്ഥാന ഭരണകൂടം സുപ്രിംകോടതിയില്‍ വാദിച്ചു. ഇത് പരിഗണിച്ചാണ് ഉദ്യോഗ സ്ഥാനക്കയറ്റത്തിന് സംവരണം പാലിക്കേണ്ടതില്ലെന്ന് കോടതി ഉത്തരവിട്ടത്. കോടതിയില്‍ സംവരണ വിരുദ്ധ വാദങ്ങള്‍ ഉയര്‍ത്തിയിട്ടും കേന്ദ്ര നേതൃത്വം ഉത്തരാഖണ്ഡിലെ ബി.ജെ.പി മുഖ്യമന്ത്രി തൃവേന്ദ്രസിങ് റാവത്തിനോടോ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനോടോ ഒരു വിശദീകരണം പോലും തേടിയിട്ടില്ല. സംവരണ വിരുദ്ധ നയത്തില്‍ അടിയുറച്ച് നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നേതൃത്വത്തില്‍ നിന്ന് ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല.
സുപ്രിംകോടതി വിധിക്കെതിരായി വാതോരാതെ പ്രസംഗിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്റെ സര്‍ക്കാരാണ് ഉത്തരാഖണ്ഡിലെ സംവരണ വിരുദ്ധ നീക്കത്തിന് തുടക്കമിട്ടത് എന്നതാണ് യാഥാര്‍ത്ഥ്യം. സര്‍ക്കാര്‍ തസ്തികകളില്‍ എസ്.സി, എസ്.ടി സംവരണം അവസാനിപ്പിച്ചുകൊണ്ട് 2012 സെപ്റ്റംബര്‍ 15 ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവാണ് നിയമയുദ്ധത്തിന് തുടക്കമിട്ടത്. കോണ്‍ഗ്രസ് നേതാവായ വിജയ് ബഹുഗുണയായിരുന്നു അന്നത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി.
സംവരണ വിരുദ്ധരായ സവര്‍ണ വോട്ടര്‍മാരെ പ്രീതിപ്പെടുത്താനായിരുന്നു സംവരണം കോണ്‍ഗ്രസ് സര്‍ക്കാര്‍ എടുത്തു കളഞ്ഞത്. ഉത്തരാഖണ്ഡ് ഹൈക്കോടതി പിന്നീട് ഈ ഉത്തരവ് റദ്ദാക്കി. എസ്.സി, എസ്.ടി സംവരണം എടുത്തുകളഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഉത്തരവ് മരവിപ്പിക്കപ്പെട്ടെങ്കിലും സ്ഥാനക്കയറ്റങ്ങള്‍ക്ക് സംവരണം അനുവദിക്കുന്നതിലെ തര്‍ക്കം തുടര്‍ന്നു. 2017 മാര്‍ച്ചില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷവും കോണ്‍ഗ്രസിന്റെ സംവരണ വിരുദ്ധ നിലപാട് തുടര്‍ന്നുവെന്നതാണ് വസ്തുത. സ്ഥാനക്കയറ്റങ്ങളും സംവരണ തത്ത്വം പാലിച്ചാകണമെന്ന് 2019 ജൂലൈയില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിച്ചു. ഇത് നടപ്പാക്കുന്നതിന് പകരം അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു അവിടുത്തെ ബി.ജെ.പി സര്‍ക്കാര്‍.
സംവരണം നമ്മുടെ രാജ്യത്ത് മാത്രമുള്ള ഒന്നല്ല. ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിലും സാമൂഹ്യമായി പിന്നണിയിലുള്ള ജനവിഭാഗങ്ങള്‍ക്ക് സംവരണാനുകൂല്യങ്ങള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക ജനവിഭാഗങ്ങള്‍ക്കും മതിയായ സംരക്ഷണം ഭരണഘടനയില്‍ ഉറപ്പ് ചെയ്യുകയും അത് നടപ്പിലാക്കുകയും ചെയ്തില്ലെങ്കില്‍ വലിയ പൊട്ടിത്തെറിയായിരിക്കും ഏത് രാജ്യത്തും ഉണ്ടാകുക. നമ്മുടെ ഭരണഘടന നിര്‍മാണ സഭയില്‍ ഡോ. അംബേദ്ക്കര്‍ ഇത് വ്യക്തമാക്കിയിട്ടുള്ളതുമാണ്. മറ്റ് പല രാജ്യങ്ങളേയും പോലെ ഇന്ത്യയിലും പിന്നാക്ക ജനവിഭാഗങ്ങളും ന്യൂനപക്ഷങ്ങളുമാണ് ജനസംഖ്യയില്‍ മഹാഭൂരിപക്ഷം. ബഹുഭൂരിപക്ഷം രാജ്യങ്ങളും അവിടങ്ങളിലെ ഭരണഘടനകളും അതുകൊണ്ട് തന്നെയാണ് പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് മതിയായ സംവരണം മൗലികാവകാശമായി ഭരണഘടനയില്‍തന്നെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം ഇന്ത്യന്‍ ഭരണവര്‍ഗ്ഗം മനസ്സിലാക്കിയില്ലെങ്കില്‍ വലിയ പ്രത്യാഘാതമായിരിക്കും നമ്മുടെ രാജ്യത്തും ഉണ്ടാവുക എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.