2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ബാല്യത്തിന്റെ രണ്ടാംവരവും പിഴക്കുന്ന ചുവടുകളും

ഹനീഫ് റഹ്മാനി പനങ്ങാങ്ങര

എഴുത്തുകാരന്‍ ഏണസ്റ്റ് ഹെമിങ് വേയുടെ വിഖ്യാത കൃതിയാണ് ‘ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ'(വൃദ്ധനും കടലും). എഴുപത്തിയഞ്ച് വയസുള്ള സാന്റിയാഗോ, കടന്നുപോയ ബാല്യയൗവനങ്ങളില്‍ താന്‍ ചെയ്ത വീരസാഹസകൃത്യങ്ങള്‍ വാര്‍ധക്യത്തിനു കൂടുകൂട്ടാന്‍ ഇടം കൊടുക്കാത്ത ആ മനസില്‍ ശക്തിയും വീര്യവും പകര്‍ന്ന് പുനര്‍ജനിക്കുന്നുണ്ട്. കഴിഞ്ഞ എഴുപതിലേറെ ദിവസങ്ങളായി ഒരുചെറിയ പായ് വഞ്ചിയില്‍ കയറി കടലില്‍ പോയി മീന്‍ പിടിക്കുകയാണ്. ഒരു പൊടിമീന്‍പോലും അയാളുടെ ചൂണ്ടയില്‍ കൊത്തിയില്ല. പക്ഷേ സാന്റിയാഗോ നിരാശനായില്ല. വലിയൊരു മീന്‍ തന്റെ ചൂണ്ടയില്‍ കൊത്തുമെന്ന പ്രതീക്ഷ കൈവിട്ടില്ല. ആ വിശ്വാസം തുണയാവുക തന്നെ ചെയ്തു. മുന്നൂറാള്‍ താഴ്ചയില്‍ ചൂണ്ടയെറിഞ്ഞ അന്ന് അയാളുടെ ചൂണ്ടയില്‍ മീന്‍ കൊത്തി. ചൂണ്ട വലിക്കാന്‍ നോക്കിയപ്പോഴാണ് മീന്‍ കീഴടങ്ങാന്‍ ഭാവമില്ലാതെ പോരാട്ടം തുടങ്ങിയിരിക്കുന്നതായി അയാള്‍ മനസ്സിലാക്കിയത്. വള്ളവും വലിച്ച് മീന്‍ മൂന്നു ദിവസം കടലില്‍ അലഞ്ഞു. ഒടുവില്‍ മീനിനെ കീഴടക്കി കടലില്‍ നിന്ന് കരയിലേക്കു യാത്ര തിരിച്ചപ്പോള്‍ വഴിമധ്യേ സ്രാവുകള്‍ ചേര്‍ന്ന് മത്സ്യത്തെ തിന്നുതീര്‍ത്തിരുന്നു. ഗ്രാമം മുഴുവനും തീരത്ത് സാന്റിയാഗോക്ക് സ്വീകരണം നല്‍കി. ആ ഗ്രാമത്തില്‍ ആരും ഇതുവരെ അത്രയും വലുപ്പമുള്ള മത്സ്യത്തെ പിടികൂടിയിട്ടില്ല എന്നാണ് അതിന്റെ എല്ലുകണ്ട് എല്ലാവരും അഭിപ്രായപ്പെട്ടത്.

പ്രസാദപൂര്‍ണമായ വാര്‍ധക്യത്തിന്റെ കഥ പറയുന്ന ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ ഈ സമയത്ത് ഓര്‍ക്കാന്‍ നിമിത്തമായത് നമ്മുടെ മറിയക്കുട്ടിയാണ്. ക്ഷേമ പെന്‍ഷന്‍ കിട്ടാതായതിനെ തുടര്‍ന്ന് ജീവിതത്തിന്റെ വാതിലുകള്‍ അടഞ്ഞപ്പോള്‍ ആയിരം പേരുടെ ചങ്കുറപ്പോടെയാണ് പ്രതിഷേധ മണ്‍ചട്ടിയുമായി ഭിക്ഷയെടുത്ത് അവര്‍ തെരുവിലിറങ്ങിയത്. പരിഹസിച്ചും ഇല്ലാക്കഥകള്‍ മെനഞ്ഞും രാത്രിയുടെ മറവില്‍ വീടാക്രമിച്ച് ഉറക്കം കെടുത്തിവരെ പിന്തിരിപ്പിക്കാനും ഊര്‍ജം ചോര്‍ത്തിക്കളയാനും തീവ്ര ശ്രമങ്ങളുണ്ടായെങ്കിലും ഭരണകൂടത്തിന്റെ അനാസ്ഥയെ തുറന്നുകാട്ടാനുള്ള അവരുടെ പോരാട്ടവീര്യത്തിന് ഭംഗംവരുത്താന്‍ ആര്‍ക്കുമായില്ല. അള മുട്ടിയാല്‍ ചേരയും കടിക്കും എന്നപോലെ തന്റെ അവകാശങ്ങള്‍ ഹനിക്കാനും അരികുവല്‍ക്കരിക്കാനും ശ്രമിച്ചവര്‍ക്കെതിരേ സിംഹ ഗര്‍ജനമായാണ് അവര്‍ മാധ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. അവഗണിക്കപ്പെടുന്ന വാര്‍ധക്യം പുതിയ തലമുറയുടെതന്നെ ശാപമായി മാറുകയാണ്. മുതിര്‍ന്ന പൗരന്മാരെ ചേര്‍ത്തുനിര്‍ത്താനും പരിഗണന നല്‍കാനും ആവുന്നില്ലെങ്കില്‍ പോട്ടെ, പൊതുജന മധ്യേ അവഹേളിക്കാതിരിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും എന്നാണ് നാം പഠിക്കുക.

രണ്ടാം ബാല്യമാണ് ഒരര്‍ഥത്തില്‍ വാര്‍ധക്യമെന്നത്. ‘ഒരാള്‍ക്ക് നാം ആയുസ് നീട്ടിക്കൊടുക്കുന്നുവെങ്കില്‍ പ്രകൃതം കീഴ്‌മേല്‍ മറിക്കുന്നുണ്ട്’ എന്നാണ് വാര്‍ധക്യത്തെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്. ശാരീരിക ചാപല്യങ്ങളും ബുദ്ധിപരമായ അപക്വതയും അവരെ കുട്ടിത്തത്തിലേക്ക് തിരിച്ചുകൊണ്ടുപോവുകയാണ്. എന്നാല്‍ കുട്ടികളായിരിക്കെ അവരുടെ അത്തരം പെരുമാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും അതിലേറെ അവ ആസ്വദിക്കാനും മാതാപിതാക്കള്‍ സമയം കണ്ടെത്തും. രണ്ടാം ബാല്യത്തിലേക്കു വരുമ്പോള്‍ കാര്യങ്ങള്‍ തികച്ചും മാറിമറിയുന്നു. അന്നേരം കൈ സഹായമേകേണ്ട മക്കള്‍ താന്താങ്ങളുടെ തിരക്കുകള്‍ പറഞ്ഞ് കൈയൊഴിയുന്നു. ഇതുപോലൊരു വാര്‍ധക്യത്തിലേക്ക് നാള്‍ക്കുനാള്‍ താനും നടന്നടുത്തുകൊണ്ടിരിക്കുകയാണെന്ന ബോധമില്ലാതെ വലിയ വായില്‍ അവരെ ശകാരിക്കാനും കുറ്റപ്പെടുത്താനും വരെ മുതിരുന്നു. തങ്ങളുടെ സംതൃപ്ത ജീവിതത്തിന് തടസമാകുന്നുവെന്ന ചിന്തയില്‍ വൃദ്ധസദനങ്ങളിലേക്കും മറ്റും കൈയൊഴിയാന്‍ ന്യായം കണ്ടെത്തുന്നവര്‍. പങ്കാളികള്‍ നഷ്ടപ്പെടുമ്പോള്‍ മറ്റൊരാളെ കൂടെക്കൂട്ടുന്നത് പോലും ബാധ്യതയാവുമെന്ന് ഭയന്ന് വിഘ്‌നം സൃഷ്ടിക്കുന്നവര്‍. ടി.വി കൊച്ചുബാവയുടെ ‘വൃദ്ധസദന’ത്തിലെ സിറിയക്ക് ആന്റണിയുടെ ജീവിതവും അത്തരമൊരു നോവായിരുന്നു. ജീവിതത്തിലേക്ക് വാര്‍ധക്യത്തിന്റെ മുഴുപ്പില്‍ കണ്ടെത്തിയവള്‍ പോലും പ്രണയത്തിന്റെ തീക്ഷ്ണതയ്ക്ക് പകരം നല്‍കിയത് ആര്‍ത്തിയുടെ സഹനമായിരുന്നു. ഒടുവില്‍ എത്തിപ്പെട്ടതോ വൃദ്ധസദനവും.

പുതിയ കാലത്ത് സ്വാര്‍ഥതയുടെ പോരിടങ്ങളില്‍ ജീവിത സമവാക്യങ്ങള്‍ പൊളിച്ചെഴുതപ്പെടുകയാണ്. ബന്ധങ്ങളുടെയും ബാധ്യതകളുടെയും അര്‍ഥം നഷ്ടപ്പെടുന്നു. തനിക്കെന്ത് ലാഭം എന്ന വിചാരങ്ങളില്‍ പൊതുസമൂഹം മാത്രമല്ല രക്തബന്ധങ്ങള്‍ വരെ അകറ്റിനിര്‍ത്തപ്പെടുന്നു. അതുകൊണ്ടൊക്കെത്തന്നെ വേണമെങ്കില്‍ വര്‍ധക്യത്തിലേക്ക് ആദ്യമേ സമയം നിക്ഷേപിക്കുന്ന സംവിധാനങ്ങളെക്കുറിച്ച് ലോകം ചിന്തിച്ചുതുടങ്ങുകയാണ്. റിട്ടയര്‍മെന്റിനുവേണ്ടി സമയം നിക്ഷേപിക്കുന്ന ഈ പദ്ധതി ലോകത്താദ്യമായി നടപ്പാക്കിയത് സ്വിറ്റ്‌സര്‍ലന്‍ഡിലെ ഫെഡറല്‍ മിനിസ്ട്രി ഓഫ് സോഷ്യല്‍ ഇന്‍ഷുറന്‍സ് ആണ്. ആരോഗ്യമുള്ള, മികച്ച ആശയവിനിമയശേഷിയും അനുതാപവുമുള്ള സ്വിറ്റ്‌സര്‍ലന്‍ഡിലെ ചെറുപ്പക്കാര്‍ക്കെല്ലാം സമയബാങ്ക് പദ്ധതിയില്‍ ചേരാം. അവര്‍ ചെയ്യേണ്ടത് ഇത്രമാത്രം. ഒറ്റയ്ക്ക് താമസിക്കുന്ന സഹായം ആവശ്യമുള്ള വയോജനങ്ങളെ സഹായിക്കുക. ആശുപത്രിയില്‍ കൂട്ടിരിക്കുക, പരിചരിക്കുക, വീട്ടില്‍നിന്ന് പുറത്തുപോകാന്‍ കഴിയാത്ത വയോജനങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുക എന്നിവയൊക്കെയാണ് നിക്ഷേപകര്‍ ചെയ്യേണ്ടത്. ഒരു വര്‍ഷംകൊണ്ട് എത്ര മണിക്കൂര്‍ വയോജനങ്ങള്‍ക്ക് സേവനം ചെയ്‌തോ അത്രയും മണിക്കൂര്‍ സമയം നിങ്ങളുടെ പേരില്‍ സമയബാങ്കില്‍ നിക്ഷേപമായി വരും. വാര്‍ധക്യകാലത്ത് ഒറ്റപ്പെടുന്ന സാഹചര്യത്തില്‍ സഹായം വേണ്ടിവരുന്ന പക്ഷം സമയബാങ്കിലേക്ക് വിവരമറിയിച്ചാല്‍ മതി. നിങ്ങള്‍ക്ക് എത്ര മണിക്കൂര്‍ സമയം ബാങ്കില്‍ നിക്ഷേപം ഉണ്ടോ അത്രയും സമയം നിങ്ങളെ പരിചരിക്കാനായി സന്നദ്ധപ്രവര്‍ത്തകര്‍ എത്തിച്ചേരും. മാതാപിതാക്കളോടുള്ള ബാധ്യതകള്‍ ഭാരമായി കാണുന്ന ലോകം ഇങ്ങനെയൊക്കെ പ്രതിവിധി കണ്ടെത്തിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

മക്കളുടെ സുഖസന്തോഷങ്ങള്‍ പുഞ്ചിരികളായി വിടരുന്നതും വിജയങ്ങളായി വളരുന്നതും കാത്തു കാത്തിരുന്ന ആയുഷ്‌കാലങ്ങളാണ് മാതാപിതാക്കള്‍. അവരുടെ പ്രാര്‍ഥനകളാണ് മക്കളെ പരുവപ്പെടുത്തുന്നത്. അല്ലാഹുവോട് മനമുരികിത്തേടാന്‍ മാതാപിതാക്കളുള്ളിടത്തോളം മക്കള്‍ക്ക് പ്രതീക്ഷയുടെ തിരിനാളമണയുന്നില്ല. മാതാവ് ജീവിതങ്ങള്‍ വിതയ്ക്കുകയും ജാഗ്രതയോടെ നട്ടു വളര്‍ത്തുകയും ചെയ്യുന്നു. ഒരു സഹോദരി ഗര്‍ഭം ധരിക്കുന്നതിലൂടെ സുഖാനുഭവങ്ങളുടെ വസന്താസ്വാദനത്തിന്റെ അധ്യായം അടച്ചു വെക്കുകയാണ്. പിന്നീട് നോവും വേവുമാണ് ആ ജീവിതം. നാം പിറക്കും മുന്‍പേ നമ്മെക്കുറിച്ചുള്ള ആധിയും കിനാവുമാണ് മാതാവ്. അവരുടെ പ്രസരിപ്പും പ്രസന്നതയും ഊറ്റിക്കുടിച്ചാണ് നാം പിച്ചവച്ചത്. മാതൃശരീരത്തിലെ ചുക്കിച്ചുളിവുകള്‍ നമ്മിലേക്ക് ചൊരിഞ്ഞ പേശീബലത്തിന്റെ കാലിക്കവറുകളാണ്. ക്ഷയിച്ച അസ്ഥികളും സന്ധികളില്‍ നൊമ്പരപ്പെടുത്തിക്കൊണ്ടിരിക്കുന്ന നീര്‍ക്കെട്ടുകളും മക്കളുടെ പുഷ്ടിപ്പിന്റെ ബാക്കിപത്രങ്ങളാണ്. കുഴിഞ്ഞ കണ്ണുകളും കരിഞ്ഞുണങ്ങിയ മുഖവും മക്കളെ പോറ്റിവളര്‍ത്താന്‍ പെട്ട പെടാപ്പാടുകളുടെ തീക്ഷ്ണതയാണ് പേറുന്നത്.

‘വിശപ്പ് പ്രണയം ഉന്മാദം’ എന്ന പുസ്തകത്തില്‍ എത്ര ഹൃദസ്പര്‍ശിയായാണ് അബ്ബാസ് ടി.പി ഓര്‍മകള്‍ വിടപറഞ്ഞുപോയ ഉമ്മയെ അവതരിപ്പിക്കുന്നത്. അത് വല്ലാത്തൊരു അനുഭവമാണ്. ‘…ഒറ്റയടിക്കല്ല ഉമ്മ ഈ മറവിപ്പുറ്റിലേക്ക് നൂണ്ടുപോയത്. മെല്ലെ മെല്ലെ ഉമ്മാന്റെ ഓര്‍മകളുടെ വാതിലുകള്‍ അടയുകയായിരുന്നു. ആ അടയലിന്റെ നിസ്സഹായതയില്‍ ഉപ്പാന്റെ മരണം പോലും ഓര്‍മയില്ലാതെ ഉപ്പാക്ക് ചോറ് കൊടുത്തോന്ന് ഇപ്പഴും ഈ ആറ് വര്‍ഷങ്ങള്‍ക്കുശേഷവും ഉമ്മ ചോദിച്ചുകൊണ്ടേയിരിക്കുന്നു. അഞ്ചു മിനിറ്റിനുള്ളില്‍ ‘ഇജ് ആരുടെ കുട്ടിയാ…’ എന്ന് ഉമ്മ എന്നോട് ആറുവട്ടം ചോദിക്കും…” ഉമ്മ അത് അപ്പൊ തന്നെ മറക്കും. അടഞ്ഞുപോയ ഓര്‍മവാതിലുകളുടെ അപ്പുറത്തെ ഇരുളില്‍ ഞാന്‍ ഉണ്ടാവുമോ എന്ന ചിന്തയില്‍ എന്റെ നെഞ്ച് കനക്കും…’

പൊതുജനങ്ങള്‍ക്കിടയില്‍ നാം എത്ര തലമുതിര്‍ന്നാലും മാതാപിതാക്കള്‍ക്ക് മുന്നില്‍ നാം തല താഴ്ന്നവരാകണം. സമ്പത്തോ സ്ഥാനമാനങ്ങളോ അവരെക്കാള്‍ നമുക്ക് വലുതാവരുത്. അവരുടെ പ്രാര്‍ഥനയാണ് നമ്മുടെ വിജയം. ‘തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ടുപേരും തന്നെയോ നിന്റെ അടുക്കല്‍വച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ‘ഛെ’ എന്നു പറയുകയോ അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് മാന്യമായ വാക്ക് പറയുക. കാരുണ്യത്തോടുകൂടി വിനയത്തിന്റെ ചിറക് അവര്‍ ഇരുവര്‍ക്കും നീ താഴ്ത്തിക്കൊടുക്കുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ അവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയതുപോലെ അവരോട് നീ കരുണ കാണിക്കേണമേയെന്ന് നീ പറയുകയും ചെയ്യുക'(അല്‍ഇസ്‌റാഅ്23, 24).
വയോധികര്‍ അവഗണിക്കപ്പെട്ടുകൂടാ. അനുഭവത്തിന്റെയും അറിവിന്റെയും തിരുശേഷിപ്പുകളാണിവര്‍. കാലത്തോടൊപ്പം നടന്ന് കാലത്തിന്റെ കുതിപ്പിനും കിതപ്പിനും സാക്ഷിയായവര്‍. ദാരിദ്ര്യവും പട്ടിണിയും ഇല്ലായ്മകളും താണ്ടി നമ്മെ സുഭിക്ഷതയിലേക്ക് കൈപിടിച്ച മുന്‍തലമുറ. വളര്‍ന്ന് നമുക്ക് നാം മതിയാകുമെന്ന അവസ്ഥ വരുമ്പോള്‍ ഈ സൗകര്യങ്ങളിലേക്ക് എത്തിച്ചവരെ വിസ്മരിക്കുകയോ? അവര്‍ക്കുവേണ്ടി ഇരിപ്പിടങ്ങള്‍ ഒഴിഞ്ഞുകൊടുത്തും വഴിമാറിക്കൊടുത്തും അവസരങ്ങളില്‍ പ്രാമുഖ്യം നല്‍കിയും അഭിപ്രായങ്ങള്‍ മുഖവിലക്കെടുത്തും സമൂഹത്തില്‍ മുന്‍നിര സ്ഥാനം നല്‍കപ്പെടണം. നബി(സ) തങ്ങള്‍ പഠിപ്പിച്ചു: ‘അനുഗ്രഹമെന്നത് നിങ്ങളില്‍ മുതിര്‍ന്നവരോടൊപ്പമാണ് (ഇബ്‌നു ഹിബ്ബാന്‍).

പ്രായം ചെന്നവര്‍ സംസാരിക്കുമ്പോള്‍ മൗനം പാലിക്കണം. ഇടക്കു കയറിപ്പറഞ്ഞ് അവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കരുത്. മുഴുമിപ്പിക്കും വരേക്കും അവര്‍ക്ക് കാതോര്‍ക്കണം. അവരായിരിക്കണം സമൂഹത്തിന്റെ കൃഷ്ണമണികള്‍. പ്രവാചക സവിധത്തില്‍ രണ്ടാളുകള്‍ക്ക് സംസാരിക്കേണ്ടിവരുമ്പോള്‍ മുതിര്‍ന്നവര്‍ക്കായിരുന്നു തങ്ങള്‍ ആദ്യം അവസരം നല്‍കിയിരുന്നത്. മുതിര്‍ന്നവനെ പരിഗണിക്കുക, മുതിര്‍ന്നവനെ പരിഗണിക്കുക എന്നിങ്ങനെ തങ്ങള്‍ പറയാറുണ്ടായിരുന്നു’.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.