2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

വേദനിക്കുന്നവരുടെ ‘സഹചാരി’

പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ

സമസ്തയുടെ വിദ്യാർഥി പടയണി എസ്.കെ.എസ്.എസ്.എഫിൻ്റെ ആപ്തവാക്യമായ വിജ്ഞാനം, വിനയം, സേവനം എന്നതിലെ മൂന്നാം വചനത്തെ അന്വർഥമാക്കിയാണ് സംഘടനയ്ക്കു കീഴിലെ സഹചാരി റിലീഫ് സെൽ അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്. സേവനം എന്നതിന് ഇസ്‌ലാം മതത്തിൽ വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. രോഗിക്ക് ചികിത്സയും സംരക്ഷണവും നൽകുക, പരിചരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുക, സന്ദർശിക്കുക, അവനുവേണ്ടി പ്രാർഥിക്കുക, ആവശ്യമായ നിർദേശങ്ങൾ നൽകുക തുടങ്ങിയവയെല്ലാം സേവനത്തിന്റെ പരിധിയിൽപെടുന്നതാണ്. പ്രവാചകൻ പറയുന്നു:’വിശന്നവന് ആഹാരം നൽകുക, രോഗിയെ സന്ദർശിക്കുക, ബന്ദിയെ മോചിപ്പിക്കുക’. ‘ഒരു മുസ്‌ലിമിന് മറ്റൊരു മുസ് ലിമിനോടുള്ള സാധാരണ ബാധ്യതകൾ ആറെണ്ണമാണ്: കാണുമ്പോൾ സലാം പറയുക, ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക, ഉപദേശം ചോദിച്ചാൽ നൽകുക, തുമ്മിയ ശേഷം അല്ലാഹുവിനെ സ്തുതിച്ചാൽ തശ്മീത് (യർഹമുകല്ലാഹ്) ചൊല്ലുക, രോഗിയായാൽ അവനെ സന്ദർശിക്കുക, മരിച്ചാൽ ജനാസയെ പിന്തുടരുക(മുസ്‌ലിം).
ഇങ്ങനെ പ്രവാചകാധ്യാപനങ്ങൾ നിരവധി കാണാവുന്നതാണ്. അതുകൊണ്ടുതന്നെയാണ് എസ്.കെ.എസ്.എസ്.എഫും ആതുരസേവന രംഗത്ത് സജീവമായി ഇടപെടുന്നത്. കഴിഞ്ഞ 17 വർഷമായി ആതുരസേവനരംഗത്ത് കൈത്താങ്ങായി അർഹതപ്പെട്ടവരെ തിരിച്ചറിഞ്ഞ്, പ്രചാരണങ്ങളും ബഹളങ്ങളൊന്നുമില്ലാതെ സഹായമെത്തിച്ചുനൽകുന്നതിലൂടെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ സഹചാരി റിലീഫ് സെൽ സ്തുത്യർഹ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ‘കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം’ എന്ന പ്രമേയത്തിൽ ആരംഭിച്ച സഹചാരിയിലൂടെ വ്യവസ്ഥാപിതവും സുതാര്യവുമായി നടത്തി വരുന്ന വിവിധ പദ്ധതികൾ ഉദാരമതികളുടെ സഹായത്താൽ ഓരോ വർഷവും വ്യത്യസ്ത പദ്ധതികളുമായി മുന്നോട്ടു പോവുകയാണ്.

 

ഒരിക്കലും വകമാറ്റി ചെലവഴിക്കാതെ, ഫണ്ട് ശാഖാകമ്മിറ്റികള്‍ നിര്‍ദേശിക്കുന്ന വിവിധതരം രോഗികള്‍ക്ക് ഓരോ മാസത്തിലും ധനസഹായമായി അനുവദിച്ചുകൊണ്ടിരിക്കുന്നു. കിഡ്‌നി, കാന്‍സര്‍, ഹാര്‍ട്ട് സംബന്ധമായ രോഗികള്‍ക്കും അപകടങ്ങളില്‍ പെട്ടവര്‍ക്കും മാരകരോഗികള്‍ക്ക് മുന്‍ഗണന നല്‍കിയും മറ്റു ചെറുതും വലുതുമായ രോഗങ്ങള്‍കൊണ്ട് പ്രയാസമനുഭവിക്കുന്നവര്‍ക്കും സഹചാരിയിലൂടെ സഹായം നല്‍കിവരുന്നുണ്ട്. പൂര്‍ണമായും ഓണ്‍ലൈനിലൂടെയുള്ള അപേക്ഷാസംവിധാനമാണ് സഹചാരിയുടേത്. അര്‍ഹതപ്പെട്ടവരെ കണ്ടെത്തി സംഘടനയുടെ ശാഖാതലങ്ങളില്‍നിന്ന് അപേക്ഷ സ്വീകരിച്ച് ഒരു പ്രചാരണങ്ങളുമില്ലാതെ, സഹായം വാങ്ങുന്നവരുടെ അഭിമാനബോധത്തെ മാനിച്ച് അവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക നല്‍കിവരുന്നത്.

കഴിഞ്ഞ ഒരു വര്‍ഷക്കാലം സഹചാരി ധനസഹായവും സെന്ററുകള്‍ക്കുമായി അഞ്ചു കോടിയിലധികം രൂപയുടെ സഹായമാണ് നല്‍കിയത്. ഇതിനു പുറമെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപത്തും ചൂലൂരിലെ എം.വി.ആര്‍ കാന്‍സര്‍ സെന്ററിനടുത്തും ബഹുമുഖ പദ്ധതികളോടെയുള്ള സഹചാരി സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങുകയാണ്. ചൂലൂരിലെ സഹചാരി സെന്ററിനു ലഭിച്ച 20 സെന്റ് സ്ഥലത്ത് കെട്ടിടനിര്‍മാണം അവസാന ഘട്ടത്തിലാണ്. നിസ്‌കാര ഹാള്‍, ഡോര്‍മിറ്ററി, പ്രാഥമികാരോഗ്യ പരിചരണ കേന്ദ്രം, മയ്യിത്ത് കുളിപ്പിക്കുന്നതിന് സൗകര്യം, കീമോതെറാപ്പിക്ക് വരുന്നവര്‍ക്കുള്ള വിശ്രമകേന്ദ്രം എന്നിവയാണ് ഇവിടെ ഒരുങ്ങുന്നത്. ഇതേ സൗകര്യങ്ങളോടെ തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്റര്‍ പരിസരത്ത് ബഹുമുഖ പദ്ധതിക്കായി ഒന്‍പതര സെന്റ് സ്ഥലം വാങ്ങി സഹചാരി സെന്റര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇതിനോടകംതന്നെ ആരംഭിച്ചുകഴിഞ്ഞു.

ഇന്ന് കേരളത്തിനകത്തും പുറത്തും ആതുരസേവനരംഗത്ത് സാധാരണക്കാരുടെ അത്താണിയായി മാറുകയാണ് സഹചാരി. മാറാവ്യാധികള്‍കൊണ്ട് പ്രയാസമനുഭവിക്കുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് സഹചാരിയുടെ സഹായം വലിയൊരു ആശ്വാസമാണ്. ദാനധര്‍മ്മങ്ങള്‍ക്ക് ഏറെ പ്രതിഫലമുള്ള പുണ്യറമദാനിലെ ആദ്യ വെള്ളിയാഴ്ച യൂണിറ്റ് തലങ്ങളില്‍ പള്ളികളിലും വിടുകളിലും വിവിധ കേന്ദ്രങ്ങളിലുമായി നടത്തുന്ന ഫണ്ട് ശേഖരണം മാത്രമാണ് സഹചാരിയുടെ ഏക വരുമാനം. ഈ വരുമാനം കൊണ്ടാണ് ഇത്രയും പേര്‍ക്ക് സഹചാരി ആശ്വാസം പകരുന്നത്. അതുകൊണ്ട് നാളെ നടക്കുന്ന ഫണ്ട് ശേഖരണത്തില്‍ നാട്ടിലും മറുനാട്ടിലുമുള്ള എല്ലാവരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുന്നു.

(എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.