2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കൂലിപ്പട്ടാളം റഷ്യയെ വിരട്ടുമ്പോള്‍

ഡോ.സനദ് സദാനന്തൻ

വ്ളാഡ്മിര്‍ പുടിനോട് സഹായി, ഒരു സന്തോഷവാര്‍ത്തയും ദുഃഖവാര്‍ത്തയും ഉണ്ട്. സന്തോഷവാര്‍ത്ത നമ്മുടെ കൂലിപ്പട്ടാളമായ വാഗ്‌നര്‍ സേന ഒരു പട്ടണം കൂടി പിടിച്ചെടുത്തിരിക്കുന്നു. ദുഃഖവാര്‍ത്ത അത് നമ്മുടെ പട്ടണം തന്നെയാണ്. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ട്രോളാണിത്. സംഗതി സത്യമാണ്. ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യക്ക് വേണ്ടി യുദ്ധം ചെയ്യുന്ന വാഗ്‌നര്‍ സേന അവിടെ നിന്ന് പിന്മാറി റഷ്യയിലെ റോസ്‌തോവിലേക്ക് മുന്നേറി അവിടത്തെ ഉക്രൈന്‍ യുദ്ധം നിയന്ത്രിക്കുന്ന സൈനിക ആസ്ഥാനം കീഴ്‌പ്പെടുത്തി മോസ്‌ക്കോവിലേക്ക് മുന്നേറാന്‍ ശ്രമം നടത്തി. നീക്കത്തെ പ്രസിഡന്റ് പുടിന്‍ പുറകില്‍ നിന്നുള്ള കുത്തായും ശക്തമായ ശിക്ഷ അട്ടിമറിക്കാര്‍ക്ക് ലഭിക്കും എന്നും പ്രസ്താവിക്കുന്നു.

തുടര്‍ന്ന് റഷ്യന്‍ സൗഹൃദ രാഷ്ട്രമായ ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലൂക്കാഷെന്‍കോവിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ താല്‍ക്കാലികമായി പ്രതിസന്ധി അയയുന്നു.എങ്ങനെയാണ് ഒരു സ്വകാര്യ സേനക്ക് റഷ്യയെപോലുള്ള രാജ്യത്തെ അട്ടിമറിക്കാനുള്ള കരുത്ത് ലഭിക്കുന്നതെന്നതും കരുത്തരെന്ന് വാഴ്ത്തുന്ന പുടിന്റെ നേതൃത്വത്തിനെ എങ്ങനെയാണ് ഈ സംഭവ വികാസങ്ങള്‍ ചോദ്യം ചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്.


വാഗ്‌നര്‍ കൂലിപ്പട്ടാളം
സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയോടെ നിയമവാഴ്ച തകര്‍ന്ന മേഖലയില്‍ പെട്രോളിയം, ഖനി തുടങ്ങിയ നിരവധി മേഖലകളില്‍ പുതിയ മുതലാളി വര്‍ഗം ഉയര്‍ന്നുവന്നു. ഇവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായാണ് പ്രൈവറ്റ് സെക്യൂരിറ്റി ഗാര്‍ഡുമാര്‍ എന്നത് വളര്‍ന്ന് സ്വകാര്യ സൈന്യങ്ങള്‍ ഉണ്ടായിവരുന്നത്. പുടിന്റെ സുഹൃത്തായി അറിയപ്പെട്ടിരുന്ന യെവ് ഗിനി പ്രിഗോഷിനാണ് വാഗ്‌നര്‍ സൈന്യത്തിന്റെ കമാന്ററും ഉടമയും. നേരത്തെ ക്രൈംലിനിലെ കേറ്ററിങ് കരാറുകള്‍ ഏറ്റെടുത്ത് നടത്തിയിരുന്ന പ്രിഗേഷിന്‍ എന്ന വന്‍ വ്യവസായിയെ പാശ്ചാത്യ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് ‘പുടിന്റെ ഷെഫ്’ എന്നാണ്.

2014 ല്‍ റഷ്യ ക്രിമിയന്‍ പ്രവിശ്യയെ ബലം പ്രയോഗിച്ച് പിടിച്ചെടുക്കുന്നതില്‍ ഈ സേനയുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. തുടര്‍ന്ന് 2015ല്‍ സിറിയയില്‍ റഷ്യക്ക് വേണ്ടി അസദ് ഭരണകൂടത്തിനൊപ്പം പോരാടുന്നു. ലിബിയ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്, സുഡാന്‍, മാലി തുടങ്ങിയ രാജ്യങ്ങളിലും വാഗ്‌നര്‍ പട്ടാളം അതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നു. ചിലയിടത്ത് സ്വര്‍ണ, വജ്ര ഖനികളുടെ സംരക്ഷകരായി, മറ്റു ചിലേടത്ത് യുദ്ധഭടന്‍മാരായും സൈനിക പരിശീലകരായും. 2022 ലെ ഉക്രൈന്‍ അധിനിവേശത്തോടെ റഷ്യന്‍ സംവിധാനത്തിന്റെ ഭാഗമായി മാറുന്നു ഇവര്‍.


റഷ്യക്ക് വേണ്ടി ഉക്രൈന്‍ മണ്ണില്‍ നിരവധി പേര് നേരിട്ട് പോരിനിറങ്ങിയിരുന്നു. കൊല്ലപ്പെട്ടവരുടെ മാത്രം എണ്ണം ഇരുപതിനായിരത്തിലധികം വരും എന്നാണ് കണക്ക്. വാഗ്‌നര്‍ കൂലിപ്പട്ടാളത്തിലെ ഭൂരിപക്ഷം അംഗങ്ങളും റഷ്യന്‍ ജയിലുകളില്‍ നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ടവരാണ്. സേവനത്തിനു ശേഷം മോചനം എന്ന വാഗ്ദാനപ്രകാരം പ്രവര്‍ത്തിച്ചുവരുന്ന അവര്‍ക്ക് റഷ്യന്‍ ഭരണകൂടം തന്നെയാണ് സഞ്ചാരത്തിനായുള്ള പാസ്‌പോര്‍ട്ട് ഏര്‍പ്പാടാക്കി കൊടുത്തിരുന്നത്. ഉക്രൈനില്‍ കടുത്ത യുദ്ധമുഖങ്ങളിലാണ് ഇവര്‍ വിന്യസിക്കപ്പെട്ടിരുന്നത്. ബഹ്മുത് അടക്കമുള്ള നഗരങ്ങള്‍ പിടിച്ചടക്കുന്നതില്‍ ഇവര്‍ വിജയിച്ചിരുന്നു. എന്നാല്‍ അടിസ്ഥാനപര-ക്രിമിനല്‍ സ്വഭാവം ഇവരെ യുദ്ധരംഗത്ത് മറ്റു സൈനികരില്‍ നിന്ന് വേറിട്ട് നിര്‍ത്തി. നിരവധി മനുഷ്യാവകാശ ലംഘനങ്ങളാണ് ഇവര്‍ക്കെതിരേ ഉക്രൈനില്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്.


റഷ്യന്‍ സൈന്യവും വാഗ്‌നറും
ഉക്രൈന്‍ യുദ്ധമുഖത്ത് ഇരുവിഭാഗവും ഒരു മുന്നണിയുടെ ഭാഗമായാണ് പൊരുതിയതെങ്കിലും സംഘര്‍ഷങ്ങള്‍ തുടക്കം മാത്രമല്ല ഉണ്ടായിരുന്നു. വാഗ്‌നര്‍ തലവന്‍ പ്രിഗോഷിന്‍ ഒരു ഭാഗത്തും റഷ്യന്‍ പ്രതിരോധവകുപ്പ് മന്ത്രി സെര്‍ജി ഷൊയ്ഗു മറുഭാഗത്തും അണിനിരന്ന ശീതയുദ്ധം പലപ്പോഴും പരസ്പരമുള്ള പോര്‍വിളികളിലേക്ക് നയിച്ചു. യുദ്ധരംഗത്ത് തങ്ങള്‍ക്ക് വേണ്ട രീതിയില്‍ ആയുധങ്ങള്‍ സേന എത്തിച്ചു തരുന്നില്ല എന്നതായിരുന്നു വാഗ്‌നറിന്റെ പ്രധാന പരാതി.

ഉക്രൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ വിഭാഗങ്ങളും ജൂണ്‍ മാസത്തോടെ നിര്‍ബന്ധമായും തങ്ങളുമായി കരാറില്‍ ഏര്‍പ്പെടണമെന്നതായിരുന്നു സൈന്യത്തിന്റെ ആവശ്യം.
എന്നാല്‍ പ്രിഗോഷ് ഈ കരാര്‍ ബഹിഷ്‌കരിക്കുന്നു. ഈ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിച്ചതിന്റെ ഫലമായാണ് കഴിഞ്ഞ വെള്ളിയാഴ്ച റഷ്യന്‍ സേന, കിഴക്കന്‍ ഉക്രൈനിലെ വാഗ്‌നര്‍ സൈനിക താവളത്തിലേക്ക് മിസൈല്‍ വിട്ടു എന്ന് ആരോപണം ഉന്നയിക്കുന്നത്. തുടര്‍ന്ന് പ്രിഗോഷിന്റെ വിഡിയോ പുറത്തുവരുന്നു. അതില്‍ റഷ്യന്‍ പട്ടാള നേതൃത്വത്തെ അട്ടിമറിക്കാനുള്ള ആഹ്വാനം ഉണ്ടാകുന്നു. തുടര്‍ന്നാണ് സായുധ സൈന്യം റോസറ്റോവിലേക്ക് നീങ്ങുന്നതും മോസ്‌ക്കോയെ വെല്ലുവിളിക്കുന്നതും. എന്നാല്‍, പുടിന്റെ ഭീഷണിയുടെയും ബാഹ്യ സമ്മര്‍ദങ്ങളുടെയും ഫലമായി അവര്‍ പിന്‍മാറുന്നു.


പുടിന്റെ ഭാവി
താല്‍ക്കാലികമായി അട്ടിമറി പ്രതിസന്ധി ഒഴിഞ്ഞുപോയെങ്കിലും പുടിന്റെ വരും ദിനങ്ങള്‍ കഠിനമാണ്. 1999 മുതല്‍ പ്രധാനമന്ത്രിയായും പ്രസിഡന്റായും അധികാരത്തിലിരിക്കുന്ന പുടിന്‍ നേരിടുന്ന വലിയ ആഭ്യന്തര വെല്ലുവിളിയാണിത്. ബെലാറസിന്റെ കാര്‍മികത്വത്തില്‍ ഉടമ്പടിയിലെത്തിയെങ്കിലും വാഗ്‌നര്‍ വിഭാഗത്തെ ഇനി എങ്ങനെ കൈകാര്യം ചെയ്യും എന്നത് പ്രധാനമാണ്. പ്രിഗോഷിന് ബെലാറസില്‍ അഭയം നല്‍കിയെങ്കിലും ശേഷിക്കുന്ന കാൽ ലക്ഷം വരുന്ന കൂലിപ്പട്ടാളത്തെ തിരിച്ച് ഉക്രൈന്‍ യുദ്ധമുഖത്ത് പഴയപോലെ അണിനിരത്തുക എന്നതും ശ്രമകരമാണ്.

അട്ടിമറിക്കാരുടെ പ്രധാന ലക്ഷ്യം പ്രതിരോധവകുപ്പ് മന്ത്രി ഷൊയ്ഗുവായിരുന്നു എന്നതിനാല്‍ അദ്ദേഹത്തെ തുടരാന്‍ അനുവദിക്കുക എന്നതും ശ്രമകരമാണ്. ഘടനാപരമായി ജനാധിപത്യമുണ്ടെങ്കിലും കുറെ വര്‍ഷങ്ങളായി ഏകാധിപത്യരീതിയിലാണ് പുടിന്‍ റഷ്യയെ അടക്കി ഭരിച്ചുപോരുന്നത്.
ഭരണസംവിധാനത്തിന്റെ എല്ലാ മേഖലകളിലും നിയന്ത്രണം ഉറപ്പിച്ചിട്ടുള്ള ഭരണകൂടം പൗരാവകാശ ലംഘനങ്ങളുടെ കാര്യത്തിലും കുപ്രസിദ്ധമാണ്. പ്രതിപക്ഷ നേതാവായിരുന്ന അലക്‌സി നവാല്‍നി വിമര്‍ശനത്തിന്റെ പേരില്‍ ജയിലിലാണ്. വിമത സ്വരങ്ങളെ പല രീതിയിലും ഇല്ലാതാക്കുന്നു. ബഹുപാര്‍ട്ടി സമ്പ്രദായം,

തെരഞ്ഞെടുപ്പുകള്‍ എന്നിവ പേരിനു മാത്രം നിലനിന്നുപോരുന്നു. പുടിൻ മരണം വരെ ഭരണത്തിലിരിക്കാന്‍ പാകത്തില്‍ ഭരണഘടന മാറ്റി എഴുതി. ഒന്നര വര്‍ഷമായി തുടരുന്ന ഉക്രൈന്‍ അധിനിവേശം, സമ്പദ് വ്യവസ്ഥയില്‍ വന്‍ ആഘാതങ്ങളാണ് ഉണ്ടാക്കിയത്. മറുവശത്ത് സെലന്‍സ്കിക്കും പിന്തുണക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ക്കും ഈ സംഭവവികാസങ്ങള്‍ കരുത്തു പകരുന്നു. ഇനിയും യുദ്ധത്തിന്റെ കഠിന നാളുകള്‍ തന്നെയായിരിക്കണം ഉക്രൈന്‍ ജനതയെ കാത്തിരിക്കുന്നത്.

(ലേഖകന്‍ കൊടുങ്ങല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവിയാണ്)

Content Highlights: Today’s Article About Russia

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.