2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രാമായണങ്ങള്‍ പലതുണ്ട്‌, പക്ഷേ…

ഡോ.ടി.എസ്.ശ്യാംകുമാർ

ഇന്ത്യയുടെ ബഹുസ്വരപാരമ്പര്യത്തിന്റെ ഉത്തമനിദര്‍ശനമായി ഉയര്‍ത്തിക്കാട്ടുന്ന ബഹുപാഠസ്വരൂപമാര്‍ജിച്ച ഗ്രന്ഥവിശേഷമാണ്‌ രാമായണം. അതുകൊണ്ടു തന്നെ “രാമായണം” എന്ന പ്രയോഗമല്ല, “രാമായണങ്ങള്‍ ” എന്ന പ്രയോഗമാണ്‌ ചരിത്രത്തോട്‌ നീതി പുലര്‍ത്തുന്നത്‌. നിരവധിയായ രാമായണങ്ങളെ സംബന്ധിച്ച പരാമര്‍ശം എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ടില്‍ ഉള്ളടങ്ങിയിട്ടുണ്ട്‌.


“രാമായണങ്ങള്‍ പലതും കവിവര-
രാമോദമോടെ പറഞ്ഞുകേള്‍പ്പുണ്ടു ഞാന്‍
ജാനകിയോടു കൂടാതെ രഘുവരന്‍
കാനനവാസത്തിനെന്നു പോയിട്ടുള്ളൂ”


മുമ്പ് രചിക്കപ്പെട്ട രാമായണങ്ങളിലെല്ലാം സീതയെ കൂടാതെ രാമന്‍ കാനനവാസത്തിന്‌ പോയതായി എഴുതപ്പെട്ടിട്ടില്ലാത്തതില്‍ സീതയെ ഒഴിവാക്കി രാമന്റെ വനവാസം സാധ്യമല്ലെന്ന്‌ എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ട്‌ പറഞ്ഞുവയ്ക്കുന്നു. ബഹുപാഠസ്വരൂപമാര്‍ജിച്ച രാമകഥാപാരമ്പര്യത്തെ സംബന്ധിച്ച തെളിവാര്‍ന്ന സൂചനയാണ്‌ എഴുത്തച്ഛന്റെ രാമായണം പങ്കുവയ്ക്കുന്നത്‌. ഹിന്ദുത്വ ബ്രാഹ്മണ്യ ശക്തികള്‍ അവതരിപ്പിക്കുന്ന ഏകശിലാത്മകമായ രാമായണപാഠത്തെയും രാമനെയും ബഹുസ്വരൂപപാഠങ്ങളുടെ വീണ്ടെടുപ്പിലൂടെ നേരിടാമെന്ന പൊതുധാരണയിലാണ്‌ ബഹുസ്വരൂപാത്മകമായ രാമകഥാപാരമ്പര്യത്തെ അവതരിപ്പിക്കുന്നത്‌.

രാമായണപാഠങ്ങള്‍ രാമകഥാപാരമ്പര്യത്തിന്റെ ഭിന്നരൂപങ്ങളുടെയും വ്യത്യസ്ത ചരിത്രാവസ്ഥകളുടെയും അതിസങ്കീര്‍ണവും വൈവിധ്യമാര്‍ന്നതുമായ ജാതിജീവിതത്തിന്റെയും സാംസ്‌കാരിക പലമകളുടെ ആധാനപ്രധാനങ്ങളുടെ ചരിത്രഘട്ടങ്ങളുടേയും പ്രതിനിധാനമാണ്‌. അതിനാല്‍ തന്നെ രാമായണത്തിന്റെ ബഹുപാഠസ്വരൂപം ചരിത്രവസ്തുതയായിരിക്കെ തന്നെ ഏകതാനവും ഏകശിലാത്മകവുമായ ബ്രാഹ്മണ്യവ്യാഖ്യാനത്തിലേക്ക്‌ സ്വാംശീകരിക്കപ്പെടാനുള്ള അതിന്റെ ഭിന്നസാധ്യതകളെ ലളിതവല്‍ക്കരിക്കുക എന്നത്‌ ചരിത്രപരമായി ശരിയായിരിക്കുകയില്ല.


ബഹുരൂപിയായ രാമകഥാപാഠങ്ങളെ ബ്രാഹ്മണ്യത്തിന്റെ ആഖ്യാനസന്ദര്‍ഭങ്ങളിലേക്ക്‌ ഇഴചേര്‍ക്കാന്‍ സാധിക്കുന്നു എന്നതാണ്‌ ഹിന്ദുത്വത്തിന്റെ രാമനിര്‍മിതിയുടെ വിജയം. ഇതാകട്ടെ ആധുനിക കാലത്ത്‌ മാത്രം നിലവില്‍ വന്ന ഒരു സവിശേഷ രീതിയുമല്ല. ബ്രാഹ്മണ്യം അതിന്റെ വ്യാപ്തി വര്‍ധിപ്പിച്ചുകൊണ്ടിരുന്നതും സാംസ്‌കാരിക പലമകളെ ഉള്ളടക്കിയതും അതിന്റെ സ്വാംശീകരണ പ്രകിയ എന്ന പ്രത്യേക കഴിവിലൂടെയാണ്‌.
ബഹുസ്വര രാമായണങ്ങളുടെ പാഠപാരമ്പര്യങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യുമ്പോഴും ഈ ഭിന്നപാഠങ്ങളെ സ്വാശീകരിക്കാനുള്ള ബ്രാഹ്മണ്യത്തിന്റെ സവിശേഷതയെ സംബന്ധിച്ച്‌ വിപുലമായ സംവാദങ്ങള്‍ ഉയര്‍ന്നുകാണുന്നില്ല. ചരിത്രപണ്ഡിതയായ വിജയ് നാഥ് ബ്രാഹ്മണ്യത്തിന്റെ ഈ സ്വാംശീകരണ പ്രക്രിയയെ സംബന്ധിച്ച്‌ അവരുടെ Puranas and Acculturation എന്ന ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നുണ്ട്‌.

വിധ്വംസാത്മകവും വിപ്ലവാത്മകവുമായി യാഗയജ്ഞപാരമ്പര്യത്തിന്‌ എതിരായി ഉയര്‍ന്നുവന്ന ബൗദ്ധപാരമ്പര്യത്തെ ബ്രാഹ്മണ്യം നേരിട്ടത്‌ ആ പാരമ്പര്യത്തെ തന്നെ സ്വാംശീകരിച്ചുകൊണ്ടാണ്‌. ബുദ്ധനെ വിഷ്ണുവിന്റെ അവതാരമാക്കിയാണ്‌ ഈ സ്വാംശീകരണപ്രക്രിയ ബ്രാഹ്മണ്യം പൂര്‍ത്തിയാക്കിയത്‌. അശ്വഘോഷന്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധകാവ്യങ്ങള്‍ രചിക്കുമ്പോഴും അതൊന്നും തന്നെ പൂര്‍ണമായി ബ്രാഹ്മണ്യാഖ്യാനങ്ങളില്‍ നിന്നും വിടുതിനേടിയിരുന്നില്ല. ബൗദ്ധമായ നിര്‍വാണസങ്കൽപത്തെ പോലും ബ്രാഹ്മണികവും ഔപനിഷദികവുമായ മോക്ഷ/ മുക്തി സങ്കൽപങ്ങളിലേക്ക്‌ ഇഴചേര്‍ക്കുന്നതിനും അതുവഴി ജാതിവര്‍ണവ്യസ്ഥയുടെ ആധാരമായ പുനര്‍ജന്മ സങ്കൽപത്തെ ഉറപ്പിക്കുന്നതിനും സാധിച്ചു.


ബുദ്ധന്‍ മാത്രമല്ല, ബ്രാഹ്മണേതരമായ പാരമ്പര്യത്തില്‍ വേരുകളുണ്ടായിരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസ സങ്കൽപങ്ങളും കഥകളും എല്ലാമിങ്ങനെ ബ്രാഹ്മണ്യത്തിന്റെ ബൃഹദാഖ്യാനങ്ങളുടെ ഭാഗമായി കാലക്രമേണ മാറിത്തീര്‍ന്നു. മഹാരാഷ്ട്രയിലെ പശുപാലക ഗോത്രസമൂഹത്തിന്റെ ദൈവമായ വിഠല്‍ വിഷ്ണു കൃഷ്ണനായി മാറിത്തീരുന്നതിന്റെ ചരിത്രം ബ്രാഹ്മണ്യ സ്വാംശീകരത്തിന്റെ ചരിത്രം കൂടി ഉള്ളടങ്ങിയതാണ്‌. സ്‌കന്ദപുരാണത്തില്‍ വിവരിക്കുന്ന തിരുപ്പതി മാഹാത്മ്യമനുസരിച്ച്‌ തിരുപ്പതിയിലെ ആദ്യകാല ആരാധനാമൂര്‍ത്തി ഒരു വരാഹമായിരുന്നുവെന്നും ഇതിനെ ആരാധിച്ചിരുന്നത്‌ ചാമ കൃഷി ചെയ്തിരുന്ന ആദിവാസികളായിരുന്നുവെന്നുമാണ്‌ തെളിയുന്നത്.

എന്നാല്‍, കാലാന്തരത്തില്‍ തിരുപ്പതി സമ്പൂര്‍ണമായി ക്ഷേത്രവല്‍ക്കരണത്തിന്‌ വിധേയമാവുകയും അതൊരു ബ്രാഹ്മണക്ഷേത്രസങ്കേതമായി മാറിത്തീരുകയും ചെയ്തു. വിന്ധ്യാവാസിനിയായി ദുര്‍ഗയെ സംബന്ധിച്ച യൂക്കോ യോക്കോച്ചിയുടെ പഠനം ബ്രാഹ്മണ്യ സ്വാംശീകരണത്തിന്റെ മറ്റൊരു ചരിത്രസന്ദര്‍ഭമാണ്‌ അവതരിപ്പിക്കുന്നത്‌. വിന്ധ്യാപര്‍വ്വത പ്രദേശത്തെ വനവാസികള്‍ ആരാധിച്ചിരുന്ന അമ്മദൈവം കാലക്രമത്തില്‍ ദേവീ പുരാണത്തിലെ ദുര്‍ഗയായും മറ്റും മാറിത്തീരുന്നതിനെകുറിച്ച്‌ യൂക്കോ യോക്കോച്ചി വിവരിക്കുന്നുണ്ട്‌.

പില്‍ക്കാലത്ത്‌ പുരാണപ്രസിദ്ധമായിത്തീര്‍ന്ന തീര്‍ഥാടനം, മുണ്ഡനം, വ്രതം എന്നിവകള്‍ക്ക്‌ തദ്ദേശീയമായ വേരുകളാണുണ്ടായിരുതെന്നും ഇത്തരം അനുഷ്ഠാനങ്ങള്‍ പുരാണങ്ങളുടെ രചനാകര്‍ത്താക്കള്‍ പുരാണങ്ങളിലേക്ക്‌ ഉള്‍ച്ചേര്‍ക്കുകയായിരുന്നുവെന്നും വിജയ്‌ നാഥ്‌ വസ്തുതാപരമായി തന്നെ സ്ഥാപിക്കുന്നുണ്ട്‌.


കേരളത്തില്‍ അടുത്തകാലത്തായി ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന “ക്ഷേത്രവല്‍ക്കരണ”വും ബ്രാഹ്മണ്യസ്വാംശീകരണ പ്രക്രിയയുടെ മറ്റൊരു ദൃഷ്ടാന്തമാണ്‌. ബ്രാഹ്മണേതരമായ കാവുകളും പതികളും കൊട്ടങ്ങളും മറ്റും ബ്രാഹ്മണാനുഷ്ഠാനങ്ങള്‍ക്കനുസൃതമായ രീതിയില്‍ ക്ഷേത്രമായിത്തീരുന്നത്‌ സ്വാംശീകരണ അധിനിവേശ പ്രക്രിയയുടെ കേരളത്തിലെ പ്രധാന ചരിത്ര ഏടാണ്‌. ഇതെല്ലാം തെളിയിക്കുന്നത്‌ ബ്രാഹ്മണേതരമായ സങ്കൽപങ്ങളെയും വിശ്വാസാനുഷ്ഠാന രൂപങ്ങളെയും ബ്രാഹ്മണ്യവ്യവസ്ഥയ്ക്ക്‌ സ്വാംശീകരിക്കാന്‍ കഴിയുമെന്നാണ്‌. ഭിന്നപാഠരൂപങ്ങളില്‍ നിലനില്‍ക്കുന്ന രാമായണകഥാപാരമ്പര്യങ്ങളെയും അതെത്രമാത്രം വിധ്വംസാത്മകവും ഏകാത്മകപാഠത്തെ വിമര്‍ശിക്കുന്നതാണെങ്കിലും അതിനെക്കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നതാണ്‌

ബ്രാഹ്മണ്യസ്വാംശീകരണപ്രക്രിയയുടെ സവിശേഷത. ഈ പ്രക്രിയയെ എതിരിടാന്‍ ബഹുസ്വരൂപപാഠപാരമ്പര്യങ്ങളെ പോലും ബ്രാഹ്മണ്യം ഉള്‍ച്ചേര്‍ക്കുന്നതിന്റെ ചരിത്രത്തെ സംബന്ധിച്ചും ആഴത്തില്‍ അറിയേണ്ടതുണ്ട്‌.
വിവിധ മതങ്ങളെയും സമുദായങ്ങളെയും വൈദേശിക ശക്തികളെയും സംസ്കാരത്തെയും സഹിഷ്ണുതാപൂര്‍വം ഇന്ത്യന്‍ പാരമ്പര്യം ഉൾക്കൊണ്ടതിനെ പറ്റി നിരന്തരം ആവര്‍ത്തിക്കാറുണ്ടെങ്കിലും പലപ്പോഴും ഈ “സഹിഷ്ണുത” എന്നത്‌ ബ്രാഹ്മണ്യസ്വാംശീകരണപ്രക്രിയയുടെ മറ്റൊരു പേരാണെന്നത്‌ ശരിയാംവണ്ണം തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ത്യയിലേക്ക്‌ വന്ന യവനന്മാരുടെ ജ്യോതിഷ വിശ്വാസങ്ങള്‍ വരാഹമിഹിരന്റെ ജ്യോതിഷ ഗ്രന്ഥങ്ങളിൽ തെളിവുരൂപമായി ആണ്ടുകിടക്കുന്നുണ്ട്.
ഇന്ത്യയിലെ വ്യത്യസ്ത ഭക്തിപാരമ്പര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ (പ്രത്യേകിച്ച്‌ ബ്രാഹ്മണികമായ ദേവതാ ഭക്തിയിലും) സൂഫിസത്തിന്റെ സ്വാധീനമുണ്ട്‌. ഇങ്ങനെ ഇന്ത്യയുടെ ചരിത്രഭൂതകാലത്തില്‍ ബ്രാഹ്മണ്യം ഇതര പാരമ്പര്യങ്ങളെ സ്വാംശീകരിച്ച്‌ ഉൾച്ചേര്‍ത്തതിന്റെ നിരവധി ഉദാഹരണങ്ങള്‍ ലഭ്യമാണ്‌.

ശങ്കരന്റെ അദ്വൈതവേദാന്തത്തിൽ പോലും ബൗദ്ധദര്‍ശനങ്ങളുടെ സ്വാധീനം വ്യക്തമാണ്. ബ്രാഹ്മണ്യപാരമ്പര്യത്തിന്‌ ബ്രാഹ്മണേതരമായ പാഠപാരമ്പര്യങ്ങളെ സ്വാംശീകരിച്ച്‌ ഉള്‍ച്ചേര്‍ക്കാന്‍ കഴിയുന്നതിന്റെ പ്രത്യക്ഷദൃഷ്ടാന്തമാണിതെല്ലാം. ചരിത്രപരമായി പടര്‍ന്നുപന്തലിച്ച ഈ സ്വാംശീകരണ പ്രക്രിയയെ പരിഗണിക്കാതെ ഭിന്നപാഠങ്ങള്‍ ഏകശിലാത്മകമായ പാഠത്തെ എതിരിടുമെന്ന്‌ കരുതുന്നത്‌ നിഷ്ക്കളങ്കമായ ഒരു ധാരണയാണ്‌. ചരിത്രത്തില്‍ ഇന്നോളം അരങ്ങേറിയിട്ടുള്ളതും തുടരുന്നതുമായ അധീശവ്യവസ്ഥയുടെ പടര്‍ന്നുകയറ്റം ബ്രാഹ്മണ്യസ്വാശീകരണത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുമുണ്ട്‌. കൂടാതെ, ഈ ഭിന്നപാഠങ്ങളെ വിഷ്ണുവിന്റെ നിരവധി അവതാരങ്ങള്‍ പോലെ അവതാരഭേദങ്ങളായി നിലനിര്‍ത്താന്‍ ഹിന്ദുത്വബ്രാഹ്മണ്യത്തിന്‌ കഴിയുകയും ചെയ്യും.


കേരളത്തില്‍ പ്രാചീനമധ്യകാലത്ത്‌ രചിക്കപ്പെട്ട തന്ത്രഗ്രന്ഥങ്ങളിലൊന്നും തന്നെ രാമപൂജകളെ സംബന്ധിച്ച്‌ യാതൊരുവിധ പരാമര്‍ശങ്ങളുമില്ല എന്നത്‌ സൂചിപ്പിക്കുന്നത്‌ അതുപിന്നീട്‌ ഉണ്ടായി വന്ന പ്രതിഭാസമാണെന്നാണ്‌. കേരളത്തില്‍ നിന്ന്‌ ലഭ്യമായ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ശിലാശാസനങ്ങളിലോ ക്ഷേത്രഗ്രന്ഥവരികളിലോ രാമായണപാരായണം ഒഴിച്ചുകൂടാനാവാത്ത അനുഷ്ഠാനവ്യവസ്ഥയായി നിലനിന്നിരുന്നുവെന്നതിന്റെ തെളിവുരൂപങ്ങളൊന്നും ലഭിച്ചിട്ടില്ല. “മാഭാരതപട്ടത്താന” ങ്ങളെ സംബന്ധിച്ചും മറ്റും ചില സൂചനകളുണ്ടെങ്കിലും രാമായണത്തെ സംബന്ധിച്ച സൂചനകളൊന്നും തന്നെ ലഭ്യമല്ല. രാമായണപാരായണം നൂറ്റാണ്ടുകളായി കേരളീയ ഗൃഹങ്ങളില്‍ നിലനില്‍ക്കുന്നുവെന്ന്‌ കരുതപ്പെടുന്നുണ്ടെങ്കിലും കേരളത്തിലെ വ്യത്യസ്ത ജാതിവിഭാഗങ്ങള്‍ ഇത്‌ പാരായണം ചെയ്തിരുന്നു എന്ന്‌ അസന്ദിഗ്ദമായി തെളിയിക്കാന്‍ സാധ്യമല്ല.


കേരളത്തിലെ അബ്രാഹ്മണപാരമ്പര്യങ്ങളെ കുറിച്ചുള്ള അനുഷ്ഠാനസംബന്ധിയായ പഠനങ്ങള്‍ രാമകേന്ദ്രിത ഭക്തിയെ അബ്രാഹ്മണസമുദായങ്ങള്‍ വിപുലമായി സ്വീകരിച്ചിരുന്നില്ല എന്നു തന്നെയാണ്‌ തെളിയിക്കുന്നത്‌. കേരളത്തിലെ അബ്രാഹ്മണസമുദായങ്ങളുടെ കാവുകളിലും പതികളിലും കൊട്ടങ്ങളിലും ഒന്നും തന്നെ രാമന്‍ ആരാധനാപാത്രമായിരുന്നില്ല. രാമന്‌ അവിടെ സ്ഥാനമേ ഉണ്ടായിരുന്നില്ല. ഈ രാമഭക്തി കേരളീയ ജീവിതത്തില്‍ ഒരു പ്രത്യേക ഘട്ടത്തില്‍ നിര്‍മിക്കപ്പെട്ടതാണെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. എഴുത്തച്ഛനും കുലശേഖര ആഴ് വാരും മറ്റും രാമകഥാനുഗായികളാരുന്നുവെങ്കിലും കേരളത്തിലെ അടിത്തട്ടുജനതയുടെ ആരാധനാമൂര്‍ത്തിയായിരുന്നില്ല രാമന്‍.

കാളീഭക്തിയും തദ്ദേശീയമായ ആരാധനാഭക്തികളിലും ഭിന്നരൂപമാര്‍ജിച്ചിരുന്ന ഒരു ജനത രാമഭക്തിയിലേക്ക്‌ ആണ്ടുമുങ്ങാനാരംഭിക്കുന്നത്‌ 19ാം നൂറ്റാണ്ടിന്‌ ശേഷമാണ്‌.
അനുഷ്ഠാനങ്ങളിലൂടെയും പാരായണ യജ്ഞങ്ങളിലൂടെയും ജനമനസില്‍ വേരൂന്നിയ ഏകാത്മകപാഠം ബഹുപാഠപാരമ്പര്യങ്ങളെ അവതാരഭേദങ്ങളായാണ്‌ തിരിച്ചറിയുന്നത്‌. തങ്ങള്‍ ഭക്ത്യാത്മകമായും അനുഷ്ഠനാത്മകമായും ദൈനംദിനജീവിതപ്രക്രിയകളിലൂടെ അറിയുന്ന ഏകശിലാപാഠത്തിന്റെ അവതാരഭേദങ്ങളായാണ്‌ ബഹുപാഠരൂപങ്ങളെ ഭൂരിപക്ഷം അടയാളപ്പെടുത്തുന്നത്‌.

അതുകൊണ്ടുതന്നെ ബഹുപാഠങ്ങളെ സ്വാംശീകരിക്കുന്ന ബ്രാഹ്മണ്യത്തിന്റെ ബൃഹത്തായ സ്വാംശീകരണ പ്രക്രിയയെ എതിരിടാന്‍ ബഹുസ്വരപാഠങ്ങളുടെ അവതരണത്തോടൊപ്പം അവയെ വിമര്‍ശനാത്മകമായി തുറന്നിടുന്ന വിപുലമായ പഠനങ്ങളും വര്‍ത്തമാനകാലം ആവശ്യപ്പെടുന്നുണ്ട്. ബ്രാഹ്മണ്യത്തിന്റെ സ്വാംശീകരണപ്രക്രിയയെ തടഞ്ഞ്‌ മൈത്രിയിലും കരുണയിലും സാഹോദര്യ സമഭാവനയിലും നിലീനമായ ജനായത്തവ്യവസ്ഥയുടെ നിര്‍മാണത്തിന്‌ ഇതൊഴിച്ചുകൂടാനാവാത്ത ഒന്നാണ്‌.

Content Highlights: Today’s Article About Ramayana


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.