2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

റമദാൻ: തിരുത്തിൻ്റെ തുരുത്ത്

പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ


പാരിലെ മനുഷ്യരും വാനിലെ മാലഖമാരും പുണ്യമാസത്തെ തികഞ്ഞ മനസോടെയും മികച്ച മുന്നൊരുക്കത്തോടെയുമാണ് വരവേൽക്കുന്നത്, വീണ്ടുമൊരു വിശുദ്ധ റമദാൻ സമാഗതമായിരിക്കുന്നു. റമദാൻ പുണ്യങ്ങളുടെ പൂക്കാലമാണെന്ന് പറയുന്നതുപോലെ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും നന്മയുടെയും മാസം കൂടിയാണ്. പതിനൊന്ന് മാസക്കാലം ചെയ്തുപോയ തെറ്റുകൾക്കും അപരാധങ്ങൾക്കുമുള്ള തിരുത്തിന്റെ തുരുത്താണ് റമദാൻ സാക്ഷിയാവേണ്ടത്. ‘കാരുണ്യ’ത്താൽ അനുഗൃഹീതമായ ഒന്നാം പത്തും പാപമോചനത്താൽ മനോഹരമായ രണ്ടാം പത്തും നരകമോചനത്താൽ സാക്ഷാൽകൃതമായ മൂന്നാം പത്തും വിഭവസമൃദ്ധമായ ആത്മീയതയെയാണ് വിശ്വാസിക്ക് വിരുന്നൂട്ടുന്നത്.
അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നബി(സ) പറയുന്നു: ‘മനുഷ്യന്റെ എല്ലാ കർമങ്ങളും പത്തുമുതൽ എഴുന്നൂറ് ഇരട്ടിവരെ പ്രതിഫലം ലഭിക്കപ്പെടും. അല്ലാഹു പറയുന്നു, നോമ്പൊഴികെ, നോമ്പ് എനിക്കുള്ളതാണ്. അതിനു ഞാൻ പ്രതിഫലം നൽകും. കാരണം, അവൻ ഭക്ഷണവും വികാരവും എനിക്കുവേണ്ടി ഉപേക്ഷിക്കുന്നു’.

 

റമദാന്‍ എന്ന ആത്മാന്വേഷണത്തിന്റെ വിശുദ്ധവേള എവ്വിധമാണ് സഫലമാകുന്നതെന്ന ആശയത്തിലേക്ക് നമ്മുടെ ചിന്തകളെ ആനയിക്കുന്നതാണ് ഈ തിരുവചനം.
അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളേ, നിങ്ങളുടെമേല്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടതുപോലെ. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കാന്‍ വേണ്ടി’ (സൂറത്തുല്‍ ബഖറ).
നോമ്പിന്റെ അനന്തരഫലം തഖ്‌വയാണെന്നു പറയുന്നത് ദേഹേച്ഛയെ അത് ഇല്ലായ്മ ചെയ്യും എന്നതുകൊണ്ടാണ്. അതുപോലെ ഭൗതിക ജീവിതത്തിലെയും അധികാരത്തിന്റെയും ആനന്ദത്തെ അത് കുറച്ചുകളയുന്നു. എങ്ങനെയെന്നാല്‍, ഗുഹ്യസ്ഥാനത്തിന്റെയും വയറിന്റെയും വികാരത്തെ നോമ്പ് ഇല്ലാതാക്കുന്നു. മനുഷ്യന്റെ അദ്ധ്വാനമാണെങ്കിലോ ഈ രണ്ടു കാര്യങ്ങള്‍ക്കു വേണ്ടിയാണുതാനും(തഫ്‌സീറു റാസി).

നോമ്പുകാലംകൊണ്ട് വ്യക്തിപരമായി വിശ്വാസി മാത്രമല്ല, സമൂഹംതന്നെ മാറുന്നു. മനസ്സില്‍ വ്യക്തിക്ക് വരുന്ന മാറ്റം നാടിനും പള്ളിക്കും മദ്‌റസക്കും ഉണ്ടാവുന്നുണ്ട്. മാത്രവുമല്ല, വിശ്വാസി സമൂഹമല്ലാത്തവര്‍ക്കും ഉണ്ടാവുന്നുണ്ട്. നിര്‍വചനീയമല്ലാത്ത ഒരു മാറ്റം. അതുതന്നെയാണ് റമദാന്റെ പരിശുദ്ധിയും.

പരിശുദ്ധ റമദാന്‍ വിശുദ്ധ ഖുര്‍ആന്റെ മാസമാണ്. അങ്ങനെയാണ് ഈ മാസത്തെ അല്ലാഹുതന്നെ ഖുര്‍ആനിലൂടെ പരിചയപ്പെടുത്തുന്നതും. റമദാനിലെ വിശുദ്ധ രാത്രിയായ ലൈലത്തുല്‍ ഖദ്‌റിലാണ് ഖുര്‍ആന്‍ അവതരിക്കുന്നത്. ഖുര്‍ആനിലെ 97ാം അധ്യായം ഇക്കാര്യം പറയുന്നു. 96ാം അധ്യായമായ സൂറത്തുല്‍ അലഖിലെ ആദ്യത്തെ അഞ്ചു സൂക്തങ്ങളാണ് ആദ്യമായി അവതരിച്ചത്. അപ്പോള്‍ നബി തിരുമേനി(സ) ജബലുന്നൂര്‍ പര്‍വതത്തിലെ ഹിറാഗുഹയിലായിരുന്നു. അന്നുതന്നെയായിരുന്നു അവരെ അന്ത്യപ്രവാചകനാക്കിയതും. അതിനാല്‍തന്നെ റമദാന്റെ പകലുകളും രാത്രികളും ഖുര്‍ആന്‍ പാരായണം കൊണ്ട് നാം ധന്യമാക്കേണ്ടതുണ്ട്.

നോമ്പനുഷ്ഠിക്കുന്നതുപോലെ പ്രതിഫലാര്‍ഹമാണ് നോമ്പു തുറപ്പിക്കുന്നതും. അതിലൂടെ കൂടുതല്‍ പ്രതിഫലത്തിന് അര്‍ഹനാവുകയാണ് ഓരോ വിശ്വാസിയും. നോമ്പിന്റെ സുന്നത്തുകളില്‍പെട്ട കര്‍മമാണ് നോമ്പ് തുറപ്പിക്കുക എന്നത്. പ്രവാചകന്‍(സ) പറഞ്ഞു: ‘റമദാനില്‍ നോമ്പുകാരനായ ഒരാളെ നോമ്പ് തുറപ്പിക്കുന്നതിലൂടെ പാപമോചനവും നരകമോചനവും സാധ്യമാകും. മാത്രവുമല്ല, നോമ്പ് തുറന്നവന് ലഭിക്കുന്ന അതേ പ്രതിഫലവും നല്‍കപ്പെടുന്നതാണ്. ഇതു കേട്ടപ്പോള്‍ സ്വഹാബികളിലെ ഒരു വിഭാഗം അസ്വസ്ഥരായി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്വഹാബികള്‍ പ്രവാചകരോട് ചോദിച്ചു, ‘മറ്റൊരാളെ നോമ്പ് തുറപ്പിക്കാന്‍ ആവശ്യമായത് കൈയിലില്ലാത്തവര്‍ക്ക് അതു ലഭിക്കില്ലേ പ്രവാചകരേ?’പ്രവാചകന്‍(സ) പറഞ്ഞു ‘അല്‍പം വെള്ളമോ പാലോ ഒരു ഈത്തപ്പഴമോ നോമ്പുകാരന് നല്‍കി നോമ്പ് തുറപ്പിക്കുന്നവര്‍ക്കുള്ള പ്രതിഫമലമാണിത്’.

നാമ്പു തുറപ്പിക്കുന്നിടത്ത് ധാരാളം നല്‍കണമെന്നില്ല, പകരം സാമ്പത്തികസ്ഥിതിയും മറ്റും പരിഗണിച്ച് ചെറിയ രീതിയില്‍ ചെയ്യുമ്പോഴും അല്ലാഹു പരിഗണിക്കുന്നത് അവരുടെ ആത്മാര്‍ഥത മാത്രമാണ്, അല്ലാതെ അതിന്റെ തോതോ അളവോ നോക്കിയല്ല എന്നതാണ് ഇതിന്റെ അടിസ്ഥാനം. മറ്റൊരിടത്ത് പ്രാവാചകന്‍(സ) പറഞ്ഞു: ‘നോമ്പ് തുറപ്പിക്കുന്നവന് ആ നോമ്പുകാരന്റെ അതേ പുണ്യം നേടാനാകും. എന്നാല്‍, അയാളുടെ പ്രതിഫലത്തില്‍ നിന്ന് യാതൊന്നും കുറയുകയുമില്ല'(തിര്‍മിദി). ഒരാളെ നോമ്പുതുറപ്പിക്കുമ്പോള്‍ അയാളുടെ പ്രതിഫലം ലഭിക്കുമെങ്കില്‍ ഒരുപാട് പേര്‍ക്കുള്ള നോമ്പ് തുറക്കുള്ള സൗകര്യമൊരുക്കുകയോ അതിനുള്ള ഭക്ഷണം കൊടുക്കുകയോ ചെയ്യുമ്പോള്‍ അതില്‍ പങ്കുകൊള്ളുന്ന അത്രയും ആളുകളുടെ നോമ്പിന്റെ പ്രതിഫലമാണ് ലഭ്യമാകുന്നത്.

നോമ്പുതുറ സദ്യ എന്ന പേരില്‍ കുന്നോളം ഭക്ഷണമുണ്ടാക്കി കുഴിച്ചുമൂടുന്ന അവസ്ഥ സങ്കടകരമാണ്. മിതത്വവും കരുതലും റമദാനിലെ സന്ദേശമാകണം. വിശ്വാസികള്‍ ആഹാരശീലത്തില്‍ പാലിക്കുന്ന മിതത്വം സഹജീവികള്‍ക്കു വേണ്ടിയുള്ള കരുതല്‍ കൂടിയാണ്. ആഹാരത്തിന്റെ അളവ് കുറയ്ക്കാന്‍ സൂക്ഷ്മശാലികളായ പണ്ഡിതന്‍മാര്‍ മാതൃകാപൂര്‍വം പറഞ്ഞുതന്നിട്ടുണ്ട്. നേരം പുലരുവോളം അമിതാഹാരം കഴിച്ച് പകല്‍ നിരാഹാരം കിടന്നാല്‍ പടച്ചവന്‍ പറഞ്ഞ നോമ്പാവുമോ? പരിശോധന അനിവാര്യമാണ്.

പിശാചിന്റെ വെട്ടും കുത്തും തട്ടിമാറ്റാന്‍ നോമ്പെന്ന പരിചകൊണ്ട് സാധ്യമാവണം. വിശുദ്ധ റമദാന്റെ പുണ്യം ഉള്‍ക്കൊണ്ട്, നിയമങ്ങളെല്ലാം പാലിച്ച് സാധ്യമാവുംവിധം അന്യൂനമാക്കി നോമ്പ് നോല്‍ക്കുന്നവര്‍ക്ക് തീര്‍ച്ചയായും തിന്മകളില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.