2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പ്രതീക്ഷ നൽകുന്ന പ്രതിപക്ഷ ഐക്യം

പ്രൊ.റോണി.കെ.ബേബി

അ ടുത്തവർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുമുന്നണി രൂപീകരിക്കാനുള്ള പ്രതിപക്ഷ നേതാക്കളുടെ ശ്രമങ്ങളുടെ പുതിയ അധ്യയമാണ് കഴിഞ്ഞദിവസം പട്നയിൽ കണ്ടത്. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെ പൊതുപ്ലാറ്റ്‌ഫോമിൽ ഒരുമിച്ചു കൊണ്ടുവരാൻ ബീഹാർ മുഖ്യമന്ത്രിയായ നിതീഷ് കുമാർ ഏതാനും മാസങ്ങളായി നടത്തിയ കഠിനാധ്വാനത്തിന്റെ ഫലപ്രാപ്തി കൂടിയായിരുന്നു പട്ന സമ്മേളനം.

അവസാന നിമിഷം ആം ആദ്മി പാർട്ടി വാർത്താ സമ്മേളനം ബഹിഷ്കരിച്ചെങ്കിലും ബി.ജെ.പിക്കെതിരേ ദേശീയതലത്തിൽ പൊതുമുന്നണി രൂപീകരിക്കുന്നതിന് രാജ്യത്തെ 15 മുഖ്യ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി നീക്കം ആരംഭിച്ചുവെന്നത് ശുഭ സൂചന തന്നെയാണ്.


പട്നയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തിൽ കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ഡൽഹി മുഖ്യമന്ത്രിയും എ.എ.പി കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെ, ജമ്മു കശ്മിർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുല്ല, മെഹബൂബ മുഫ്തി തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കളാണ് പങ്കെടുത്തത്.

പ്രതിപക്ഷ ഐക്യ രൂപീകരണത്തിന്റെ പശ്ചാത്തലത്തിൽ ഏറെക്കുറെ ശിഥിലമായിരുന്ന എൻ.ഡി.എ മുന്നണി വീണ്ടും തട്ടിക്കൂട്ടി എടുക്കുന്നതിനുള്ള ശ്രമങ്ങൾ ബി.ജെ.പി ക്യാംപ് ഊർജിതമാക്കിയിട്ടുണ്ട്.
പ്രതിപക്ഷ നേതാക്കൾക്കെതിരേ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തെന്നാരോപിച്ച് 14 പ്രതിപക്ഷ കക്ഷികൾ കേന്ദ്രസർക്കാരിനെ സുപ്രിംകോടതിയിൽ ചോദ്യം ചെയ്തിരുന്നു.

അതുപോലെ, രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്‌ക്കെതിരേ 19 രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ച് ഡൽഹിയിൽ പ്രതിഷേധിച്ചിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടിലെ അദാനി ഗ്രൂപ്പിന്റെ ക്രമക്കേടുകളും മോദി-അദാനി ബന്ധവും ചോദ്യം ചെയ്ത് സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ സംയുക്ത നീക്കം നടത്തിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ അധ്യക്ഷതയിൽ 20 പ്രതിപക്ഷകക്ഷികളുടെ പ്രതിനിധികൾ തുടർന്ന് യോഗം ചേർന്നു.

ഒടുവിലായി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം 20 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി ബഹിഷ്കരിച്ചു. കൂടാതെ ഡല്‍ഹി സര്‍ക്കാരിന് വിവിധ വകുപ്പുകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം കൈമാറിക്കൊണ്ടുള്ള സുപ്രിംകോടതിയുടെ വിധി അസാധുവാക്കാന്‍ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കിയതും ബീഹാറിൽ മഹാഗത്ബന്ധന്‍ സര്‍ക്കാര്‍ ആരംഭിച്ച ജാതി സര്‍വേ പട്ന ഹൈക്കോടതി സ്റ്റേ ചെയ്തതും പ്രതിപക്ഷ പാർട്ടികൾക്കിടയിൽ പൊതുഅന്തർധാര രൂപപ്പെടുന്നതിന് കാരണമായി.


ഇതിനെല്ലാം ഉപരിയായി മറ്റൊന്ന് ഭാരതീയ ജനതാ പാർട്ടിയും പ്രതിപക്ഷവും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിന് മാത്രമേ സർവാധിപത്യ ജനാധിപത്യവിരുദ്ധ പ്രവണതകളുമായി മുന്നോട്ടുപോകുന്ന നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കാനുള്ള രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാൻ കഴിയൂവെന്ന പ്രതിപക്ഷ നേതാക്കളുടെ ഉത്തമ ബോധ്യവും നിശ്ചയദാർഢ്യവുമാണ് അസംഭവ്യമെന്ന് കരുതിയിരുന്ന പ്രതിപക്ഷ ഐക്യത്തിന് വഴിതുറന്നത്.


കടിഞ്ഞാൺ കൈയിലെടുത്ത് കോൺഗ്രസ്

ബി.ജെ.പിയുമായി നേരിട്ട് മത്സരിക്കുമ്പോൾ പരാജയപ്പെടുന്നുവെന്ന ആരോപണത്തിന്റെ മുനയൊടിക്കാൻ കർണാടക തെരഞ്ഞെടുപ്പോടെ സാധിച്ചുവെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് പട്ന സമ്മേളനത്തിൽ എത്തിയത്. കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് പല പ്രതിപക്ഷ പാർട്ടികളും പ്രചരിപ്പിച്ചിരുന്നത് ബി.ജെ.പിയെ രാഷ്ട്രീയമായി നേരിടാനുള്ള ശക്തി കോൺഗ്രസിനില്ല എന്നതായിരുന്നു. ബി.ജെ.പി വിരുദ്ധ പോരാട്ടത്തിൽ കോൺഗ്രസിന്റെ നേതൃത്വം അംഗീകരിക്കാതെ മാറിനിന്ന പല പ്രതിപക്ഷ പാർട്ടികളും അവരുടെ നിലപാടുകൾ മാറ്റിയിട്ടുണ്ടെന്ന് വ്യക്തമായ സൂചനകൾ പട്ന സമ്മേളനത്തിൽ ദൃശ്യമായിരുന്നു.


പതിവുകൾക്ക് വിപരീതമായി രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്ക് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നേരിട്ട് എത്തിയതും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വിമർശനങ്ങളെ മറ്റ് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് കോൺഗ്രസിന് അനുകൂലമായി എതിർത്തതും മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ കൃത്യമായ സൂചനകളാണ്.


ഭയപ്പെടുന്ന ബി.ജെ.പി
ദേശീയതലത്തിൽ രൂപപ്പെടുന്ന പ്രതിപക്ഷ ഐക്യത്തിൽ ബി.ജെ.പിക്ക് ഭയപ്പെടാൻ ഏറെയുണ്ട്. മുൻപ് പ്രതിപക്ഷ കക്ഷികളെല്ലാം ഒരുമിച്ചുനിന്നപ്പോൾ ഭരണകക്ഷി അധികാരത്തിൽനിന്നും പുറത്തായ ചരിത്രമാണുള്ളത്. 1977ലും 1989ലും 2004ലും പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചപ്പോൾ ഭരണത്തിലിരുന്ന പാർട്ടികൾ അധികാരത്തിൽ നിന്ന് പുറത്തായി. 2024 ലെ പൊതു തെരഞ്ഞെടുപ്പിൽ ഈ ചരിത്രം ആവർത്തിക്കപ്പെടാൻ പ്രതിപക്ഷ ഐക്യത്തിന് കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് നേതാക്കൾ.


പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നതിൽ ബി.ജെ.പിക്ക് ഭയപ്പെടാനുണ്ടെന്ന് പറയുന്നതിൽ പ്രധാന കാര്യം 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കുകളാണ്. ഇന്നും ഇന്ത്യയിലെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ശക്തമായ സാന്നിധ്യം കോൺഗ്രസിനുണ്ട്. 2019 ലെ വോട്ടിങ് നില പരിശോധിച്ചാൽ 26 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 20 ശതമാനത്തിന് മുകളിൽ വോട്ടുകൾ കോൺഗ്രസിനുണ്ട്. നാല് സംസ്ഥാനങ്ങളിൽ 10 മുതൽ 20 ശതമാനം വരെ വോട്ടുകളും മറ്റ് മൂന്ന് സംസ്ഥാനങ്ങളിൽ അഞ്ചു മുതൽ 10 വരെ വോട്ടു ശതമാനവും കോൺഗ്രസിനുണ്ട്.

ലോക്സഭയിൽ ബി.ജെ.പിക്ക് കോൺഗ്രസിനും പിന്നിലായി മൂന്നു മുതൽ 10 വരെ സ്ഥാനങ്ങളിൽ എത്തിയ പ്രാദേശിക പാർട്ടികൾ ആകെ 2019 ൽ നേടിയ സീറ്റുകൾ 123 എണ്ണമാണ്. കഴിഞ്ഞ ലോക്സഭയിൽ ബി.ജെ.പി 37 ശതമാനവും കോൺഗ്രസ് 19 ശതമാനവും പോപ്പുലർ വോട്ടുകൾ നേടിയപ്പോൾ പ്രാദേശിക പാർട്ടികൾക്ക് എല്ലാം കൂടി 44 ശതമാനം വോട്ടുകൾ ഉണ്ട്.


ദേശീയ തലത്തിൽ പ്രാദേശിക പാർട്ടികൾ ഇന്നും കരുത്തുകാണിക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്. 1999ലും 2014 ലും ബി.ജെ.പിയെയും 2004ൽ കോൺഗ്രസിനേയും അധികാരത്തിൽ എത്തിക്കുന്നതിൽ പ്രാദേശിക പാർട്ടികൾ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. 2024 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെയും പ്രതിപക്ഷ പ്രാദേശിക പാർട്ടികളുടെയും വോട്ടുകൾ കൃത്യമായി പരസ്പരം കൈമാറ്റം ചെയ്യപ്പെട്ടാൽ ബി.ജെ.പി കടുത്ത പ്രതിരോധത്തിലാകുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.


ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ ഉൾപ്പെടുന്ന 142 സീറ്റുകളും ആന്ധ്ര, ഒഡിഷ, തെലങ്കാന സംസ്ഥാനങ്ങളിലെ 63 സീറ്റുകളും ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ 134 സീറ്റുകളും പ്രതിപക്ഷ ഐക്യനിര രൂപപ്പെട്ടാൽ ശക്തമായ പോരാട്ടത്തിന് സാക്ഷ്യം വഹിക്കും. ലോക്സഭയിൽ 339 സീറ്റുകളാണ് ഈ സംസ്ഥാനങ്ങൾ പ്രതിനിധീകരിക്കുന്നത്. പ്രതിപക്ഷ വോട്ടുകൾ ചിതറിയതുകൊണ്ട് ഈ സീറ്റുകളിൽ ബഹുഭൂരിപക്ഷവും 2019ൽ നേടിയത് ബി.ജെ.പിയാണ്. ഇവിടെയാണ് സംയുക്ത പ്രതിപക്ഷത്തിന്റെ നീക്കങ്ങൾ പ്രസക്തമാകുന്നത്.


പൊതുതെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് വലിയ സംസ്ഥാനങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ ഇതിനകം ഒന്നിച്ചുകഴിഞ്ഞു. ബീഹാറിൽ രാഷ്ട്രീയ ജനതാദൾ, ജെ.ഡി.യു, കോൺഗ്രസ്, ഇടതു പാർട്ടികൾ, മറ്റ് ചെറുപാർട്ടികൾ എന്നിവ ഉൾപ്പെടുന്ന മഹാഗത്ബന്ധൻ ശക്തമായ മുന്നണിയാണ്. അതുപോലെ, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും കോൺഗ്രസും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും ചേർന്ന് മഹാവികാസ് അഘാഡി മഹാരാഷ്ട്രയിൽ രൂപീകരിച്ചതും നിസ്സാരകാര്യമല്ല

കേരളം, ജാർഖണ്ഡ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ ശക്തമായ നിലയിലാണ്. കോൺഗ്രസ്, നാഷണൽ കോൺഫറൻസ്, പി.ഡി.പി പാർട്ടികൾ ചേർന്ന് കശ്മിരിൽ രൂപീകരിച്ച ഗുപ്തർ സഖ്യവും ബി.ജെ.പിയുടെ ഉറക്കം കെടുത്തുന്നുണ്ട്.

Content Highlights:Today’s Article About Opposition parties in india

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.