2023 September 28 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മാവേലി: പ്രതീകവും പ്രതിരോധവും

ഡോ.ടി.എസ്.ശ്വാം കുമാർ

വാമനാദർശം വെടിഞ്ഞിടേണം / മാബലി വാഴ്ച വരുത്തിടേണം’ -സഹോദരൻ അയ്യപ്പൻ
ഓണം വാമനജയന്തിയാണെന്ന വിധത്തിൽ ഹിന്ദുത്വശക്തികൾ വലിയ പ്രചാരണം നടത്തുന്നുണ്ട്. മലയാളികൾ ‘ഒന്നടങ്കം’ കൊണ്ടാടുന്ന ഓണത്തെ ബ്രാഹ്മണകേന്ദ്രിതമായ ക്ഷേത്രോത്സവമായി മാറ്റിത്തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഓണത്തെ വാമനജയന്തിയായി അവതരിപ്പിക്കാനുള്ള യത്നം. കേരളത്തിലെ ബ്രാഹ്മണ്യവ്യവസ്ഥയും അതിന്റെ പാരമ്പര്യവും ഓണത്തെ വാമനജയന്തിയായി അനുഷ്ഠിക്കുന്നുണ്ടെങ്കിലും കീഴാള-പിന്നോക്ക ജനവിഭാഗങ്ങൾ അതിനെ മാവേലിയുടെ തിരിച്ചുവരവായും സമത്വപൂർണ ഒരു ലോകക്രമത്തിന്റെ സുവർണ സ്മരണകളായും ആണ് ഓർമകളിലും ജീവിതത്തിലും നിലനിർത്തിപ്പോന്നത്.

കൂടാതെ, കേരളത്തിലെ വ്യത്യസ്ത ജാതി വിഭാഗങ്ങൾക്കിടയിൽ ഓണ അനുഷ്ഠാനങ്ങളിൽ ചില സാമ്യതകൾ ദർശിക്കാം; എങ്കിലും ഭിന്നരൂപങ്ങളിലുള്ള അനുഷ്ഠാനങ്ങളും ഐതിഹ്യങ്ങളും കീഴ്‌വഴക്കങ്ങളും നിലനിന്നുപോന്നിരുന്നു. എന്നാൽ ജാതിജീവിതങ്ങളുടെ വ്യത്യസ്തതകളാൽ ഭിന്നരൂപമാർജിച്ചിരുന്ന ഓണത്തെ ക്ഷേത്രകേന്ദ്രിതമായ വാമനോത്സവമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾക്കിപ്പോൾ ആക്കം കൂടുകയാണ്.


കേരളത്തിലെ പ്രസിദ്ധമായ തൃക്കാക്കര വാമനമൂർത്തി ക്ഷേത്രവുമായി ഓണാഘോഷത്തെ കേന്ദ്രീകരിച്ച് അവതരിപ്പിക്കാനുള്ള വർധിതമായ ശ്രമമാണിന്ന് നടന്നുവരുന്നത്. വാൽമീകിരാമായണത്തിലെ ബാലകാണ്ഡത്തിലും മഹാഭാരതത്തിലും ഭാഗവതപുരാണത്തിലും വാമനപുരാണത്തിലും മറ്റും വിവരിക്കുന്ന വാമനാവതാരത്തെ തൃക്കാക്കര ക്ഷേത്രവുമായി ബന്ധപ്പെടുത്തി ഓണത്തെ വാമനജയന്തിയായി സ്ഥാപിക്കാനാണ് ബ്രാഹ്മണ്യശക്തികൾ ശ്രമിക്കുന്നത്.

എന്നാൽ തൃക്കാക്കര ക്ഷേത്ര ശ്രീകോവിലിലുള്ള പ്രതിഷ്ഠയാകട്ടെ വാമനമൂർത്തിയല്ല എന്നുള്ളതാണ് ചരിത്രവസ്തുത. ചതുർബാഹുവായ വിഷ്ണുവാണ് തൃക്കാക്കരയിലെ പ്രതിഷ്ഠയെന്ന് ഗർഭഗൃഹത്തിലെ പ്രതിഷ്ഠ ദർശിച്ചാൽ മനസിലാകും. ചതുർബാഹുവായ വിഷ്ണുവിൽ വാമനമൂർത്തിയെ അത്യാരോപിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് വിഗ്രഹലക്ഷണം തന്നെ പരിശോധിച്ചാൽ തിരിച്ചറിയാനാകും. ബ്രാഹ്മണരുടെ ക്ഷേത്രത്തിൽ പ്രവേശിക്കാതിരുന്ന അയിത്ത ജനവിഭാഗങ്ങളുടെ ചരിത്രത്തെ റദ്ദുചെയ്യുന്ന ഒന്നുകൂടിയാണ് തൃക്കാക്കര കേന്ദ്രീകരിച്ചുള്ള ഓണമിത്തിന്റെ പുനഃസൃഷ്ടി.

ഇങ്ങനെ ക്ഷേത്ര കേന്ദ്രിതമായി ബ്രാഹ്മണേതര ജനവിഭാഗങ്ങൾ ഓണം ആഘോഷിച്ചിരുന്നില്ല എന്നതാണ് ചരിത്ര യാഥാർഥ്യം. ഇത്തരമൊരു ചരിത്രത്തെ മറച്ചുപിടിച്ചുകൊണ്ടാണ് ഓണത്തെ സർവർക്കും ‘സ്വീകാര്യമായ’ കഥാതന്തുകളുടെ അകമ്പടിയോടെ ക്ഷേത്ര കേന്ദ്രിതമായി സ്ഥാപിക്കുന്നത്.ഒരു ഉണ്ണിനമ്പൂതിരിയായി കേരളത്തിലെ മിത്തുകളിൽ അത്യധിനിവേശം നടത്തുന്ന വാമനൻ ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട ബ്രാഹ്മണ്യത്തിന്റെ സാംസ്കാരിക അധിനിവേശത്തെ ബലപ്പെടുത്തുന്ന ഒന്നുകൂടിയാണ്.


ഓണമെന്നത് വാമനജയന്തിയാണെന്ന് വടക്കുംകൂർ രാജരാജവർമ്മയുടെ പ്രസ്താവന ശ്രദ്ധേയമാകുന്ന സന്ദർഭമാണിത്. കേരളീയ സംസ്കൃത സാഹിത്യ ചരിത്രത്തിൽ, ‘ഓണത്തെ വൃദ്ധ പണ്ഡിതന്മാർ വാമനജയന്തിയായിട്ടാണ് കണക്കാക്കുന്നതെന്ന്’ വടക്കുംകൂർ പ്രസ്താവിക്കുന്നു. ഇങ്ങനെ ഓണത്തെ വാമനജയന്തിയായി അവതരിപ്പിക്കുന്നതിലൂടെ ബ്രാഹ്മണ്യത്തെ പ്രഥമസ്ഥാനത്ത് സ്ഥാപിക്കുകയാണ് വടക്കുംകൂർ. ‘ഏതായാലും ഭൂമിയെ സംബന്ധിച്ച് നമ്പൂതിരിമാർക്ക് കൈവന്നിരിക്കുന്ന ഉടമസ്ഥാവകാശം അനാദികാലം മുതൽക്ക് നിലനിന്നുവരുന്നതും എല്ലാവരും സമ്മതിച്ചിരിക്കുന്നതും അവരുടെ ഐഹികങ്ങളും ആത്മീയങ്ങളുമായ സർവശ്രേയസുകൾക്കും അടിസ്ഥാനമായി ഭവിച്ചിരിക്കുന്നതുമാണെന്നുള്ളതിന് സംശയമില്ല’ എന്നും വടക്കുംകൂർ പ്രഖ്യാപിക്കുന്നു.

‘ആഭിജാത്യം, വൈദികവൃത്തി, തപസ്, ആത്മീയകാര്യ നേതൃത്വം, ഭൂമിയുടെ ഉടമസ്ഥത മുതലായ ഗുണങ്ങൾകൊണ്ട് മലയാളികളുടെ ഇടയിൽ പ്രഥമസ്ഥാനത്തു നിൽക്കുന്നത് കേരള ബ്രാഹ്മണരാകുന്നു’ എന്നു പ്രസ്താവിക്കുന്ന വടക്കുംകൂർ ഓണത്തെ കേവലം വാമനജയന്തിയായി അവതരിപ്പിച്ചതിൽ അത്ഭുതപ്പെടാനില്ല. കാണിപ്പയ്യൂർ തന്റെ ആത്മകഥയിൽ ഓണത്തെ വാമനജയന്തി ആയിട്ടാണ് അവതരിപ്പിക്കുന്നതെന്ന കാര്യവും ഇതിനോട് ചേർത്തുവായിക്കേണ്ടതുണ്ട്. ബ്രാഹ്മണ്യത്തിന്റെ മേൽക്കോയ്മ ക്രമങ്ങളെയും അധീശയുക്തികളെയും വാമനാദർശത്തിലൂടെ സ്ഥാപിക്കാനാണ് അതിന്റെ വക്താക്കൾ നിരന്തരം യത്നിക്കുന്നത്.


മഹാബലിയിൽനിന്ന് മൂന്നടി ഭൂമി വരമായി വാങ്ങി ത്രിലോകങ്ങളും ഭൂമിയും രണ്ടടിയാൽ അളന്ന് മാവേലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ വാമന പുരാണകഥ ബ്രാഹ്മണ്യത്തിന്റെ സാംസ്കാരിക വ്യാപനത്തിന്റെയും അധീശത്വത്തിന്റെയും ചരിത്രമാണ് അനാവരണം ചെയ്യുന്നത്. വടക്കുംകൂറിന്റെയും കാണിപ്പയ്യൂരിന്റെയും പ്രസ്താവനകൾ ഇതിന്റെ തെളിവാണ്. ബ്രാഹ്മണരും ബ്രാഹ്മണ ദാസരായ ജാതി വിഭാഗങ്ങളും ഓണത്തെ മാവേലിയുടെ സമത്വസുന്ദര ലോകത്തിന്റെ സുവർണ സ്മരണയായി കൊണ്ടാടിയിരുന്നില്ല എന്നുതന്നെയാണ് ഈ പ്രസ്താവനകൾ സാക്ഷ്യപ്പെടുത്തുന്നത്. അയിത്തവും തൊട്ടുകൂടായ്മയും നിലനിർത്തുന്ന ബ്രാഹ്മണ്യത്തിന്റെ സർവാധീശത്വം സ്ഥാപിക്കുന്ന വാമനനെന്ന ഉണ്ണി നമ്പൂതിരിയുടെ ജയന്തിയായാണ് ബ്രാഹ്മണ്യ വ്യവഹാരം ഓണത്തെ നോക്കിക്കണ്ടത്. ഇത്തരം ബ്രാഹ്മണ്യ വ്യവഹാരങ്ങളെയാണ് മാവേലിയുടെ തിരിച്ചുവരവായി ഓണം ആഘോഷിച്ചു കൊണ്ട് ബഹുജനങ്ങൾ പ്രതിരോധിച്ചത്.

മഹാത്മ ഫൂലെ ബലിരാജ്യത്തെ വിമോചനാത്മകമായ ഭരണക്രമമായി അവതരിപ്പിക്കുന്നതും ഈ ബ്രാഹ്മണ്യ വ്യവഹാരങ്ങൾക്കെതിരായ പ്രതിരോധത്തിൽ നിലയുറപ്പിച്ചുകൊണ്ടാണ്. കീഴാള പിന്നോക്ക ജനവിഭാഗങ്ങൾ മഹാബലിയുടെ സുവർണസ്മരണകളിൽ ഓണം ആഘോഷിച്ചപ്പോൾ ബ്രാഹ്മണ്യ വ്യവഹാരങ്ങൾ വാമനജയന്തിയായി അത് ആഘോഷിച്ചു. ബ്രാഹ്മണരിലും ബ്രാഹ്മണ ദാസർക്കിടയിലും മാത്രം നിലനിന്ന വാമനാഘോഷത്തെ ബഹുജനങ്ങൾക്കിടയിലും പ്രചരിപ്പിച്ചുകൊണ്ട് ബ്രാഹ്മണ്യസംസ്കാരത്തെ സർവാധീശയുക്തിയായി സ്ഥാപിക്കാനാണ് ജാതിബ്രാഹ്മണ്യവാദികൾ ഇപ്പോൾ യത്നിക്കുന്നത്.


മഹാബലിയെ പൂണൂൽ ധരിച്ച ഒരു കുടവയറനായി ചിത്രീകരിക്കുന്നതും ഈ ബ്രാഹ്മണ്യവൽക്കരണത്തിന്റെ ഭാഗമായാണ്. ചരിത്രപണ്ഡിതയായ വിജയനാഥ് വിശദീകരിക്കുന്ന ബ്രാഹ്മണ്യത്തിന്റെ അക്കൾച്ചറേഷൻ പ്രോസസാണ് ഇതിന്റെ പിന്നിലും പ്രവർത്തിക്കുന്നത്. ശൂദ്ര ഗൃഹങ്ങൾ തോറും സംബന്ധവുമായി നടന്ന അധ്വാനവിഹീനരും പരാന്നഭോജികളുമായ ബ്രാഹ്മണ്യ വ്യവഹാരങ്ങൾക്കകത്ത് മഹാബലിയെ കൂടി സ്വാംശീകരിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തെ പൂണൂൽ ധരിപ്പിച്ച് കുടവയറനാക്കുന്നത്. വരാഹമിഹിരന്റെ ബൃഹത്സംഹിതയിൽ ബലിപ്രതിഷ്ഠകളുടെ വിഗ്രഹലക്ഷണം വിവരിക്കുന്നുണ്ട്. അതിൽ ദൃഢഗാത്രനായ വ്യക്തിയായാണ് ബലി പ്രത്യക്ഷപ്പെടുന്നത്. ഇങ്ങനെയുള്ള ബലിയാണ് കേരളത്തിൽ ഒരു അപ്ഫൻ നമ്പൂതിരിയായി ചിത്രീകരിക്കപ്പെടുന്നത്.


ഓണസദ്യയുടെ കാര്യത്തിൽ പോലും ഇത്തരം വ്യതിരിക്തതകളുണ്ട്. ഓണം മലയാളികൾ ഒന്നടങ്കം ‘ഉണ്ടുതീർത്ത’ ഒന്നല്ലന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തമാവും. പപ്പടം വറുത്തു തിന്നതിന് കീഴാള ജാതിയിൽപ്പെട്ട ഒരാളെ ജാതി ബ്രാഹ്മണ്യം ശിക്ഷിച്ചതിനെപ്പറ്റി പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിൽ ഭാസ്കരനുണ്ണി വിവരിക്കുന്നുണ്ട്. പുത്തരിയുണ്ട് ജാതി ബ്രാഹ്മണ്യം സുഖാലസരായി കഴിഞ്ഞ കാലത്ത് കീഴാള ജനത അന്നന്നേക്കുള്ള നാഴിയരിക്കായി പാടത്തും പറമ്പിലും അമിതാധ്വാനം ചെയ്യുകയായിരുന്നു. സവർണ മർദക ജനവിഭാഗങ്ങൾ സദ്യയുണ്ട് മയങ്ങിയപ്പോൾ കീഴാളർ ‘കരിക്കാടി’ കുടിക്കുകയായിരുന്നു. ‘ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി’ എന്ന ചൊല്ലിന് പിന്നിൽ കീഴാളർ അനുഭവിച്ച സവർണ ബ്രാഹ്മണ്യ മർദനത്തിന്റെയും അമിതാധ്വാനത്തിന്റെയും ചൂഷണങ്ങളുടെയും കൊടിയ പീഡകളുടെ ചരിത്രമുറങ്ങുന്നുണ്ട്. പുതിയ വസ്ത്രം ധരിക്കുന്നതിൽ നിന്നുപോലും കീഴാള സമൂഹങ്ങളെ ജാതി ബ്രാഹ്മണ്യം തടഞ്ഞു. വസ്ത്രത്തിൽ ചെളി പുരട്ടിയോ തേച്ചുപിടിപ്പിച്ചോ മാത്രമേ കീഴോർജനത വസ്ത്രം ധരിക്കാൻ പാടുള്ളൂ എന്ന് ജാതി ബ്രാഹ്മണ്യം ശാഠ്യം പിടിച്ചിരുന്നു. ഓണം സർവ്വരും സമത്വസുന്ദരമായി ആഘോഷിച്ച ഒന്നായിരുന്നില്ല എന്നാണ് ദലിതനുഭവങ്ങളുടെ ചരിത്രം വ്യക്തമാക്കുന്നത്.


ഇന്ന് എല്ലാവർക്കും, പ്രത്യേകിച്ച് പിന്നോക്ക വിഭാഗങ്ങൾക്കും ഓണമുണ്ണാൻ കഴിയുന്നത് ഇന്ത്യയിൽ ബി.ആർ അംബേദ്കറുടെ നേതൃത്വത്തിൽ ഒരു ഭരണഘടന സൃഷ്ടിക്കപ്പെട്ടത് കൊണ്ടാണ്. സുദീർഘമായ ഒരു ചരിത്രപ്രക്രിയയിലൂടെയാണ് ദലിതരും പിന്നോക്ക ജാതി വിഭാഗങ്ങളും അധികാരാവകാശങ്ങളുടെ പുതിയ ജനായത്ത ലോകക്രമത്തിലേക്ക് കടന്നുവന്നത്. ഓണത്തെ ദലിതർക്കും കീഴോർ സമൂഹങ്ങൾക്കും പങ്കുചേരാവുന്ന വിധത്തിൽ പുതുക്കിപ്പണിതത് ആധുനികതയും പരിമിതികളുണ്ടെങ്കിലും ബ്രിട്ടിഷ് ഭരണവുമായിരുന്നു. നവോത്ഥാന ആധുനികതയും ബ്രിട്ടീഷ് ഭരണവും ചേർന്ന് നിർവഹിച്ച നവലോകക്രമമാണ് ദലിതർക്ക് പുതിയ ഓണം സംജാതമാക്കി തീർത്തത്.

ആധുനികതയും നവോത്ഥാനവും ഭരണഘടനാ ധാർമികതയും ചേർന്ന് ഭാവനപ്പെടുത്തുന്ന മതനിരപേക്ഷ പൊതുമണ്ഡലത്തിന്റെ സൃഷ്ടിക്കായി വാമന ദർശനം വെടിഞ്ഞേ മതിയാവൂ. അതിനായി ഓണത്തെ വാമനജയന്തിയായി അടയാളപ്പെടുത്തുന്ന ബ്രാഹ്മണ്യ ആഖ്യാനങ്ങളെ നിശിതമായി വിമർശിച്ചും സമ്പൂർണമായി തിരസ്കരിച്ചും കൊണ്ടു മാത്രമേ വിമോചനാത്മകമായ സമത്വസാഹോദര്യഭാവനകളെ ബലപ്പെടുത്തി ഉയർത്താൻ കഴിയൂ. വാമനജയന്തിയുടെ ഹിംസാത്മക സാംസ്കാരിക രാഷ്ട്രീയത്തെ നിരസിച്ചുകൊണ്ട് മാത്രമേ നാരായണഗുരു ഭാവന ചെയ്ത ‘സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി’ കേരള സമൂഹത്തെ അപനിർമിക്കാൻ സാധിക്കൂ.

Content Highlights:Today’s Article About Onam


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.