2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നേര്‍വഴിയിലേക്കുള്ള പാഠപുസ്തകം

സി.വി ശ്രീജിത്ത്

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ വിദ്യാഭ്യാസ നയം പിന്‍വലിക്കുമെന്നും മുന്‍ ബി.ജെ.പി സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ രാഷ്ട്രീയ-വിഭാഗീയ ലക്ഷ്യത്തോടെ വരുത്തിയ മാറ്റങ്ങള്‍ തിരുത്തുമെന്നുമുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാനൊരുങ്ങുകയാണ് കര്‍ണാടക. പാഠപുസ്തകങ്ങളിലെ കാവിവത്കരണത്തിനെതിരായ കടുത്ത നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നു പ്രഖ്യാപിച്ച സര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ നയത്തിന് പകരമായി സംസ്ഥാന വിദ്യാഭ്യാസ നയം രൂപപ്പെടുത്താനുള്ള പണിപ്പുരയിലാണ്. കാലാനുസൃത മാറ്റമുള്‍ക്കൊള്ളുന്ന ബോധനരീതിയും വിജ്ഞാനാര്‍ജിത വിവരശേഖരണ തന്ത്രങ്ങളും പ്രയോഗിച്ച് ഏറ്റവും ഫലപ്രദ ജ്ഞാനസമ്പാദനമാണ് തങ്ങളുടെ നയമെന്ന് ഇതിനകം കോണ്‍ഗ്രസ് സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ശാസ്ത്രീയ, സാമൂഹിക, സാമ്പ്രദായിക രീതികളിലൂടെ നവീന കാഴ്ചപ്പാടുകള്‍ സൃഷ്ടിച്ചെടുക്കുകയും വിവിധ തലങ്ങൾ ഉൾക്കൊള്ളുന്ന വിമര്‍ശനാത്മത പഠനസങ്കേതകങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുക വഴി പുതിയ ഉയരങ്ങളിലേക്ക് പഠനാര്‍ഥികളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ നയം രൂപപ്പെടുത്തുന്നത്.

ഒട്ടും വൈകാതെ, കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനുള്ള സമഗ്രമായ ബദല്‍ തങ്ങള്‍ പ്രകാശിപ്പിക്കുമെന്ന പ്രഖ്യാപനമാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ നല്‍കുന്നത്. വിദ്വേഷവും ഭിന്നിപ്പിക്കലും പ്രത്യയശാസ്ത്രമാക്കി, സമൂഹത്തെ വിവിധ തട്ടുകളിലാക്കി നിരന്തരം സംഘര്‍ഷത്തിന്റെ പാതയിലേക്ക് തള്ളിവിടാൻ അക്കാദമിക മേഖലയെ വിട്ടുകൊടുക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗം. അതുതെളിയിക്കുന്ന നീക്കങ്ങളാണ് കഴിഞ്ഞ വാരം കര്‍ണാടകയില്‍ കാണാനായത്.
പ്രതീക്ഷിച്ചപോലെ എതിര്‍പ്പുമായി സംഘ്പരിവാര്‍ ശക്തികള്‍ രംഗത്തുവന്നിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയം അട്ടിമറിക്കാനും ഹിന്ദുവിരുദ്ധ ആശയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കാനുമാണ് പാഠപുസ്തകവും വിദ്യാഭ്യാസ നയവും പൊളിച്ചെഴുതുന്നത് എന്ന പരാതിയാണ് സംഘ്പരിവാര്‍ സംഘടനകള്‍ക്ക്. തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ഏറ്റവും മികച്ച ഉപായങ്ങളിലൊന്നായാണ് വിദ്യാഭ്യാസ മേഖലയെ അവര്‍ കണ്ടിരുന്നത്.

ആ വിധമുള്ള ഗൃഹപാഠങ്ങള്‍ക്കൊടുവിലാണ് കര്‍ണാടകയിലെ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ പ്രൈമറി തലം തൊട്ട് ഹൈസ്‌കൂള്‍വരെ പാഠപുസ്തകങ്ങളിലും കരിക്കുലത്തിലും കാതലായ മാറ്റം വരുത്തിയതും. ചരിത്രത്തിലിടം പിടിക്കാനുള്ള ചെപ്പടിവിദ്യ കാട്ടലായിരുന്നു പാഠപുസ്തകങ്ങളിലെ ചരിത്ര നിഷേധംകൊണ്ട് സംഘ്പരിവാർ ആശയധാരകള്‍ ലക്ഷ്യമിട്ടത്. ഇതിനനുബന്ധമായി ദേശീയ വിദ്യാഭ്യാസ നയം കൂടി കടന്നുവന്നതോടെ കാര്യങ്ങള്‍ അവരുടെ കൈപ്പിടിയിലായി. സ്വാതന്ത്ര്യ സമരങ്ങളിലൊന്നിലും പങ്കാളിത്തമില്ലാത്ത ഒരു വിഭാഗത്തെ അതിന്റെ മുഖ്യധാരയില്‍ പ്രതിഷ്ഠിക്കാനും ബ്രിട്ടീഷ് കൊളോണിയലിസത്തോട് സന്ധി ചെയ്തവരെ വെള്ളപൂശി മിനുക്കിയെടുക്കാനും പാഠപുസ്തകത്താളുകളാണ് ഏറ്റവും ഉചിതമെന്ന് കണ്ടെത്തി, അതിനനുസൃത മാറ്റങ്ങള്‍ വരുത്തിത്തുടങ്ങിയപ്പോഴാണ് പ്രതീക്ഷകള്‍ കെടുത്തി ഭരണമാറ്റമുണ്ടായത്.


തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയില്‍ വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള ആശങ്കകളും പരിപാടികളും വ്യക്തമായി പ്രതിപാദിച്ചശേഷമാണ് കോണ്‍ഗ്രസ് വോട്ടു ചോദിച്ചത്. അന്നുതന്നെ, ഹിന്ദുത്വാശങ്ങളെ ഇല്ലാതാക്കാനുള്ള അജൻഡയുമായാണ് കോണ്‍ഗ്രസ് വരുന്നതെന്നും ഇതിനെതിരേ പ്രതികരിക്കണമെന്നും പ്രചാരണം നടത്തിയിരുന്നു, ബി.ജെ.പിയും സംഘ്പരിവാറും. തെരഞ്ഞെടുപ്പിനുശേഷം സിദ്ധരാമയ്യ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി രംഗത്തുവന്നതോടെ കാര്യങ്ങള്‍ എതിരാവുന്നതിലെ അപകടം സംഘ്പരിവാര്‍ സംഘടനകള്‍ തിരിച്ചറിഞ്ഞു. തുടര്‍ന്നിങ്ങോട്ട് കേന്ദ്രതലം മുതല്‍ താഴോട്ടുള്ള എല്ലാ നേതാക്കളും കൃത്യമായ സമയക്രമം നിശ്ചയിച്ച് സര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍ക്കെതിരായി പ്രസ്താവനാ യുദ്ധം നടത്തുകയാണ്.

നേതാക്കള്‍ മാത്രമല്ല, സൈബറിടങ്ങളിലെ കാവിപ്പോരാളികള്‍ നുണക്കഥകളുമായാണ് നിറഞ്ഞാടുന്നത്. ഒരു ദിവസം ഒരു നുണയെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ വൈറലാക്കാന്‍ നിയോഗിക്കപ്പെട്ട സംഘ്പരിവാർ വാര്‍ റൂമുകളും സജീവമായി. പാഠപുസ്തകങ്ങളിലൂടെ ഇസ്‌ലാം മതം പഠിപ്പിക്കാന്‍ ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചതായുള്ള വ്യജ ഉത്തരവ് നിര്‍മിച്ചെടുത്ത് വ്യാപകമായി പ്രചരിപ്പിച്ച സംഭവം അതിലൊന്നുമാത്രം. എന്തായാലും, ബി.ജെ.പി-ആര്‍.എസ്.എസ്, ബജ്‌റംഗ്‌ദള്‍, ശ്രീരാമസേന, വിശ്വഹിന്ദുപരിഷത്ത് തുടങ്ങിയ സംഘടനകള്‍ പാഠപുസ്തകത്തിലെ തിരുത്തലിനെതിരേ വ്യാപക പ്രചാരണങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. പെരുംനുണകള്‍ മലവെള്ളപ്പാച്ചില്‍ പോലെ ഒഴുകിയെത്തിയിട്ടും സര്‍ക്കാര്‍ അതൊന്നും മുഖവിലയ്ക്കെടുത്തില്ല.


ഇക്കാര്യത്തില്‍ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് മന്ത്രി മധു ബംഗാരപ്പ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. വിദ്യാര്‍ഥികളുടെ മനസ് മലിനമാക്കാനല്ല, അറിവു നേടാനും കൂടുതല്‍ വിശാലമായ തലങ്ങളിലേക്ക് ഉയരാനും വളരാനുമാണ് അവരെ സഹായിക്കേണ്ടതെന്ന നിലപാടാണ് മന്ത്രിക്ക്. അറിവ് പുതിയ ലോകത്തേക്കുള്ള വാതിലാണ്. അതു തേടുന്ന കുട്ടികള്‍ക്കുമുന്നില്‍ വികല വഴി തുറക്കുന്നത് ഒരു തലമുറയെ തന്നെ പിറകോട്ട് നടത്തിക്കുന്നതിന് തുല്യമാണ്. ശാസ്ത്രയുക്തിയെക്കുറിച്ച് പഠിക്കുന്ന ഭാഗത്തുതന്നെ തികച്ചും അന്ധവിശ്വാസ-തെറ്റായ കാര്യങ്ങള്‍ കുത്തിത്തിരുകുന്നത് കുട്ടികളെ വലിയ തോതില്‍ ആശയക്കുഴപ്പത്തിനിടയാക്കും.

അതുകൊണ്ടുതന്നെ, തെളിമയാര്‍ന്ന കരിക്കുലമാണ് പാഠ്യ-പാഠ്യേതര വിഷയങ്ങള്‍ക്ക് വേണ്ടതെന്ന നിലപാടാണ് മന്ത്രിക്കും സര്‍ക്കാരിനും. വര്‍ഗീയപരവും വിദ്വേഷാധിഷ്ഠിതവുമായ കാര്യങ്ങള്‍ പാഠപുസ്തകത്തിലൂടെ കയറ്റിവിട്ട് കുട്ടികളില്‍ വികൃത ചരിത്രബോധം സൃഷ്ടിക്കാനുള്ള നയങ്ങളും നടപടികളും തിരുത്താതെ മുന്നോട്ടുപോകില്ലെന്നു തന്നെയാണ് സര്‍ക്കാർ പറഞ്ഞത്.
അധികാരമേറ്റെടുത്തതിന്റെ അടുത്ത ദിവസങ്ങളില്‍ വിവാദ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കപ്പെട്ടതാണ്. ദേശീയ വിദ്യാഭ്യാസ നയം ഒരു കാരണവശാലും സംസ്ഥാനത്ത് നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റു നേതാക്കളും പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ, പാഠപുസ്തകങ്ങളിലെ കാവിവത്കരണം കണ്ടെത്താനും നീക്കം ചെയ്യാനുമായി ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തു. സമയബന്ധിതമായി പാഠപുസ്തകങ്ങള്‍ പരിശോധിച്ച വിദഗ്ധര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി അടിയന്തരമായി മാറ്റേണ്ടവയും ഉള്‍പ്പെടുത്തേണ്ടവയും സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.

ഇതിനെ തുടര്‍ന്നാണ് ഗോള്‍വാള്‍ക്കറും ഹെഡ്‌ഗേവാറും സവര്‍ക്കറും പാഠപുസ്തകങ്ങളില്‍നിന്ന് പുറത്തായത്. ഇതോടൊപ്പം നെഹ്‌റുവും അംബേദ്കറും പുരോഗമന സാഹിത്യങ്ങളും പുസ്തകങ്ങളില്‍ തിരികെയെത്തി. അധ്യയന വര്‍ഷം തുടങ്ങിക്കഴിഞ്ഞതിനാല്‍ പൂര്‍ണമായ തോതില്‍ മാറ്റം വരുത്താനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് അവശ്യം വേണ്ട തിരുത്തലുകള്‍ പുസ്തകങ്ങളില്‍ വരുത്താനും അല്ലാത്തവ നേരിട്ട് അധ്യാപകര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉത്തരവുകളായി കൈമാറാനുമാണ് തീരുമാനിച്ചത്.


എന്തായാലും പാഠപുസ്തകത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വാക്കു പാലിച്ചു. വിദഗ്ധ സമിതി നിര്‍ദേശിച്ച മറ്റ് മാറ്റങ്ങള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കാനാണ് തീരുമാനം. പാഠപുസ്തകത്തിലെ തെറ്റുകള്‍ തിരുത്തിയതിന് പിന്നാലെയാണ് ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള പരിശോധനകള്‍ക്കും പഠനത്തിനും സര്‍ക്കാര്‍ തയാറായത്. ദേശീയ വിദ്യാഭ്യാസ നയം കര്‍ണാടകയുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന നേരത്തെയുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന കോണ്‍ഗ്രസ്, ഇക്കാര്യത്തില്‍ ഗൗരവ സമീപനങ്ങള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.


ചരിത്രം നിഷേധിക്കാനും ചരിത്രത്തില്‍ മഷിയിട്ട് നോക്കിയാല്‍ പോലും കാണാത്തത് കുത്തിത്തിരുകി വയ്ക്കാനും ചിലര്‍ കാണിക്കുന്ന അമിതോത്സാഹത്തെയാണ് കര്‍ണാടകയില്‍ പുരോഗമന-മതേതര വിശ്വാസികളും പാര്‍ട്ടികളും എതിര്‍ത്തുപോന്നത്. ബസവേശ്വരനെ പോലെ സാമൂഹിക നവോത്ഥാനത്തിനും മാനവരാശിയുടെ പുരോഗതിക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച യോഗിവര്യന്‍മാരുടെ ചരിത്രം അരികിലേക്ക് മാറ്റി ആര്‍.എസ്.എസ് പ്രചാരകരുടെ പ്രസംഗവും പുസ്തകവും പാഠ്യവിഷയമാക്കിയ നടപടികള്‍ തിരുത്തുമ്പോള്‍, അതും വര്‍ഗീയപരമായ ചേരിതിരിവിനും വിദ്വേഷ-അസത്യ പ്രചാരണങ്ങള്‍ക്കും കാരണമാക്കിയെടുക്കുന്ന പ്രവണത എന്തായാലും കര്‍ണാടകയില്‍ നിന്ന് വേഗത്തില്‍ വിട്ടുമാറില്ലെന്നാണ് വിദ്യാഭ്യാസ രംഗത്തെ മാറ്റവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും സമൂഹമാധ്യമ പോസ്റ്റുകളും വ്യക്തമാക്കുന്നത്.

തീവ്രഹിന്ദുത്വ ആശയങ്ങളുടെ പരീക്ഷണശാലയില്‍ അടിപതറിയെങ്കിലും തങ്ങളുടെ സ്ഥിരം പ്രചാരണ തന്ത്രങ്ങളിലൂടെ വ്യാജവും തെറ്റായതുമായ കാര്യങ്ങള്‍ സമൂഹത്തില്‍ വിതച്ച് അതില്‍നിന്ന് നേട്ടം കൊയ്യാനുള്ള മെയ്‌വഴക്കം സംഘ്പരിവാർ തുടരുമെന്ന് ചുരുക്കം.

Content Highlights:Today’s Article About NEP


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.