2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മണിപ്പൂരിനെ കാത്തിരിക്കുന്നത് പട്ടിണി മരണങ്ങളുടെ കാലം

റ‍ജിമോൻ കുട്ടപ്പൻ

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മൂന്നു പേരാണ് മണിപ്പൂരിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. ചുരാചന്ദ്പൂർ, ബിഷ്ണുപൂർ ജില്ലകളുടെ അതിർത്തി പ്രദേശത്ത് നടന്ന വെടിവയ്പ്പിൽ കുക്കി വിഭാഗത്തിൽ പെട്ട രണ്ടുപേരും ബിഷ്ണുപൂർ ജില്ലയിൽ നടന്ന വെടിവയ്പ്പിൽ മെയ്ത്തി വിഭാഗക്കാരനുമാണ് കൊല്ലപ്പെട്ടത്. മണിപ്പൂരിലെ മെയ്ത്തി-കുക്കി വർഗീയ സംഘർഷവും ഇതേത്തുടർന്നുള്ള കലാപങ്ങളും ആരംഭിക്കുന്നത് മെയ് മൂന്നിനാണ്. വ്യാപക സംഘർഷവും തീവയ്പ്പും വലിയപ്രതിസന്ധിയിലേക്കാണ് സംസ്ഥാനത്തെ നയിക്കുന്നത്. നൂറ്റിനാൽപ്പതിലേറെ പേർ കൊല്ലപ്പെട്ടതായും അറുപതിനായിരത്തോളം പേർ പലായനം ചെയ്തതുമായാണ് വിവരങ്ങൾ.

240 ചർച്ചുകളും പതിനേഴ് പള്ളികളും അഗ്നിക്കിരയായി. എന്നാൽ, സംഘർഷങ്ങൾക്ക് അറുതിവരുത്താൻ തക്കതായ നടപടികളെടുക്കാനോ പ്രശ്നങ്ങൾ അവസാനിപ്പിക്കാനോ കേന്ദ്രസർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. റഷ്യ-ഉക്രൈൻ പ്രശ്നത്തിൽപോലും മധ്യസ്ഥനായി പ്രവർത്തിച്ച, വിശ്വഗുരുവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ സന്ദർശിക്കുകയോ മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം ഉരിയാടുകയോ ചെയ്തിട്ടില്ല. മോദി ഭരണസഭയിലെ ശക്തനായ ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂർ സന്ദർശിച്ച് ഇരുവിഭാഗങ്ങളുമായി സംസാരിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു.


മണിപ്പൂരിലെ മന്ത്രിമാരുടേയും എം.എൽ.എമാരുടേയും വീടുകളടക്കം അഗ്നിക്കിരയാവാൻ തുടങ്ങിയതോടെ ജനപ്രതിനിധികളും മണിപ്പൂരിൽനിന്ന് സ്ഥലം കാലിയാക്കി പ്രശ്നപരിഹാരത്തിന് അവർ ഡൽഹിയിൽ തമ്പടിച്ചിരിക്കുകയാണ്. എന്നാൽ, ഈ ആഭ്യന്തരസംഘർഷം മൂലം വരാനിരിക്കുന്നത് അത്യന്തം ഭീകരമായ ക്ഷാമമാണ്. ഇംഫാൽ മജോർഖുലിലെ മണിപ്പൂർ പ്രസ് ക്ലബിൽവച്ചു നടന്ന വാർത്താസമ്മേളനത്തിൽ ഇരബോത് ഫൗണ്ടേഷൻ അധ്യക്ഷൻ ഗോപൻ ലുവാങ് മണിപ്പൂരിൽ നടക്കുന്ന സംഘർഷങ്ങളെക്കുറിച്ച് പല വിവരങ്ങളും പുറത്തുവിടുകയുണ്ടായി. കൂടാതെ, സംസ്ഥാനത്തെ വിഷയങ്ങളിൽ ഉടനടി നടപടി ഉണ്ടായില്ലെങ്കിൽ വരുംവർഷങ്ങളിൽ സംസ്ഥാന വ്യാപക പട്ടിണിക്കും ക്ഷാമത്തിനും കാരണമാകുമെന്നും മുന്നറിയിപ്പു നൽകി.

ഈ സംഘടനയുടെ കണക്കുകൾ പ്രകാരം ഈ വർഷത്തെ അരി ഉത്പാദനത്തിൽ നാൽപതിനായിരം മെട്രിക് ടൺ കമ്മിയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ക്ഷാമത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി ലുവാങ് പറഞ്ഞത് ഏകദേശം ഒരു ലക്ഷത്തോളം പേർക്ക് അരി ലഭിക്കാനുള്ള സാധ്യതയില്ലെന്നുമാണ്. താഴ് വാര പ്രദേശങ്ങളിലെ ചില സംഘങ്ങളിൽനിന്ന് ഒരു പ്രകോപനവും കൂടാതെ കർഷകർക്കുനേരെ ആക്രമണങ്ങളുണ്ടായതാണ് സംസ്ഥാനത്തിന്റെ കാർഷികമേഖലയെ സ്തംഭിപ്പിച്ചിരിക്കുന്നത്. തുടർച്ചയായ ആക്രമണങ്ങൾ കർഷകർക്കിടയിൽ ഭീതി പരത്തിയതായും ഇവർ തങ്ങളുടെ ഭൂമിയിൽ കൃഷിയിറക്കാത്തത് വലിയ കാർഷിക പ്രതിസന്ധിയിലേക്കാണ് നയിക്കുകയെന്നും ലുവാങ് സൂചിപ്പിച്ചു.


കർഷകർക്കുനേരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച ലുവാങ്, കർഷകർക്ക് ശക്തമായ സുരക്ഷ ഏർപ്പെടുത്തി അവർക്ക് കാർഷികവൃത്തിയിൽ ഏർപ്പെടാനുള്ള സുരക്ഷിതമായ സാഹചര്യവും സൗകര്യങ്ങളും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും പറഞ്ഞു. കൂടാതെ, പ്രശ്നബാധിത പ്രദേശങ്ങളിൽ സർക്കാർ ഈയിടെ നടത്തിയ കാർഷിക ഭൂമി കണക്കെടുപ്പിനെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ച ലുവാങ്, ഇത് 5000 ഹെക്ടർ കാർഷികഭൂമിയെ പ്രതികൂലമായി ബാധിച്ചതായും പറഞ്ഞു. മണിപ്പൂരിന്റെ സമ്പദ് വ്യവസ്ഥ പ്രധാനമായും കാർഷികമേഖലയെ ആശ്രയിച്ചിരിക്കെ സംസ്ഥാനത്തെ 52.8 ശതമാനം തൊഴിലാളികളും കാർഷിക- അനുബന്ധ വൃത്തിയിൽ ഏർപ്പെട്ടവരാണ്. എന്നാൽ, ഈ മേഖലയെ ശക്തിപ്പെടുത്താനുള്ള കാര്യക്ഷമ പദ്ധതികൾ ഭരണകൂടങ്ങളിൽ നിന്നുണ്ടായിട്ടില്ലെന്നാണ് സർവേകൾ ചൂണ്ടിക്കാട്ടുന്നത്.

2022ൽ സംസ്ഥാനത്തെ ഭക്ഷ്യധാന്യോത്പാദനത്തിൽ പ്രധാന ഭക്ഷ്യവിളയായ അരിയുടെ ഉത്പാദനം 98 ശതമാനമായിരുന്നു. എന്നാൽ ഈ കണക്കുകളും അരി ഉത്പാദനം കുറവാണെന്നാണ് കാണിക്കുന്നത്. മുമ്പ് ഒരു സംഘത്തി(അഥവാ, ഒരു ഹെക്ടറിന്റെ നാലിലൊന്ന് ഭാഗം)ൽ നിന്ന് ഏകദേശം മുപ്പതു ചാക്ക് അരിയാണ് ലഭിച്ചിരുന്നതെങ്കിൽ, 2022ൽ ഇത് സംഘത്തിൽനിന്ന് ആറു മുതൽ പത്തു ചാക്കുവരെ എന്ന നിലയിലേക്ക് ചുരുങ്ങി. കഴിഞ്ഞയാഴ്ച കാർഷിക വകുപ്പ് തലവൻ എൻ. ഗജേന്ദ്രോ പി.ടി.ഐക്ക് നൽകിയ വിവരങ്ങൾ പ്രകാരം 5127 ഹെക്ടർ കാർഷിക ഭൂമിയിൽ കർഷകർക്ക് കൃഷിയിറക്കാൻ സാധിച്ചിട്ടില്ലെന്നും ഇത് 15437.23 മെട്രിക് ടൺ ഉത്പാദന നഷ്ടമുണ്ടാക്കുമെന്നുമാണ്.


‘ഈ മൺസൂണിലും കർഷകർക്ക് കൃഷിയിറക്കാൻ സാധിച്ചില്ലെങ്കിൽ ജൂലൈ അവസാനത്തോടെ നഷ്ടം ഇതിനേക്കാൾ വർധിക്കും. ജലോപയോഗം കുറച്ച് കുറഞ്ഞ കാലയളവിൽ വിളവെടുക്കാവുന്ന ഇനത്തിലുള്ള മേൽത്തരം വിത്തുകളും വളങ്ങളും കാർഷിക വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്’ എന്നും ഗജേന്ദ്രോ പറഞ്ഞു. 1.95 ഹെക്ടർ കാർഷികഭൂമിയിലായി രണ്ടുമുതൽ മൂന്ന് ലക്ഷംവരെ കർഷകരാണ് മണിപ്പൂരിലുള്ളത്. ഇവിടെ കൃഷിചെയ്യുന്ന മെയ്തെയ് അരിയുടെ ഉത്പാദനം കുറയുന്നതുമൂലം വരും വർഷങ്ങളിൽ ഈ അരിയുടെ വില വർധിക്കാൻ സാധ്യതയുള്ളതായും കർഷകർ ഭയപ്പെടുന്നുണ്ട്. അന്നജവും കാർബോഹൈഡ്രേറ്റുകളും കൂടുതലായി അടങ്ങിയിട്ടുള്ള മെയ്തെയ് അരിയുടെ കൃഷിക്ക് ധാരാളം ജലം ആവശ്യമാണ്.

ഈ മാസത്തോടെ കാർഷികമേഖല പൂർണമായും പ്രവർത്തനക്ഷമമായില്ലെങ്കിൽ വൻതോതിലുള്ള നഷ്ടങ്ങളായിരിക്കും കർഷക സമൂഹത്തിനും സമ്പദ് വ്യവസ്ഥക്കും സംഭവിക്കുക. ചില കർഷകർ അക്രമസാധ്യത വകവയ്ക്കാതെ കൃഷിയിറക്കാൻ തയാറായിട്ടുണ്ടെങ്കിലും മറ്റു ചിലർ വെടിവയ്പ്പു ഭയന്ന് തയാറാവുന്നില്ല.
അതേസമയം, മണിപ്പൂർ സർക്കാർ രാഷ്ട്രീയക്കാർക്കും ജനപ്രതിനിധികൾക്കും മറ്റും നൽകുന്ന വി.ഐ.പി സുരക്ഷ കുറച്ചുകൊണ്ട് രണ്ടായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ പ്രശ്നബാധിത മേഖലകളിൽ കൃഷിയിലേർപ്പെടുന്ന കർഷകരുടെ സുരക്ഷയ്ക്കായി വിന്യസിക്കും. കർഷകർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഈ നടപടി. വർഷങ്ങളായി ഉത്പാദനം കുറഞ്ഞുവരുന്ന മണിപ്പൂരിന്റെ കാർഷികമേഖലയെ സംഘർഷം സാരമായി ബാധിച്ചിട്ടുണ്ട്.


കാലാവസ്ഥാവ്യതിയാനം ഏറ്റവും കൂടുതലായി ബാധിക്കാൻ സാധ്യതയുള്ള സംസ്ഥാനങ്ങളിൽ ആറാം സ്ഥാനത്താണ് മണിപ്പൂരുള്ളത്. ഇംഫാലിലെ കിഴക്കൻ ജില്ല, കാലാവസ്ഥാവ്യതിയാനം ബാധിക്കുന്ന ജില്ലകളിൽ ഒമ്പതാം സ്ഥാനത്തുമാണ്. മതിയായ ജലസേചന സൗകര്യങ്ങളില്ലാത്ത മണിപ്പൂരിന്റെ കാർഷികമേഖല പ്രധാനമായും മഴയെയാണ് ആശ്രയിക്കുന്നത്. എട്ടോളം ജലസേചന പദ്ധതികൾ സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പായിട്ടുണ്ടെങ്കിലും ഇവ പര്യാപ്തമല്ലെന്നാണ് കർഷകരുടെ അഭിപ്രായം. ഭരണകൂടം നടപ്പാക്കിയ ജലസേചന പദ്ധതികൾമൂലം പ്രാദേശിക ആവാസവ്യവസ്ഥകൾക്ക് കോട്ടം തട്ടുകയും പ്രദേശത്തുകാർ അവരുടെ ഭൂമിയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. അതിനാൽ തന്നെ ഈ പദ്ധതികൾ പരാജയമാണെന്നു മാത്രമല്ല നെൽകൃഷിയെ ഏകവർഗ വിളയായി പരിമിതപ്പെടുത്തുകയും ചെയ്തു.

ഇതിനു മുമ്പുവരെ രണ്ടുതരത്തിലുള്ള വിളകൾ അതത് മാസത്തിന് അനുസരിച്ചായിരുന്നു കർഷകർ കൃഷി ചെയ്തിരുന്നത്. ആദ്യ വിളയുടെ ഒരുക്കങ്ങൾ ഡിസംബർ അവസാന ആഴ്ച ആരംഭിക്കുമ്പോൾ ഇതിന്റെ വിളവെടുപ്പ് മെയ്, ജൂൺ അവസാനത്തോടെ ആയിരിക്കും. സാധാരണ വിളയുടെ ഒരുക്കങ്ങൾ ഫെബ്രുവരിയിൽ ആരംഭിച്ച് വിളവെടുപ്പ് ഒക്ടോബറിലോ നവംബറിലോ നടത്തും. ഇത്തരത്തിൽ കാലാവസ്ഥാ വിവരങ്ങളും മഴലഭ്യതയും കൃത്യമായി നിരീക്ഷിച്ചുകൊണ്ടായിരുന്നു മണിപ്പൂരിൽ കൃഷിയിറക്കിയിരുന്നത്.


2022ൽ കനത്ത മഴയായിരുന്നു മൺസൂണിനു മുമ്പ് സംസ്ഥാനത്തുണ്ടായത്. കൃഷിഭൂമി ഉഴുതുമറിച്ചതിനുശേഷം വരണ്ടിരിക്കേണ്ട കൃഷിപ്പാടങ്ങൾ ഈ മഴമൂലം വെള്ളം നിറഞ്ഞുകിടന്ന സ്ഥിതിയിലെത്തി. പിന്നീട് 2022 ജൂണിൽ വെള്ളം ഇറങ്ങിയതിനുശേഷമാണ് കർഷകർക്ക് കൃഷിയിറക്കാൻ സാധിച്ചത്. സാധാരണ വർഷത്തിൽ ഈ സമയത്താണ് നനഞ്ഞ കൃഷിയിടങ്ങളിൽ വളപ്രയോഗം നടത്തേണ്ടത്. എന്നാൽ, ആ സമയത്ത് മഴക്കു പകരം മണിപ്പൂരിൽ ഉഷ്ണതരംഗമായിരുന്നു. വളങ്ങൾ ലഭിക്കാൻ വൈകിയതും കർഷകരെ പ്രതിസന്ധിയിലാക്കി.

ചില കർഷകർ കരിഞ്ചന്തകളിൽനിന്ന് വളങ്ങൾ വാങ്ങി. വലിയ പ്രതിസന്ധി നേരിട്ട കർഷകർ പ്രതിഷേധത്തിനിറങ്ങുകയും സംസ്ഥാനത്തെ ക്ഷാമബാധിത പ്രദേശമായി പ്രഖ്യാപിച്ച് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. 2022ന്റെ പ്രകൃതി ദുരന്തങ്ങൾക്കൊടുവിലാണ് 2023 മേയിൽ മണിപ്പൂരിൽ സംഘർഷം നടമാടുന്നത്. ഇനിയും മോദി ഇൗ വിഷയത്തിൽ മൗനം തുടർന്നാൽ സംഘർഷം തുടരുകയും ഇത് ആത്യന്തികമായി മണിപ്പൂർ ജനത വിശപ്പുകൊണ്ട് മരിക്കുന്ന സാഹചര്യത്തെയും സംജാതമാക്കും.

Content Highlights: Today’s Article About Manipur riot after effects


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.