2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നഗ്നഭാരതത്തിന് എന്ന് നാണംവരും?

അഡ്വ.ജി.സു​ഗുണൻ

മണിപ്പൂരിലെ കുക്കി വംശജരായ സ്ത്രീകളെ മെയ്‌ത്തികൾ നഗ്നരാക്കി നടത്തിക്കുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവം നമ്മുടെ രാജ്യത്തെയും ലോകത്തേയും തന്നെ ഞെട്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ഭരണകക്ഷി തന്നെ വംശവെറിക്കും വർഗീയതയ്ക്കും പച്ചക്കൊടി കാട്ടുമ്പോൾ ഇത്തരം നിഷ്ഠുര സംഭവങ്ങൾ ആവർത്തിക്കുയല്ലാതെ മറ്റൊരു വഴിയുമില്ല. കോൺസൻട്രേഷൻ ക്യാംപുകളിൽ ലക്ഷോപലക്ഷം ജൂതന്മാരെ കൂട്ടക്കൊല ചെയ്യാൻ ഹിറ്റ്‌ലറും ദക്ഷിണാഫ്രിക്കയിലെ കറുത്ത വർഗക്കാരെ അടിച്ചമർത്തുന്നതിന് വെള്ളക്കാരുടെ ഭരണകൂടവും ഉപയോഗിച്ചത് കടുത്ത വംശീയതയാണ്. ഇതാണ് മണിപ്പൂർ വഴി നമ്മുടെ രാജ്യത്തും ഉണ്ടായിരിക്കുന്നത്.


വ്യക്തിഗത ലക്ഷ്യങ്ങൾക്കുവേണ്ടി മതത്തെ ഉപയോഗിക്കുകയും ചൂഷണ വിധേയമാക്കുകയും ചെയ്യുന്ന വ്യക്തിയെയാണ് വർഗീയവാദി എന്നു വിളിക്കുന്നത്. അതിനാൽ വർഗീയവാദി ബാഹ്യമായി മതത്തോട് താൽപര്യം കാണിക്കുകയും ആന്തരികമായി അധികാരത്തോട് ഭ്രമം വച്ചുപുലർത്തുകയും ചെയ്യുന്നു. വർഗീയത ദേശീയതയ്ക്കും മതേതരത്വത്തിനും മാനവികതയ്ക്കും ജനാധിപത്യത്തിനും എതിരായ വികാരമാണ്. പരസ്പര വെറുപ്പും മുൻവിധികളും സംശയവും ഹിംസയുമാണ് അതിന്റെ പ്രധാന സവിശേഷതകൾ. വർഗീയത ഫാസിസത്തിന്റെ ഇന്ത്യൻ പതിപ്പാണെന്ന് ജവഹർലാൽ നെഹ്‌റു അഭിപ്രായപ്പെട്ടിട്ടുണ്ട്.

മണിപ്പൂരിലെ കലാപം കടുത്ത വംശീയ-വർഗീയ സംഘർഷമാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
മണിപ്പൂരിൽ കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ട മാനഭംഗപ്പെടുത്തുകയും ചെയ്തതിലുള്ള രോഷവും പ്രതിഷേധവും കത്തിപ്പടരുന്നതിനിടെ മുഖ്യപ്രതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായതായാണ് പുതിയ വാർത്ത. തട്ടിക്കൊണ്ടുപോകൽ കൂട്ട മാനഭംഗം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മറ്റ് കുറ്റവാളികളെ എത്രയും വേഗം പിടികൂടുമെന്ന് പൊലിസ് അറിയിച്ചിട്ടുണ്ട്.

സംഭവം നടന്ന് 77 ദിവസത്തിനു ശേഷമാണ് പൊലിസ് നടപടി. മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത് മെയ് മൂന്നിനാണ്. അതിന്റെ പിറ്റേന്ന് കാംഗ് പോക്പി ജില്ലയിലെ ബിഫായിനോ ഗ്രാമത്തിലാണ് ഈ കിരാത സംഭവം. ഗ്രാമത്തിൽ ഇരച്ചുകയറിയ ജനക്കൂട്ടം വീടുകൾ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തപ്പോൾ കാട്ടിലേക്ക് രക്ഷപ്പെട്ടവരെയാണ് പീഡിപ്പിച്ചത്.


മണിപ്പൂർ പ്രശ്‌നത്തിൽ 79 ദിവസത്തിനുശേഷം മൗനംവെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തുവന്നു. ഇത് പുരോഗമന സമൂഹത്തിന് ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഭരിക്കുന്ന രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളെ അദ്ദേഹത്തിന്റെ പ്രസ്താവനയിൽ വലിച്ചിഴച്ചു. സ്ത്രീകളുടെ സുരക്ഷയ്ക്കുവേണ്ടി ശക്തമായ നടപടികൾ കൈക്കൊള്ളണം. അത് മണിപ്പൂരിലോ രാജസ്ഥാനിലോ ഛത്തിസ്ഗഡിലോ രാജ്യത്തിൻ്റെ ഏതു കോണിലായാലും രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്നായിരുന്നു മോദി പറഞ്ഞത്.

രാജ്യത്ത് വനിതകൾക്കും പെൺകുട്ടികൾക്കും നേരെ ഗുരുതരമായ അതിക്രമം നടക്കുന്ന ഉത്തർപ്രദേശ് അടക്കമുള്ള ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെ മോദി മനഃപൂർവം വിസ്മരിച്ചു. ഹത്രാസിലെ പെൺകുട്ടി കൂട്ടമാനഭംഗത്തിനിരായായി കൊല്ലപ്പെട്ടതും ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗോധ്ര കലാപാനന്തരം ബിൽക്കീസ് ബാനുവെന്ന ഗർഭിണിയായ സ്ത്രീയെ മാനഭംഗപ്പെടുത്തിയതും കുടുംബാംഗങ്ങളെ നിഷ്ഠുരമായി കൊലപ്പെടുത്തിയതും മോദി ഒാർത്തില്ല. പ്രധാനമന്ത്രി മണിപ്പൂരിലെ രാഷ്ട്രീയ സാഹചര്യത്തിൽ നിന്നുപോലും മുതലെടുപ്പ് നടത്താൻ ശ്രമിക്കുകയാണ്.

അവിടുത്തെ വംശീയ കലാപത്തെപ്പറ്റി ഒരക്ഷരം പോലും പരാമർശിക്കാതെ രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ മണിപ്പൂരിനൊപ്പം കൂട്ടിക്കെട്ടി ഈ പ്രശ്‌നത്തെ ലഘൂകരിക്കാനാണ് ശ്രമം.
വിഭജനകാലത്തെ വർഗീയ സംഘർഷത്തിനിടയിലും 2002 ലെ ഗുജറാത്ത് വംശഹത്യക്കിടയിലും മാത്രമാണ് ഇപ്പോൾ മണിപ്പൂരിലേതുപോലെ മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നത്. ക്രിസ്ത്യൻ സമൂഹത്തിന് നേരേയുള്ള കടന്നാക്രമണമാണ് മണിപ്പൂർ കലാപത്തിൽ നടക്കുന്നത്. ഒന്നര മാസം മുമ്പ് പടിഞ്ഞാറൻ ഇംഫാലിലെ ലാംസംഗിൽ സംഘ്പരിവാർ പിന്തുണയുള്ള മേയ്ത്തി സംഘം ക്രൈസ്തവ കുടുംബങ്ങളിലെ രണ്ട് സ്ത്രീകളെയും ഏഴു വയസ്സുകാരനേയും ആംബുലൻസിൽ തീയിട്ടുകൊന്നു.

ക്രിസ്ത്യൻ വിശ്വാസികളും ന്യൂനപക്ഷ ഗോത്രവിഭാഗവുമായ കുക്കികളെ ലക്ഷ്യമിട്ടാണ് സംഘ്പരിവാറിന്റെ കുടക്കീഴിൽ വളർന്ന് പന്തലിച്ച മെയ്ത്തി തീവ്രവാദി സംഘം കലാപം നടത്തിക്കൊണ്ടിരിക്കുന്നത്.


ലോകത്തിന്റെ മുൻപിൽ ഇന്ത്യയെന്ന രാജ്യമാണ് മണിപ്പൂർ സംഭവങ്ങളുടെ പേരിൽ വിവസ്ത്രയാക്കപ്പെട്ടിരിക്കുന്നത്. ആക്രമണങ്ങളിൽ 142 പേർ മരണപ്പെടുകയും 17 പേരെ കാണാതാവുകയും ചെയ്തുവെന്നാണ് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ നൽകിയ കണക്ക്. സംഘർഷത്തിന്റെ ആദ്യദിവസങ്ങളിൽ തുടങ്ങിയ ക്രിസ്ത്യൻ പള്ളി ആക്രമണങ്ങളിൽ നശിപ്പിക്കപ്പെട്ട പള്ളികളുടെ എണ്ണം 250 എങ്കിലും വരും. 140 കോടി ഇന്ത്യക്കാരെയും ലജ്ജിപ്പിക്കുന്ന ക്രൂരകൃത്യം ചെയ്തവരാരായാലും അവരെ ന്യായീകരിക്കാൻ ആരും ഉണ്ടാവരുത്.


മുഴുവൻ ജനങ്ങൾക്കും മാന്യതയോടെ ജീവിക്കാനുള്ള അവകാശം ഏത് സമൂഹവും സർക്കാരും ഉറപ്പുവരുത്തിയേ മതിയാവൂ. മതമോ ജാതിയോ വംശമോ ഭാഷയോ ഒന്നും ഇക്കാര്യത്തിൽ ബാധകമാകരുത്. നിർഭാഗ്യവശാൽ ശക്തമായ നിയമപരിപാലന വ്യവസ്ഥയൊന്നും നിലവിലില്ലാത്ത വളരെ പിന്നോക്ക രാജ്യങ്ങളിലെ അവസ്ഥയിലേക്കാണ് ഇൗ സംസ്ഥാനം സഞ്ചരിക്കുന്നതെന്ന യാഥാർഥ്യം അങ്ങേയറ്റം ലജ്ജാകരമാണ്.

മണിപ്പൂരിലെ സംഭവവികാസങ്ങൾ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഇൗ സംഘർഷം അറുതിവരുത്താൻ കേന്ദ്രം തയാറായില്ലെങ്കിൽ രാജ്യത്തിന്റെ തകർച്ചയിലേക്കായിരിക്കും കാര്യങ്ങൾ ചെന്നെത്തുക.

Content Highlights:Today’s Article About Manipur Article


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News