2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിജയഭേരി’യിലൂടെ വിജയത്തിലേറി മലപ്പുറം

അബ്ദുൽ ലത്തീഫ് മാറഞ്ചേരി

1969 ജൂൺ 16നാണ് മലപ്പുറം ജില്ല രൂപീകൃതമാകുന്നത്. വിവാദങ്ങളുടെ അകമ്പടികളോടെയായിരുന്നു ജില്ലയുടെ പിറവി. മലപ്പുറവുമായി ബന്ധപ്പെട്ട ഏതു വിഷയവും വിവാദത്തോടെയാണ് വിലയിരുത്തപ്പെടുന്നത്. നന്മയാകട്ടെ തിന്മയാകട്ടെ, എന്തും മറ്റൊരു കോണിലൂടെ കാണുകയും വിലയിരുത്തുകയും ചെയ്യൽ നിത്യസംഭവമായി മാറിയിരിക്കുന്നു. നിരവധി വിവേചനങ്ങൾ നേരിടുന്ന ജില്ലയായിട്ടുകൂടി അവിടെ നടക്കുന്ന ഒരു ചെറിയ വികസനം പോലും പ്രീണനവാദങ്ങൾ ഉന്നയിച്ച് വിമർശിക്കുക എന്നത് ഒഴിവാക്കാൻ പറ്റാത്ത ശീലമായി മാറിക്കഴിഞ്ഞിരിക്കുന്നു. 45 ലക്ഷം ജനങ്ങളാണ് മലപ്പുറം ജില്ലയിൽ ഇപ്പോഴുള്ളത്. സംസ്ഥാനത്ത് ജനസംഖ്യയിൽ ഏറ്റവും വലുത്.

അതായത് ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ നാല് ജില്ലകളിലെ ജനസംഖ്യയേക്കാൾ കൂടുതൽ! ഈ നാല് ജില്ലകളിൽ ഒന്നിന് ലഭികുന്ന അതെ സൗകര്യമാണ് ഈ 45 ലക്ഷം ജനസംഖ്യയുള്ള ജില്ലയ്ക്ക് ലഭിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലായാലും ആരോഗ്യമേഖലയിലായാലും മറ്റ് ജില്ലകളെ അപേക്ഷിച്ച് കടുത്ത വിവേചനമാണ് മലപ്പുറം നേരിടുന്നത്. പൊതുമരാമത്ത്, കൃഷി, വ്യവസായം തുടങ്ങി ഏതുമേഖല എടുത്താലും മറ്റ് ജില്ലകളെ അപേക്ഷിച്ച് വളരെ പിന്നിലാണ് മലപ്പുറം. ഉദ്യോഗസ്ഥ വിന്യാസത്തിലും ഈ വിവേചനം കാണാം. 15 ബ്ലോക്ക് പഞ്ചായത്തുകളടക്കം നൂറിൽപരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുള്ള മലപ്പുറം ജില്ലാ പഞ്ചായത്തിൽ ഏഴ് ക്ലാർക്കുമാരടക്കം 15 സ്ഥിരം ജീവനക്കാരാണുള്ളത്. വെറും 25 പഞ്ചായത്തുകളുള്ള വയനാട് ജില്ലയിൽ 29 സ്ഥിരം ജീവനക്കാരുണ്ട്.


വിദ്യാഭ്യാസ രംഗത്തും കടുത്ത വിവേചനമാണ് ജില്ല നേരിടുന്നത്. നേരത്തെ ഉണ്ടായിരുന്ന വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് പലകാരണങ്ങളുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവാണ് പ്രധാന കാരണം. 1970 കളിലും 80കളിലും ഹൈസ്കൂളുകളില്ലാത്ത ധാരാളം പഞ്ചായത്തുകളുണ്ടായിരുന്നു. ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തന്നെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കുട്ടികളുടെ പഠനത്തെ സാരമായി ബാധിച്ചു. സർക്കാർ സ്കൂളിലാണെങ്കിൽ പല അധ്യാപക പോസ്റ്റുകളും വർഷങ്ങളായി ഒഴിഞ്ഞുകിടക്കും.


പഞ്ചായത്തീരാജ് നിയമം വന്നതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലകൾ തദ്ദേശ സ്ഥാപനങ്ങളിൽ വന്നുചേർന്നു. പ്രൈമറി വിദ്യാലയങ്ങൾ ഗ്രാമപഞ്ചായത്തുകളുടെ കീഴിലും ഹൈസ്കൂൾ-ഹയർ സെക്കൻഡറി സ്കൂളുകൾ ജില്ലാ പഞ്ചായത്തിന് കീഴിലും വന്നുചേർന്നു. മുനിസിപ്പൽ – കോർപറേഷൻ പരിധിയിലുള്ള സ്കൂളുകൾ അവർക്ക് കീഴിലും വന്നു. താഴെ തട്ടിലുള്ള ജനപ്രതിനിധികൾ തങ്ങളുടെ പ്രദേശത്തെ സ്കൂളുകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു.


മലപ്പുറം ജില്ലാ പഞ്ചായത്ത് തങ്ങളുടെ കീഴിലുള്ള ഹൈസ്കൂൾ-ഹയർ സെക്കൻഡറി സ്കൂളുകളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടു. സംസ്ഥാനത്ത് വളരെ പിന്നോക്കം നിൽക്കുന്ന എസ്.എസ്.എൽ.സി വിജയ ശതമാനം ഉയർത്തുക എന്ന ലക്ഷ്യംവച്ച് 2001-2002 അധ്യയനവർഷത്തിലാണ് ജില്ലാ പഞ്ചായത്ത് വിജയഭേരി എന്ന പേരിൽ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. 2001 മാർച്ചിൽ സംസ്ഥാനത്ത് എസ്.എസ്.എൽ.സി റിസൽട്ട് 56 ശതമാനം ഉണ്ടായപ്പോൾ ജില്ലയിൽ 30 ശതമാനത്തിൽ താഴെയായിരുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാ വിദ്യാർഥികൾക്കും ഉറപ്പുവരുത്തുക, എസ്.എസ്.എൽ.സി, പ്ലസ് ടു റിസൽട്ട് മെച്ചപ്പെടുത്തുക, എ പ്ലസ് ലഭിക്കുന്നവരുടെ എണ്ണം വർധിപ്പിക്കുക തുടങ്ങിയ പദ്ധതികളായിരുന്നു വിജയഭേരി പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളായി കണ്ടിരുന്നത്.


ഇതിനുവേണ്ടി ജില്ലയിലുടനീളം രക്ഷാകർതൃ ബോധവത്കരണ കാംപയിനുകൾ, പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക സഹവാസ ക്യാംപുകൾ, പഞ്ചായത്ത് അംഗങ്ങൾക്കും നിർവഹണ ഉദ്യോഗസ്ഥർക്കും വിദ്യാഭ്യാസമേഖലയിൽ ഇടപെടുന്നതിനുള്ള പ്രത്യേക പരിശീലനങ്ങൾ, അധ്യാപക പരിശീലനങ്ങൾ, വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ്-മോട്ടിവേഷൻ-പഠന നൈപുണി ക്ലാസുകൾ, ഓരോ സ്കൂളിലും താൽപര്യമുള്ള അധ്യാപകരെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകി ‘സ്നേഹകം’ എന്ന പേരിൽ കൗൺസിലിങ്ങ് പ്രോഗ്രാമുകൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ വിജയഭേരി ജില്ലയുടെ വിദ്യാഭ്യാസ മുഖച്ഛായ തന്നെ മാറ്റിയെഴുതി. പിന്നോക്കം നിന്നിരുന്നു മലപ്പുറം ബഹുദൂരം മുന്നിലേക്ക് കുതിച്ചു.

ആരെയും അത്ഭുതപ്പെടുത്തുന്ന മാറ്റം. വിജയ ശതമാനം 1999ൽ 30 ശതമാനത്തിൽ താഴെയായിരുന്നു. വിജയഭേരി പ്രവർത്തനമാരംഭിച്ചതോടെ ക്രമേണ വിജയ ശതമാനം കുതിച്ചുകൊണ്ടിരുന്നു. 2002 – 41%, 2003-48%, 2004 -59%, 2005 -57%, 2006-62%, 2007 – 76%, 2008 – 82%. അങ്ങനെ വിജയ ശതമാനത്തിന്റെ തോത് ഓരോ വർഷവും വർധിച്ചുകൊണ്ടിരുന്നു. ചില വർഷങ്ങളിൽ സംസ്ഥാനത്തെ വിജയ ശതമാനത്തെക്കാൾ മുന്നിലായിരുന്നു മലപ്പുറത്തെ വിജയ ശതമാനം. 2020ൽ അത് 98 ശതമാനമായി ഉയർന്നു. 2021ൽ അത് 99.35 ശതമാനം ആയി മാറി.


മലപ്പുറം ജില്ലയിലെ എസ്.എസ്.എൽ.സി വിജയത്തിൽ മറ്റ് പല പ്രത്യേകതകളും ഉണ്ടായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന ജില്ല മലപ്പുറമായിരുന്നു. 2021ൽ 77,685 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 76,633 പേർ വിജയിച്ചു. വിജയ ശതമാനത്തിൽ മാത്രമല്ല ഈ കുതിച്ചു ചാട്ടം. ഗുണനിലവാരത്തിലും ജില്ലയെ തോൽപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. എട്ട് വർഷമായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എ പ്ലസ് വാങ്ങുന്ന ജില്ലയും മലപ്പുറം തന്നെ. 2018ൽ 5702 പേർ ഫുൾ എപ്ലസ് വാങ്ങിയപ്പോൾ 2015ൽ 5970പേരും 2020ൽ 6447 പേരും 2021ൽ 18,970 പേരുമായി ഉയർന്നു. അതായത് മലപ്പുറത്ത് വിജയിച്ചതിന്റെ 25.10 ശതമാനം പേർക്കും എ പ്ലസ് ലഭിച്ചു.


ഈ വിജയക്കുതിപ്പ് പ്ലസ് ടു, വി.എച്ച്.എസ്.സി പരീക്ഷകളിലും ആവർത്തിച്ചു. 2016ൽ 81.08 % വിജയമുണ്ടായിരുന്നത് 2021ൽ 89.44% ആയി വർധിച്ചു. മുഴുവൻ എ പ്ലസ് നേടുന്നതിലും വൻ വർധന രേഖപ്പെടുത്തി. 2016ൽ 957 മുഴുവൻ എ പ്ലസ് കിട്ടിയപ്പോൾ 2021ൽ അത് 6707 ആയി ഉയർന്നു. പക്ഷേ ഇവിടെ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്കോടെ ജയിക്കുന്ന കുട്ടികളിൽ 40 ശതമാനം പേർക്ക് ഇവിടെ പ്ലസ് ടു പഠനത്തിന് സൗകര്യമില്ല. തെക്കൻ ജില്ലകളിൽ പ്ലസ് ടു സീറ്റുകളിൽ കുട്ടികളില്ലാതെ പല ബാച്ചുകളും നിർത്തലാക്കുമ്പോൾ ഇവിടെ കഴിഞ്ഞ വർഷം വിജയിച്ച കുട്ടികളിൽ ഏകദേശം പതിനായിരം പേർക്ക് പഠിക്കാൻ സീറ്റില്ല. അവർ സർക്കാരിന്റെ ഓപൺ സ്കൂൾ സംവിധാനം ഉപയോഗിച്ച് പാരലൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വൻതുക ഫീസ് നൽകി പഠിച്ചാണ് പ്ലസ് ടു പരീക്ഷ എഴുതുന്നത്. വർഷങ്ങളായി മലപ്പുറം മുതൽ വടക്കോട്ടുള്ള ജില്ലകൾ പ്ലസ് ടു സീറ്റ് വിഷയത്തിൽ അവഗണന നേരിടുകയാണ്. ഇത് എന്തുകൊണ്ട് ഭരണത്തിലിരിക്കുന്നവർക്ക് മനസ്സിലാവുന്നില്ല?


തെക്കൻ ജില്ലകളിൽ ഒഴിഞ്ഞുകിടക്കുന്ന അധിക ബാച്ചുകൾ മലബാർ മേഖലയിൽ അനുവദിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ. പക്ഷേ സമയത്തിന് ആരും ഒരു തീരുമാനവും എടുക്കുന്നില്ല. ഫലത്തിൽ കുട്ടികൾക്ക് ഉന്നത പഠനം നിഷേധിക്കുകയാണ് ചെയ്യുന്നത്. പ്ലസ് ടു വിജയിച്ചവർക്ക് ഉന്നത പഠനത്തിന് വളരെക്കുറച്ച് അവസരങ്ങളാണ് ജില്ലയിലുള്ളത്. സർക്കാർ-എയ്ഡഡ് കോളജുകൾ ജില്ലയിൽ വളരെ കുറവാണ്. കൂടുതലുള്ളത് സ്വാശ്രയ സ്ഥാപനങ്ങളാണ്. അവിടെ വൻ ഫീസ് കൊടുത്ത് പഠിക്കേണ്ട ഗതികേടാണ് മലപ്പുറം ജില്ലയിലെ പ്ലസ് ടു പാസായ കുട്ടികൾക്കുള്ളത്. അവിടെയും അഡ്മിഷൻ ലഭിക്കാത്തവർ പാരലൽ കോളജുകളെ ആശ്രയിക്കുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ പാരലൽ കോളജുകളുള്ളത് മലപ്പുറത്താണ്.


മലപ്പുറത്തിന്റെ വിജയക്കുതിപ്പ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മാത്രമല്ല നടന്നത്. താഴെ തട്ടിൽ ഗുണനിലവാരത്തോടെയുള്ള മുന്നേറ്റം ഉന്നത വിദ്യാഭ്യാസരംഗത്തും പ്രതിഫലിച്ചു. സംസ്ഥാനത്തെ എൻട്രൻസ് പരീക്ഷകളിൽ ആദ്യ പത്ത് റാങ്കുകളിൽ മലപ്പുറത്തുകാർ എന്തായാലും ഇടം നേടും. പലപ്പോഴും ഒന്നാം റാങ്കുകൾ മലപ്പുറത്തെ കുട്ടികൾക്കായിരിക്കും. 2021ൽ ഡൽഹി സർവകലാശാലയുടെ കീഴിലുള്ള ഒരു കോളജിൽ ഡിഗ്രിക്ക് ഒന്നാം വർഷം ചേർന്നവരിൽ 95 ശതമാനം പേർ മലയാളികളായിരുന്നു. അതിൽ 80 ശതമാനവും പെൺകുട്ടികളും. ഇവരിൽ ഏകദേശം പകുതി പേർ മലപ്പുറം ജില്ലക്കാരും. മറ്റ് കേന്ദ്രസർവകലാശാലകളിലും വലിയൊരു ശതമാനം കുട്ടികളും മലപ്പുറത്ത് നിന്നുള്ളവരായിരുന്നു.


ഇന്ത്യയിൽ മാത്രമല്ല വിദേശങ്ങളിലെ സർവകലാശാലകളിലും മലപ്പുറം ജില്ലക്കാരുടെ സാന്നിധ്യം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിദ്യാഭ്യാസ കുതിപ്പിൽ ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച വിജയഭേരി പദ്ധതി മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. മലപ്പുറത്തെ വിദ്യാഭ്യാസ വളർച്ചയിൽ അസൂയ പൂണ്ട് ചിലർ വിദ്വേഷ പ്രചാരണങ്ങൾവരെ ഉയർത്തുകയുണ്ടായി. കേരളത്തിൻ്റെ മുൻ ഭരണാധികാരി തന്നെ മലപ്പുറത്തെ കുട്ടികളുടെ വിജയക്കുതിപ്പിനെ വളരെ മോശമായ, ഗുരുതര ആരോപണത്തിലൂടെ വിലയിരുത്തിയത് ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചുകൊണ്ടാണ് ഉയർന്ന വിജയം നേടിയതെന്നായിരുന്നു നേതാവിന്റെ പ്രസ്താവന. സംസ്ഥാന സർക്കാറിന്റെ പരീക്ഷാ നടത്തിപ്പിനെതന്നെ കളിയാക്കുന്നതായിരുന്നു ഇൗ പ്രതികരണം. എല്ലാവരും ഇതിനെ അവജ്ഞയോടെ തള്ളിക്കളയുകയാണ് ചെയ്തത്.

(റിട്ട. ഗവ. അഡിഷണൽ സെക്രട്ടറിയാണ് ലേഖകൻ)

Content Highlights:Today’s Article About Malappuram district


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.