2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അരി മുടക്കുന്ന രാഷ്ട്രീയം

സി.വി ശ്രീജിത്ത്

കര്‍ണാടകയില്‍ അരിയുടെ പേരിൽ ഭരണ-പ്രതിപക്ഷ അങ്കം നടക്കുകയാണ്. അധികാരത്തിലേറാന്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്‍കിയ അഞ്ച് ഗ്യാരൻ്റി വാഗ്ദാനങ്ങളിലൊന്നായ അന്നഭാഗ്യ പദ്ധതി പ്രകാരമുള്ള അരിവിതരണത്തെ ചൊല്ലിയുള്ള തര്‍ക്ക-വിതര്‍ക്കത്തില്‍ കന്നഡ രാഷ്ട്രീയം തിളച്ചുമറിയുന്നു. ദരിദ്രവിഭാഗങ്ങള്‍ക്കുള്ള സൗജന്യ അരിവിതരണം തടയാന്‍ കേന്ദ്രവും ബി.ജെ.പിയും ശ്രമിക്കുന്നതായി സിദ്ധരാമയ്യ സര്‍ക്കാര്‍ ആരോപിക്കുമ്പോള്‍, നടപ്പാക്കാന്‍ കഴിയാത്ത വാഗ്ദാനത്തിലൂടെ കോണ്‍ഗ്രസ് ചെയ്ത കുറ്റം കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവയ്ക്കുകയാണെന്ന് ബി.ജെ.പി പറയുന്നു.

എന്തായാലും ജൂലൈ ഒന്നു മുതല്‍ സംസ്ഥാനത്തെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങളിലും അന്നഭാഗ്യ അരിയെത്തുമെന്ന പ്രതീക്ഷയിലാണ് ലക്ഷക്കണക്കിന് സാധുജനങ്ങള്‍.അന്നഭാഗ്യ പദ്ധതിക്കു വേണ്ട അരി ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എഫ്.സി.ഐ)യുടെ കേന്ദ്രപൂളില്‍ നിന്ന് ഓപണ്‍ മാര്‍ക്കറ്റ് സെയില്‍ സ്‌കീം(ഒ.എം.എസ്.എസ്) പ്രകാരം ലഭ്യമാക്കാനാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ജൂണ്‍ 9ന് ഇതുസംബന്ധിച്ച് സംസ്ഥാനം എഫ്.സി.ഐക്കു കത്തുനല്‍കുകയും ചെയ്തു. ജൂണ്‍ 12 ന് എഫ്.സി.ഐ സംസ്ഥാനത്തിന് നല്‍കിയ മറുപടിയില്‍ ആവശ്യമായ അരി കണ്ടെത്താനുള്ള നടപടി സ്വീകരിക്കാമെന്ന അനുകൂല നിലപാടും വ്യക്തമാക്കി.

എന്നാല്‍, പിന്നീടാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. ജൂണ്‍ 13ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി എഫ്.സി.ഐ ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയരക്ടര്‍ക്ക് അയച്ച കത്തിലൂടെ ഒ.എം.എസ്.എസ് പദ്ധതി പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള അരി വിതരണം നിര്‍ത്തിവയ്ക്കാനാവശ്യപ്പെട്ടു. കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ അടിയന്തര നിര്‍ദേശം ലഭിച്ചതിന് പിന്നാലെ കര്‍ണാടകത്തിന് അധിക അരി വിതരണം ചെയ്യാനാകില്ലെന്ന് എഫ്.സി.ഐ അറിയിച്ചു.

ഓപണ്‍ മാര്‍ക്കറ്റ് സെയില്‍ സ്‌കീം നിര്‍ത്താലാക്കാനുള്ള ഉത്തരവില്‍ പക്ഷേ, വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും കലാപ ബാധിത പ്രദേശങ്ങള്‍ക്കും പ്രകൃതിക്ഷോഭം നേരിടുന്ന സംസ്ഥാനങ്ങള്‍ക്കും അരി വിതരണം തുടരാമെന്നും നിര്‍ദേശിക്കുന്നുണ്ട്. എന്തായാലും കര്‍ണാടകയിലെ ഭരണമാറ്റത്തിനു പിന്നാലെ കേന്ദ്രം ഒ.എം.എസ്.എസ് പദ്ധതി പ്രകാരമുള്ള ആനുകൂല്യം കൂടി സംസ്ഥാനങ്ങള്‍ക്ക് നിഷേധിക്കുകയാണെന്ന കടുത്ത ആരോപണം പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ചു.


4.45 ലക്ഷം മെട്രിക് ടണ്‍ അരിയാണ് അന്നഭാഗ്യ പദ്ധതിക്കായി കര്‍ണാടകത്തിന് ആവശ്യമായിട്ടുള്ളത്. നിലവില്‍ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം കര്‍ണാടകത്തിന് 2.17 ലക്ഷം മെട്രിക് ടണ്‍ അരി എഫ്.സി.ഐ വഴി ലഭിക്കാനുള്ള അര്‍ഹതയുണ്ട്. കേന്ദ്രം അരി തരില്ലെന്ന് വ്യക്തമാക്കിയതോടെ ഇതു കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് സിദ്ധരാമയ്യ സര്‍ക്കാര്‍. അയല്‍ സംസ്ഥാനമായ തെലങ്കാന അരി നല്‍കുമെന്ന പ്രതീക്ഷയിലാണ് കര്‍ണാടക ചന്ദ്രശേഖര റാവുവിനെ സമീപിച്ചത്. എന്നാല്‍ റാവു അരിയില്ലെന്ന മറുപടിയാണ് നല്‍കിയത്. ആസന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ റാവുവിന്റെ എതിരാളി കോണ്‍ഗ്രസാണ്.

ഭരണവിരുദ്ധ വികാരം ആളിക്കത്തിച്ച് റാവുവിനെതിരേ പടയൊരുക്കത്തിലാണ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്. കര്‍ണാടകയ്ക്ക് സമാനമായ ഗ്യാരൻ്റി കാര്‍ഡുമായി വരുമെന്ന് രാഹുലും പ്രിയങ്കയും പറഞ്ഞുകഴിഞ്ഞു. അതിര്‍ത്തി പങ്കിടുന്ന ആന്ധ്രയോടും സിദ്ധരാമയ്യ അരി ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന ചത്തീസ്ഗഡ് അരി നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും കടത്തുകൂലിയാണ് കര്‍ണാടകത്തെ കുഴയ്ക്കുന്നത്. ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന പഞ്ചാബില്‍നിന്ന് അരി എത്തിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

കേന്ദ്ര നിയന്ത്രണത്തിലെങ്കിലും നാഷണല്‍ കണ്‍സ്യൂമര്‍ കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍, നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍, കേന്ദ്ര വെയര്‍ഹൗസിങ് കോര്‍പറേഷന്‍ എന്നിവയുമായി ബന്ധപ്പെട്ടും അരി ലഭ്യമാക്കാനുള്ള നീക്കം കര്‍ണാടക സജീവമാക്കിയിട്ടുണ്ട്.
അതിനിടെ സംസ്ഥാനത്തെ സ്വകാര്യ അരിമില്ലുടമകള്‍ അന്നഭാഗ്യ പദ്ധതിയിലേക്കുള്ള അരി നല്‍കാനുള്ള സന്നദ്ധത സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ പൊതുവിപണയിലെ വില കൊടുത്ത് അരി വാങ്ങുന്നത് വലിയ സാമ്പത്തിക ബാധ്യതയാകുമെന്നതിനാല്‍ ഈ നിര്‍ദേശത്തോട് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

പദ്ധതി നേരത്തെ നിശ്ചയിച്ച തീയതി മുതല്‍ ആരംഭിക്കാന്‍ തന്നെയാണ് സിദ്ധരാമയ്യ സര്‍ക്കാരിന്റെ മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. തുടക്കത്തില്‍ അരി ലഭ്യത കുറയുകയാണെങ്കില്‍ റാഗി, ഗോതമ്പ് തുടങ്ങിയ മറ്റ് ധാന്യങ്ങള്‍ നിശ്ചിത കാലത്തേക്ക് വിതരണം ചെയ്യാനുള്ള ആലോചനയും സര്‍ക്കാരിന്റെ ഭാഗത്തുണ്ട്.
അന്നഭാഗ്യയുടെ പേരില്‍ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തര്‍ക്കത്തിനിടെ കോണ്‍ഗ്രസും ബി.ജെ.പിയും വിഷയം രാഷ്ട്രീയ പോരിന് കാരണമാക്കി. അരി നിഷേധിക്കുന്ന കേന്ദ്ര സമീപനത്തിനെതിരേ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചു.

ബംഗളൂരുവില്‍ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ തന്നെ കേന്ദ്രത്തിന്റെ അരി നിഷേധത്തിനെതിരേ പ്ലക്കാര്‍ഡുമായി കുത്തിയിരുന്നു.
സംസ്ഥാനത്തെ പാവങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള അരി നിഷേധിക്കുന്നത് ക്രൂരതയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറയുന്നു. ഔദാര്യമല്ല, സംസ്ഥാനത്തിന്റെ അവകാശമാണ് തങ്ങള്‍ ചോദിക്കുന്നതെന്നും, ഫെഡറല്‍ തത്വങ്ങളെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തില്‍ മൗനം വെടിയണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. എന്തായാലും അരിയില്‍ കൈ പൊള്ളുമെന്ന് മുന്‍കൂട്ടി കണ്ട ബി.ജെ.പി ഒരു മുഴം മുമ്പെ എറിയാന്‍ തുടങ്ങിയിട്ടുണ്ട്. അരിയുടെ ലഭ്യതയെക്കുറിച്ച് പഠിക്കാതെയാണ് കോണ്‍ഗ്രസ് അന്നഭാഗ്യ പദ്ധതി പ്രഖ്യാപിച്ചതെന്നും സ്വന്തം നിലയ്ക്ക് അരി കണ്ടെത്താന്‍ കഴിയാത്തതിന് കേന്ദ്രത്തെ പ്രതികൂട്ടില്‍ നിര്‍ത്തേണ്ടതില്ലെന്നുമാണ് ബി.ജെ.പി നേതൃത്വം പറയുന്നത്.


വ്യാജ വാര്‍ത്തകളുടെ വിളനിലം

ഭരണമാറ്റമുണ്ടായതോടെ കര്‍ണാടകയില്‍ വ്യാജ വാര്‍ത്തകളുടെ കുത്തൊഴുക്കാണ്. സമൂഹമാധ്യമങ്ങള്‍ വഴി തലങ്ങും വിലങ്ങും വിദ്വേഷത്തിന്റെയും അക്രമപ്രേരണയുടെയും തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുന്നതുമായ വ്യാജ സന്ദേശങ്ങളും വ്യാജ ദൃശ്യങ്ങളും പ്രചരിക്കുകയാണ്. സമൂഹത്തിന്റെ ക്രമസമാധാന പാലനം ഉറപ്പുവരുത്തേണ്ടവര്‍ ബോംബിനേക്കാള്‍ ഭയക്കുന്നത് വ്യാജ വാര്‍ത്തകളെയാണെന്ന് സമീപ ദിവസങ്ങളിലെ കര്‍ണാടക കാഴ്ചകള്‍ വ്യക്തമാക്കുന്നു.
കര്‍ണാടകയില്‍ സമൂഹമാധ്യമങ്ങളിലൂടെ വരുന്ന വ്യാജ വാര്‍ത്തകള്‍ പ്രധാനമായും മൂന്ന് ഗണത്തില്‍ പെടുത്താവുന്നവയാണ്.

ഒന്ന്-സര്‍ക്കാരിനും കോണ്‍ഗ്രസിനും എതിരായിട്ടുള്ളത്. രണ്ടാമത്തേത്, വിവിധ മതവിഭാഗങ്ങളില്‍ വിദ്വേഷം ജനിപ്പിക്കാനും സ്പര്‍ധ ഉണ്ടാക്കാനും ലക്ഷ്യമിട്ടുള്ളത്. മുന്നാമത്തേതാവട്ടെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുകൊണ്ടാണ്. കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇത് ഒട്ടും ദഹിക്കാത്തവരാണ് സര്‍ക്കാര്‍വിരുദ്ധ വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നത്. ആലോചനയില്‍ പോലുമില്ലാത്ത കാര്യങ്ങളും നടപടികളും നടപ്പാക്കിയെന്ന തരത്തിലുള്ള ഒട്ടേറെ വ്യാജ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ചില ജനവിരുദ്ധ-ജനാധിപത്യ വിരുദ്ധ നിയമങ്ങളും നടപടികളും പിന്‍വലിക്കാനോ റദ്ദാക്കാനോ ഉള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് പിന്നാലെ ചില മതവിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണങ്ങളും സമൂഹമാധ്യമങ്ങള്‍ വഴി സജീവമായിട്ടുണ്ട്.

മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കാനുള്ള തീരുമാനം വന്നതിന് പിന്നാലെ തീര്‍ത്തും വര്‍ഗീയമായ പ്രചാരണങ്ങളാണ് ചില കേന്ദ്രങ്ങള്‍ സംഘടിമായി നടത്തുന്നത്. സംസ്ഥാനത്ത് അധികാരമാറ്റമുണ്ടായതോടെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചാരണത്തിനും സമൂഹമാധ്യമങ്ങളില്‍ വേലിയേറ്റമാണ്.
പെരും നുണകള്‍ പടച്ചുവിടാനായി പ്രത്യേക ദൗത്യസംഘങ്ങളെ ചില കേന്ദ്രങ്ങള്‍ ഒരുക്കിയതായാണ് രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് ചെയ്തത്. ലക്ഷ്യം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പാണത്ര.

തെന്നിന്ത്യയിലെ പ്രവേശന കവാടം അടഞ്ഞുപോയ സംഘ്പരിവാർ തങ്ങളുടെ പതിവ് പ്രചാരണ തന്ത്രത്തിലൂടെ പിടിച്ചുനില്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വ്യാജ വാര്‍ത്തളും തെറ്റായ വിവരങ്ങളും ഉത്ഭവിക്കുന്നത് സംഘകേന്ദ്രവുമായി ബന്ധപ്പെട്ട കണ്ണികളില്‍ നിന്നാണെന്ന് ഇതിനകം രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. വര്‍ഗീയ സംഘര്‍ഷം, അക്രമം തുടങ്ങിയ കുത്സിത പ്രവൃത്തികളാണ് വ്യാജ പ്രചാരകരുടെ പ്രഭവകേന്ദ്രങ്ങളില്‍ രൂപപ്പെടുന്നത്.

എന്തായാലും വ്യാജന്‍മാരെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ആഭ്യന്തര വകുപ്പിന് ലഭിച്ചതിനാലാവണം കര്‍ശന നടപടിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടത്. കോണ്‍ഗ്രസ് ഭരണകാലത്ത് 2015ല്‍ പൊലീസ് ജില്ലാ ആസ്ഥാനങ്ങളില്‍ രൂപീകരിച്ച ഫാക്ട ചെക് ഡെസ്‌ക് വീണ്ടും പുനരാരംഭിക്കാന്‍ ആഭ്യന്തര വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നേരത്തെ വ്യാജവാര്‍ത്തകളും സംഘടിതമായ സമൂഹമാധ്യമ ആസൂത്രണങ്ങളും കണ്ടെത്തി നടപടി സ്വീകരിച്ച ഫാക്ട ചെക് ഡെസ്‌ക് സംവിധാനം ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് നിര്‍ത്തലാക്കിയത്.

Content Highlights:Today’s Article About karnataka rice issue

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.