2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഹജ്ജ്: സ്മൃതികളിലേക്കുള്ള തിരിച്ചുനടത്തം

കെ.സൈനുൽ ആബിദീൻ സഫാരി

എത്ര തവണ വിദേശത്ത് പോയെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല. ഹജ്ജിനുവേണ്ടി ഒരുങ്ങുമ്പോള്‍ എന്നെ യാത്ര അയക്കാന്‍ വീട്ടിലും മറ്റു ഇടങ്ങളിലുമായി ആളുകൾ വന്നതിനും പ്രാര്‍ഥിച്ചതിനും കൈയുംകണക്കുമില്ല. ഹജ്ജിന് തയാറെടുക്കുമ്പോൾ പലതരം ചിന്തകളാണ് മനസിലൂടെ കടന്നുപോയത്. വിശ്വാസിയെ ഏറ്റവും പ്രലോഭിപ്പിക്കുന്ന ആരാധനാകര്‍മമാണിത്.


ഭാവതീവ്രമായ അനുഭവത്തിന്റെ നിരവധി തലങ്ങള്‍ ഹജ്ജിനുണ്ട്. ഒരേ അടിത്തറയില്‍നിന്ന് പല ആസ്വാദനങ്ങള്‍ ഇത് സാധ്യമാക്കുന്നു. സൗന്ദര്യത്തിന്റെ മഹാ ആവിഷ്‌കാരമാണ് ഹജ്ജ്. അതുകൊണ്ടാണ് ഹജ്ജ് പിന്നെയും പിന്നെയും നിരവധി ആവിഷ്‌കാരങ്ങള്‍ക്ക് നിമിത്തമാവുന്നത്. ഹജ്ജ് യാത്രതന്നെ ഇബാദത്താണെന്ന് പണ്ഡിതന്മാരില്‍നിന്ന് മനസ്സിലാക്കുന്നു. അതുമായി എത്രയെത്ര നന്മകളാണ് ബന്ധപ്പെട്ട് പിറവിയെടുക്കുന്നത്.


മതകര്‍മമെന്ന നിലയിൽ യാത്ര സാധ്യമാവുന്നവര്‍ക്കാണ് ഹജ്ജ് നിര്‍ബന്ധമാവുന്നത്. പണം ഹജ്ജിന്റെ ഉപാധി എന്നതിനേക്കാള്‍ യാത്രയുടെ ഉപാധിയാണ്. ഹറമിന്റെ പരിസരത്തുള്ളവര്‍ക്ക് പണം ഉപാധിപോലും ആകുന്നില്ലല്ലോ.
ജീവിതത്തിന് ആറ്റിക്കുറുക്കിപ്പറയാവുന്ന രൂപകം യാത്രയാണ്. ജീവിത യാത്രയ്ക്കുള്ള വഴിയായാണ് എന്നും സത്യത്തെ കണ്ടുപോന്നിട്ടുള്ളത്. ഇസ്‌ലാം സത്യത്തിന്റെ വഴിയാണ്. രൂപകത്തിലെ യാത്ര സമയത്തിലൂടെയുള്ള യാത്രയാണ്. യഥാര്‍ഥ യാത്ര സ്ഥലത്തെ ഭേദിച്ച് കടന്നുപോവുന്നതാണ്. സ്ഥലം വിസ്തൃതിയാണ്; പരിമിതിയും. നിങ്ങള്‍ നിശ്ചലരായിരിക്കുമ്പോള്‍ അത് പരിമിതിയാണ്. യാത്ര ചെയ്യുമ്പോള്‍ വിസ്തൃതിയാണ്. യാത്ര പരിമിതിയുടെ ഉല്ലംഘനമാണ്.


ഹജ്ജ് ഇസ്‌ലാമിക സംസ്‌കൃതിക്കകത്തെ ഏക യാത്രയല്ല. യഥാര്‍ഥ യാത്രയുമല്ല. അത് പ്രതീകാത്മക യാത്രയാണ്. യാത്ര എന്ന നിലയിൽ അത് യഥാര്‍ഥമാണ്. ചരിത്രത്തിലെ നിരവധി യാത്രകളുടെ പുനരാവിഷ്‌കാരമാണ് ഹജ്ജ്.
പലായനങ്ങളും പുറപ്പാടുകളും നിറഞ്ഞതാണ് സത്യമതത്തിന്റെ സമര ചരിത്രം. അതിനും മുമ്പ് സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള പതനമെന്ന് പലരും തെറ്റിവിളിച്ച പരീക്ഷണ യാത്ര. മനുഷ്യന്റെ കര്‍മക്ഷേത്രത്തിലേക്കുള്ള കൂടുമാറ്റം. അന്നു തുടങ്ങിയ യാത്രകള്‍ ചെന്നവസാനിക്കേണ്ടത് അതേ സ്വര്‍ഗത്തില്‍ തന്നെയാണ്. സ്വര്‍ഗത്തിലേക്ക് നീളുന്ന യാത്രയില്‍ ജനസഞ്ചയത്തിലേക്ക് വന്ന പ്രവാചകൻ നൂഹ് നബിയുടെ സത്യത്തിന്റെ കപ്പലേറിയുള്ള യാത്ര വിശ്രുതമാണ്.

അതൊരു കപ്പല്‍ മാത്രമായിരുന്നില്ല. അസത്യത്തിനു മുകളില്‍ ഉയര്‍ത്തപ്പെട്ട കൊടിയായിരുന്നു. ഒരു യാനപാത്രംകൊണ്ട് അല്ലാഹു സത്യത്തെയും അസത്യത്തെയും വേര്‍തിരിച്ചു. അസത്യത്തെ തോല്‍പിച്ച് കുളിപ്പിച്ച് കിടത്തി.
യാത്രയിലൂടെ ആരംഭിച്ച സംസ്‌കൃതിയുടെ ചരിത്രം യാത്രകളിലൂടെ തന്നെയാണ് വികസിതമാവുന്നത്. മനുഷ്യകുലത്തെ ഖുര്‍ആന്‍ നൂഹിന്റെ ഒപ്പം കപ്പലില്‍ വഹിക്കപ്പെട്ടവരുടെ സന്തതിപരമ്പര എന്ന് പുനര്‍നിര്‍വചിക്കുന്നുണ്ട്. അവര്‍ ബനൂ ആദം- ആദമിന്റെ മക്കളാണ്. പിന്നെ ചരിത്രത്തിന്റെ അടുത്ത അടരില്‍ അവര്‍ നൂഹിനൊപ്പം കപ്പലില്‍ സഞ്ചരിച്ചവരുടെ സന്താനപരമ്പരയാണ്. ഒരു യാത്രകൊണ്ട് പുനര്‍നിര്‍വചിക്കപ്പെട്ടവരാണ് ഇന്നു കാണുന്ന മനുഷ്യരാശി.


ഇബ്റാഹീമിനു മുന്നിലും പിന്നിലുമായി എത്ര യാത്രകള്‍! സംസ്‌കാരത്തിന്റെ ഭാഗമായിത്തീര്‍ന്ന ഈ യാത്രകളെയെല്ലാം മൊത്തമായി പുനരാവിഷ്‌കരിക്കുകയാണ് ഹജ്ജ് ചെയ്യുന്നത്. ഇത് യാത്ര മാത്രമല്ല, നിരവധി യാത്രകളുടെ ഓര്‍മകളിലൂടെയുള്ള സഞ്ചാരംകൂടിയാണ്.
ഇസ്‌ലാമിക ചരിത്രത്തിലെ യാത്രകളുടെ കുലപതിയും ഇബ്റാഹീം തന്നെയാണ്. വീട്ടില്‍നിന്ന് നാട്ടിലേക്ക്. ഇബ്റാഹീമിന് ആദ്യം നഷ്ടപ്പെടുന്നത് സ്വന്തം വീടുതന്നെയാണ്. വീട് വിട്ട് നാട്ടില്‍ പാര്‍ത്തവനാണ് ഇബ്റാഹീം.

സത്യപ്രബോധനം ചെല്ലേണ്ടിടത്ത് ചെന്ന് തറച്ചപ്പോള്‍ നാടും ഉപേക്ഷിക്കേണ്ടിവന്നു. പത്നി ഹാജറയെയും മകൻ ഇസ്മാഈലിനെയും മരുഭൂമിയില്‍ ഉപേക്ഷിച്ച് മഹാ യാത്രയായി പരിണമിച്ച ആ ജീവിതം പിന്നെയും മുന്നോട്ടു പോവുകയായിരുന്നു. ഹാജറയും ഇസ്മാഈലും യാത്ര ചെയ്തെത്തിയതാണ് ഇവിടം. അതിൻ്റെ ഒാർമ പുതുക്കൽ കൂടിയാണ് ഹജ്ജിലൂടെ പുനർജനിക്കുന്നത്.

Content Highlights:Today’s Article About Hajj

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.