2023 September 28 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അഭിപ്രായസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്ന ഭരണകൂടം

പ്രണിത് പഥക്

മുൻ ട്വിറ്റർ സി.ഇ.ഒ ജാക്ക് ഡോർസിയുടെ വെളിപ്പെടുത്തൽ ഇന്ത്യയിൽ വൻ രാഷ്ട്രീയ കോളിളക്കങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ചില ട്വീറ്റുകൾ നീക്കം ചെയ്തില്ലെങ്കിൽ ഇന്ത്യയിൽ ട്വിറ്റർ നിരോധിക്കുമെന്നും ജീവനക്കാരുടെ വസതികളിൽ റെയ്ഡ് നടത്തുമെന്നും നരേന്ദ്രമോദി ഭരണകൂടം ഭീഷണിപ്പെടുത്തിയതായാണ് ഡോർസി വെളിപ്പെടുത്തിയത്. എന്നാൽ ഡോർസിയുടെ വെളിപ്പെടുത്തലുകളെ സർക്കാർ പൂർണമായും നിഷേധിച്ചു. ജാക്ക് ഡോർസിയുടെ വെളിപ്പെടുത്തലുകളുടെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്ത ഭരണകൂട അനുഭാവികൾ, ഇന്ത്യൻ സർക്കാരിനെതിരേയുള്ള ആഗോള ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ ഈ വെളിപ്പെടുത്തലെന്നും ആരോപിച്ചു.


എന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രത്യേക താൽപര്യമില്ലാത്ത ട്വിറ്റർ സ്ഥാപകരിലൊരാളായ ഡോർസിക്ക് ഈ വിഷയത്തിൽ നുണ പ്രചരിപ്പിക്കേണ്ടതില്ല. അതിനാൽ തന്നെ, ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകളെ ഗൗരവമായി തന്നെ ഇന്ത്യൻ പൗരസമൂഹം പരിഗണിക്കേണ്ടതുണ്ട്. കാരണം, ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വെളിപ്പെടുത്തൽ മോദി ഭരണകൂടത്തിനു കീഴിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ ജീർണാവസ്ഥയെ കുറിക്കുന്നതാണ്. ഈ ജനാധിപത്യ രാജ്യത്തിലെ അധികാരത്തെ ദുരുപയോഗപ്പെടുത്തിക്കൊണ്ട് അഭിപ്രായസ്വാതന്ത്ര്യവും സംഘടിക്കാനും പ്രതിഷേധിക്കാനും ഉള്ള അവകാശങ്ങളെയും ഇല്ലാതാക്കാനുള്ള മോദി ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കുള്ള പ്രത്യക്ഷതെളിവുകളാണിത്.


ഉത്തമ ജനാധിപത്യത്തിന്റെ ജീവരക്തമാണ് അഭിപ്രായസ്വാതന്ത്ര്യം. ജനാധിപത്യം തന്റെ പൗരന്മാർക്ക് നൽകുന്ന അവകാശങ്ങളിൽ ഏറ്റവും പരിശുദ്ധവും കേന്ദ്രസ്ഥാനം വഹിക്കുന്നതുമായ അവകാശം തന്നെയാണിത്. സാമൂഹിക പ്രശ്‌നങ്ങളിൽ ചിന്തിക്കാനും സംസാരിക്കാനും സാധിക്കുന്ന ശാക്തീകരിക്കപ്പെട്ട പൗരസമൂഹത്തെ വാർത്തെടുക്കുന്നതിനും അതുവഴി ഉത്തരവാദിത്വങ്ങളെക്കുറിച്ച് ഭരണകൂടത്തെ ബോധവൽക്കരിക്കാനും അഭിപ്രായസ്വാതന്ത്ര്യം അനിവാര്യമാണ്. അമേരിക്കൻ ഭരണഘടനയുടെ ആദ്യത്തെ നിയമഭേദഗതി തന്നെ അഭിപ്രായസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതു സംബന്ധിച്ചായിരുന്നു. അഥവാ, ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും അത്രമേൽ ബന്ധമുണ്ടെന്നർഥം. ഇന്ത്യൻ ഭരണഘടനയും പത്തൊമ്പതാം അനുച്ഛേദത്തിലൂടെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മൂല്യത്തെ ഉയർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.


എന്നാൽ ഇപ്പോൾ ജാക്ക് ഡോർസി വെളിപ്പെടുത്തിയത് ഇന്ത്യയിലെ വലിയൊരു വിഭാഗം അനുഭവിച്ചതോ തിരിച്ചറിഞ്ഞതോ ആയ വസ്തുതയാണ്. അഥവാ, ഒരു അടിസ്ഥാനവുമില്ലാതെ മോദി ഭരണകൂടം ഇന്ത്യയിലെ അഭിപ്രായസ്വാതന്ത്ര്യത്തിനു പലവിധത്തിലുള്ള വിഘ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പൊതുചർച്ചകൾ ട്വിറ്ററിൽ ഉരുത്തിരിയുകയും അതുവഴി മാറ്റങ്ങളുണ്ടാവുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നതെന്നിരിക്കേ ആ ഇടത്തെ അടിച്ചമർത്താനുള്ള, നിശബ്ദമാക്കാനുള്ള ഭരണകൂടശ്രമം അനുച്ഛേദം പത്തൊമ്പതിന്റെ ഗുരുതര ലംഘനം തന്നെയാണ്.

അനുദിനം സ്വേച്ഛാധികാര സ്വഭാവത്തിലേക്കു നീങ്ങുന്ന ഈ ഭരണകൂടം ഓരോ ഇന്ത്യൻ പൗരനും നിർഭയം അഭിപ്രായപ്രകടനം നടത്താനുള്ള സ്വാതന്ത്ര്യത്തെയാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. വെറും രാഷ്ട്രീയ ലാഭങ്ങൾക്കു വേണ്ടി ലജ്ജയില്ലാതെ അധികാരത്തെ ദുർവിനിയോഗിക്കുന്ന ഭരണകൂട നീക്കത്തെക്കുറിച്ചാണ് ഡോർസി പറഞ്ഞത്. ഒരു ജനാധിപത്യ രാജ്യത്തിലെ നിയമത്തെയും അധികാരത്തെയും സമൂഹക്ഷേമത്തിനു വേണ്ടി പ്രയോഗിക്കാതെ ജനങ്ങളുടെ ക്ഷേമത്തെയും ജനശബ്ദത്തെയും ഇല്ലാതാക്കാൻ വേണ്ടി പ്രയോഗിക്കുന്നതാണ് നമുക്കിവിടെ കാണാൻ സാധിക്കുക.

ഇതുവഴി ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ നിയമസാധുതയേയും വിശ്വാസ്യതയേയുമാണ് ഈ സർക്കാർ വെല്ലുവിളിക്കുന്നത്. കാരണം, ഒരു ഗുണ്ടാസംഘത്തെ പോലെ അവർക്കെതിരേ സംസാരിക്കുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാൻ ശ്രമിക്കുന്ന മാർഗമാണ് ഈ ഭരണകൂടവും സ്വീകരിച്ചിരിക്കുന്നത്.
അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന ഭരണകൂടങ്ങളിൽ നിന്നുള്ള അനുഭവത്തെപ്പറ്റി ചോദിച്ചപ്പോൾ മുൻ ട്വിറ്റർ സി.ഇ.ഒയുടെ മനസ്സിൽ ആദ്യം ഉദിച്ച പേര് ഇന്ത്യയുടേതാണെങ്കിൽ എത്ര അപമാനകരമാണ് ആ അവസ്ഥ? ബി.ജെ.പി പറയുന്നതുപോലെ ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെങ്കിൽ അഭിപ്രായസ്വാതന്ത്ര്യം അടിച്ചമർത്തുന്ന രാജ്യമെന്ന ഖ്യാതി ഈ രാജ്യത്തിനൊരിക്കലും ഉണ്ടാവാൻ പാടില്ല.

രാഷ്ട്രീയ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന മോദി ഭരണകൂടത്തെക്കുറിച്ചു കൂടെയാണ് ഡോർസി വെളിപ്പെടുത്തിയിരിക്കുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന പല രാഷ്ട്രീയ അവകാശങ്ങളെയും ഉപയോഗിച്ച് രാഷ്ട്രീയശാക്തീകരണത്തിനു ശ്രമിച്ച കർഷകരുടെ രാഷ്ട്രീയ അവകാശങ്ങളെ ഇല്ലാതാക്കാനാണ് ഇവിടുത്തെ ഭരണകൂടം ശ്രമിച്ചത്. സർക്കാരിനെ വിമർശിക്കുന്ന ശബ്ദങ്ങളെയെല്ലാം നിശബ്ദമാക്കാൻ ശ്രമിക്കുന്ന ഭരണകൂടം ഇതെല്ലാം അറിയാനും മനസ്സിലാക്കാനുമുള്ള പൊതുസമൂഹത്തിന്റെ അവകാശത്തെയും നുള്ളിക്കളയുകയാണ്.


ഇവയെല്ലാം കണക്കിലെടുത്തുകൊണ്ട് ജാക്ക് ഡോർസിയുടെ വെളിപ്പെടുത്തലുകളെ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത് അദ്ദേഹം പറഞ്ഞതിനെയൊന്നും അപ്രസക്തമായി കണ്ടുകൂടാ എന്നാണ്. ജനാധിപത്യത്തിനെതിരേ ഉയരുന്ന ഭരണകൂടത്തിന്റെ അധികാര ദുർവിനിയോഗത്തെ നിയന്ത്രിക്കാനും പൗരസമൂഹത്തെ രാഷ്ട്രീയമായി ശാക്തീകരിക്കാനും ശക്തമായ രൂപരേഖ ഉണ്ടാവണം.
സമൂഹമാധ്യമങ്ങളിലെ അഭിപ്രായപ്രകടനങ്ങളെയും മറ്റും അടിച്ചമർത്താനും ഇല്ലാതാക്കാനും സർക്കാർ ഇടപെട്ട ഓരോ സംഭവവും പശ്ചാത്തലവും സുതാര്യ പ്രമാണപത്രമായി അവതരിപ്പിക്കണം. അഭിപ്രായസ്വാതന്ത്ര്യവും രാഷ്ട്രീയമുന്നേറ്റങ്ങളും ഇല്ലാതാക്കാൻ ശ്രമിക്കുന്ന അപകടകരമായ പ്രവണതയെ പരിശോധിക്കാൻ സംയുക്ത പാർലമെന്ററി കമ്മിറ്റിയെ നിയോഗിക്കേണ്ടതുണ്ട്.

അധികാരദുർവിനിയോഗ നടപടികളെയെല്ലാം ഈ കമ്മിറ്റി പരിശോധിക്കുകയും തടയുകയും വേണം. സമൂഹമാധ്യമങ്ങളിലെ അഭിപ്രായസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നടപടികൾക്കെതിരേ സംരക്ഷണം കൊണ്ടുവരികയും ആ മേഖലയിലെ സർക്കാരിന്റെ ഇടപെടലുകളെ സസൂക്ഷ്മം നിരീക്ഷിക്കുകയും വേണം. കൂടാതെ, അമേരിക്കയിലേതിനു സമാനമായി, സമൂഹമാധ്യമ ഇടങ്ങളിൽ അധികാര ഇടപെടൽ നടത്താനുള്ള ഭരണകൂട ശ്രമങ്ങൾ ആദ്യം നീതിന്യായവ്യവസ്ഥ അംഗീകരിക്കണം. ഉദ്യോഗസ്ഥവൃന്ദത്തെ ഉപയോഗിച്ചുള്ള അധികാര ദുർവിനിയോഗത്തെ നേരിടാൻ ഈ മാർഗ്ഗം ഫലപ്രദമായിരിക്കും. കൂടാതെ, ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വെളിപ്പെടുത്തലുകൾ സുപ്രിംകോടതി പരിശോധിക്കണം.

കാരണം, ഡോർസി ആരോപിച്ചതിനു സമാനമായി സർക്കാരിൽ നിന്ന് ഈ സമൂഹമാധ്യമ ഇടത്തിനു ഭീഷണി നേരിട്ടിട്ടുണ്ടെങ്കിൽ അത് പത്തൊമ്പതാം അനുച്ഛേദത്തിന്റെ പ്രത്യക്ഷലംഘനമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണം ജനാധിപത്യത്തിനെതിരേയുള്ള ആക്രമണമാണ്. അത്തരമൊരു ആക്രമണത്തെ നേരിടുന്നതിനായി ജനങ്ങളും മറ്റെല്ലാ സ്ഥാപനങ്ങളും ഐക്യപ്പെടേണ്ടതുണ്ട്.
(കടപ്പാട്: ദ വയർ)

Content Highlights:today’s article about freedom of speech

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.