2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രാജ്യം വരൾച്ചയുടെ പടിവാതിലിലോ?

ഡോ. അബേഷ് രഘുവരൻ

താളം തെറ്റിയ കാലാവസ്ഥയും ഋതുക്കളും മൂലം മഴയുടെയും വേനലിന്റെയും വരവും പോക്കും പ്രവചനാതീതമായി തുടരുമ്പോൾ ഇന്ത്യ ഇതുവരെ കാണാത്ത വരൾച്ചയിലേക്ക് നീങ്ങുന്നു എന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ കാലാവസ്ഥാവകുപ്പിന്റെ ഏറ്റവും പുതിയ ഡേറ്റ പ്രകാരം ജൂൺ-ഒാഗസ്റ്റ് മാസങ്ങളിൽ കിട്ടിയ മഴ സാധാരണ ലഭിക്കുന്നതിനേക്കാൾ 42 ശതമാനം കുറവാണെന്നാണ് സൂചിപ്പിക്കുന്നത്. ഒാഗസ്റ്റിൽ മാത്രം 32 ശതമാനം മഴ കുറഞ്ഞപ്പോൾ തെക്കൻ സംസ്ഥാനങ്ങളിൽ അത് 62 ശതമാനമാണ്. കഴിഞ്ഞ 122 വർഷങ്ങൾക്കിടയിൽ, അതായത് 1901 മുതലുള്ള കാലങ്ങളിൽ ഇക്കഴിഞ്ഞ ഒാഗസ്റ്റാണ് ഏറ്റവും കുറഞ്ഞ മഴലഭിച്ച ഒാഗസ്റ്റ് മാസം എന്നതും ഒരർഥത്തിൽ ഞെട്ടിപ്പിക്കുന്ന വിവരമാണ്. ഇതൊക്കെ വെറും കണക്കായി ഒതുങ്ങേണ്ട വിഷയമല്ല. കൃത്യമായ പരിഹാരങ്ങൾക്കായി ശ്രമം തുടങ്ങിയില്ലെങ്കിൽ നമ്മെ കാത്തിരിക്കുന്നത് മാധ്യമങ്ങളിലൂടെ കണ്ടിരിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിലെപ്പോലെയുള്ള കൊടും വരൾച്ചയുടെ നാളുകളായിരിക്കും.


കേരളത്തിന്റെ കാര്യം പരിശോധിക്കുമ്പോളും സ്ഥിതി അത്ര ആശാവഹമല്ല. കേരളത്തിലെ ഒാഗസ്റ്റ് മാസം വരെയുള്ള മഴയുടെ ലഭ്യതയിൽ 45 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം ജില്ലകൾ ആണ് മഴലഭ്യതയിൽ ഏറ്റവും പിറകിൽ. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട എന്നീ ജില്ലകൾ ഒഴികെയുള്ള ജില്ലകളും കടുത്ത വരൾച്ചയാണ് അഭിമുഖീകരിക്കാൻ പോകുന്നത്. സെപ്റ്റംബറിൽ ഈ ദിവസം വരെയും മഴ കാര്യമായി ലഭിച്ചിട്ടില്ല. ഇനിയും ഈ നിലതന്നെ തുടരുകയാണെങ്കിൽ കേരളം വലിയ വരൾച്ചയെ അഭിമുഖീകരിക്കേണ്ടിവരും എന്നാണ് സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്‌മെന്റ് (CWRDM) മുന്നറിയിപ്പ് നൽകുന്നത്.


ജലവിഭവത്തിലും ജലലഭ്യതയിലും ലോകത്തുതന്നെ ഒന്നാമതായി നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ കഴിഞ്ഞകുറെ കാലങ്ങളായി കാലാവസ്ഥാവ്യതിയാനവും വ്യാവസായിക, കാർഷിക രീതികളിൽ വന്ന മാറ്റങ്ങളും ജലവിഭവത്തിൽ വലിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. 1,121 ബില്യൻ ക്യൂബിക് മീറ്ററാണ് ഇന്ത്യയിലെ ഒരുവർഷത്തെ ജലത്തിന്റെ ആവശ്യം. 2050 ആവുന്നതോടെ ഇത് 1,447 ബില്യൻ ക്യൂബിക് മീറ്ററാവുമെന്നാണ് പഠനങ്ങൾ. എന്നാൽ ആവശ്യത്തിനനുസരിച്ചു മഴയുടെ ലഭ്യത ഉണ്ടാകുന്നില്ല. ഓരോ വർഷം കഴിയുന്തോറും മഴയുടെ ലഭ്യത ക്രമാതീതമായി കുറയുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. അങ്ങനെ നോക്കുമ്പോൾ അടുത്ത പത്തുവർഷത്തിനകം ഇന്ത്യ വലിയ വരൾച്ച നേരിടാൻ പോകുന്നു എന്നാണ് കണക്കാക്കേണ്ടത്.


മഴയുടെ ലഭ്യതക്കുറവിനൊപ്പം അന്തരീക്ഷ ഊഷ്‌മാവ്‌ ഉയരുന്നതും വെല്ലുവിളിയാണ്. അന്തരീക്ഷ ഊഷ്മാവ് കൂടുന്നതിന്റെ കാരണങ്ങളിലേക്ക് നോക്കിയാൽ വലിയ പഠനങ്ങളുടെ ആവശ്യം ഉണ്ടാവേണ്ടതില്ല. കേട്ടുപഴകിയ ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ഒക്കെത്തന്നെയാണ് കാരണങ്ങളെങ്കിലും അതിന്റെ പരിഹാരമാർഗങ്ങൾ നടപ്പാക്കുന്ന കാര്യത്തിൽ നമ്മുടെ ഇടപെടലുകൾ ഇന്നും പേരിനുമാത്രമായി തുടരുകയാണ്. ഫലമോ, ഓരോ വർഷങ്ങൾ കഴിയുന്തോറും ചൂട് കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഹരിതഗൃഹവാതകങ്ങളുടെ ബാഹുല്യം, വനനശീകരണം എന്നിങ്ങനെ വിവിധങ്ങളായ കാരണങ്ങൾമൂലം ആഗോളതലത്തിൽ താപനില ഉയരുന്നുണ്ട്. അതൊരു ആഗോളപ്രതിഭാസം ആണെങ്കിലും അതിന്റെ ബഹിർസ്ഫുരണങ്ങൾ ഓരോ പ്രദേശത്തും ഉണ്ടാവുന്നുണ്ട്.


കഴിഞ്ഞ കുറെയേറെ വർഷങ്ങൾ കണക്കിലെടുത്താൽ ഓരോ വർഷം കഴിയുന്തോറും അന്തരീക്ഷത്തിലെ താപനില ഉയർന്നുവരുന്ന രീതിയാണ് കാണാനാവുന്നത്. ആ രീതി ഇനിയുള്ള വർഷങ്ങളിലും കൂടിക്കൂടി വരാൻ തന്നെയാണ് സാധ്യതയും. ആഗോളതലത്തിൽ ഭൂമിക്കും അന്തരീക്ഷത്തിനുമൊക്കെ മാറ്റങ്ങൾ സംഭവിക്കുമ്പോൾ അത് പ്രതിഫലിക്കുന്നത് കൂടുതലായും താപനിലയിലാണ്. മേൽസൂചിപ്പിച്ചതരത്തിൽ ഹരിതഗൃഹവാതകങ്ങളുടെ അളവിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്.

വനനശീകരണമാണെങ്കിൽ ഒരു നിയന്ത്രണവുമില്ലാതെ തുടർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈയവസരത്തിൽ ആഗോളതലത്തിലെ കാലാവസ്ഥാമാറ്റത്തെ ഉൾക്കൊള്ളേണ്ടിവരുന്നതാണ് ഇപ്പോൾ അധികമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ചൂടിന്റെ ഒരു കാരണം. വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതും അന്തരീക്ഷത്തിൽ ചൂട് വർധിക്കുവാനും ചൂട് അവിടെത്തന്നെ നിലനിന്നുകൊണ്ട് ഹരിതഗൃഹപ്രഭാവം സംഭവിക്കുവാനും കാരണമാകുന്നു.
മഴലഭ്യതയിലുള്ള കുറവ് മാത്രമല്ല വരൾച്ചയിലേക്ക് നയിക്കുന്നത്. നമുക്കുള്ള ടാങ്കുകളും കുളങ്ങളും മറ്റു ജലാശയങ്ങളുമൊക്കെ വർഷംതോറും മൂടപ്പെടുകയും നികത്തപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇതുമൂലം മഴ ലഭിക്കുന്ന അവസരങ്ങളിൽ അത് മണ്ണിലേക്ക് ഇറക്കിവിടുവാനും ഭൂഗർഭജലത്തിന്റെ അളവ് അതുപോലെ നിലനിർത്താനും കഴിയുന്നില്ല. മഴക്കുഴികൾ പോലും ഉണ്ടാക്കി അത്തരത്തിൽ ജലം സംരക്ഷിക്കാൻ ശ്രമങ്ങൾ ഉണ്ടാകുന്നില്ല എന്നതും പ്രധാന പ്രശ്‌നമാണ്. കാലാവസ്ഥാവ്യതിയാനം മൂലം മഴ ലഭ്യമാകുന്ന ദിനങ്ങളിൽ വന്നിരിക്കുന്ന കുറവും വരൾച്ചയ്ക്ക് ആക്കം കൂട്ടിയേക്കാം എന്ന് ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ളൈമറ്റ് ചേഞ്ച് (IPCC) മുന്നറിയിപ്പ് നൽകുന്നു.


ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട 150 ജലാശയങ്ങളിലെ ജലത്തിന്റെ അളവ് കഴിഞ്ഞ വർഷത്തേക്കാൾ 23 ശതമാനത്തോളം കുറവാണ് എന്നാണ് കേന്ദ്ര ജല കമ്മിഷന്റെ പഠനം പറയുന്നത്. നദി, ടാങ്കുകൾ, കുളങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യയിൽ ഏകദേശം ആറേമുക്കാൽ ലക്ഷത്തോളം ജലസംഭരണികൾ ഉണ്ടെന്നാണ് കണക്കുകൾ. ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ജലാശയങ്ങളുള്ളത്. ഇവിടങ്ങളിലൊക്കെ കഴിഞ്ഞ വർഷങ്ങളിൽ കുളങ്ങളുടെയും ടാങ്കുകളുടെയും എണ്ണത്തിൽ വലിയ കുറവുകൾ വന്നിട്ടുണ്ട്. അവയൊക്കെ വീണ്ടും ജലാശയങ്ങളായി മാറിയാൽ മാത്രമേ ഈ പ്രശ്‌നങ്ങൾക്ക് കുറച്ചെങ്കിലും പരിഹാരമാകൂ. ഇ വർഷം നടത്തിയ ജലാശയങ്ങളുടെ സെൻസസിൽ രാജ്യത്തെ 38,486 ജലാശയങ്ങൾ നികത്തപ്പെട്ടു എന്ന് കണ്ടെത്തിയിട്ടുണ്ട്.

ജലലഭ്യതയിലെ കുറവിന് മഴയെയും കാലാവസ്ഥാ വ്യതിയാനത്തെയും പഴിചാരുമ്പോൾ ഇത്തരത്തിൽ ജലാശയങ്ങൾ നശിപ്പിക്കുന്നതിന്റെ കാരണക്കാർ നാം തന്നെയെന്ന് മനസ്സിലാക്കി അതിനുള്ള പരിഹാരങ്ങളിലേക്ക് കടന്നില്ലെങ്കിൽ ഇത് പരിഹാരമില്ലാത്ത പ്രശ്‌നമായി ഭാവിയിൽ ഉയർന്നുവരികതന്നെ ചെയ്യും.
മാറിയ കാലാവസ്ഥാസാഹചര്യത്തിൽ ജലം വലിയ നിലയിൽ തന്നെ സംരക്ഷിക്കേണ്ടതുണ്ട്.

ഉപയോഗിക്കപ്പെടുന്ന ജലത്തിന്റെ 85 ശതമാനവും കൃഷിയാവശ്യത്തിനായാണ് നാം ഉപയോഗിക്കുന്നത്. ജലം കൂടുതലായി ആവശ്യം വരുന്ന നെല്ല്, കരിമ്പ്, ഫലങ്ങൾ എന്നിവയുടെ കൃഷിയ്ക്കായി ആധുനികമായ രീതികൾ അവലംബിച്ചുകൊണ്ട് ജലത്തിന്റെ ഉപയോഗം ക്രമീകരിക്കേണ്ടതുണ്ട്. ഡ്രിപ്പ്, സ്പ്ലിൻക്ലർ എന്നീ ജലസേചനരീതികൾ അവലംബിക്കുകയും പ്രിസിഷൻ കൃഷിയെ പ്രോത്സാഹിപ്പിക്കുകയും വേണം. ഇതുവഴി ഏകദേശം പകുതിയോളം ജലം സംരക്ഷിക്കുവാനും എന്നാൽ സാധാരണ രീതിയെക്കാൾ കൂടുതൽ വിളവ് ഉണ്ടാക്കുവാനും കഴിയും.


ജലം ഇന്ന് വിലപിടിച്ച ഉപഭോഗവസ്‌തുവായി മാറിയിരിക്കുന്നു. 2018ൽ ദക്ഷിണാഫ്രിക്കയിൽ ഉണ്ടായ കഠിന വരൾച്ചയിൽ വ്യക്തിക്ക്‌ ഒരുദിവസം ഉപയോഗിക്കാൻ 25 ലിറ്റർ വെള്ളം മാത്രമായി കടുത്ത നിയന്ത്രണം നിശ്ചയിച്ചിരുന്നു. ഇൗ അവസ്ഥയിൽ നിന്ന് ഏറെ ഭിന്നമല്ല ഇന്ത്യയിലെ കാര്യം. അല്ലെങ്കിൽ ഭാവിയിൽ ഇന്ത്യ നീങ്ങാൻ പോകുന്നത് അത്തരമൊരു അവസ്ഥയിലേക്കാണ്.

യുദ്ധകാലാടിസ്ഥാനത്തിൽ ജലം സംരക്ഷിക്കുവാനുള്ള ശ്രമങ്ങൾ സ്വീകരിച്ചില്ലെങ്കിൽ ഭയപ്പെടുത്തലിനപ്പുറം നിലനിൽപ്പുപോലും അവതാളത്തിലാവുന്ന സാഹചര്യത്തിലേക്ക് എത്തുമെന്ന കാര്യത്തിൽ സംശയമില്ല.

(കൊച്ചി സർവകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)

Content Highlights:Today’s Article About drought


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.