2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഡോവൽ സിദ്ധാന്തവും ദേശസുരക്ഷയും

ആകാർ പട്ടേൽ

പൗരന്മാർക്ക് സംരക്ഷണവും പ്രതിരോധവും പ്രദാനം ചെയ്യാനും ആക്രമണ ഭീഷണികളെയും സംഘർഷങ്ങളെയും സ്വയം പ്രതിരോധിക്കാനുമുള്ള രാഷ്ട്രത്തിന്റെ കഴിവാണ് പൊതുവെ ദേശസുരക്ഷ എന്നതുകൊണ്ട് അർഥമാക്കുന്നത്. എന്നാൽ നവ ഇന്ത്യയുടെ ദേശസുരക്ഷാ സിദ്ധാന്തം മനസിലാക്കണമെങ്കിൽ ‘ഡോവൽ സിദ്ധാന്തം’ മനസിലാക്കിയേ തീരൂ. എന്താണ് ‘ഡോവൽ സിദ്ധാന്തം’? ഏതു പുസ്തകം തെരഞ്ഞാലും ഇങ്ങനെയൊരു സിദ്ധാന്തം കാണില്ല. കാരണം, അങ്ങനെയൊന്ന് എഴുതപ്പെട്ടിട്ടില്ല.

എന്നാൽ ഒരു വിഡിയോയിലൂടെ പുറത്തുവന്ന ഈ സിദ്ധാന്തത്തിന്റെ ചില പ്രധാന പ്രത്യേകതകൾ വഴിയേ വ്യക്തമാക്കാം. ഇന്ത്യക്ക് ഹെൻറി കിസ്സൻജറെ പോലെ താത്വികനായ ദേശസുരക്ഷാ ഉപദേഷ്ടാവിനെ ലഭിച്ചില്ലെങ്കിലും പേടിക്കേണ്ട. കാരണം, സൈദ്ധാന്തികരെപ്പോലെ ചിന്തിക്കാനും താത്വികാവലോകനത്തിനുമൊന്നും മെനക്കെടാതെ കളത്തിലിറങ്ങി പ്രവർത്തിക്കുന്നൊരു കർമനിരതനായ ദേശസുരക്ഷാ ഉപദേഷ്ടാവിനെയാണ് ഇന്ത്യക്കു ലഭിച്ചത്. ഗവേഷണത്തിനും പ്രബന്ധത്തിനുമൊന്നും അജിത് ഡോവൽ കാത്തുനിൽക്കില്ല. എഴുത്ത് കുത്തുകളൊന്നുമില്ല, പകരം പ്രവൃത്തികൾ മാത്രം!


ദേശസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ കുറിച്ചുള്ളൊരു ആക്ഷേപഹാസ്യ കുറിപ്പിൽ എ.ജി നൂറാനി എഴുതുന്നതിങ്ങനെ: ‘കുപ്പായക്കൈ മടക്കിവച്ച് പ്രവർത്തിക്കാൻ അമാന്തിച്ചു നിൽക്കുന്ന പ്രകൃതക്കാരനല്ല ഡോവൽ. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ തടവിലായിരുന്ന ഇന്ത്യക്കാരെ രക്ഷിച്ചുകൊണ്ടുവരാൻ ഇറാഖിലേക്കു പോയ ധീരൻ. ‘ഹോട്ട് പർസ്യൂട്’ എന്ന തന്ത്രപ്രധാന ഓപറേഷനായി മ്യാന്മറിൽ ഇന്ത്യൻ സൈന്യത്തെ വിന്യസിച്ചതും അദ്ദേഹംതന്നെ. ശേഷമുണ്ടായ പ്രശ്‌നങ്ങളിലെല്ലാം അനുരഞ്ജനമുണ്ടാക്കി. ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈകമ്മിഷണറെ നേരിട്ടു വിളിക്കുകയും ഇസ്‌ലാമാബാദിലെ ഹൈകമ്മിഷണറെ വിളിച്ച് നിയന്ത്രണരേഖയിൽ വെടിയുതിർത്ത പാകിസ്താനെ വിമർശിക്കാൻ നിർദേശിച്ചതും അദ്ദേഹമാണ്.

ഊബർ ടാകിസിയിൽവച്ച് നടന്ന പീഡനത്തെ കുറിച്ച് ഡൽഹി പൊലിസിനോട് ചോദ്യങ്ങൾ ഉന്നയിക്കുക തുടങ്ങി അദ്ദേഹം ഇറങ്ങി പ്രവർത്തിച്ച എത്രയെത്ര സംഭവങ്ങൾ!?’
ഈ കുറിപ്പ് പ്രസിദ്ധീകരിച്ചത് നവംബർ 2017ലാണ്. അതു കഴിഞ്ഞ് ആറു വർഷം പിന്നിട്ട് തിരിഞ്ഞുനോക്കുമ്പോൾ നമ്മുടെ ദേശസുരക്ഷാ ഉപദേഷ്ടാവ് ഏറ്റെടുത്ത സാഹസികതകൾ എന്തൊക്കെയാണ്? നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്തുകാരെ ഒഴിപ്പിക്കാൻ വ്യക്തിപരമായി മുന്നിട്ടിറങ്ങിയിരുന്നു അദ്ദേഹം. കാരണം, ഇന്ത്യയിൽ കൊവിഡ് പടരാൻ കാരണം ഇക്കൂട്ടരാണെന്ന ലജ്ജാകരമായ ആരോപണം ഈ സർക്കാരിൽ നിന്നുണ്ടായിരുന്നു. കശ്മിരിൽ സ്ഥിതിഗതികൾ ശാന്തമാണെന്നു കാണിക്കുന്നതിനായി ശ്രീനഗറിലെ തെരുവിൽനിന്ന് ബിരിയാണി കഴിക്കുന്ന അജിത് ഡോവലിന്റെ ഫോട്ടോ നമ്മൾ കണ്ടതാണ്. മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട്, കർമനിരതനാണെന്ന് തെളിയിക്കാൻ കിട്ടുന്ന ഒരവസരവും അജിത് ഡോവൽ പാഴാക്കില്ല.

കാരണം, അദ്ദേഹത്തിന്റെ രാഷ്ട്രീയ കൂട്ടുകെട്ട് സമാന പ്രചാരണ താത്പര്യങ്ങളുള്ളവരുമായിട്ടാണല്ലോ. എന്നാൽ ഈ കർമനിരതൻ ഇതുവരെ മണിപ്പൂരിൽ എത്തിയിട്ടില്ല. അല്ലാ, എത്തിയിട്ടില്ലെന്ന് തീർത്തുപറയാനും വയ്യ. കാരണം, വേഷം മാറി പല സ്ഥലങ്ങളും സന്ദർശിക്കാറുണ്ട് എന്ന് അദ്ദേഹംതന്നെ പറഞ്ഞത് പ്രശസ്തമാണ്. ഒരുപക്ഷേ ഇനി വേഷം മാറി മണിപ്പൂരിൽ പോയിട്ടുണ്ടോ എന്നതും ഉറപ്പിക്കാനാവില്ല.


അല്ലെങ്കിൽതന്നെ, എന്തുചെയ്താലും അതിന്റെയെല്ലാം പ്രശംസ കിട്ടുന്നത് മുതലാളിക്കാണെങ്കിൽ ഈ തൊഴിലാളി എന്തിന് ഓടിക്കേറി എല്ലായിടത്തും പോയി ഉള്ള കുറ്റം മുഴുവൻ കേൾക്കണം? പൗരന്മാരുടെ സംരക്ഷണവും പ്രതിരോധവും ഒന്നുമല്ല ലക്ഷ്യമെങ്കിൽ ഒരുകണക്കിന് ഇതൊന്നും ചെയ്യാത്തതു തന്നെയാണ് നല്ലത്. ഒരാൾ എല്ലാ ചരിത്ര തീരുമാനങ്ങൾ പ്രഖ്യാപിക്കാനും കീഴിലുള്ളവരെ അതിന്റെ സകല ദോഷഫലങ്ങൾ നേരിടാനും ഏൽപ്പിക്കുന്നതിൽ എന്ത് കാര്യമാണുള്ളത്. ഇക്കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയുടെ ഘട്ടത്തിൽ മികച്ചൊരു രാഷ്ട്രതന്ത്രജ്ഞൻ നിഷ്‌ക്രിയനായി ഇരിക്കുന്നതിന്റെ പിന്നിൽ ഇതു തന്നെയായിരിക്കണം കാരണം.

അദ്ദേഹത്തിന്റെ മറ്റുപല പ്രവർത്തനങ്ങളും വാർത്താതലക്കെട്ടുകളിൽ ഇടംപിടിക്കുന്നുണ്ട്. വാഗ്‌നർ കലാപ വിഷയത്തിൽ റഷ്യ ഡോവലിനെ ബന്ധപ്പെട്ടതും ഒമാനുമായുള്ള ബന്ധം ശക്തമാക്കാനുള്ള യാത്രയുമെല്ലാം അതിൽ പെടുന്നു. ജൂൺ പതിനേഴിനു നടന്ന ഒരു യോഗത്തിൽ ചരിത്രകാരനെന്ന നിലക്ക് ഡോവലിന്റെ അറിവ് മനസിലാക്കാൻ അവസരം കിട്ടി. നേതാജി സുഭാഷ് ചന്ദ്രബോസുണ്ടായിരുന്നെങ്കിൽ ഒരിക്കലും വിഭജനം നടക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. ഇതു വലിയ വാർത്തയാവുകയും ചെയ്തു. എന്നാൽ, വളരെ തന്ത്രപ്രധാന പ്രശ്‌നം രാജ്യത്തെ ഒരു സംസ്ഥാനത്തിൽ നടക്കുമ്പോൾ ഡോവലിന്റെ സാന്നിധ്യം അവിടെയില്ലാത്തതിലുള്ള ആശങ്ക, അല്ലെങ്കിൽ അതിലെ അപ്രായോഗികതയെ കുറിച്ചാരും വാർത്ത നൽകിയതായി കണ്ടില്ല. ഒരുപക്ഷേ മണിപ്പൂർ തന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമല്ലെന്ന തോന്നലാവാം. ഇത്തരം കൃത്യവിലോപം ഇദ്ദേഹത്തിൽനിന്ന് മുമ്പും ഉണ്ടായിട്ടുണ്ട്.


2018ൽ ദേശീയ സുരക്ഷാ ഉപദേശക സമിതിയെ ഡിഫൻസ് പ്ലാനിങ് കമ്മിറ്റിയുടെ ചുമതല ഏൽപ്പിച്ചു. ഡോവലിന്റെ അധ്യക്ഷതയിൽ വിദേശകാര്യ സെക്രട്ടറി, പ്രതിരോധ സെക്രട്ടറി, പ്രതിരോധ വകുപ്പിന്റെ ചീഫ്, മൂന്ന് സർവിസ് മേധാവികളും ധനമന്ത്രാലയ സെക്രട്ടറിമാരും ഉൾപ്പെടുന്നതായിരുന്നു ഈ സമിതി. ‘ദേശീയ പ്രതിരോധം, സുരക്ഷാ മുൻഗണനകൾ, വിദേശനയ സാധ്യതകൾ, പ്രവർത്തന നിർദേശങ്ങൾ, അനുബന്ധ ആവശ്യകതകൾ, പ്രസക്തമായ തന്ത്രപരവും സുരക്ഷയുമായി ബന്ധപ്പെട്ടതുമായ സിദ്ധാന്തങ്ങൾ, പ്രതിരോധകാര്യങ്ങളിലെ ഏറ്റെടുക്കൽ, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ, ദേശസുരക്ഷാ നിലപാട്, തന്ത്രപരമായ പ്രതിരോധ അവലോകനം, ഉപദേശങ്ങൾ എന്നിങ്ങനെയുള്ള ചുമതലകൾ ഈ സമിതിക്ക് ഉണ്ടായിരുന്നു.

എന്നാൽ 2018, മേയ് മൂന്നിന് യോഗം ചേർന്നതൊഴിച്ചാൽ അഞ്ചു വർഷത്തിനിപ്പുറവും ഒരു പ്രവർത്തനങ്ങളും ഇവരിൽ നിന്നുണ്ടായിട്ടില്ല. ഡോവലിന്റെ സിദ്ധാന്ത പ്രകാരം ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണി തീവ്രവാദവും പ്രധാന ശത്രു പാകിസ്താനുമാണ്. എന്നാൽ ഇതു ശരിയല്ലെന്നാണ് 2020ലെ സംഭവങ്ങൾ വ്യക്തമാക്കുന്നത്. കാരണം, മുമ്പ് പന്ത്രണ്ട് ഡിവിഷനുകളാണ് ചൈനാ അതിർത്തിയിൽ വിന്യസിച്ചിരുന്നതെങ്കിൽ ഇപ്പോഴത് പതിനാറു ഡിവിഷനാക്കി ഉയർത്തി. എന്താണ് ഈ മാറ്റത്തിനു കാരണം എന്നതിനെക്കുറിച്ച് ഇരുത്തി ചിന്തിക്കേണ്ടതുണ്ട്.


2014 മുതൽ ഈ രാജ്യത്തു നടന്നുകൊണ്ടിരിക്കുന്നതിന്റെ ഓരോ തരിയും സൂക്ഷ്മമായി വിശകലനം ചെയ്താൽ മാത്രമേ നവ ഇന്ത്യ എന്ന് പേരിട്ടുവിളിക്കുന്ന ഇവിടെയെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതു വ്യക്തമാകൂ. എന്ത് ഗുണമേന്മയുള്ള ചിന്തയും പ്രവൃത്തിയുമാണ് ഈ രാജ്യത്ത് നടപ്പാവുന്നതെന്നു മനസിലാക്കാൻ അത്തരമൊരു അവലോകനം അനിവാര്യമാണ്.


മണിപ്പൂരിൽ നടക്കുന്ന സംഭവവികാസങ്ങൾ ദേശസുരക്ഷയ്ക്ക് ഭീഷണിയാണോ? ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇതേക്കുറിച്ച് ഒന്നും പ്രസ്താവിച്ചു കാണാത്തതിനാൽ അതത്രക്ക് സാരമുള്ളതല്ലെന്നു വേണം കരുതാൻ. ശ്രീനഗറിലെ തെരുവുകളിൽനിന്നു ബിരിയാണി കഴിച്ച ദേശീയസുരക്ഷാ ഉപദേഷ്ടാവ് ഇതുവരേക്കും മണിപ്പൂർ സന്ദർശിക്കാത്തത് എന്തുകൊണ്ടാവും?


(മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായി ലേഖകൻ നാഷനൽ ഹെറാൾഡിൽ എഴുതിയത്)

Content Highlights:Today’s Article About Ajith Doval

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.