2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഏകീകൃതസിവില്‍കോഡ് തകര്‍ക്കുന്നത് ബഹുസ്വരസമൂഹത്തെ

രമേശ് ചെന്നിത്തല

 

ഏകീകൃതസിവില്‍കോഡ് എന്ന രാഷ്ട്രീയതന്ത്രം ബി.ജെ.പി വീണ്ടും പൊടിതട്ടിയെടുത്തിരിക്കുകയാണ്. എന്നും ജനങ്ങളെ രണ്ടോ അതില്‍ക്കൂടുതലോ തട്ടില്‍നിര്‍ത്തുന്ന രാഷ്ട്രീയമാണ് അവര്‍ക്ക് പഥ്യം. ഒരുമിപ്പിച്ചുനിര്‍ത്തുക എന്ന വാക്കുതന്നെ ഫാസിസത്തിന് അലര്‍ജിയാണ്. അതിന്റെ അസ്തിത്വംതന്നെ ഇല്ലാതാകുമെന്നതുകൊണ്ടാണത്.
ബി.ജെ.പി അധികാരത്തിലെത്തുമ്പോഴൊക്കെ മൂന്നുകാര്യങ്ങള്‍ അവര്‍ എന്നും വിവാദമാക്കിക്കൊണ്ടിരിക്കും. ആദ്യത്തേതു രാമക്ഷേത്രം. രണ്ടാമത്തേതു കശ്മീരിനു പ്രത്യേകപദവി നല്‍കുന്ന 370 ാം വകുപ്പ് എടുത്തുകളയല്‍. മൂന്നാമത്തേത് ഏകികൃതസിവില്‍കോഡ്. ഇതില്‍ രാമക്ഷേത്രം പണ്ടേപ്പോലെ ഫലിക്കുന്നില്ല. കശ്മീരിനെ തൊട്ടാല്‍ മെഹ്ബൂബ മുഫ്തി ഉറഞ്ഞുതുള്ളും. അവിടുത്തെ പി.ഡി.പി-ബി.ജെ.പി സര്‍ക്കാര്‍ നിലംപതിക്കുകയും ചെയ്യും.

അപ്പോള്‍ ഇനി എറിയാനുള്ള വടി ഏകീകൃതസിവില്‍കോഡാണ്. പ്രത്യേകിച്ച്, ഉത്തര്‍പ്രദേശില്‍ അടുത്തവര്‍ഷം നിയമസഭാതിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍. പ്രയോഗിക്കാവുന്ന വര്‍ഗീയതന്ത്രങ്ങള്‍ മുഴുവന്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അവിടെ പ്രയോഗിച്ചുകഴിഞ്ഞു.
മുസഫര്‍പൂര്‍ പോലുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിച്ചാല്‍ മോദിക്കുണ്ടെന്ന് അവര്‍ വിശ്വസിക്കുന്ന പ്രതിച്ഛായയ്ക്കു വന്‍ ഇടിവുസംഭവിക്കും. അപ്പോള്‍ ഇനി പുരോഗമനചിന്താഗതിയുള്ള മധ്യവര്‍ഗത്തിന്റെ പിന്തുണ ലഭിക്കണം. അതോടൊപ്പം വര്‍ഗീയവിഭജനം ശക്തിയായി നടക്കുകയുംവേണം. ഇതിനായി പ്രയോഗിക്കാനുള്ള ആയുധമാണു ഏകീകൃതസിവില്‍കോഡ്.

ഇന്ത്യന്‍സമൂഹത്തില്‍ പലതവണ ചര്‍ച്ചചെയ്യപ്പെട്ടതാണ് ഏകീകൃതസിവില്‍കോഡ് എന്ന ആശയം. എന്നിട്ടും ഇതിനൊരിക്കലും സമൂര്‍ത്തമായ രൂപ കൈവന്നിട്ടില്ല. ഇപ്പോഴുംഅതെന്താണ്, എന്തായിരിക്കണം എന്നതില്‍ ആര്‍ക്കും വ്യക്തതയില്ല. മുസ്‌ലിംസമൂഹത്തില്‍നിന്ന് ഈ ആശയത്തോട് ആദ്യംതന്നെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. മുസ്‌ലിംവ്യക്തിനിയമങ്ങള്‍ ശരീഅത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതില്‍നിന്ന് ഒരുമാറ്റം ആ സമൂഹത്തിന്റെ അസ്ഥിത്വംതന്നെ ഇല്ലാതാക്കും.
അതുതന്നെയാണു സംഘ്പരവാറിന്റെ ലക്ഷ്യവും. ഇന്ത്യന്‍ മുസ്‌ലിംകളുടെആന്തരികമായ സത്തയെചോര്‍ത്തിക്കളഞ്ഞ്, വിശ്വാസങ്ങളെ ഉടച്ചുവാര്‍ത്ത് നിലയില്ലാക്കയത്തിലാക്കുകയെന്ന സൃഗാലതന്ത്രമാണു സംഘ്പരിവാര്‍ പണിപ്പുരകളില്‍ നെയ്യപ്പെട്ടുകൊണ്ടരിക്കുന്നത്. എത്രയോ നൂറ്റാണ്ടുകളായി ഒരുസമൂഹം അവരുടെ ആത്മാവിന്റെഭാഗമായി കൊണ്ടുനടക്കുന്ന വിശ്വാസധാരകളെ ഒരു രാഷ്ട്രീയനീക്കത്തിലൂടെ ഇല്ലായ്മചെയ്ത് അവിടെ ഒട്ടുംപരിചതമല്ലാത്ത, ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചിലത് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണിത്. ഇതിനെ പ്രതിരോധിക്കാനുള്ള ഇന്ത്യന്‍ മുസ്‌ലിംസമൂഹത്തിന്റെ പോരാട്ടത്തില്‍ ഈ രാജ്യത്തെ എല്ലാ മതേതരവിശ്വാസകളുടെയും സജീവപിന്തുണകൂടി ഉണ്ടാകുമെന്നു ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.
രാജ്യത്തെ ഹൈന്ദവവിഭാഗങ്ങളെയും ഏകീകൃതസിവില്‍കോഡ് ദോഷകരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഉത്തരേന്ത്യയിലെ ഹൈന്ദവരും കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഹൈന്ദവരുംതമ്മില്‍ വ്യക്തിനിയമങ്ങളിലും വൈവാഹിക-സ്വത്തവകാശമുള്‍പ്പെടെയുള്ള ആചാരങ്ങളിലും വലിയവ്യത്യാസമുണ്ട്.

കേരളത്തില്‍പ്പോലും ബ്രാഹ്മണരെപ്പോലെയുള്ള ജാതിവിഭാഗങ്ങളില്‍ നിലനില്‍ക്കുന്ന വൈവാഹിക-സ്വത്തവകാശരീതിയല്ല മറ്റുസമുദായങ്ങളില്‍ നിലനില്‍ക്കുന്നത്.
ഒരേജാതിയില്‍ത്തന്നെ വടക്കുംതെക്കുമുള്ളവരില്‍ പലകാര്യങ്ങളില്‍ വ്യത്യാസംകാണാം. ചിലര്‍ മക്കത്തായക്കാരും മറ്റുചിലര്‍ മരുമക്കത്തായക്കാരുമാണ്. ചിലരില്‍ ഇവ രണ്ടും ഇടകലര്‍ന്നും കാണാം. ഇതിനെല്ലാം ഒറ്റ നിയമത്തിലൂടെ പരിഹാരമുണ്ടാക്കിക്കളയാമെന്നു ധരിക്കുന്നതു വ്യര്‍ഥവും അപകടകരവുമാണ്. അല്ലെങ്കില്‍ത്തന്നെ ഇന്ത്യയിലെ ജനങ്ങള്‍ നേരിടുന്ന എല്ലാപ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണോ ഏകീകൃതസിവില്‍കോഡ്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ ഇന്ത്യയിലെ മറ്റുപ്രദേശങ്ങളില്‍ അധിവസിക്കുന്നവര്‍ക്ക് ആലോചിക്കാന്‍പോലുമാകാത്ത പല ആചാരങ്ങളുമുണ്ട്. അതോടൊപ്പം സിക്കുകാര്‍, ജൈനന്മാര്‍, ബുദ്ധമതക്കാര്‍, പാഴ്‌സികള്‍ ഇവര്‍ക്കൊക്കെ മറ്റുപല സമൂഹങ്ങളില്‍നിന്നു വളരെവ്യത്യസ്തമായരീതികളാണ് വിവാഹ-സ്വത്തവകാശങ്ങളിലൊക്കെയുള്ളത്. ഇതൊക്കെ ഏകീകൃതസിവില്‍കോഡ് എന്ന മാന്ത്രികവടിയുപയോഗിച്ച് ഒരുദിവസംകൊണ്ടു മായ്ചുകളയാന്‍ ശ്രമിക്കുന്നതു നമ്മുടെ ബഹുസ്വരതാസങ്കല്‍പ്പത്തെ ഇല്ലാതാക്കുന്നതാണ്. അതുകൊണ്ട് ഏകീകൃതസിവില്‍കോഡ് എന്ന ആശയത്തെ നമ്മള്‍ എതിര്‍ക്കുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

 

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.