2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വന്യജീവി ആക്രമണം: കാടും നാടും വേര്‍തിരിക്കണം

നിസാം കെ. വയനാട്

 

ജീവിതം പച്ചപിടിപ്പിക്കാനായി ചുരം കയറിയെത്തിയവരാണ് വയനാട്ടില്‍ വസിക്കുന്നവരില്‍ ഭൂരിഭാഗവും. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ചുരം കയറിയെത്തിയ അവര്‍ പ്രകൃതി ദുരന്തങ്ങളോടും മഹാമാരികളോടും മല്ലടിച്ചാണ് തങ്ങളുടെ ജീവിതത്തില്‍ നിറമുള്ള ചിത്രങ്ങള്‍ നെയ്‌തെടുക്കാന്‍ ശ്രമിച്ചത്. അത് ചെറിയ തോതില്‍ വിജയിപ്പിക്കാനും അവര്‍ക്കായിരുന്നു. ദുരന്തങ്ങള്‍ അവരുടെ ആഗ്രഹങ്ങള്‍ക്കൊപ്പം നിന്നെങ്കിലും വന്യമൃഗങ്ങളാണ് വയനാട്ടുകാരുടെ സ്വപ്നങ്ങളില്‍ എന്നും പ്രതിസന്ധികളുണ്ടാക്കിയത്. അതുകൊണ്ടുതന്നെ കുടിയേറ്റകാലം മുതല്‍ നിലനില്‍പ്പിനായുള്ള പോരാട്ടം നടത്തുന്ന അവര്‍ ഇന്നും സമാനതകളില്ലാത്ത ചെറുത്തുനില്‍പ്പ് നടത്താന്‍ ശ്രമം തുടരുകയാണ്.

തങ്ങള്‍ ചോര നീരാക്കി മണ്ണില്‍ പുതുനാമ്പുകള്‍ വിളയിക്കുമ്പോള്‍ അവ വന്യജീവികള്‍ വിളവെടുക്കുന്നത് നിസഹായതയോടെ നോക്കി നില്‍ക്കാന്‍ വിധിക്കപ്പെടുകയാണ് അവര്‍. കൃഷിനാശം സംഭവിക്കുമ്പോള്‍ വനം, വന്യജീവി വകുപ്പും കൃഷിവകുപ്പും സ്ഥലം സന്ദര്‍ശിച്ച് നഷ്ടത്തിന്റെ പത്തിലൊന്ന് പോലും തികയാത്ത തുക കര്‍ഷകന് നല്‍കി അവരുടെ ഉത്തരവാദിത്വം നിറവേറ്റി മടങ്ങും. കടംവാങ്ങിയും ബാങ്കില്‍ നിന്ന് ലോണെടുത്തും കര്‍ഷകന്‍ അതിജീവനത്തിനായി മണ്ണില്‍ നിക്ഷേപിച്ചത് അവന് തീരാകടമായും മാറും. കടം പെരുകി ഗത്യന്തരമില്ലാതെ മാനസിക ബലമില്ലാത്ത മനുഷ്യര്‍ ഒരുമുഴം കയറിലോ, ഒരു തുള്ളി വിഷത്തിലോ തങ്ങളുടെ വിലപ്പെട്ട ജീവനുകള്‍ അവസാനിപ്പിച്ച് ഈ ലോകത്ത് നിന്നും ഒളിച്ചോടും. വര്‍ഷങ്ങളായി ചുരത്തിന് മുകളില്‍ സംഭവിക്കുന്ന നേര്‍സാക്ഷ്യങ്ങളാണ് ഇവയൊക്കെ.

   

ആത്മഹത്യാ നിരക്ക് വര്‍ധിക്കുമ്പോള്‍ പാക്കേജുകളെന്ന പേരില്‍ പലവിധ കാട്ടിക്കൂട്ടലുകള്‍ നടത്തി ഭരണത്തിലിരിക്കുന്നവര്‍ തങ്ങളുടെ കടമയും നിറവേറ്റിയെന്ന് കാണിക്കും. അതില്‍ ചിലര്‍ മതിമറന്ന് അഭിരമിക്കും. മറ്റൊരു വിഭാഗം ഇത് പൊള്ളയാണെന്ന അവകാശവാദവുമായും രംഗത്ത് വരും. കര്‍ഷകര്‍ ഇതെന്ത്, ആര്‍ക്ക് വേണ്ടി എന്നുപോലുമറിയാതെ അന്താളിച്ച് നില്‍ക്കും. കഥകള്‍ ഈ രീതിയില്‍ മുന്നേറുന്നതിനിടയിലാണ് വന്യജീവികള്‍ മനുഷ്യന്റെ സമ്പത്തിന് പുറമെ ജീവനുകള്‍ കൂടി അപഹരിക്കാന്‍ തുടങ്ങിയത്. ആന, കടുവ, പുലി, കാട്ടുപന്നി, മാന്‍ അങ്ങനെ കാട്ടിലുള്ള ഏതാണ്ട് ജീവികളെല്ലാം നാട്ടിലിറങ്ങാന്‍ തുടങ്ങിയതോടെയാണ് വയനാട്ടുകാരുടെ ജീവനും അപകടത്തിലായത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യജീവനുകള്‍ വന്യജീവികള്‍ അപഹരിച്ച പ്രദേശവും വയനാട്ടിലെ തിരുനെല്ലി പഞ്ചായത്താണ്. ആനയും കടുവയുമാണ് മനുഷ്യജീവനുകള്‍ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകളെടുത്താല്‍ 23,182 പേരാണ് വന്യജീവി ആക്രമണത്തില്‍ മരണപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തത്. 2015 മുതല്‍ 2019 വരെയുള്ള വനം വകുപ്പിന്റെ കണക്കുകളില്‍ ജീവന്‍ നഷ്ടപ്പെട്ട മനുഷ്യരുടെ എണ്ണം 514 ആണ്. ആനകള്‍ മനുഷ്യനെ ആക്രമിച്ച് കൊലപ്പെടുത്തുകയാണെങ്കില്‍ കടുവകള്‍ കൊന്ന് തിന്നുകയാണ്. കടുവകള്‍ക്ക് മുന്നില്‍ അകപ്പെട്ട രണ്ട് മനുഷ്യ ജീവനുകളാണ് 10 മാസത്തിനിടെ ഇത്തരത്തില്‍ വയനാട്ടില്‍ ഇല്ലാതായത്. രക്തസാക്ഷികളുടെ എണ്ണം വര്‍ധിക്കുമ്പോഴും ഇതിനൊരു പരിഹാരം എന്നത് അധികൃതര്‍ക്ക് മുന്നില്‍ മരീചികയായി തുടരുകയാണ്.

കടുവകള്‍ കാടിറങ്ങുന്നത് അവയ്ക്ക് സ്വന്തമായി ഇരപിടിക്കാനുള്ള ശേഷി നഷ്ടപ്പെടുമ്പോഴാണ്. ഇങ്ങനെ ജനവാസ കേന്ദ്രത്തില്‍നിന്ന് ഇത്തരം കടുവകളെ പിടികൂടി വനത്തില്‍ തന്നെ പുനരധിവസിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയെന്നതാണ് കടുവകളോടും മനുഷ്യനോടും കാണിക്കാനാവുന്ന നീതി. എന്നാല്‍ ഇത്തരത്തിലൊരു പദ്ധതി നടപ്പില്‍ വരുത്തുകയെന്നത് അധികൃതര്‍ക്ക് ബാലികേറാമലയാണെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ തന്നെ പറയുന്നത്. വന്യജീവികളുടെ ആക്രമണ ഭീതിയോടെ കഴിയുന്ന ജനങ്ങളുടെ രക്ഷയ്ക്കായി കാടും നാടും വേര്‍തിരിക്കുകയെന്നത് മാത്രമാണ് പരിഹാരം. ഇതിനായി പതിറ്റാണ്ടുകളായി വയനാട്ടുകാര്‍ മുറവിളി ഉയര്‍ത്തുന്നു. എന്നാല്‍ പദ്ധതി പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കാത്തതിനാല്‍ ആ നിലവിളികള്‍ ഇന്നും തുടരുകയാണ്. അതിന് ഫെന്‍സിങ്ങും ട്രഞ്ചുകളും നിര്‍മിച്ചാല്‍ മാത്രം പോര, അവ കൃത്യമായി പരിപാലിക്കുകയും വേണം. എങ്കിലേ വന്യജീവികളുടെ കാടിറക്കത്തിന് തടയിടാനാകൂ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.