2021 March 07 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വെള്ളരിക്കാ പട്ടണത്തിലെ ചാനല്‍ പെരുമകള്‍

എ. റശീദുദ്ദീന്‍

 

നാടു ഭരിക്കുന്ന സര്‍ക്കാര്‍ പറയുന്നതനുസരിച്ച് പാത്രം കൊട്ടാനും കൈയടിക്കാനുമൊക്കെ ജനലക്ഷങ്ങള്‍ തെരുവിലിറങ്ങുന്ന രാജ്യമായി ഇന്ത്യ മാറിയത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍ അര്‍ണബ് ഗോസ്വാമി എന്ന മാധ്യമപ്രവര്‍ത്തകനും ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ (ബാര്‍ക്ക്) മുന്‍ തലവന്‍ പാര്‍ഥോ ദാസ് ഗുപ്തയും തമ്മില്‍ നടന്ന വാട്‌സ്ആപ്പ് സംഭാഷണങ്ങള്‍ വായിച്ചാല്‍ മതി. എങ്ങനെയാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ രാജ്യത്തെ വ്യവസ്ഥകളെ ചവിട്ടിയരച്ച് ജനകോടികളെ വഞ്ചിച്ചത് എന്നതിന് പലതരം ഉദാഹരണങ്ങളാണ് അതില്‍ നിറയെ. കര്‍ഷക സമരം, സി.എ.എ തുടങ്ങി ജനങ്ങള്‍ക്ക് യഥാര്‍ഥത്തില്‍ തെരുവിലിറങ്ങാനുള്ള ആയിരം കാര്യങ്ങളെ കുറിച്ച് ഗോസ്വാമിമാര്‍ എങ്ങനെയാണ് മൗനം പാലിച്ചിരുന്നതെന്നും കങ്കണാ റണാവത്തുമാരുടെ കിഞ്ചന വര്‍ത്തമാനങ്ങള്‍ കൊണ്ട് ചാനല്‍ റേറ്റിങ്ങുകളെ പൊലിപ്പിച്ചു കാട്ടുന്നത് എങ്ങനെയെന്നും അതിലുണ്ട്. പ്രധാനമന്ത്രി കാര്യാലയത്തില്‍നിന്ന് മുഖ്യമന്ത്രിമാര്‍ക്ക് കിട്ടാത്ത വിവരങ്ങള്‍പോലും ചാനലുകള്‍ക്ക് ചോര്‍ന്നു കിട്ടാറുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഒരു സംഭാഷണ ശകലവും ഇപ്പോള്‍ പുറത്തുവന്ന ഈ വാട്‌സ്ആപ്പ് കമന്റുകളിലുണ്ട്. കശ്മിരിലെ 370ാം വകുപ്പ് എടുത്തു കളയുന്ന കാര്യം സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതിനും മൂന്ന് ദിവസം മുന്‍പ് ഗോസ്വാമി ശ്രീനഗറിലേക്ക് തന്റെ റിപ്പോര്‍ട്ടര്‍മാരെ അയച്ച കാര്യമാണ് ഇതിലൊന്ന്. കുത്തഴിഞ്ഞ വ്യവസ്ഥയിലാണ് പ്രധാനമന്ത്രി കാര്യാലയം പോലും മുന്നോട്ടുപോകുന്നതെന്നതിന് ഇതിലപ്പുറം തെളിവെന്ത്. ഓഗസ്റ്റ് അഞ്ചിന് 370ാം വകുപ്പ് റദ്ദാക്കുന്ന വിഷയത്തില്‍ കശ്മിരിന്റെ മുന്‍ മുഖ്യമന്ത്രിമാരും വാജ്‌പേയിയുടെയും മോദിയുടെയും ഗവണ്‍മെന്റുകളില്‍ പങ്കാളികളുമായിരുന്ന ഫാറൂഖ് അബ്ദുല്ലയോടും മഹ്ബൂബാ മുഫ്തിയോടും ഓഗസ്റ്റ് നാലിനു വരെ നുണപറഞ്ഞ മോദി സര്‍ക്കാര്‍ അതേ കാര്യം ഓഗസ്റ്റ് രണ്ടിന് ഗോസ്വാമിയോടു പറഞ്ഞുവെങ്കില്‍ ‘ഭരണ നിര്‍വഹണത്തിന്റെ ഭാഗമായ രഹസ്യങ്ങള്‍ കാത്തുസൂക്ഷിക്കുമെന്ന’ ആ സത്യപ്രതിജ്ഞക്ക് എന്തര്‍ഥം?

ഒന്നിനും വിശ്വാസ്യതയില്ലാത്ത, കുത്തഴിഞ്ഞ ഒരു വെള്ളരിക്കാ പട്ടണമാണോ ഇന്ത്യയെന്ന് സ്വാഭാവികമായും സംശയിച്ചുപോകുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്ന ഗോസ്വാമിയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങളിലുള്ളത്. ടി.ആര്‍.പി റേറ്റിങ് തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി.വിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുംബൈ പൊലിസ് സമര്‍പ്പിച്ച 3400 പേജ് വരുന്ന അനുബന്ധ കുറ്റപത്രത്തിലാണ് ഈ വാട്‌സ്ആപ്പ് സംഭാഷണ ശകലങ്ങളുടെ പകര്‍പ്പുകളുള്ളത്. ഇതില്‍ പലതും രാജ്യദ്രോഹത്തിനു പോലും കേസെടുക്കാവുന്ന പരാമര്‍ശങ്ങളാണ്. 2019 ഫെബ്രുവരി 14ന് പുല്‍വാമയില്‍ രാജ്യത്തിന്റെ 40 സൈനികര്‍ കൂട്ടത്തോടെ കൊല്ലപ്പെട്ടത് ‘ബഡാ ഭായി’ക്ക് തിരിച്ചുവരാനുള്ള അവസരമാണെന്നാണ് അര്‍ണബ് ദാസ് ഗുപ്തയോടു പറയുന്നത്. വളരെയധികം ആഹ്ലാദത്തോടെയാണ് ഇക്കാര്യം പറയുന്നതും. അതേ ഫെബ്രുവരി 23ന് അയച്ച മറ്റൊരു സന്ദേശത്തില്‍ ‘പതിവില്‍ കവിഞ്ഞ രീതിയില്‍ ഇന്ത്യ അതിശക്തമായ തിരിച്ചടി നടത്താന്‍ പോകുന്നു’വെന്ന് അര്‍ണബ് പറയുന്നുണ്ട്. അത് ദാവൂദ് ഇബ്രാഹിമിനെ ലക്ഷ്യമിട്ടാണോ എന്ന ചോദ്യത്തിന് അല്ല പാകിസ്താനെയാണെന്നാണ് അര്‍ണബ് നല്‍കുന്ന മറുപടി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ പരമരഹസ്യമായി നടന്ന യോഗത്തിലെ വിവരങ്ങളാണ് ഇവ്വിധം ചോരുന്നത്! ബാലക്കോട്ടില്‍ ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്നും 300ലേറെ ഭീകരര്‍ കൊല്ലപ്പെട്ടുവെന്നും മൂന്ന് ദിവസങ്ങള്‍ക്കുശേഷമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല സൈനിക നേതൃത്വം തന്നെ വിവരം ചോര്‍ത്തിയെന്നാണോ ഇതിന്റെ അര്‍ഥം? അര്‍ണബിനെ പോലുള്ള വിടുവായന്‍മാര്‍ വാട്‌സ്ആപ്പില്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന ഒന്നാണ് മോദിക്കാലത്തെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്കുകളെങ്കില്‍’ രഹസ്യ ആലോചന എന്ന നാടകത്തിന്റെ അര്‍ഥമെന്താണ്?

മോദി സര്‍ക്കാരിനകത്ത് ഒരു ‘ഡീപ് സര്‍ക്കാര്‍’ വേറെയുണ്ടെന്നും പുറമെ നിന്നുള്ളവര്‍ക്ക് അതില്‍ എത്രത്തോളം ഇടപെടാന്‍ കഴിയുന്നുണ്ട് എന്നതിന്റെയും കൂടി ഉദാഹരണങ്ങളാണ് ഈ സംഭാഷണ ശകലങ്ങള്‍. വഞ്ചനക്കുറ്റത്തിനും ആത്മഹത്യാ പ്രേരണക്കും അര്‍ണബ് ഗോസ്വാമി അറസ്റ്റിലായപ്പോള്‍ ആഭ്യന്തര മന്ത്രി അടക്കം കേന്ദ്രസര്‍ക്കാരിലെ ഉന്നതര്‍ അദ്ദേഹത്തിനുവേണ്ടി നടത്തിയ പ്രസ്താവനകള്‍ ഇവിടെ ചേര്‍ത്തുവായിക്കുക. സമീപകാലത്ത് അറസ്റ്റിലായ നിരവധി സാമൂഹികപ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയുമൊന്നും കാര്യത്തില്‍ കാണാതെപോയ നീതിവാഴ്ചയുടെ ശുഷ്‌കാന്തി ഈ ഗോസ്വാമിയുടെ കാര്യത്തില്‍ സുപ്രിംകോടതിയില്‍നിന്നു പോലുമുണ്ടായി. ദേശീയ സുരക്ഷാ ഏജന്‍സിയില്‍നിന്നും വിവരങ്ങള്‍ ചോര്‍ത്തിയ ജോസഫ് എഡ്വേര്‍ഡ് സ്‌നോഡന് അമേരിക്കയില്‍ പിന്നീട് സംഭവിച്ചതുമായി തട്ടിച്ചുനോക്കുമ്പോഴാണ് ഗോസ്വാമി എന്ന വിശുദ്ധപശുവിന്റെ ബ്രാന്‍ഡ് മൂല്യം തിരിച്ചറിയുക. ഇന്ത്യന്‍ പ്രധാനമന്ത്രി സുപ്രധാനമായ യോഗം വിളിക്കുമ്പോള്‍ ടെലിവിഷന്‍ മേധാവികളുടെ വാട്‌സ്ആപ്പ് ചോര്‍ത്തിയാല്‍ മതിയെന്ന സന്ദേശമല്ലേ അര്‍ണബ് പുറത്തുവിട്ടത്? അല്‍പ്പമെങ്കിലും സുരക്ഷാ ബോധമുള്ള രാജ്യമായിരുന്നുവെങ്കില്‍, പോകട്ടെ അര്‍ണബ് ലോകത്തെ ഏറ്റവും കുത്തഴിഞ്ഞ രാജ്യങ്ങളിലൊന്നായ പാകിസ്താനിലെ പൗരന്‍ ആയിരുന്നുവെങ്കില്‍ അടുത്ത കാലത്തൊന്നും പുറംലോകം കാണാത്ത വിധം ഇതിനകം അകത്തായേനെ. എന്നു മാത്രമല്ല, അയാളുടെ ടെലിവിഷന്‍ ചാനല്‍ എന്നെന്നേക്കുമായി അടച്ചുപൂട്ടുകയും ചെയ്‌തേനെ. മറ്റു രാജ്യങ്ങളുടെ മുമ്പില്‍ ഇന്ത്യയുടെ സൈനിക ഭദ്രതയെ ദുര്‍ബലപ്പെടുത്തുകയാണ് അര്‍ണബ് യഥാര്‍ഥത്തില്‍ ചെയ്തത്. സുരക്ഷയുടെ കാരണം പറഞ്ഞ് ചൈനയുടെ ആപ്പുകള്‍ നിരോധിക്കുന്ന മോദി സര്‍ക്കാരിന്റെ മൂക്കിന്‍ ചുവട്ടിലാണ് അമേരിക്കന്‍ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് വഴി ഇതുപോലുള്ള വിവരങ്ങള്‍ പങ്കുവയ്ക്കപ്പെടുന്നത്! പക്ഷേ ബി.ജെ.പിയും കേന്ദ്രവും നിശബ്ദരാണ്.

ബി.ജെ.പിയുടെ പ്രചാരകരായ ടെലിവിഷന്‍ ചാനലുകള്‍ക്ക് സാമാന്യബുദ്ധിക്ക് നിരക്കാത്ത വിധം കേരളത്തിലടക്കം റേറ്റിങ് കൂടുകയും എന്നാല്‍ ബി.ജെ.പിയുടെ വോട്ടു ശതമാനം ഇപ്പോഴും ശരാശരിയിലും താഴെ മാത്രം നിലകൊള്ളുകയും ചെയ്യുന്നതിന്റെ ഗുട്ടന്‍സ് കഴിഞ്ഞ കുറെക്കാലമായി യഥാര്‍ഥ മാധ്യമപ്രവര്‍ത്തനം നടത്തുന്ന ചാനലുകള്‍ അകമേ ചര്‍ച്ച ചെയ്യുന്നുണ്ട്. ഡിജിറ്റല്‍ റേറ്റിങ് സമ്പ്രദായം കൊണ്ടുവന്നാല്‍ ഇപ്പോഴത്തെ വീടുകളില്‍ ടാം മെഷീന്‍ സ്ഥാപിച്ച് നടത്തുന്ന കണക്കെടുപ്പിന്റെ അശാസ്ത്രീയത ഒഴിവാക്കാന്‍ കഴിയുമെന്ന് ടെലികോം റെഗുലേറ്ററി അഥോരിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഒരു ഭാഗത്ത് പറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അക്കാര്യത്തില്‍ അന്തിമമായ നിലപാട് സ്വീകരിക്കാതെ മടിച്ചുനില്‍ക്കുകയായിരുന്നു. അതിന്റെ രഹസ്യം ഒടുവില്‍ ബാര്‍ക്ക് മേധാവിയുടെ വാക്കുകളില്‍ നിന്നും വായിച്ചെടുക്കാം. ട്രായിയുടെ നീക്കത്തെ തടയിടണമെന്ന് പാര്‍ഥോ ദാസ് ഗുപ്ത അര്‍ണബിനോട് അഭ്യര്‍ഥിക്കുന്നുണ്ട്. ഡിജിറ്റല്‍ ഡാറ്റ ജനങ്ങളുടെ ശ്രദ്ധയില്‍വരുന്നതോടെ റിപ്പബ്ലിക്ക് അടക്കമുള്ളവര്‍ വന്‍ പ്രതിസന്ധിയിലാവുമെന്ന മുന്നറിയിപ്പും ഗുപ്ത നല്‍കുന്നുണ്ട്. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയാല്‍ ട്രായിയുടെ പല്ല് എടുത്തു കളയുമെന്നാണ് ഈ ആവശ്യത്തിന് അര്‍ണബ് നല്‍കുന്ന മറുപടി. അതായത് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സ്വീകരിക്കേണ്ട നയപരമായ ഒരു തീരുമാനത്തെ കുറിച്ച് ടെലിവിഷന്‍ മേധാവിയായ അര്‍ണബാണ് ബാര്‍ക്ക് മേധാവിക്ക് ഉറപ്പുനല്‍കുന്നത്. പ്രകാശ് ജാവദേക്കര്‍ ഒന്നിനും കൊള്ളാത്തവനായതുകൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും ദാസ് വിശദീകരിക്കുന്നുണ്ട്. ജാവദേക്കറെ ഉടനെ മാറ്റുമെന്നും സ്മൃതി പദവിയില്‍ എത്തുമെന്നുമാണ് അര്‍ണബ് നല്‍കുന്ന ഉറപ്പ്. മറ്റൊരു അവസരത്തില്‍ ബാര്‍ക്കില്‍ തനിക്കു മടുത്തെന്നും പ്രധാനമന്ത്രിയുടെ മാധ്യമ ഓഫിസില്‍ ഉപദേഷ്ടാവിന്റെയോ മറ്റോ ജോലി തരപ്പെടുത്താന്‍ സഹായിക്കണമെന്നും ദാസ് അര്‍ണബിനോട് അഭ്യര്‍ഥിക്കുന്നതും അത് ചെയ്യാമെന്ന് അര്‍ണബ് വാഗ്ദാനം ചെയ്യുന്നതും കാണാനുണ്ട്. ഇങ്ങനെയൊക്കെ നടന്നോ ഇല്ലേ എന്നതല്ല. അഴിമതിയുടെയും ഇടപെടലുകളുടെയും ആസ്ഥാന മന്ദിരമാണ് പ്രധാനമന്ത്രി കാര്യാലയം എന്ന് ഈ അര്‍ണബിനും ദാസിനും നന്നായി അറിയുമെന്നാണ് ആകെക്കൂടി ഇതിന്റെ ഉത്തമ സാധാരണ ഗുണിതം. ആ അര്‍ണബ് തന്നെയാണ് ‘അഴിമതി രഹിത’ മോദി സര്‍ക്കാരിനെ കുറിച്ച് അലറി വിളിച്ചുകൊണ്ടിരുന്നതും.

അര്‍ണബിന്റെ ചാനലിന് റേറ്റിങ് കൂടണമെന്നത് കേന്ദ്രസര്‍ക്കാരിന്റെയും അവരെ നയിക്കുന്ന ബി.ജെ.പിയുടെയും ആവശ്യമായതുകൊണ്ട് പ്രധാനമന്ത്രി കാര്യാലയത്തിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫിസിലും അസാധാരണമായ ബന്ധങ്ങള്‍ അര്‍ണബിന് അനുവദിക്കപ്പെട്ടിരുന്നുവെന്നത് വ്യക്തമാണ്. റിപ്പബ്ലിക് ടി.വിയെ രാജ്യത്തെ ഏറ്റവും പ്രചാരമുള്ള ചാനലാക്കിയത് 2016 മുതല്‍ക്കുള്ള ടി.ആര്‍.പി കണക്കുകളില്‍ ബാര്‍ക്ക് നിരന്തരമായി വരുത്തിയ ക്രമക്കേടുകളുടെ ഭാഗമായിട്ടാണെന്ന് 2019 ഒക്‌ടോബറിലാണ് മുംബൈ പൊലിസ് കേസെടുക്കുന്നത്. ഏറ്റവും വിചിത്രമായി തോന്നുന്ന കാര്യം, ടി.ആര്‍.പി അഴിമതി കേസിന്റെ ഭാഗമായാണ് അര്‍ണബും ദാസും തമ്മിലുള്ള ഈ സംഭാഷണ ശകലങ്ങള്‍ മുംബൈ പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചതെങ്കിലും കേന്ദ്രത്തിന്റെ ഒരു ഉച്ചഭാഷിണിക്കെതിരേയാണ് നീങ്ങുന്നതെന്ന ഉറച്ചബോധ്യമുള്ളതുകൊണ്ട് അതിലെവിടെയും അര്‍ണബിനെ പേരെടുത്ത് പറഞ്ഞിട്ടില്ല. നേരത്തെ ചാര്‍ജ് ചെയ്ത ബാര്‍ക്ക് തട്ടിപ്പിനപ്പുറം രാജ്യദ്രോഹമടക്കമുള്ള വിഷയങ്ങളില്‍ പുതിയ കേസുകളൊന്നും എടുത്തിട്ടുമില്ല. അന്‍വയ് നായിക് ആത്മഹത്യാ പ്രേരണാ കേസില്‍ അര്‍ണബിനു വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട അനുഭവം മുമ്പിലുള്ളതുകൊണ്ട് ഇത്തവണ തന്ത്രപരമായാണ് മുംബൈ പൊലിസ് നീങ്ങുന്നത്. വാട്‌സ്ആപ്പ് രേഖകള്‍ ചോര്‍ത്തിയതും അതുകൊണ്ടായിരിക്കാം. മറുഭാഗത്ത്, ഇത്രയൊക്കെ പരിഹാസ്യമായ രീതിയില്‍ ബാര്‍ക്ക് അഴിമതി പുറത്തുവന്നതിനു ശേഷവും റേറ്റിങ് സമ്പ്രദായത്തിന്റെ വിശ്വാസ്യത വീണ്ടെുക്കാനുള്ള ഒരു നീക്കവും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. അര്‍ണബും ദാസും ചേര്‍ന്ന് എതിരേ കരുക്കള്‍ നീക്കാന്‍ ശ്രമിച്ച രജത് ശര്‍മ്മ നിലവില്‍ ന്യൂസ് ബ്രാഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്റെ (എന്‍.ബി.എ) അധ്യക്ഷനാണെങ്കിലും തത്വത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ആശ്രിതവത്സലനായതുകൊണ്ട് അദ്ദേഹവും അടിസ്ഥാനപരമായ ഒരു പൊളിച്ചെഴുത്തിന് മുന്‍കൈയെടുക്കണമെന്നില്ല. യഥാര്‍ഥ ഇന്ത്യ കാണുന്ന ചാനലുകളുടെ കണക്കുകള്‍ പുറത്തു വന്നാല്‍ കര്‍ഷകര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പുറമെ ‘ഭക്തജനങ്ങള്‍’ കൂടി തെരുവിലിറങ്ങുമെന്ന ഭയമായിരിക്കണം കേന്ദ്രത്തിന്റേത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.