2021 January 18 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

റേഷന്‍കടകളിലൂടെ ഇല്ലാതാകുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍

പി. സുരേന്ദ്രന്‍

വര്‍ഷങ്ങള്‍ക്കു മുന്‍പ് സാന്തൂറിലേയ്ക്ക് നടത്തിയ യാത്ര ഓര്‍മവരികയാണ്. കര്‍ണാടകത്തില്‍ ഹോസ്‌പേട്ടിനടുത്തുള്ള പട്ടണമാണ് സാന്തൂര്‍. മറാത്തി വേരുകളുള്ള ഗോര്‍പടെമാരുടെ ആധിപത്യത്തിനു കീഴിലായിരുന്നു ഈ പ്രദേശം. സാന്തൂറിലെ രാജാക്കന്മാര്‍ അവരായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തരവും അവര്‍ അധിപന്മാരായിത്തന്നെ നിലനിന്നു. അളവറ്റ രാജ്യഭക്തിയാല്‍ വിനീതരായി സാന്തൂറിലെ ജനത. ഗോത്രവര്‍ഗ വിഭാഗക്കാരും സാധാരണ കര്‍ഷകരുമായിരുന്നു അവിടുത്തെ ജനങ്ങള്‍. ഫ്യൂഡല്‍ പ്രുഭുത്വത്തിനു കീഴിലായിരുന്നു സാന്തൂറിലെ ഭൂഭാഗങ്ങള്‍. ആ ഭൂമി ഇരുമ്പയിരുകൊണ്ട് സമ്പന്നവുമായിരുന്നു. ഇരുമ്പയിര്‍ ഖനനം ശക്തിപ്പെട്ടതോടെ ഖനി മാഫിയകളുടെ അധീനതയിലായി അവിടം. ഭൂമിയാകെ കീറിപ്പറിഞ്ഞുപോയി. കൃഷി തകര്‍ന്നു. ജലശേഖരങ്ങള്‍ മലിനമായി. കര്‍ണാടകത്തിലെ ഏറ്റവും മനോഹരമായ ഈ പ്രദേശം ജീവിക്കാന്‍ കൊള്ളാതായപ്പോഴാണ് കോടതി ഇടപെട്ടതും താല്‍ക്കാലികമായി ഖനനം നിര്‍ത്തിവയ്‌ക്കേണ്ടിവന്നതും.

ഖനനം ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ക്കെതിരേ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ ചെറുക്കാന്‍ കോര്‍പറേറ്റ് കമ്പനികള്‍ ഉപയോഗിച്ച ഒരു തന്ത്രം ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുക എന്നതായിരുന്നു. ഇത് കമ്പനികളുടെ ഉദാരതയായാണ് സാധാരണക്കാര്‍ ധരിക്കുക. സൂക്ഷ്മമായി വിലയിരുത്തുമ്പോഴാണ് ഇത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പതിയിരിക്കുന്ന ചതി നമുക്ക് ബോധ്യപ്പെടുക. അവിടുത്തെ മനുഷ്യരുടെ കാല്‍ക്കീഴിലെ അവര്‍ക്കവകാശപ്പെട്ട സമ്പത്താണ് കോര്‍പറേറ്റുകള്‍ കൊണ്ടുപോകുന്നത്. അത് തിരിച്ചറിയാന്‍ പാവപ്പെട്ട മനുഷ്യര്‍ക്ക് സാധിക്കുന്നതുമില്ല. ലോകമെമ്പാടും കോര്‍പറേറ്റുകള്‍ ചാരിറ്റി പ്രവര്‍ത്തനത്തിനായി ഫണ്ട് വിനിയോഗിക്കുന്നുണ്ട്. അങ്ങനെയാണവര്‍ ജനങ്ങളെ കൂടെനിര്‍ത്തുന്നത്. ഈ കോര്‍പറേറ്റ് തന്ത്രം ഭരണകൂടങ്ങളും അവരുടെ അധികാരം ഉറപ്പിക്കാനായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ചാരിറ്റിയും അധികാര രാഷ്ട്രീയവും സമന്വയിപ്പിക്കുന്ന പുതിയ തന്ത്രം സമര്‍ഥമായി പ്രയോഗിച്ചത് കിഴക്കമ്പലത്തെ ട്വന്റി ട്വന്റിയാണ്.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പല മുഖങ്ങളും ഉണ്ട്. വ്യക്തികള്‍ സാധാരണ ഗതിയില്‍ നടത്തിപ്പോരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് അതിലൊന്ന്. ആത്മസംതൃപ്തിക്കുവേണ്ടി ചെയ്യുന്നവരുണ്ട്. പ്രത്യേകിച്ച് രാഷ്ട്രീയ ലാഭമൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല. ഇസ്‌ലാം മതവിശ്വാസികളില്‍ വലിയൊരു വിഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് അത് ദൈവാനുഗ്രഹത്തിന് കാരണമാകുന്ന പ്രവൃത്തിയാണ് എന്നതിനാലാണ്. നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് ഇഹലോകത്തല്ല, മറിച്ച് പരലോകത്താണ് പ്രതിഫലം ലഭിക്കുക എന്നവര്‍ കരുതുന്നു. ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗത്തിലും ഇത്തരം വിശ്വാസം പുലര്‍ത്തുന്ന ധാരാളം പേരുണ്ട്. വിസ്മയകരമായ ഒരു എന്‍.ജി.ഒ പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ് നേതൃത്വം നല്‍കുന്ന ബൈത്തുറഹ്മ. ശിഹാബ് തങ്ങളുടെ പേരില്‍ ഭവനരഹിതര്‍ക്കുള്ള സ്‌നേഹഭവനങ്ങളാണ് ഇങ്ങനെ സമര്‍പ്പിക്കപ്പെടുന്നത്. എന്നാല്‍ മുസ്‌ലിം ലീഗ് ഒരിക്കലും ഇതൊരു രാഷ്ട്രീയ പ്രചാരണായുധമായി ഉപയോഗിച്ചില്ല. അതിന്റെ കാരണം ഞാന്‍ നേരത്തെ സൂചിപ്പിച്ച കാര്യമാണ്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പ്രതിഫലം ഇഹലോകത്തല്ല പരലോകത്താണ് എന്ന നിലപാട്.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ അവകാശപ്പോരാട്ടങ്ങളില്‍ നിറഞ്ഞുനിന്ന കാലഘട്ടങ്ങളിലൊക്കെയും ചാരിറ്റിയുടെ രാഷ്ട്രീയം തള്ളിക്കളഞ്ഞിരുന്നു. നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന് പാടി നടന്ന കാലത്തൊക്കെയും വിശപ്പിനും പാര്‍ശ്വവല്‍ക്കരണത്തിനും രാഷ്ട്രീയ പരിഹാരം കാണാനാണ് അവര്‍ പ്രക്ഷോഭങ്ങള്‍ നയിച്ചത്. എന്നാല്‍ അവരും ഇപ്പോള്‍ പോരാട്ടങ്ങള്‍ ഉപേക്ഷിച്ച് ചാരിറ്റിയുടെ രാഷ്ട്രീയ പതാക കയ്യിലേന്തി. ട്വന്റി ട്വന്റിയുടെ രീതിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച് അധികാരത്തുടര്‍ച്ച സാധ്യമാക്കാമോ എന്നാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഒരു അടിസ്ഥാന രാഷ്ട്രീയ മുദ്രാവാക്യങ്ങളും സി.പി.എമ്മോ, സി.പി.ഐയോ കേരളത്തില്‍ ഉയര്‍ത്തുന്നതുമില്ല. വലതുപക്ഷ പ്രസ്ഥാനങ്ങളില്‍നിന്ന് ഇടതുപക്ഷ പാര്‍ട്ടികളെ വ്യത്യസ്തമാക്കിയിരുന്നത് അവരുടെ സമരോത്സുകതയാണ്. സംസ്ഥാന ഭരണത്തില്‍ ഉണ്ടായിരിക്കെത്തന്നെ കേന്ദ്രത്തോട് നിശിതമായി ഏറ്റുമുട്ടുകയും നിരന്തര സമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തിരുന്നു. എന്നാല്‍ കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേന്ദ്രസര്‍ക്കാരിനെതിരേ യാതൊരു പ്രക്ഷോഭവും സംഘടിപ്പിച്ചതുമില്ല. സമരത്തിന്റെ രാഷ്ട്രീയം ഉപേക്ഷിച്ച് ചാരിറ്റിയുടെ രാഷ്ട്രീയത്തിലേയ്ക്ക് അവരും മാറുകയാണ്.

സൗജന്യ റേഷന്‍ രാഷ്ട്രീയ പ്രചാരണമാക്കുന്നതിനെതിരേ തമിഴ്‌നാട്ടില്‍ കമല്‍ ഹാസന്‍ രംഗത്തുവന്നിരുന്നു. ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ സൗജന്യ സാരി വിതരണം നടത്തിയപ്പോള്‍ സ്ത്രീകള്‍ ഇരച്ചുകയറുകയും അത് വലിയ അപകടത്തിന് കാരണമായതും ഓര്‍ക്കാം. സൗജന്യമായി ടെലിവിഷന്‍ നല്‍കിയതും അധികാരമുറപ്പിക്കാന്‍ അവര്‍ക്ക് സഹായകരമായി. വില കുറഞ്ഞ സാരിയിലൂടെ മറയ്ക്കപ്പെട്ടത് തമിഴ്‌നാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയായിരുന്നു. ജയലളിതയുടേയും അവരുടെ തോഴി ശശികല നടരാജന്റേയും ജയില്‍വാസമൊന്നും മറക്കാറായിട്ടില്ല. ഒരു സര്‍ക്കാരിന്റെ അഴിമതിയും, ധൂര്‍ത്തും സ്വജനപക്ഷപാതവും ഒക്കെ ഇത്തരം ഗിമ്മിക്കുകളിലൂടെ മറികടക്കുന്ന തമിഴ്‌നാടന്‍ രാഷ്ട്രീയം കേരളത്തിലേയ്ക്കും പടരുകയാണ്. സര്‍ക്കാരിന്റെ ഉത്തരവാദിത്വങ്ങളാണ് അനാവശ്യമായി കൊട്ടിഘോഷിക്കപ്പെടുന്നത്.

ഈ കൊവിഡ് കാലത്ത് ജനങ്ങള്‍ നേരിട്ട ആഴമേറിയ ജീവിതപ്രശ്‌നങ്ങളെ കുറിച്ചോര്‍ക്കാം. തകര്‍ന്നുപോയ കച്ചവടമേഖലകള്‍, പ്രതിസന്ധിയിലായ വിദ്യാഭ്യാസ മേഖല, ഉത്സവങ്ങള്‍ നിരോധിക്കപ്പെട്ടതോടെ ആത്മഹത്യയുടെ വക്കിലെത്തിനില്‍ക്കുന്ന കലാകാരന്മാരുടെ ജീവിതം, അഴിമതി, സ്വര്‍ണ കള്ളക്കടത്ത് അടക്കമുള്ള നിരവധിപ്രശ്‌നങ്ങള്‍ എല്ലാം സൗജന്യ കിറ്റിലൂടെ മറികടന്നു. ഇത്തരം ഗിമ്മിക്കുകളിലൂടെ ഭരണത്തുടര്‍ച്ച ഉറപ്പാക്കുന്ന സാഹചര്യത്തില്‍ എത്തിനില്‍ക്കുന്നു.
നെയ്യാറ്റിന്‍കര സംഭവം തന്നെ നോക്കാം. രാജനും അമ്പിളിയും ആത്മഹത്യ ചെയ്തപ്പോള്‍ അനാഥരായിപ്പോയ രാഹുലിനും രഞ്ജിത്തിനും വാഗ്ദാനങ്ങളുടെ കുത്തൊഴുക്കായിരുന്നു. രാജനും അമ്പിളിയും ജീവിച്ചിരിക്കുമ്പോള്‍ അവരുടെ പ്രതിസന്ധികള്‍ അന്വേഷിച്ചുചെല്ലാന്‍ ഒരു ജനപ്രതിനിധിയും ഉണ്ടായില്ല. ഇത് ഒരുകുടുംബത്തിന്റെ പ്രശ്‌നവുമല്ല. ഭൂരഹിതരായ അനേകായിരങ്ങളുടെ പ്രശ്‌നമാണ്. അതു പരിഹരിക്കാന്‍ വലിയ രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടാവണം. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന നക്കാപ്പിച്ച സൗജന്യംകൊണ്ട് അടിസ്ഥാന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മൂടിവയ്ക്കപ്പെടുന്നു.

രണ്ട് ക്രിസ്തീയ സഭകള്‍ തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് ഒരു മതപുരോഹിതന്‍ പറഞ്ഞത് ഞങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു തന്നാല്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കാമെന്നാണ്. അതിലൂടെ പറഞ്ഞുവയ്ക്കുന്നതെന്താണ്? സംഘ്പരിവാറിന്റെ ഫാസിസവും വംശീയതയും. മോദി സര്‍ക്കാര്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കുണ്ടാക്കിയ നഷ്ടങ്ങളും ഒന്നുംതന്നെ അവരുടെ സഭയുടെ വിഷയമല്ല എന്നല്ലേ. കേവല വൈകാരികതയില്‍ അപ്പപ്പോള്‍ ഉള്ള പ്രതികരണങ്ങള്‍ക്കപ്പുറത്ത് ഒരു തരത്തിലുള്ള രാഷ്ട്രീയ ദീര്‍ഘദര്‍ശനവും ജനതയ്ക്ക് ഇല്ലാതാവുന്നു. ഇങ്ങനെയുള്ള കാലത്ത് ഒരു പായ്ക്കറ്റ് മല്ലിപ്പൊടിയോ മുളകുപൊടിയോ കൊണ്ട് എല്ലാ പ്രതിസന്ധികളെയും മറികടക്കാമെന്ന് ഭരണകൂടത്തെ പഠിപ്പിക്കുന്നത് കേവല സൗജന്യങ്ങളില്‍ അഭിരമിക്കുന്ന അരാഷ്ട്രീയ ജനതയാണ്. അവരെ ഒപ്പം നിര്‍ത്താന്‍ വല്ലാതെ വിയര്‍ക്കേണ്ടിവരും യു.ഡി.എഫിന്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.