2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഒരു ബ്രാഹ്മണന്റെ ഖിലാഫത്ത് പോരാട്ടങ്ങള്‍

പി. സുരേന്ദ്രന്‍

   

മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തിലേക്കാണ് നാം പ്രവേശിക്കുന്നത്. ഓര്‍മകള്‍ ഉണ്ടായിരിക്കണമെന്ന് നാം ആവര്‍ത്തിച്ചു പറയുന്ന വര്‍ഷമാണിത്. ഒരു നൂറ്റാണ്ടു പിന്നിടുമ്പോഴേയ്ക്കും ഒരുപാട് ഓര്‍മകള്‍ മാഞ്ഞുപോയിട്ടുണ്ടാവും. വിസ്മൃതിയില്‍നിന്ന് ഓരോന്ന് പെറുക്കിയെടുക്കേണ്ടിവരും. തീവ്രമായ മറവികള്‍ കലാപത്തിന്റെ ചരിത്രം ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ക്കും ഏറെ സഹായകരമാവും. ഫ്യൂഡല്‍ ദുഷ്പ്രഭുത്വത്തിനെതിരേയും ബ്രിട്ടിഷ് ആധിപത്യത്തിനെതിരേയും നടന്ന സുധീരമായ സമരത്തെ ഹിന്ദു-മുസ്‌ലിം കലാപമായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ക്ക് സംഘ്പരിവാര്‍ എന്നേ തുടക്കമിട്ടുകഴിഞ്ഞു. മലബാര്‍ കലാപത്തിന്റെ ഒരു നൂറ്റാണ്ട് പിന്നിടുന്ന ചരിത്ര സന്ദര്‍ഭത്തിന് മോദി സര്‍ക്കാരിന്റെ കാലത്ത് സവിശേഷമായ പ്രസക്തിയുണ്ട്. സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ ബ്രിട്ടിഷുകാര്‍ അവരുടെ അധികാരമുറപ്പിക്കാന്‍ ഏത് തരം ഭിന്നിപ്പിക്കല്‍ തന്ത്രമാണോ പ്രയോഗിച്ചത് അതേ തന്ത്രം പ്രയോഗിച്ചുകൊണ്ട് മുന്നേറുകയാണ് മോദി സര്‍ക്കാര്‍. സംഘ്പരിവാറാവട്ടെ വെറുപ്പിന്റെ ഭാഷകൊണ്ട് ഇന്ത്യയുടെ യഥാര്‍ഥ ചരിത്രം മായ്ച്ചുകളയുന്നതില്‍ വിജയിക്കുകയും ചെയ്യുന്നു. നാമെത്ര ന്യായീകരിക്കാന്‍ ശ്രമിച്ചാലും ഒരു കാര്യം സമ്മതിക്കേണ്ടിവരും. വലിയൊരു വിഭാഗം ഹിന്ദുക്കളെ മതേതരബോധത്തില്‍ നിന്ന് തീവ്രഹിന്ദുത്വത്തിലേക്ക് റൂട്ട് മാര്‍ച്ച് നടത്തിക്കാന്‍ സംഘ്പരിവാറിനു സാധിക്കുന്നു. സ്വാതന്ത്ര്യസമരം നയിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ഒരു നൂറ്റാണ്ടുപോലും സര്‍ഗാത്മകമായി അതിജീവിച്ച് ചരിത്രത്തെ ദീപ്തമാക്കാന്‍ സാധിച്ചതുമില്ല. ചരിത്രത്തിന്റെ പിന്നാമ്പുറത്തേയ്ക്ക് നോക്കുമ്പോള്‍ നാം വേദനയോടെ തിരിച്ചറിയുന്നതും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭയപ്പെടുത്തുന്ന നിഷ്‌ക്രിയതയും സംഘ്പരിവാര്‍ അവര്‍ക്കേല്‍പ്പിക്കുന്ന പ്രഹരവുമാണ്. ഒരു നാഥനില്ലാതെ അലയുന്ന ആട്ടിന്‍പറ്റത്തെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഓര്‍മിപ്പിക്കുന്നത്.

സ്വാതന്ത്ര്യസമരത്തിന്റെ യഥാര്‍ഥ ധീര രക്തസാക്ഷിത്വങ്ങളുടെ ചരിത്രവും നമുക്ക് തിരിച്ചറിഞ്ഞേ മതിയാവൂ. കോണ്‍ഗ്രസുകാരനായിരുന്ന മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ഖിലാഫത്ത് പോരാട്ടങ്ങള്‍ നാം ഓര്‍ക്കുന്നത് ഇത്തരമൊരു ചരിത്രസന്ദര്‍ഭത്തിലാണ്. 1921 ലെ കലാപകാലത്ത് മുസ്‌ലിം യോദ്ധാക്കളെപ്പോലെ ക്രൂരമായി വേട്ടയാടപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്ത ഒരു വെജിറ്റേറിയന്‍ ബ്രാഹ്മണന്‍. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും, വായനകളും നിരീക്ഷണങ്ങളും അനുഭവങ്ങളും സംഘ്പരിവാര്‍ വ്യാഖ്യാനങ്ങള്‍ ചെറുത്തു മുന്നേറാന്‍ മാത്രം മൂര്‍ച്ചയുള്ളതുമാണ്. ഇത്തരം വ്യക്തിത്വങ്ങളെ ഓര്‍മിക്കുകയും അവര്‍ക്കുവേണ്ടി സംസാരിക്കുകയും ചെയ്യുക എന്നതാണ് ഈ നൂറ്റാണ്ടില്‍ നമുക്കു നടത്താവുന്ന സ്വാതന്ത്ര്യാന്വേഷണങ്ങള്‍.
1897-ല്‍ ചെര്‍പ്പുളശ്ശേരി മോഴിക്കുന്നത്തു മനയിലായിരുന്നു ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ജനനം. വേദോപനിഷത്തുകള്‍ പഠിച്ചു. ഋഗ്വേദ സംഹിതകള്‍ ഹൃദിസ്ഥമാക്കി. ഭാസന്റേയും കാളിദാസന്റേയും കൃതികളില്‍ ആഴമേറിയ പരിജ്ഞാനമുണ്ടായിരുന്നു. തികഞ്ഞ ഗാന്ധിഭക്തനായിരുന്നു. 1918 മുതല്‍ സജീവരാഷ്ട്രീയത്തിലെത്തി. ചെര്‍പ്പുളശ്ശേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. 1921ല്‍ കലാപം വള്ളുവനാട്ടിലേയ്ക്ക് പടരാതിരിക്കാനാണ് അദ്ദേഹം യത്‌നിച്ചത്. എന്നിട്ടും കലാപത്തില്‍ പ്രതിയായി. ദാരുണമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി.
1921 ഓഗസ്റ്റ് ഒന്നിന് ലോകമാന്യ തിലകന്റെ പ്രഥമ ചരമവാര്‍ഷികം പുത്തനാക്കല്‍ ഭഗവതിക്കാവ് പരിസരത്ത് കൊണ്ടാടിയതോടെയാണ് അദ്ദേഹം അധികാരികളുടെ നോട്ടപ്പുള്ളിയായത്. പൊലിസ് അന്നുതൊട്ട് അദ്ദേഹത്തെ വേട്ടയാടാന്‍ തുടങ്ങി. ഇല്ലത്തെ ആട്ടിന്‍പറ്റങ്ങളെ മുഴുവന്‍ പൊലിസ് ഒത്താശയോടെ കളവു ചെയ്യിപ്പിച്ചു. ഒറ്റപ്പാലത്തെ കോണ്‍ഗ്രസ് – ഖിലാഫത്ത് സമ്മേളനത്തില്‍ പങ്കെടുത്തതോടെ അധികാരികള്‍ അദ്ദേഹത്തിന്റെ നീക്കങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങി.

കാക്കത്തോട് പാലം തകര്‍ത്തു എന്നതായിരുന്നു അദ്ദേഹത്തിനുമേല്‍ ചാര്‍ത്തപ്പെട്ട കുറ്റം. യഥാര്‍ഥത്തില്‍ അദ്ദേഹത്തിന് ആ സംഭവവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. തൂതപ്പുഴ കടന്നുവരുന്ന കലാപകാരികളെ സമാധാനപൂര്‍വം തിരിച്ചുവിടാനാണ് മോഴിക്കുന്നത്ത് ശ്രമിച്ചത്. ഇല്ലത്തുനിന്നാണ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. സ്വന്തം മാതാവ് നിസ്സഹായയായി നോക്കിനിന്നു. മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയതും മുമ്പൊന്നും കേള്‍ക്കാത്ത രീതിയിലായിരുന്നു. അതിവേഗത്തില്‍ ഓടുന്ന കുതിരയുടെ മേല്‍ കെട്ടിവലിച്ച് കൊണ്ടുപോവുകയായിരുന്നു. അവിടം കൊണ്ടും നിന്നില്ല. ആളുകളുടെ മുമ്പില്‍വച്ച് അദ്ദേഹത്തിന്റെ മേല്‍മുണ്ടെടുത്ത് തലയില്‍ കെട്ടിച്ചു. പള്ളിയില്‍ നമ്പൂതിരിക്കായി മത്തിക്കറിവെച്ചിട്ടുണ്ട് പോയി കഴിക്കാം എന്നു പറഞ്ഞു. കോയമ്പത്തൂരിലും ബെല്ലാരിയിലുമായി ജയില്‍വാസം. പിന്നീട് അദ്ദേഹത്തെ വെറുതെ വിട്ടു. തിരിച്ചെത്തിയതോടെ സമുദായത്തിന്‍നിന്ന് ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടു. പുത്രനെയോര്‍ത്ത് നീറിനീറി മരിക്കുകയായിരുന്നു ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ അമ്മ. മരണാനന്തര ചടങ്ങുകളിലൊന്നും പങ്കെടുക്കാന്‍ ഭ്രഷ്ടനായ ആ പുത്രനെ സമുദായം അനുവദിച്ചില്ല. ചെര്‍പ്പുളശ്ശേരി വിട്ട് അദ്ദേഹം പട്ടാമ്പിയിലെത്തി ഒരു വീടുവച്ചു. ആ വീട് അക്കാലത്തെ ആക്റ്റിവിസ്റ്റുകളുടെ ഇടത്താവളമായിരുന്നു. 1964 ജൂലൈ മാസത്തില്‍ മരണപ്പെടുംവരെ സജീവ കോണ്‍ഗ്രസുകാരനായിത്തന്നെ അദ്ദേഹം ജീവിച്ചു. ഇ.എം.എസും വി.ടിയും അവിടുത്തെ സന്ദര്‍ശകരായിരുന്നു.
പലതരത്തില്‍ അപമാനിതനായിട്ടും മുസ്‌ലിം വിരോധിയായില്ല ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്. അദ്ദേഹത്തിന്റെ ‘ഖിലാഫത്ത് സ്മരണകള്‍’ അതിനാല്‍തന്നെ ആ കാലഘട്ടത്തെ സംബന്ധിച്ച വിലയേറിയ രേഖയാണ്. മാപ്പിള മക്കള്‍ അനുഭവിച്ച തീരാവേദനകള്‍, അവരുടെ നിസ്സഹായതകള്‍, ഒടുങ്ങാത്ത പോരാട്ടവീര്യം എല്ലാം അദ്ദേഹം രേഖപ്പെടുത്തി. ജയിലില്‍വച്ച് ആലി മുസ്‌ലിയാരെ അദ്ദേഹം കണ്ടു. മുസ്‌ലിയാരുടെ ഉജ്ജ്വലമായ വാഗ്മയചിത്രങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. കലാപത്തില്‍ നിന്ന് പിന്മാറാന്‍ കെ.പി കേശവമേനോന്‍ മുസ്‌ലിയാരോട് അഭ്യര്‍ഥിച്ചിരുന്നല്ലൊ. അതിന് അദ്ദേഹത്തിന്റെ അംഗരക്ഷകനായിരുന്ന കുഞ്ഞലവി കൊടുക്കുന്ന ഉത്തരമുണ്ട്. ‘കീഴടങ്ങേണ്ട കഥമാത്രം അങ്ങ് പറയരുത്. അവരുടെ കൈയില്‍ കിട്ടിയാല്‍ കൊല്ലുകയല്ല അരയ്ക്കുകയാണ് ചെയ്യുക. ബ്രിട്ടിഷുകാരോട് യുദ്ധം ചെയ്ത് മരിച്ചുകൊള്ളാം’. കുറേയേറെ രേഖകള്‍ മോഴിക്കുന്നത്തിന്റെ പുസ്തകത്തിലുണ്ട്. ഖിലാഫത്ത് സ്മരണകളുടെ അവസാനത്തില്‍ അദ്ദേഹം ഇങ്ങനെരേഖപ്പെടുത്തുന്നു. ‘മാപ്പിളമാര്‍ അനുഭവിച്ച ദുരിതങ്ങള്‍ക്ക് കയ്യും കണക്കുമില്ല. അതിന്റെ സൂക്ഷ്മവിവരം മനസിലാക്കുവാന്‍ വിഷമമാണ്. അവരെ ഒന്നാകെ നിയമഭ്രഷ്ടരാക്കിയിരുന്നു. പട്ടാളക്കാരും പൊലിസുകാരും അവരുടെമേല്‍ നടത്തിയിരുന്ന ക്രൂരകൃത്യങ്ങള്‍ പൈശാചികമായിരുന്നു. അതൊന്നും ഗവണ്‍മെന്റ് റെക്കോര്‍ഡുകളിലോ, അന്നത്തെ പ്രസിദ്ധീകരണങ്ങളിലോ വിവരിച്ചു കാണുന്നില്ല, അന്വേഷണത്തില്‍ യഥാര്‍ഥ വിവരം ആരും പറയുന്നുമില്ല’.
മറക്കരുത് ഒന്നും. മറവികളില്‍ നിന്ന് യഥാര്‍ഥ ചരിത്രം വീണ്ടെടുക്കുന്നത് ഒരു വിപ്ലവ പ്രവര്‍ത്തനം തന്നെയാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.