2021 April 19 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കേരളം ഭരിക്കുന്നതാര്?

അഡ്വ. ടി. ആസഫ് അലി

ഭരണഘടനയനുസരിച്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഭൂരിപക്ഷകക്ഷി രൂപീകരിക്കുന്ന സര്‍ക്കാരിന്റെ തലവന്‍ മുഖ്യമന്ത്രിയും, മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് സംസ്ഥാന ഗവര്‍ണര്‍ നിര്‍വഹാധികാരം ഉപയോഗിച്ച് പ്രവര്‍ത്തിക്കണമെന്നാണ് വ്യവസ്ഥ. ഗവര്‍ണറുടെ നാമത്തില്‍ ചെയ്യുന്ന എല്ലാ നിര്‍വഹാധികാരമനുസരിച്ചുള്ള നടപടികളും ഗവര്‍ണറുടെ നാമത്തില്‍ ചെയ്യുന്നതായി പ്രസ്താവിച്ചിരിക്കേണ്ടതാണ്. അപൂര്‍വം ചില സന്ദര്‍ഭങ്ങളിലെ വിവേചനാധികാരം ഒഴിച്ച് ഗവര്‍ണര്‍ സാധാരണഗതിയില്‍ മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ ബാധ്യസ്ഥനാണ്. മന്ത്രിസഭക്ക് സംസ്ഥാനത്തെ നിയമസഭയോട് കൂട്ടായി ഉത്തരവാദപ്പെട്ടിരിക്കേണ്ടതാണെന്ന് ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടുമുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും മന്ത്രിസഭയുമാണ് സംസ്ഥാന ഭരണത്തിന്റെ പരമാധികാര സ്ഥാനീയര്‍. അല്ലാതെ ഉദ്യോഗസ്ഥരല്ല. റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ചുള്ള നിര്‍വഹണാധികാരത്തിനപ്പുറം മുഖ്യമന്ത്രിക്കോ, മന്ത്രിമാര്‍ക്കോ, മന്ത്രിസഭക്കോ ഇല്ലാത്ത യാതൊരധികാരവും ഉദ്യോഗസ്ഥന്മാര്‍ക്കില്ല. അത്തരം ഭരണഘടനേതരമായ ഏതെങ്കിലും തരത്തിലുള്ള അമിതാധികാരം ഏതെങ്കിലും ഉദ്യോഗസ്ഥന്‍ നിര്‍വഹിച്ചതായി സര്‍ക്കാരിന് ബോധ്യപ്പെട്ടാല്‍ അത്തരക്കാരെ ചില സന്ദര്‍ഭങ്ങളില്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി അന്വേഷണം പോലും നടത്താതെ സര്‍വിസില്‍നിന്നു നീക്കം ചെയ്യാന്‍ ഭരണഘടന അനുഛേദം 311 അനുസരിച്ച് സര്‍ക്കാരിന് അധികാരമുണ്ട്.
സംസ്ഥാനത്തെ ഇടതു സര്‍ക്കാരിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച നിരവധി അഴിമതി ആരോപണങ്ങളെക്കുറിച്ച് തങ്ങളൊന്നും അറിയില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ പഴിചാരി പ്രതിരോധിക്കുന്ന സര്‍ക്കാര്‍ സമീപനം തികച്ചും വിചിത്രമാണ്. മുഖ്യമന്ത്രിയെയോ വകുപ്പുമന്ത്രിയെയോ മറികടന്നോ, അല്ലെങ്കില്‍ മുഖ്യമന്ത്രിയോ, വകുപ്പുമന്ത്രിയോ മന്ത്രിസഭയോ അറിയാതെ ആരോപിക്കപ്പെട്ട സുപ്രധാന തീരുമാനം സ്വീകരിക്കാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥന് സാധിക്കുമോ? എങ്കില്‍ ഭരണഘടനയും റൂള്‍സ് ഓഫ് ബിസിനസും കാറ്റില്‍പ്പറത്തി തന്നിഷ്ടപ്രകാരം പ്രവര്‍ത്തിച്ച് സര്‍ക്കാരിന് വന്‍ നഷ്ടവും ദുഷ്‌കീര്‍ത്തിയുമുണ്ടാക്കിയ ഉദ്യോഗസ്ഥരെ പഴിചാരുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും എന്തുകൊണ്ട് അവരെ സ്ഥാനത്തു നീക്കാനോ, അച്ചടക്ക നടപടിയെടുക്കാനോ തയാറാകുന്നില്ല?
പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഓരോ ആരോപണത്തിനും പിന്നാലെ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിമാരും ആദ്യം പരിഹസിച്ചു തള്ളും, പിന്നെ നിഷേധിക്കും, പിന്നീട് അറിയില്ലെന്ന് പറഞ്ഞ് തുടര്‍നടപടി റദ്ദ് ചെയ്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ പഴിചാരി തലയൂരുന്ന വിചിത്രമായ പ്രവൃത്തികള്‍ വിവേകമുള്ള മലയാളി കണ്ണടച്ച് വിശ്വസിക്കുമെന്ന് കരുതാനാവില്ല.

ഏതൊരു സര്‍ക്കാര്‍ നടപടിക്കും താഴേത്തട്ടിലെ ഉദ്യോഗസ്ഥനില്‍ നിന്നാരംഭിക്കുന്ന ഫയല്‍ കുറിപ്പുകള്‍ മന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ മന്ത്രിസഭയുടെയോ അംഗീകാരത്തോടുകൂടിയേ തീരുമാനത്തിലെത്താന്‍ സാധിക്കുകയുള്ളൂവെന്നതാണ് നിയമവ്യവസ്ഥ. ഇതിനകം പുറത്തുവന്നതും പിന്നീട് റദ്ദാക്കപ്പെട്ടതുമായ തീരുമാനങ്ങളുമായി ബന്ധപ്പെട്ട ഫയല്‍ കുറിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടാല്‍ മുഖ്യമന്ത്രിയുടെയോ വകുപ്പു മന്ത്രിയുടെയോ പങ്ക് സുവ്യക്തമായി തെളിയുന്നതാണ്. പ്രത്യേകിച്ച് ഏഴോളം ഉപദേശകന്മാരുടെ തിരക്കഥയും സംവിധാനവുമൊത്ത് മാത്രം ചലിക്കുന്ന ഒരു മുഖ്യമന്ത്രിയുടെ പങ്ക് ഈ കളങ്കിതമായ തീരുമാനങ്ങളില്‍ എത്രത്തോളമുണ്ടെന്നറിയാന്‍ പൊതുജനത്തിന് ഏറെ കൗതുകവും ജിജ്ഞാസയും ഉണ്ട്. കളങ്കിതമായ ഇടപാടുകളില്‍ പങ്കാളികളായ ഉദ്യോഗസ്ഥന്റെ നടപടികളെ മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി നേതാക്കന്മാരും എന്തിന് ന്യായീകരിക്കണം? തങ്ങളറിയാതെയുള്ള കരാറെന്ന നിലയില്‍ നിയമവിരുദ്ധമായ മാര്‍ഗത്തില്‍ ഒപ്പിട്ട ഉദ്യോഗസ്ഥനെ പ്രത്യേകാധികാരമുപയോഗിച്ച് എന്തുകൊണ്ട് സ്ഥാനത്തുനിന്നു നീക്കം ചെയ്യുന്നില്ല? കേരളീയ സമൂഹത്തിന്റെ ഇത്തരം ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണകക്ഷി നേതാക്കളും മറുപടി പറഞ്ഞേതീരൂ.

ഏറ്റവുമൊടുവിലായി സംസ്ഥാനത്തെ മത്സ്യമേഖലയില്‍ 5000 കോടി രൂപയുടെ നിക്ഷേപത്തിന് അനുമതി നല്‍കിക്കൊണ്ട് ഇ.എം.സി.സി ഇന്റര്‍നാഷണല്‍ എന്ന അമേരിക്കന്‍ കമ്പനിയുമായി വ്യവസായ വകുപ്പിന്റെ കീഴിലെ കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കെ.എസ്.ഐ.ഡി.സി) ധാരണാപത്രം ഒപ്പിട്ടതും തുടര്‍ന്ന് കെ.എസ്.ഐ.ഡി.സിയുടെ ആലപ്പുഴ പള്ളിപ്പുറത്തെ വ്യവസായ പാര്‍ക്കില്‍ മത്സ്യസംസ്‌കരണ യൂനിറ്റ് തുടങ്ങാന്‍ ഈ അമേരിക്കന്‍ കമ്പനിക്ക് നാലേക്കര്‍ സ്ഥലം നിയമവിരുദ്ധമായി അനുവദിച്ചതിലെ അതീവ ഗുരുതര ക്രമക്കേടും സംബന്ധിച്ച് പ്രതിപക്ഷ നേതാവ് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച് വകുപ്പു മന്ത്രിയുടെ ആദ്യത്തെ പരിഹാസവും നിഷേധവും രക്ഷയില്ലെന്ന് കണ്ടപ്പോഴത്തെ മലക്കം മറിച്ചിലുമെല്ലാം ഒരു സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെയും അഴിമതിയുടെയും ദുര്‍ഗന്ധമാണ് പുറത്തുവന്നത്. നാടിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലെന്ന് വിശേഷിപ്പിക്കാവുന്ന മത്സ്യമേഖല അമേരിക്കന്‍ കമ്പനിക്ക് തീരുനല്‍കിക്കൊണ്ട് കടലരിച്ച് പെറുക്കാനനുവാദം കൊടുത്തത് സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് ആരും വിശ്വസിക്കില്ല. ട്രോളര്‍ നിര്‍മാണത്തിന് കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലന്റ് നാവിഗേഷന്‍ കോര്‍പറേഷന്‍ ഒപ്പിട്ടത് സര്‍ക്കാരിന്റെ വികസന കുതിപ്പാണെന്ന നിലയില്‍ കോര്‍പറേഷന്‍ വന്‍ പരസ്യക്കുറിപ്പിറക്കിയിട്ടും സര്‍ക്കാര്‍ അതൊന്നും കാണുകയോ കേള്‍ക്കുകയോ അറിയുകയോ ചെയ്തില്ലെന്ന് പറയുന്നത് മനുഷ്യന്റെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. ട്രോളര്‍ നിര്‍മിച്ചുകിട്ടിയാല്‍ അമേരിക്കന്‍ കമ്പനി കേരളത്തിന്റെ ആഴക്കടലില്‍നിന്നു മീന്‍ പാടെ കോരിയെടുത്ത് അതിനുള്ള അടിസ്ഥാന സൗകര്യം വികസിപ്പിക്കുവാന്‍ സംസ്ഥാനത്തെ ഏഴ് മീന്‍പിടുത്ത തുറമുഖങ്ങള്‍ നവീകരിക്കും, കോരിയെടുത്ത മീന്‍ സംസ്‌കരിക്കുവാന്‍ വലിയ ഭക്ഷ്യസംസ്‌കരണശാല നിര്‍മിക്കുമെന്നുമൊക്കെയാണ് കമ്പനി വ്യവസായ വകുപ്പിന്റെ കീഴിലെ കെ.എസ്.ഐ.ഡി.സിക്കു നല്‍കിയ പദ്ധതി രേഖയില്‍ വിവരിച്ചിരിക്കുന്നത്. പ്രസ്തുത പദ്ധതി നടപ്പായാലുണ്ടാവുന്ന അന്തിമഫലം കമ്പനി തടിച്ച് കൊഴുക്കുകയും ദരിദ്രരായ നമ്മുടെ മത്സ്യത്തൊഴിലാളികളെ എന്നെന്നേക്കുമായി നിത്യദാരിദ്ര്യത്തിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യും.
കൊവിഡ് മഹാമാരിയുടെ ആരംഭത്തില്‍ സ്പ്രിംഗ്ലര്‍ എന്ന് പേരായ അമേരിക്കന്‍ കമ്പനിക്ക് കൊവിഡ് രോഗികളുടെ വിവര വിശകലനത്തിനായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന ശിവശങ്കര്‍ മന്ത്രിസഭ പോലും അറിയാതെ തന്നിഷ്ടപ്രകാരം കരാറൊപ്പിടുകയാണുണ്ടായത്. രോഗികളുടെ വിവരശേഖരം സംബന്ധിച്ച് തര്‍ക്കമുണ്ടായാല്‍ ഇന്ത്യന്‍ ഭരണഘടനയോ നിയമമോ ബാധകമല്ലെന്നുള്ള തികച്ചും നിയമവിരുദ്ധമായ വ്യവസ്ഥകള്‍ ഉള്‍കൊള്ളിച്ചായിരുന്നു കരാര്‍. കൊവിഡ് രോഗികളുടെയും ക്വാറന്റൈനിലിരിക്കുന്ന രോഗം സംശയിക്കുന്നവരുമായ പതിനായിരങ്ങളുടെ ഭരണഘടനാവകാശങ്ങള്‍ അടിയറവച്ച നടപടിയെ മുഖ്യമന്ത്രിയും മന്ത്രിമാരും ആരംഭത്തില്‍ ശക്തിയുക്തം ന്യായീകരിക്കാന്‍ ശ്രമിച്ചിരുന്നു. പിന്നീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റും ഭരണഘടനാ വിരുദ്ധമായ പ്രസ്തുത നടപടിയെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്ത്, കോടതി സ്പ്രിംഗ്ലറിനെ കൂച്ചുവിലങ്ങിട്ട് ഉത്തരവിറക്കിയപ്പോള്‍ സാവധാനം പരുങ്ങിയ മുഖ്യമന്ത്രി കരാറിന്റെ പിതൃത്വം ആര്‍ക്കാണെന്ന് വ്യക്തമാക്കുവാന്‍ ഇനിയും തയാറായിട്ടില്ല.
സ്പ്രിംഗ്ലര്‍ കരാറിലെ വ്യവസ്ഥകള്‍ കൊവിഡ് രോഗികളുടെയും രോഗം സംശയിക്കുന്നവരുമായ വിവരദാതാക്കളുടെ ഭരണഘടനാപരമായ അവകാശ ലംഘനമാണെന്നും അതിനാല്‍ അവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുവാന്‍ അര്‍ഹതയുണ്ടെന്നും ആ നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാര്‍ നല്‍കി, ഇടപാടിനുത്തരവാദികളായ പിണറായി വിജയനില്‍ നിന്നും ശിവശങ്കറില്‍ നിന്നും വ്യക്തിപരമായി വസൂലാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബോധിപ്പിച്ച റിട്ട് ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. അന്താരാഷ്ട്ര കരാറൊപ്പിടുമ്പോള്‍ ഒപ്പിടുന്ന ഉദ്യോഗസ്ഥനെ മന്ത്രിസഭ യോഗം ചേര്‍ന്നെടുക്കുന്ന തീരുമാനത്തിന്റെയടിസ്ഥാനത്തില്‍ ചുമതലപ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടന 299 (1) ാം അനുഛേദത്തിന്റെ നഗ്‌നമായ ലംഘനമാണ് സ്പ്രിംഗ്ലര്‍ കരാര്‍. ലോക്ക്ഡൗണ്‍ കാലമായതുകൊണ്ട് തന്നെ 2020 ഏപ്രില്‍ മാസത്തില്‍ മുഴുവന്‍ മന്ത്രിമാരും തലസ്ഥാനത്തുണ്ടായിരിക്കെ ഇവരൊന്നും അറിയാതെയാണ് ശിവശങ്കറെന്ന ഉദ്യോഗസ്ഥന്‍ ഒപ്പിട്ടതെന്ന് എത്രതന്നെ ആവര്‍ത്തി പറഞ്ഞാലും വിശ്വസിക്കുവാന്‍ മലയാളിയുടെ വിവേകം അനുവദിക്കുന്നില്ലെന്നതാണ് സത്യം.
(തുടരും)

(ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമാണ് ലേഖകന്‍)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.