2020 October 21 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കോണ്‍ഗ്രസിന്റെ നിലപാടിനെതിരേ ടി.എന്‍ പ്രതാപന്‍: പാര്‍ട്ടി തിരുത്തണം, തീവ്രഹിന്ദുത്വത്തെ മൃദുരൂപം കൊണ്ട് തോല്‍പ്പിക്കാനാവില്ല, കമല്‍നാഥും ദിഗ്‌വിജയ് സിങ്ങും സ്വയം അപഹാസ്യരാവുകയാണ്

 

ബാബരി വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിനെതിരേ ടി.എന്‍ പ്രതാപന്‍ എം.പി. ബാബരി വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് വീഴ്ചകളുണ്ടായിട്ടുണ്ടെങ്കില്‍ അത് തിരുത്തി മുന്നോട്ട് പോകാനാണ് പാര്‍ട്ടി തയാറാവേണ്ടത്.തീവ്രഹിന്ദുത്വ ദേശീയതയെ അതിന്റെ മൃദുരൂപം കൊണ്ട് തോല്‍പ്പിക്കാനാവില്ല. കമല്‍നാഥും ദിഗ്‌വിജയ് സിങ്ങും സ്വയം അപഹാസ്യരാവുകയാണ് ചെയ്യുന്നതെന്നും സുപ്രഭാതം പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പ്രതാപന്‍ പറയുന്നു.

തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വത്താല്‍ നേരിടാനാവില്ല

അയോധ്യയില്‍ സംഘ്പരിവാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ക്ഷേത്രത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്നലെ കഴിഞ്ഞു. ഇതുസംബന്ധിച്ച് രാജ്യത്ത് പ്രധാനമായും രണ്ട് വികാരങ്ങളാണുള്ളത്. ഒന്ന്, ക്ഷേത്ര നിര്‍മാണത്തെ അനുകൂലിക്കുന്നത്. മറ്റൊന്ന്, കോടതി വിധി ക്ഷേത്ര നിര്‍മാണം ആവശ്യപ്പെടുന്നതിനാല്‍ തടയാനില്ലെങ്കിലും പള്ളിപൊളിച്ചിടത്ത് ക്ഷേത്രം പണിയുന്നതിനോടുള്ള വിയോജിപ്പ്. ബി.ജെ.പിയുടെ നിലപാട് ഇതില്‍ വ്യക്തമാണ്. മതനിരപേക്ഷ പാര്‍ട്ടികള്‍ക്കിടയിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. അതില്‍ പ്രധാനമായും കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. എന്നാല്‍, ക്ഷേത്ര നിര്‍മാണ ട്രസ്റ്റ് രാമക്ഷേത്രം പണിയട്ടെ എന്നുതന്നെയാണ് സി.പി.എമ്മിന്റെ തീരുമാനം. പക്ഷേ, ഇവിടെ ഞാന്‍ കോണ്‍ഗ്രസിനകത്തെ വ്യത്യസ്ത നിലപാടുകളെ കുറിച്ച് മാത്രമാണ് പറയുന്നത്. ഒപ്പം കോണ്‍ഗ്രസിന്റെ പാരമ്പര്യത്തെ പറ്റിയുള്ള എന്റെ വിശ്വാസവും അതിനോടനുബന്ധിച്ചുള്ള എന്റെ നിലപാടുമാണിത്.

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഗാന്ധി വധം പോലെ, ബാബരി ധ്വംസനം പോലെ ഭാരതത്തിന്റെ ആത്മാവിനെ മുറിപ്പെടുത്തിയ വേറെ സംഭവങ്ങള്‍ ഇല്ലെന്നാണ് ഞാനുറച്ച് വിശ്വസിക്കുന്നത്. രണ്ടിന്റെയും പിന്നില്‍ ഇന്ത്യാ ഉപഭൂഖണ്ഡം കണ്ടതില്‍വച്ച് ഏറ്റവും കടുത്തതും ശക്തിയുള്ളതും അപകടകരമായ ആശയ പിന്‍ബലമുള്ളതുമായ സംഘ്പരിവാറായിരുന്നു. ഗാന്ധി വധത്തെ അവര്‍ പലരൂപത്തില്‍ ന്യായീകരിക്കുന്നതും പുനരവതരിപ്പിക്കുന്നതും ഗാന്ധി ഘാതകരെ പൂജിക്കുന്നതും നാം കണ്ടതാണ്. ഇപ്പോള്‍ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍വരെ പരസ്യമായി അത് പറഞ്ഞുതുടങ്ങിയിട്ടുണ്ട്.

ബാബരി മസ്ജിദില്‍ വിഗ്രഹം കൊണ്ടുവന്ന് വെച്ചത് തെറ്റ്, അത് പൊളിച്ചത് വലിയ തെറ്റ് എന്നിങ്ങനെയാണ് സുപ്രിം കോടതി വിധി നീണ്ടത്. ഒടുവില്‍ പള്ളി ഇരുന്നിടത്ത് ക്ഷേത്രം പണിയാമെന്ന് ഉപസംഹാരവും. പരമോന്നത നീതിപീഠം വിധി പറഞ്ഞാല്‍ വിയോജിപ്പുകളുണ്ടെങ്കിലും അത് മാനിക്കാനുള്ള മര്യാദ ഇവിടത്തെ ജനാധിപത്യ, മതേതര വിശ്വാസികള്‍ക്കുണ്ട്. എന്നുകരുതി, ബാബരി ധ്വംസനം മറക്കണമെന്നോ, അതേ തുടര്‍ന്നുണ്ടായ ന്യൂനപക്ഷ വിരുദ്ധ കലാപങ്ങള്‍ ഓര്‍ക്കാതിരിക്കണമെന്നോ ആരും നിഷ്‌കളങ്കപ്പെടരുത്. എന്നിട്ടും അയോധ്യാ വിഷയത്തിലെ സുപ്രിം കോടതി വിധിയെ എല്ലാവരും മാനിക്കുന്നുണ്ട്. അതിനര്‍ഥം, ബാബരി മസ്ജിദ് തകര്‍ത്തതിനെ അംഗീകരിക്കുന്നു എന്നാണോ? ആവരുത്. ഞാന്‍ തുടക്കത്തില്‍ പറഞ്ഞ രണ്ട് അഭിപ്രായങ്ങള്‍ കൂടാതെ കോണ്‍ഗ്രസിനകത്ത് രൂപപ്പെടുന്ന മറ്റൊരു അഭിപ്രായം ബാബരി ധ്വംസനം അതിക്രമവും അപലപനീയവുമായിരിക്കെ തന്നെ ക്ഷേത്ര നിര്‍മാണം കോടതി വിധിയുടെ പശ്ചാത്തലത്തിലായതിനാല്‍ ഉത്തരേന്ത്യയില്‍ ഇതിനോടകം ആഴത്തില്‍ വേരോടിയ ശ്രീരാമ പ്രഭാവത്തെ സംഘ്പരിവാറിന് വിട്ടുകൊടുക്കാതെ ക്ഷേത്ര നിര്‍മാണത്തെ അനുകൂലിക്കണമെന്നുള്ളതാണ്. ഒരുപക്ഷേ, പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന ഈ അഭിപ്രയത്തിന്റെ പ്രതിഫലനമാകാം. എന്നാല്‍, ഞാനിതിനോടും വിയോജിക്കുകയാണ്. പകരം, രാമന്‍ സ്‌നേഹമാണ്, നീതിയാണ്, കരുണയാണ്. അവര്‍ ഒരിക്കലും അതിക്രമത്തിന്റെയോ വെറുപ്പിന്റെയോ അനീതിയുടെയോ രൂപേണ നിലനില്‍ക്കില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയായിരുന്നു വേണ്ടിയിരുന്നത് എന്നാണ് ആഗ്രഹിക്കുന്നത്.

അതായത്, ഒരു മസ്ജിദ് പൊളിച്ചിട്ട് ക്ഷേത്രം പണിതാല്‍ സന്തുഷ്ടനാകുന്നവനല്ല ഹിന്ദുവിന്റെ രാമന്‍ എന്നാണ് അത് പറയുന്നത്. സര്‍വരും സന്തുഷ്ടരായി വാഴുന്ന ‘രാമരാജ്യം’ മഹാത്മാ ഗാന്ധി ആഗ്രഹിച്ചിട്ടുണ്ട്. എന്നാല്‍, സംഘ്പരിവാറിന്റെ രാമരാജ്യത്തില്‍ മുസ്‌ലിംകളോ ക്രിസ്ത്യാനികളോ ദലിതരോ ഒന്നും കാണില്ല. സംഘ്പരിവാറിന്റെ മതരാഷ്ട്ര സങ്കല്‍പ്പത്തില്‍ രാമന്റെ പേരില്‍ കൊടുംകൊലകളും കലാപങ്ങളും അരങ്ങേറും. രാമനെ അനേകായിരം നിരപരാധികളുടെ ചോരച്ചാലുകളില്‍ കുളിപ്പിച്ച് വെറുപ്പിന്റെയും കോര്‍പറേറ്റ് താല്‍പര്യങ്ങളുടെയുംമേല്‍ പ്രതിഷ്ഠിക്കും. അങ്ങനെയൊരു ശ്രീരാമനെ ഇവിടെ ഏത് ഹിന്ദു ധര്‍മത്തിനാണ് പരിചയമുള്ളത് ? എല്ലാ മാസവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയി കൃഷ്ണ ഭഗവാന്റെ അനുഗ്രഹം തേടുന്ന, കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീരാമ ക്ഷേത്രമുള്ള തൃപ്രയാറില്‍നിന്ന് വരുന്ന എനിക്ക് സംഘ്പരിവാറിന്റെ ആണധികാരരോഷാകുല രാമനോടോ ആ രാമരാജ്യത്തോടോ യാതൊരു പ്രതിബദ്ധതയുമില്ല.

സംഘ്പരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയം ഹൈജാക്ക് ചെയ്യുന്നതിനും മുന്‍പേ ശ്രീരാമന്‍ ഭാരതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന ഒരു സാംസ്‌കാരിക സങ്കല്‍പം കൂടിയാണ്. ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും ഇപ്പോഴും രാംലീലാ ഘോഷയാത്രകള്‍ക്ക് ചമയങ്ങളൊരുക്കുന്നത് പരമ്പരാഗത മുസ്‌ലിം കുടുംബങ്ങളാണ്. ഡല്‍ഹിയില്‍ ചാന്ദ്‌നി ചൗക്കില്‍ നടക്കാറുള്ള രാംലീലക്ക് ചമയങ്ങള്‍ തയാറാക്കുന്ന കുടുംബങ്ങളില്‍ ചിലരുടെ വേരുകളുള്ളത് പാകിസ്താനിലുമാണത്രെ. ഇങ്ങനെ മത പാരസ്പര്യത്തിന്റെ, ദേശാന്തര സാഹോദര്യത്തിന്റെ പ്രതീകമായ ഒരു രാമനെ മാത്രമേ ഹിന്ദുക്കള്‍ക്കും വേണ്ടൂ. സത്യത്തില്‍ അയോധ്യയില്‍ രാമജന്മഭൂമി എന്നടയാളപ്പെടുത്തുന്ന അനേകം ക്ഷേത്രങ്ങള്‍ വേറെയുമുണ്ട്. മത പാരസ്പര്യത്തിന്റെ സന്ദേശമുയര്‍ത്തുന്ന ആ ദേവാലയങ്ങള്‍ക്കുള്ള പുണ്യമൊന്നും സംഘ്പരിവാര്‍ പണിയാന്‍പോകുന്ന ക്ഷേത്രത്തിന് ഒരിക്കലും ഉണ്ടാവാന്‍ പോകുന്നില്ല. കാരണം, അവിടെ മതമോ വിശ്വാസമോ അല്ല പുലരാനിരിക്കുന്നത്. പകരം, രാഷ്ട്രീയവും വിദ്വേഷവുമാണ്.

മാത്രവുമല്ല, ദിനേന ആയിരങ്ങള്‍ മഹാമാരിവന്ന് മരിച്ചുവീഴുന്ന ഒരു രാജ്യത്ത് ആശുപത്രികളേക്കാള്‍ സര്‍ക്കാരിന് മുഖ്യം വിഭാഗീയതയുടെ പ്രതീകമായ ഒരു ക്ഷേത്ര മന്ദിരമാണോ? കൊവിഡ് പ്രതിരോധ മേഖലയില്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പി.പി.ഇ കിറ്റ് കൊടുക്കാന്‍ സാധിക്കാത്ത കേന്ദ്രസര്‍ക്കാര്‍ പൊതുഖജനാവില്‍ ക്ഷേത്ര നിര്‍മാണ ട്രസ്റ്റിലേക്ക് പണം മാറ്റിയെന്നത് എന്തുമാത്രം അപകടകരമായ നയമാണ്. ബി.ജെ.പി സര്‍ക്കാരിന്റെ ലക്ഷ്യവും മാര്‍ഗവും തീവ്രഹിന്ദുത്വ ദേശീയതയായതിനാല്‍ ഇതില്‍ തെല്ലും അതിശയിക്കാനില്ലല്ലോ. എന്നാല്‍, തറക്കല്ലിടുന്ന പരിപാടിക്ക് വിളിച്ചില്ലെന്ന് പരിഭവം പറയുക വഴി കമല്‍നാഥും ദിഗ്‌വിജയ് സിങ്ങും സ്വയം അപഹാസ്യരാവുക കൂടിയാണ് ചെയ്തത്.

സിഖ് വിരുദ്ധ കലാപത്തെ ചൊല്ലി കോണ്‍ഗ്രസിന് നേരത്തെയുണ്ടായിരുന്ന ആരോപണങ്ങളെ കുറിച്ച് പഠിക്കുകയും തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ചില നേതാക്കള്‍ക്കും സംഭവിച്ച തെറ്റുകളെ മുന്‍നിര്‍ത്തി സിഖ് വിഭാഗങ്ങളോട് ക്ഷമാപണവും നടത്തിയിട്ടുണ്ട് കോണ്‍ഗ്രസ്. അതുപോലെ, ബാബരി വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് വീഴ്ചകളുണ്ടായിട്ടുണ്ടെങ്കില്‍ അത് തിരുത്തി മുന്നോട്ട് പോകാനാണ് പാര്‍ട്ടി തയാറാവേണ്ടത്. ഇത് സംബന്ധിച്ച് പാര്‍ട്ടി അധ്യക്ഷ ശ്രീമതി സോണിയ ഗാന്ധിക്ക് കഴിഞ്ഞ ദിവസം നല്‍കിയ കത്തില്‍ ഞാന്‍ വ്യക്തമാക്കിയ കാര്യം ബാബരിയുടെ ധ്വംസനം അങ്ങേയറ്റം മുറിവേല്‍പ്പിച്ച ലക്ഷോപലക്ഷം ആളുകള്‍ ഇപ്പോഴും നമ്മുടെ രാജ്യത്തുണ്ടെന്നത് മറക്കരുതെന്നും അവരെ ഉള്‍ക്കൊള്ളാനും നിരാശയിലേക്ക് തള്ളിവിടാതിരിക്കാനും പാര്‍ട്ടിക്ക് ബാധ്യതയുണ്ടെന്നുമാണ്.

തീവ്രഹിന്ദുത്വ ദേശീയതയെ അതിന്റെ മൃദുരൂപം കൊണ്ട് തോല്‍പ്പിക്കാമെന്നത് ഇനിയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആരും കരുതരുത്. ഇനിയെന്തുവന്നാലും വേണ്ടത് ഒരു ബദലാണ്. അത് രാജ്യത്തിന്റെ ആത്മാവ് കുടികൊള്ളുന്ന മൂല്യങ്ങളില്‍ ഉറച്ചതുമായിരിക്കണം. പൊതുഇടങ്ങളില്‍ ആര്‍.എസ്.എസിന്റെ ശാഖകള്‍ നിരോധിക്കുമെന്ന് തെരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിച്ച, അധികാരത്തില്‍ വന്നപ്പോള്‍ അത് നടപ്പിലാക്കിയ കമല്‍നാഥിന് ഇപ്പോഴുള്ള ഈ അയോധ്യാ നിലപാടില്‍ തന്റേതായ ന്യായീകരണം കണ്ടേക്കും. എന്നാല്‍, അത്തരം സാധൂകരണങ്ങള്‍ തീരുന്നിടത്ത് തുടങ്ങുന്നതാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും മഹാത്മാ ഗാന്ധിയുടെയും മൗലാനാ ആസാദിന്റെയുമൊക്കെ പാരമ്പര്യം കിടക്കുന്നത്. ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കപ്പെട്ടപ്പോള്‍ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു പ്രത്യേക മതത്തിന്റെ ആരാധനാലയം ഉദ്ഘാടനം ചെയ്യുന്നത് ഒരു മതനിരപേക്ഷ ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല എന്ന് പഠിപ്പിച്ച നെഹ്‌റുവാണ് ഞാന്‍ പ്രതീക്ഷ വെക്കുന്ന കോണ്‍ഗ്രസിന്റെ പാരമ്പര്യം. ഒപ്പം, ‘തന്റെ രാഷ്ട്രീയ ജീവിതം അവസാനിക്കുമെന്ന് വന്നാലും സത്യം പറയാതിരിക്കില്ല’ എന്ന് ഉറപ്പിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വഴിയും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.