2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ദേശീയതാല്‍പര്യങ്ങളുടെ’ വ്യത്യസ്ത മുഖങ്ങള്‍

 

ടി.ജെ.എസ് ജോര്‍ജ്

പൗരനെ വെല്ലുവിളിക്കല്‍, ഭയപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍ – ഇവയെല്ലാം ഒരുമിച്ച് ചെയ്യുന്ന പദസഞ്ചയമായി ‘ദേശീയതാല്‍പര്യങ്ങള്‍’ എന്നത് മാറിയിരിക്കുന്നു. ഇന്ത്യ പോലുള്ള ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തില്‍, ‘ദേശീയതാല്‍പര്യങ്ങള്‍’ എന്താണെന്നതില്‍ രണ്ടുപേര്‍ യോജിപ്പിലെത്തുന്നത് കാണാന്‍ എളുപ്പമല്ല. നരേന്ദ്ര മോദിയുടെ ‘ദേശീയതാല്‍പര്യങ്ങള്‍’ എന്ന ആശയം തീര്‍ച്ചയായും രാഹുല്‍ ഗാന്ധിയുടെ ആശയം പോലെയാകില്ല. മമതാ ബാനര്‍ജിക്ക് ഈ ആശയത്തിന് അവരുടേതായ വ്യാഖ്യാനമുണ്ടായിരിക്കും, പിണറായി വിജയന്റേത് മറ്റെല്ലാവരുടേതില്‍ നിന്നും വ്യത്യസ്തമായിരിക്കും. എന്നിട്ടും ഇവരെല്ലാം ഇന്ത്യയുടെ ദേശീയതാല്‍പര്യങ്ങളില്‍ സത്യസന്ധമായി പ്രതിജ്ഞാബദ്ധരാണ്, കാരണം ആ താല്‍പര്യങ്ങള്‍ എല്ലാ പാര്‍ട്ടികളുടെയും എല്ലാ രാഷ്ട്രീയക്കാരുടെയും ജീവരക്തമാണ്.
അത്തരമൊരു സാഹചര്യത്തില്‍, മന്ത്രി പിയൂഷ് ഗോയലിനെക്കൊണ്ട് ടാറ്റയെപ്പോലുള്ള ഒരു കമ്പനിയെ ‘ദേശീയതാല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ല’ എന്ന് കുറ്റപ്പെടുത്തിക്കാന്‍ സങ്കുചിത ചിന്താഗതിയുള്ള കക്ഷിരാഷ്ട്രീയത്തിന് മാത്രമേ കഴിയൂ. ഈ സാഹചര്യത്തില്‍ എരിവും പുളിയും ചേര്‍ത്തുകൊണ്ട് ആര്‍.എസ്.എസ് സംഘടനയായ പാഞ്ചജന്യ ആരോപിച്ചത് ഇന്‍ഫോസിസ് ഇടതുപക്ഷക്കാരുമായും ‘ടുക്‌ഡെ – ടുക്‌ഡെ സംഘങ്ങളുമായും’ കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് എന്നാണ്. കവിയും ആക്ടിവിസ്റ്റുമായ ജാവേദ് അക്തര്‍ ആര്‍.എസ്.എസിനെ താലിബാനുമായി താരതമ്യം ചെയ്തതില്‍ അതിശയിക്കാനില്ല. തന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ആര്‍.എസ്.എസ് നേതാവ് അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു, ഒരു താലിബാന്‍ മാതൃകയിലുള്ള ഭീഷണി.
പിയൂഷ് ഗോയലിന്റെ നിലപാടുകള്‍ അദ്ദേഹം പറയുന്നതുപോലെ ദേശസ്‌നേഹമല്ല. വാസ്തവത്തില്‍, ഇത് അണ്‍ഇന്ത്യനാണ്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക യോഗത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ അത് വ്യക്തമാക്കി. ‘നമ്മുടെ രാജ്യത്തെ വ്യവസായങ്ങള്‍ രാഷ്ട്രത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത്, അവ ഇന്ത്യയ്ക്ക് എതിരാണ്’, എന്നാണ് അദ്ദേഹം പറഞ്ഞത്. എത്ര തീവ്രവാദപരമായ നിലപാടാണിത്. ഇത് സര്‍ക്കാര്‍ വൃത്തങ്ങളെ പോലും ഞെട്ടിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി അതിന്റെ യൂട്യൂബ് ചാനലില്‍നിന്ന് ആ പ്രസംഗത്തിന്റെ വിഡിയോ പിന്‍വലിച്ചിരുന്നു.

പിയൂഷ് ഗോയല്‍ ഇന്ത്യയെ പ്രതിരോധിക്കാന്‍ പോരാടുമ്പോള്‍ ടാറ്റയും ഇന്‍ഫോസിസും ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന വാദം എത്ര ഇന്ത്യക്കാര്‍ അംഗീകരിക്കും? തീര്‍ച്ചയായും, രാഷ്ട്രീയക്കാര്‍ക്കിടയില്‍ കറുത്ത ആടുകള്‍ (ഒറ്റുകാര്‍) ഉള്ളതുപോലെ വ്യവസായങ്ങള്‍ക്കിടയിലും കറുത്ത ആടുകളുണ്ട്. എന്നാല്‍ തന്റെ വാദത്തെ പിന്തുണയ്ക്കാന്‍ ഗോയല്‍ വെളുത്ത ആടുകളില്‍ ഏറ്റവും വെളുത്തതിനെ തിരഞ്ഞെടുത്തു. സ്വാഭാവികമായും അദ്ദേഹം ആരെയും ഒന്നും ബോധ്യപ്പെടുത്തിയില്ല.
ടാറ്റ, എയര്‍ ഇന്ത്യയെ കാര്യക്ഷമമായും നല്ല രീതിയിലും കൈകാര്യം ചെയ്തു. എയര്‍ലൈന്‍ തിരികെ ടാറ്റയിലേക്ക് പോകുന്നുവെന്ന് അറിഞ്ഞത് ആ മാന്ത്രിക ദിനങ്ങളുടെ ഓര്‍മകള്‍ പുനരുജ്ജീവിപ്പിച്ചു. സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ നയം എന്ന് വിളിക്കപ്പെടുന്ന നയം എയര്‍ലൈന്‍ കമ്പനി സര്‍ക്കാരിന്റെ കൈകളിലായിരുന്നപ്പോള്‍ ഒന്നും ചെയ്തില്ല. ഗോയലിന് കണ്ണുകാണാമെങ്കില്‍ വിമാനക്കമ്പനി ഏതാണ്ട് നശിച്ചുപോയെന്നത് കണാന്‍ പറ്റിയിട്ടുണ്ടാവണം.
ജനാധിപത്യത്തിന്റെ നടത്തിപ്പിനോട് പോലും യോജിക്കാനുള്ള നേതാക്കളുടെ കഴിവില്ലായ്മ നമ്മുടെ ജനാധിപത്യത്തിന്റെ ബ്രാന്‍ഡിനെക്കുറിച്ച് പലതും പറയുന്നുണ്ട്. ജനാധിപത്യത്തിന്റെ അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ ഇന്ത്യയെ പിന്നോക്കനിരയില്‍ നിര്‍ത്തുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാന്‍ ഇത് നമ്മെ സഹായിച്ചേക്കാം. ഗോഥെന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയുടെ റേറ്റിങ്ങുകള്‍ ഇന്ത്യയെ നിര്‍വചിക്കുന്നത് ‘കുത്തനെയുള്ള തകര്‍ച്ചയുടെ പാതയിലാണ്, ഒരു ജനാധിപത്യരാജ്യമെന്ന പദവി ഏതാണ്ട് നഷ്ടപ്പെട്ടിരിക്കുന്നു’ എന്ന തരത്തിലാണ്.

വില്‍ ഡ്യൂറന്റ് തന്റെ പ്രസിദ്ധമായ ‘നാഗരികതയുടെ കഥ’ എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഗുണങ്ങളുടെ പേരില്‍ ഇന്ത്യ ഒരിക്കല്‍ അറിയപ്പെട്ടിരുന്നു. പക്വമായ മനസിന്റെ സഹിഷ്ണുതയും സൗമ്യതയും; ഒന്നും ബാധിക്കാത്ത ആത്മാവിന്റെ ശാന്തമായ സംതൃപ്തി; മനസിലാക്കുന്ന ആത്മാവിന്റെ ശാന്തത; എല്ലാ ജീവജാലങ്ങളോടും ഏകീകൃതവും സമാധാനപരവുമായ സ്‌നേഹം എന്നിവയായിരുന്നു അദ്ദേഹം പട്ടികപ്പെടുത്തിയ ഗുണങ്ങള്‍. ആ ഇന്ത്യയാണ് തമിഴ്‌നാട്ടിലെ തുറയൂരിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ ഒരു യഥാര്‍ഥ ചിഹ്നത്തെ അവതരിപ്പിക്കുന്ന മറ്റൊരു ഇന്ത്യയിലേക്ക് വഴിമാറിയത്. അദ്ദേഹം ഒരു ക്ഷേത്രം നിര്‍മിക്കുകയും ശ്രീകോവിലില്‍ പ്രധാനമന്ത്രി മോദിയുടെ വിഗ്രഹം സ്ഥാപിക്കുകയും ചെയ്തു. വിഗ്രഹത്തെ ആരാധിക്കാന്‍ സമീപ പ്രദേശങ്ങളില്‍നിന്ന് ആളുകള്‍ എത്തി. സുരക്ഷിതമാവാന്‍, എം.ജി.ആര്‍, ജയലളിത, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എടപ്പാടി പളനിസ്വാമി എന്നിവരുടെ ചിത്രങ്ങള്‍ക്ക് ചുറ്റം അദ്ദേഹം പെട്ടെന്ന് ക്ഷേത്ര മതില്‍ക്കെട്ടി. മോദിയെ ‘ഇന്ത്യയെ വികസിപ്പിക്കാന്‍ വന്ന ഒരു ദൈവമായി’ കണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. രാജ്‌കോട്ടിലും സമാന ചിന്താഗതിക്കാരായ ആരാധകര്‍ ഒരു ക്ഷേത്രം പണിയുകയും മോദിയെ അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തിരുന്നു.

ജനാധിപത്യമെന്ന് തിരിച്ചറിയാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് ഇന്ത്യയിലെ ജനാധിപത്യം. ഇന്ത്യയില്‍ സംസ്‌കാരം എന്താണോ ഉണ്ടാക്കിയത് അത് ജനാധിപത്യം ഇല്ലാതാക്കിയെന്നു പറയാം. ഇന്ത്യ ഒരു ‘ദേശരാഷ്ട്രം’ ആണെന്ന് നമുക്ക് ഇന്ന് പറയാന്‍ കഴിയുമോ. ‘ഭൂരിപക്ഷവും ഒരേ സംസ്‌കാരം പങ്കിടുകയും അതേക്കുറിച്ച് ബോധവാന്മാരായിരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ’ എന്നാണ് ആദരണീയമായ ആ സ്ഥാപനത്തെ നിര്‍വചിച്ചിട്ടുള്ളത്. ഇന്ത്യയായി മാറിയ രാഷ്ട്രീയഅസ്തിത്വത്തില്‍, ഒരു വലിയ ഭൂരിപക്ഷം ഒരേ രാഷ്ട്രീയം പങ്കിടുന്നുവെന്ന് നമുക്ക് പറയാന്‍ കഴിയുമോ? വാസ്തവത്തില്‍, രാഷ്ട്രീയമായി ഇന്ത്യ തികച്ചും വിഭജിക്കപ്പെട്ട രാജ്യമായി മാറിയിരിക്കുന്നു.

ബെര്‍ക്‌ലി സര്‍വകലാശാലയിലെ ഗവേഷകര്‍ ഒരിക്കല്‍ കണ്ടെത്തിയത് ആളുകളുടെ സമ്പത്തിന്റെ തോത് വര്‍ധിച്ചപ്പോള്‍, അവരുടെ അനുകമ്പ കുറയുകയും ‘അര്‍ഹത, പദവി, സ്വയം താല്‍പര്യത്തിന്റ പ്രത്യയശാസ്ത്രം’ എന്നിവയുടെ ബോധം വര്‍ധിക്കുകയും ചെയ്തുവെന്നാണ്. പ്രധാനമന്ത്രി ജനങ്ങളെ സ്‌നേഹത്തോടെ അഭിസംബോധന ചെയ്യുമ്പോള്‍ തങ്ങള്‍ അര്‍ഹതയുള്ളവരെന്ന ബോധം ദേശവാസികള്‍ക്കിടയില്‍ പടര്‍ന്നുവെന്ന് വ്യക്തമാണ്. മോദിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാര്യമാര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ വെറും പ്യാരെ ഡിഷ് വാഷിയോ എന്ന് അഭിസംബോധന ചെയ്യാന്‍ തുടങ്ങി. ജയ് ഹിന്ദ്.

(കടപ്പാട്: ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.