വാഷിംഗ്ടൺ: മുങ്ങിപ്പോയ ടൈറ്റാനിക് കപ്പല്‍ സന്ദര്‍ശിക്കാനായി യാത്ര പുറപ്പെട്ട് ഉത്തര അറ്റ്‍ലാന്റിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനി ടൈറ്റൻ തകർന്നതായി സ്ഥിരീകരണം. ടൈറ്റനിലെ അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടതായി അമേരിക്കൻ തീര സംരക്ഷണ സേനയും ഓഷ്യൻ ഗേറ്റ് കമ്പനിയും അറിയിച്ചു. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെയാണ് പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
വർഷങ്ങൾക്ക് മുൻപേ കടലിന്റെ ആഴങ്ങളിൽ ആണ്ടുപോയ കൂറ്റൻ ആഡംബര കപ്പൽ ടൈറ്റാനിക്കിന്റെ വഴിയിൽ തന്നെ ഒടുവിൽ ടൈറ്റനും അവസാനിച്ചു. അതിസമ്പന്നരായ യാത്രക്കാർക്ക് അപ്രതീക്ഷിത അന്ത്യമാണ് ഉണ്ടായത്. ഓക്സിജന്റെ അളവ് തീരുന്നു എന്ന ആശങ്കകൾക്കിടയിലും നടന്ന തിരച്ചിൽ ഏറെ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളും തെറ്റിച്ച് ടൈറ്റൻ തകർന്നതായുള്ള വാർത്ത വരികയായിരുന്നു.
അമേരിക്കൻ തീര സംരക്ഷണ സേനയാണ് തകർന്ന ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ടൈറ്റാനികിന് 1600 മീറ്റർ അകലെയായിരുന്നു അഞ്ച് ഭാഗങ്ങളായി അവശിഷ്ടങ്ങൾ കിടന്നിരുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 1.30 ഓടെയാണ് ടൈറ്റന്റെ ഉടമസ്ഥരായ ഓഷ്യൻ ഗേറ്റ് കമ്പനിയുടെ സ്ഥിരീകരണമെത്തിയത്. കടലിന്നടിയിലെ മർദ്ദം താങ്ങാനാകാതെ പേടകം പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന് ശേഷമാകും വ്യക്തമായ കാരണം പുറത്തുവരികയുളൂ.
അന്തർവാഹിനിയെ തകർന്ന നിലയിൽ കണ്ടെത്തിയെങ്കിലും യാത്രക്കാരെ സംബന്ധിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. മൃതദേഹം കണ്ടെടുക്കാനുള്ള പ്രതീക്ഷയില്ലെന്നാണ് യുഎസ് തീര സംരക്ഷണ സേന നൽകുന്ന വിവരം.
Comments are closed for this post.