2020 October 24 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

തുർക്കി-സഊദി ബന്ധം വഷളാകുന്നു, തുർക്കി ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിച്ച് സഊദി സ്ഥാപനങ്ങൾ

     റിയാദ്: തുർക്കിയുടെ നയങ്ങൾക്കെതിരെ അറബ് മേഖലയിൽ ഉയർന്ന പ്രതിഷേധങ്ങളുടെ ഭാഗമായി തുർക്കി ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ച് സഊദി സ്ഥാപനങ്ങൾ. തുർക്കി നയത്തിനെതിരെ ഉൽപ്പനങ്ങൾ ബഹിഷ്കരിച്ച് മറുപടി നൽകണമെന്ന സഊദി ചേംബർ ഓഫ് കൊമേഴ്‌സ് മേധാവി ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തുർക്കി ഉൽപ്പന്നങ്ങൾ വിൽക്കില്ലെന്ന് പ്രഖ്യാപിച്ച് സഊദി സ്ഥാപനങ്ങൾ രംഗത്തെത്തിയത്.

     രാജ്യത്തെ ഭക്ഷ്യ വിതരണ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ തമീമി സൂപ്പർമാർക്കറ്റാണ് ആദ്യം തുർക്കി ഉൽപ്പന്നങ്ങളുടെ ബഹിഷ്കരണം പ്രഖ്യാപിച്ചത്. തുർക്കി ഉൽപ്പന്നങ്ങൾ തങ്ങളുടെ സ്ഥാപനത്തിൽ വിൽക്കില്ലെന്ന് തമീമി പ്രഖ്യാപിച്ചു. അൽ ഖഫാരി ഫർണിച്ചർ, കാർപെറ്റ് സ്ഥാപനവും തുർക്കി ഉത്പന്നങ്ങൾ ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചു. കൂടുതൽ സഊദി സ്ഥാപനങ്ങൾ പിന്നാലെ ബഹിഷ്കരണ പ്രഖ്യാപനവുമായി രംഗത്തെത്തുമെന്നാണു റിപ്പോർട്ടുകൾ. സഊദി നിലപാട് തുർക്കി സാമ്പത്തിക മേഖലക്ക് കടുത്ത ആഘാതമേൽപ്പിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.

   തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ നടത്തിയ ഗൾഫ് വിരുദ്ധ പ്രസ്താവനയാണ് ഗൾഫിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്. ‘നമ്മുടെ മേഖലയിലെ ചില രാജ്യങ്ങൾ ഇന്നലെ ഉണ്ടായിരുന്നില്ല. ഭാവിയിലും ഈ രാജ്യങ്ങൾ ചിലപ്പോൾ ഉണ്ടായേക്കില്ല. എന്നാൽ ഈ മേഖലയിൽ നമ്മുടെ പതാക എക്കാലവും ഉയർത്തുന്നത് നാം തുടരും’ എന്നാണ് തുർക്കി പ്രസിഡന്റ് പറഞ്ഞത്. എന്നാൽ, ഇത് ഗൾഫ് രാഷ്ട്രങ്ങളെ അവഹേളിക്കുന്നതാണെന്നാണ് ഗൾഫ് നിലപാട്. ‘ഉർദുഗാൻ, താങ്കൾ വായ അടക്കൂ’ എന്ന ശീർഷകത്തിൽ സഊദി പൗരന്മാർ ആരംഭിച്ച ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെന്റ് ആയിരുന്നു.

       തുർക്കിയെ സഊദി അറേബ്യ പൂർണ്ണമായും ബഹിഷ്‌കരിക്കണമെന്നാണ് സഊദി ചേംബർ ഓഫ് കൊമേഴ്‌സ് തലവൻ അജ്‌ലാൻ അൽ അജ്‌ലാൻ ആഹ്വാനം ചെയ്‌തത്‌. തുർക്കിയിൽ നിന്നുള്ള ഇറക്കുമതി, നിക്ഷേപം, ടൂറിസം തുടങ്ങി എല്ലാ മേഖലയിലും തുർക്കിയെ ബഹിഷ്‌കരിക്കണമെന്നും ഇത് ഓരോ സഊദി പൗരന്റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News