2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

തൃക്കാക്കര വിധിയെഴുതി; ഇനി ഫലമറിയാനുള്ള കാത്തിരിപ്പ്, പ്രചാരണച്ചൂട് വോട്ടിംഗില്‍ പ്രതിഫലിച്ചില്ലെന്നു വിലയിരുത്തല്‍

  • വോട്ടെണ്ണല്‍ വെള്ളിയാഴ്ച

കൊച്ചി: കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പിന്റെ വിധിയെഴുത്ത് സമാപിച്ചു. ഇനി ഫലമറിയാനുള്ള കാത്തിരിപ്പാണ്. വെള്ളിയാഴ്ചയാണ് പെട്ടിത്തുറക്കുക. അതുവരേ കൂട്ടിയും കുറച്ചുമുള്ള കണക്കുകൂട്ടിലിലാകും മുന്നണികള്‍. ഒരുപോലെ
പ്രതീക്ഷയും ആശങ്കയും നല്‍കുന്നതാണ് പോളിംഗ് ശതമാനം. 68.42 ശതമാനമാണ് പോളിംഗ് ശതമാനം. അവസാനത്തെ കണക്ക് ഉടന്‍ പുറത്തുവരും.
അതേ സമയം ഉപതിരഞ്ഞടുപ്പിന്റെ പ്രചാരണച്ചൂട് വോട്ടിംഗില്‍ പ്രതിഫലിച്ചിട്ടില്ലെന്നുവേണം വിലയിരുത്താന്‍.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ 70.39 ശതമാനമായിരുന്നു പോളിങ്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 76.05 ശതമാനമായിരുന്നു പോളിങ്. 2016ല്‍ 74.71 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു. 2014 ല്‍ 71.22 ശതമാനമായിരുന്നു പോളിങ്. 2011 നിയമസഭാ തെരഞ്ഞെടുപ്പിലും 73.76 ശതമാനമായിരുന്നു പോളിങ്. 2009 ലാണ് ഏറ്റവും കുറവ് പോളിങ് നടന്നത്. 70 ശതമാനമാണ്.
അതേ സമയം മണ്ഡലത്തില്‍ കള്ളവോട്ടുകള്‍ ആരോപിച്ച് ഇരുമുന്നണികളും രംഗത്തെത്തിയിട്ടുണ്ട്. മൂന്നിടത്താണ് കള്ളവോട്ട് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ഇതിലും ആരോപണ പ്രത്യോരോപണങ്ങളുമായി മുന്നണികളും രംഗത്തെത്തിയിട്ടുണ്ട്. കള്ളവോട്ടിനെതിരേ ബി.ജെ.പിയും കോണ്‍ഗ്രസും പരാതി നല്‍കി കഴിഞ്ഞു. എല്‍.ഡി.എഫും പരാതി കൊടുക്കുമെന്ന് കോടിയേരി ബാലകൃഷ്ണനും അറിയിച്ചു.

വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍. പ്രശ്‌നങ്ങളില്ലാതെയാണ് തൃക്കാക്കരയില്‍ പോളിങ് അവസാനിച്ചത്. കള്ളവോട്ടിന് ശ്രമിച്ച പിറവം സ്വദേശിയെ പൊന്നുരുന്നിയില്‍ പൊലിസ് പിടികൂടിയതൊഴിച്ചാല്‍ കാര്യമായ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.

ഫലം ആര്‍ക്ക് അനുകൂലമായാലും കേരളത്തില്‍ അതൊരു ഭരണമാറ്റത്തിന് കാരണമാകില്ലെങ്കിലും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തരത്തിലേക്ക് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മാറിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.