മണ്ണാര്‍ക്കാട്: ജീവനേക്കാളേറെ സ്‌നേഹിച്ച പൊന്നോമനകള്‍ കണ്മുന്നില്‍ ജീവനായി മുങ്ങിത്താണപ്പോള്‍ സ്തംബ്ധനായി നോക്കി നില്‍ക്കാനല്ലാതെ ഒന്നിനും കഴിഞ്ഞില്ല ആ പിതാവിന്. തനിക്കു മുന്നില്‍ അവര്‍ മുങ്ങിത്താഴുന്നത് നിസ്സഹായനായി നോക്കി നില്‍ക്കാനേ ആ മനുഷ്യനായുള്ളൂ.
പിതാവിന്റെ മുന്നില്‍ വെച്ചാണ് മണ്ണാര്‍ക്കാട് മുന്ന് സഹോദരിമാര്‍ വെള്ളത്തില്‍ മുങ്ങിയത്. റിന്‍ഷി(18), നിഷിത (26), റെമീഷ (23) എന്നിവരാണ് മരിച്ചത്. സഹോദരിമാരില്‍ ഒരാള്‍ കുളത്തിലേക്കു തെന്നി വീണപ്പോള്‍ ബാക്കിയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിക്കവേയായിരുന്നു അപകടമെന്നാണ് വിലയിരുത്തുന്നത്. മക്കള്‍ കണ്‍മുന്നില്‍ മുങ്ങിപ്പോകുന്നതുകണ്ട് ഞെട്ടിപ്പോയ പിതാവിന്റെ ശബ്ദം പുറത്തുവന്നില്ല. ശബ്ദിക്കാനാകാതെ മക്കളെ രക്ഷിക്കാനുള്ള പിതാവിന്റെ വെപ്രാളം കണ്ടു സമീപത്തുകൂടെ പോയ അതിഥിത്തൊഴിലാളികളാണ് അപകടം ആദ്യം അറിയുന്നത്. ഇവര്‍ പറഞ്ഞതനുസരിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. മൂവരേയും വളരെ വേഗത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മണ്ണാര്‍ക്കാട് സഹോദരിമാരായ മൂന്നുപേര്‍ മുങ്ങി മരിച്ചു…
നിഷിത, റമീഷ എന്നിവര്‍ വിവാഹിതരാണ്. ഇരുവരും ഓണത്തോടനുബന്ധിച്ചാണു വീട്ടിലെത്തിയത്. ഇവരുടെ സഹോദരന്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലാണ്. ഇവരുടെ മാതാവാണ് സഹോദരന് വൃക്ക നല്‍കിയത്. ഇരുവരും ചികിത്സയിലായിരുന്നതിനാല്‍ പിതാവാണു വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്. അതുകൊണ്ടാണ് പിതാവിനൊപ്പം പെണ്‍മക്കള്‍ മൂന്നുപേരും അലക്കുന്നതിനും മറ്റുമായെത്തിയത്.
Comments are closed for this post.