തിരുവനന്തപുരം: സംസ്ഥാനത്ത് ബലി പെരുന്നാള്‍ പ്രമാണിച്ച് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. വ്യാപാരികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചക്കു പിന്നാലെയാണ് പുതിയ തീരുമാനം മുഖ്യമന്ത്രിയുടെ ഓഫിസ് പ്രഖ്യാപിച്ചത്.
മൂന്നു ദിവസങ്ങളിലാണ് പെരുന്നാള്‍ പ്രമാണിച്ച് നിയന്ത്രണങ്ങളില്‍ ഇളവനുവദിച്ചിരിക്കുന്നത്. 18, 19, 20 തിയതികളിലാണ് ഇളവനുവദിക്കുക. ഈ ദിവസങ്ങളില്‍ എ,ബി,സി വിഭാഗങ്ങളിലെ മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നല്‍കും. രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവുക. അതേ സമയം ഞായറാഴ്ച ലോക്ഡൗണും ഒഴിവാക്കിയിട്ടുണ്ട്.
ജൂലൈ 21ന് പെരുന്നാള്‍ വരെ എല്ലാകടകളും എല്ലാ ദിവസവും തുറക്കണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്നകാര്യം ചര്‍ച്ച ചെയ്തിരുന്നില്ല. വ്യാപാരികളും മതസംഘടനകളുമൊക്കെ സമ്മര്‍ദ്ദം ശക്തമാക്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കുകയായിരുന്നു.
അതേ സമയം സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തെ ആരോഗ്യവകുപ്പിന് കഴിയുംവിധം പിടിച്ച് നിര്‍ത്താനായെന്നാണ് പ്രധാനമന്ത്രിയുമായുള്ള യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് വൈകിയാണ് കേരളത്തില്‍ രണ്ടാംതരംഗം തുടങ്ങിയത്. അതിനാലാണ് രോഗികളുടെ എണ്ണത്തില്‍ കുറവ് വരാത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സംതൃപ്തരാണെന്ന് വ്യാപാരികള്‍ പ്രതികരിച്ചു. കടകള്‍ തുറക്കുന്നത്സംബന്ധിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന്വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ വ്യക്തമാക്കി.
സമരത്തില്‍ നിന്ന് പിന്മാറിയതായും ടി. നസറുദ്ദീന്‍ അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും വ്യാപാരികള്‍ പറഞ്ഞു. ഓണംവരെ കടകള്‍ തുറക്കുന്നതിലാണ് വ്യാപാരികള്‍ അനുമതി തേടിയത്. എന്നാലിത് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Comments are closed for this post.