2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഖുർആൻ കത്തിച്ച സംഭവം: കടുത്ത നടപടി സ്വീകരിക്കാൻ അംഗ രാജ്യങ്ങൾക്ക് നിർദ്ദേശം നൽകി ഒ ഐ സി; അംബാസഡർമാരെ തിരിച്ച് തിരിച്ചു വിളിക്കും

ജിദ്ദ: വിശുദ്ധ ഖുർആൻ കത്തിച്ച സംഭവത്തിൽ ഡെൻമാർക്കിനോടും സ്വീഡനോടുമുള്ള ബന്ധത്തിൽ കടുത്ത നടപടി സ്വീകരിക്കാൻ അംഗ രാജ്യങ്ങൾക്ക് നിർദേശം നൽകി ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ (ഒഐസി). സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജിദ്ദയിൽ വിളിച്ച് ചേർത്ത അടിയന്തിര യോഗത്തിലാണ് തീരുമാനം. ജിദ്ദയിലെ ഒഐസി ആസ്ഥാനത്ത് ഇന്നലെയാണ് അംഗ രാജ്യങ്ങൾ യോഗം ചേർന്ന സ്ഥിതിഗതികൾ വിലയിരുത്തിയത്.

സഊദി അറേബ്യയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ അംഗ രാജ്യങ്ങൾ മുഴുവൻ സംബന്ധിച്ചു. ഡെൻമാർക്ക്, സ്വീഡൻ രാജ്യങ്ങളോടുള്ള രാഷ്ട്രീയ ബന്ധത്തിലും, സാമ്പത്തികവും സാംസ്കാരികവുമായ വിഷയങ്ങളിലും കർശനമായ നിലപാട് സ്വീകരിക്കാൻ അംഗ രാജ്യങ്ങൾക്ക് യോഗം നിർദ്ദേശം നൽകി. ഇരു രാജ്യങ്ങളിലേയും തങ്ങളുടെ അംബാസഡർമാരെ തിരിച്ച് വിളിക്കുന്നത് ഉൾപ്പെടെയുള്ള നിലപാടുകൾ സ്വീകരിക്കാനാണ് തീരുമാനം.

ലോക മുസ്‌ലിംകളെയും വിശ്വാസത്തേയും അവഹേളിക്കുന്ന സംഭവത്തിൽ ഇരു രാജ്യങ്ങളും ഇത് വരെ നടപടികൾ സ്വീകരിക്കാത്തതിൽ ഒഐസി നിരാശയും ആശങ്കയും പ്രകടിപ്പിച്ചു. ഖുർആനെ അവഹേളിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ ഔദ്യോഗിക തലത്തിൽ നടപടികൾ സ്വീകരിക്കാൻ സ്വീഡൻ, ഡെൻമാർക്ക് അധികാരികളോട് ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഇത് വരെ ഒരു നടപടിയും സ്വീകരിക്കാത്തിൽ ഇരു രാജ്യങ്ങളോടും അദ്ദേഹം നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.

ഈ രണ്ട് രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഉചിതമെന്ന് കരുതുന്ന പരമാധികാര നടപടികൾ സ്വീകരിക്കാൻ അംഗ രാജ്യങ്ങൾക്ക് അദ്ദേഹം നിർദ്ദേശം നൽകി. സംഭവത്തിൽ അംഗരാജ്യങ്ങളുടെ ആശങ്കകൾ സ്വീഡൻ, ഡെന്മാർക്ക് സർക്കാരുകളേയും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിനേയും സെക്യൂരിറ്റി കൗൺസിൽ പ്രസിഡൻ്റിനേയും അറിയിച്ചതായും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി. ഇത്തരം പ്രകോപനങ്ങൾ ഭയാനകമായ തലത്തിൽ എത്തിയിരിക്കുന്നുവെന്നും, അത്തരം പ്രവൃത്തികൾ നടത്താൻ അനുമതി നൽകിയ അധികാരികളുടെ നിലപാടിൽ അംഗരാജ്യങ്ങൾക്കുള്ള നിരാശയും അവരെ അറിയിച്ചതായും അദ്ദേഹം അറിയിച്ചു.

സംഭവത്തിൽ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തിര യോഗം വിളിച്ച് ചേർത്തതിന് സഊദി അറേബ്യയേയും ഇറാഖിനെയും സെക്രട്ടറി ജനറൽ അഭിനന്ദനമറിയിച്ചു. ജനങ്ങൾ, മതങ്ങൾ, സംസ്കാരങ്ങൾ എന്നിവയ്ക്കിടയിൽ സഹിഷ്ണുതയുടെയും ആദരവിൻ്റെയും മൂല്യങ്ങൾ ഏകീകരിക്കേണ്ടതിൻ്റെ പ്രാധാന്യം സഊദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ യോഗത്തിൽ പങ്കുവെച്ചു. കൂടാതെ വിശുദ്ധ ഖുർആൻ അവഹേളിച്ച സംഭവത്തെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

57 ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ (ഒഐസി). യു.എൻ കഴിഞ്ഞാൽ വിവിധ രാജ്യങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയും ഒഐസിയാണ്. ഡെൻമാർക്കിലും സ്വീഡനിലും വിശുദ്ധ ഖുർആൻ്റെ പകർപ്പുകൾ കത്തിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം ജിദ്ദയിൽ ചേർന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.