മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ ആപ്പായ ത്രഡ്‌സ് പുറത്തിറക്കിയതിന് പിന്നാലെ നിരവധി ആളുകളാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ആദ്യത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മില്യണ്‍ കണക്കിന് ഉപയോക്താക്കളെ നോടാനും പ്ലാറ്റ്‌ഫോമിന് സാധിച്ചിരുന്നു. ട്വിറ്ററിന് സമാനമായ സവിശേഷതകളോടെ വരുന്ന ഈ പ്ലാറ്റ്‌ഫോമിലേക്ക് ഇന്‍സ്റ്റഗ്രാം അക്കൌണ്ട് വഴിയാണ് ലോഗിന്‍ ചെയ്യേണ്ടത്.
അതേസമയം ത്രഡ്‌സിന്റെ ആവേശം കെട്ടടങ്ങിയോ എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം ത്രഡ്‌സ് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞ് വരികയാണ്.വെറും 10 ദിവസത്തിനുള്ളില്‍ ആപ്പ് 150 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ നേടിയെങ്കിലും, അതിന്റെ ദൈനംദിന ഉപയോഗം ഏകദേശം 50 ശതമാനം കുറഞ്ഞിരിക്കുകയാണ്. പ്ലാറ്റ്‌ഫോമിന്റെ ദൈനംദിന ഉപയോഗം ഗണ്യമായി കുറഞ്ഞിരിക്കുകയാണ് എന്നും നേരത്തെ ഉണ്ടായിരുന്ന 20 മിനിറ്റിനെ അപേക്ഷിച്ച് പ്രതിദിനം 10 മിനിറ്റ് മാത്രമേ ഇപ്പോള്‍ ആളുകള്‍ ത്രഡ്‌സില്‍ ചിലവഴിക്കുന്നുള്ളു എന്നുമാണ് പുതിയ കണക്കുകള്‍.
സെന്‍സര്‍ ടവര്‍ പുറത്ത് വിട്ട ഡാറ്റ അനുസരിച്ച് ജൂലൈ 5ന് ലോഞ്ച് ചെയ്തതിന് ശേഷം ത്രെഡ്‌സിന്റെ പ്രതിദിന ആക്ടീവ് ഉപയോക്താക്കളുടെ എണ്ണം ഏകദേശം 20 ശതമാനം കുറഞ്ഞിരിക്കുകയാണ്. സമാനമായി ആന്‍ഡ്രോയിഡ് ഫോണുകളിലെ പ്രതിദിന ആക്ടീവ് ഉപയോക്താക്കളില്‍ 25 ശതമാനത്തിലധികം കുറവ് ആഗോള തലത്തില്‍ തന്നെ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്ലാറ്റ്‌ഫോമില്‍ ആളുകള്‍ ചിലവഴിക്കുന്ന സമയത്തില്‍ 50 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ട്.
അതേസമയം എന്ത് വിലകൊടുത്തും ആളുകളെ പിടിച്ചുനിര്‍ത്താനുള്ള തിരക്കിലാണ് ട്വിറ്റര്‍. പ്രൊഫൈല്‍ പേജ് വ്യൂസില്‍ നിന്നുള്ള പരസ്യ വരുമാനം ഷെയര്‍ ചെയ്യാനുള്‍പ്പടെ ട്വിറ്റര്‍ പദ്ധതിയിടുന്നുണ്ട്. പരസ്യവരുമാനത്തില്‍ ഗണ്യമായ ഇടിവാണ് ട്വിറ്ററില്‍ ഉണ്ടായിരിക്കുന്നത്. വരുമാനത്തിലെ 50 ശതമാനം ഇടിവ് കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി ട്വിറ്റര്‍ നേരിടുന്നുവെന്ന് മസ്‌ക് അടുത്തിടെ സമ്മതിച്ചിരുന്നു.
Comments are closed for this post.