2023 March 23 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ജമ്മുകശ്മിരിലും ബുൾഡോസർരാജ്; നോട്ടീസ് പോലും നൽകാതെ കുടിയൊഴിപ്പിക്കൽ, പ്രതിഷേധവുമായി പ്രതിപക്ഷം

 

ശ്രീനഗർ: തലമുറകളായി കൃഷി ചെയ്തുവരുന്നതും ആളുകൾ താമസിക്കുന്നതുമായ ഭൂമി അനധികൃത കൈയേറ്റമാണെന്ന് പ്രഖ്യാപിച്ച കേന്ദ്രസർക്കാർ നടപടി വിവാദത്തിൽ. നോട്ടിസ് പോലും നൽകാതെ കുടിയൊഴിപ്പിക്കുകയാണെന്നും നോട്ടിസിന് പകരം ബുൾഡോസർ അയക്കുകയാണെന്നും ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.

കൈയേറ്റ വിരുദ്ധ നടപടിയെന്ന പേരിൽ നോട്ടിസ് പോലും നൽകാതെ അധികാരികൾ പാവപ്പെട്ടവരെയും രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിടുകയാണെന്നാണ് വിമർശനം. ബുൾഡോസർ ഉപയോഗിച്ചുള്ള വൻതോതിലുള്ള നശീകരണ നടപടി പലയിടത്തും പ്രതിഷേധത്തിന് കാരണമായി. ജമ്മുവിൽ കഴിഞ്ഞയാഴ്ച കൈയേറ്റ വിരുദ്ധ നീക്കത്തിനിടെ കല്ലേറ് നടത്തിയെന്ന കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.

20 ജില്ലകളിലെ കൈയേറ്റങ്ങൾ നീക്കി ഭൂമി വീണ്ടെടുക്കാൻ ബുൾഡോസർ ഉപയോഗിച്ചുവരികയാണ്. നിരവധി കെട്ടിടങ്ങൾ പൊളിച്ചു. കേന്ദ്രസർക്കാർ ജനങ്ങളെ ഭവനരഹിതരാക്കുകയും ഉപജീവനമാർഗം തട്ടിയെടുക്കുകയുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
സംസ്ഥാനത്തെ സ്ഥിതിഗതികൾ ഫലസ്തീനിനേക്കാൾ മോശമാക്കി മാറ്റുന്നതാണ് പൊളിക്കൽ നടപടിയെന്ന് മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി ആരോപിച്ചു. 1950ൽ ജമ്മു കശ്മിരിലുടനീളമുള്ള ഭൂരഹിതരായ കർഷകർക്ക് ഉടമസ്ഥാവകാശം നൽകിയ ഷെയ്ഖ് അബ്ദുല്ലയുടെ വിപ്ലവകമായ ‘കൃഷിഭൂമി കൃഷിക്കാരന്’ പദ്ധതി തകിടംമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല കുറ്റപ്പെടുത്തി. ജനങ്ങളെ ഒഴിപ്പിക്കാനുള്ള ആദ്യ നോട്ടിസ് ബുൾഡോസർ ആയി മാറിയെന്നും അദ്ദേഹം പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.