2023 June 10 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കിഫ്ബി റെയ്ഡ് ഊളത്തരം: തോമസ് ഐസ്‌ക്

തിരുവനന്തപുരം: കിഫ്ബിയില്‍ നടന്ന ആദായ നികുതി വകുപ്പ് റെയ്ഡിനെതിരേ രൂക്ഷ വിമര്‍ശവുമായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്കെതിരായ റെയ്ഡ് തെമ്മാടിത്തരം മാത്രമല്ല ഊളത്തരമാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ യജമാനന്‍മാര്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന കൂട്ടമായി ഇന്‍കംടാക്സും ഐആര്‍എസ്സും സകല ഏജന്‍സികളും അധപതിച്ചു.
ഐആര്‍എസ്സുകാര്‍ 15 പേരെ കൂട്ടി കിഫ്ബി ഓഫിസിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. കിഫ്ബിയുടെ സത്പേര് നശിപ്പിക്കാനാണ് റെയ്ഡ് നടത്തിയതെന്നും തോമസ് ഐസക്ക് പറഞ്ഞു.

തോമസ് ഐസക്കിന്റെ വാര്‍ത്താ സമ്മേളത്തില്‍ നിന്ന്

‘100 കോടിരൂപയുടെ കോണ്‍ട്രാക്ടില്‍ 10 കോടി രൂപ ഇന്‍കംടാക്സ് വിഹിതമായിട്ടുണ്ടെങ്കില്‍ 10 കോടി രൂപ എസ്പിബിക്ക് കൊടുക്കും. 90 കോടി രൂപ കോണ്‍ട്രാക്ടര്‍ക്ക് കൊടുക്കും. ഇങ്ങനെയാണ് ബിഡ് ചെയ്യുന്നത്. ഇതാണ് എസ്പിബിയുമായുള്ള കരാര്‍. ഇങ്ങനെയാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നതും. ഇതുവരെ 73 കോടി രൂപ ഇന്‍കംടാക്സ് ഡിഡക്ഷന്‍ മാത്രമായി വിവിധ എസ്പിബികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതെല്ലാം അവര്‍ ചോദിച്ചപ്പോള്‍ വിശദീകരിച്ചതും കടലസ്സു കൊടുത്തതുമാണ്. ആരെങ്കിലും അടച്ചില്ലെങ്കില്‍ ഇന്‍കംടാക്സുകാര്‍ എസ്പിബിയില്‍ പരിശോധിച്ചാല്‍ മതി. അവരാണ് ഉത്തരവാദികള്‍. ഇവിടെ മെക്കിട്ട് കയറണ്ട.
ഇന്നേവരെ എസ്പിബിക്ക് കൊടുത്ത പണം ഇന്‍കംടാക്സില്‍ അടക്കാതിരുന്നിട്ടില്ല. കാശും മേടിച്ച് പോക്കറ്റിലെടുത്തുവെച്ച് റെയ്ഡ് നടത്തുന്നു. ഇതാണ് തെമ്മാടിത്തം. ഡല്‍ഹിയിലെ യജമാനന്‍മാര്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന കൂട്ടമായി ഇന്‍കംടാക്സും ഐആര്‍എസ്സും സകല ഏജന്‍സികളും അധപതിച്ചു. എന്താണ് ഇവര്‍ക്കറിയേണ്ടത്. കിഫ്ബി ഓഫീസില്‍ വന്ന് ഈ കടല്ലാസ്സെല്ലാം പരതി എന്ത് കണ്ടുപിടിക്കാന്‍ പോവുകയാണ്. കിഫ്ബിയുടെ മുഴുവന്‍ പേയ്മെന്റും പ്രൊജക്ടുകളും പ്രൊജക്ട് ഫണ്ട് മാനേജ്മന്റ് സിസ്റ്റത്തിന്റെ മുഴുവന്‍ പാസ് വേര്‍ഡും കൊടുക്കാം. റെയ്ഡും കഴിഞ്ഞ് ഇറങ്ങിപ്പോയപ്പോള്‍ മഞ്ജിത് പറഞ്ഞതെന്താ… ഞങ്ങള്‍ക്ക് ചില ഉത്തരങ്ങള്‍ തൃപ്തിയായില്ല പരിശോധിക്കാന്‍ വന്നതാണ് എന്ന്. 12 മണിക്ക് റെയ്ഡ് ആരംഭിക്കുന്നു. സി.ഇ.ഒയെ ചോദ്യം ചെയ്യുന്നു. കിഫ്ബിയുടെ സിഇഒ കെ എം എബ്രഹാമാണ്. മഞ്ജിത് സിങിന് വേണ്ടത്ര വിവരമില്ലെങ്കല്‍ സഹാറ കേസ് പോയി വായിക്ക്. സുപ്രീം കോടതി എന്താണ് പറഞ്ഞതെന്ന്. പ്രണബ് മുഖര്‍ജിയും മന്ത്രാലയം മൊത്തം നോക്കിയിട്ടും കെ.എം എബ്രഹാമിന്റെ നിലപാടില്‍ മാറ്റം വരുത്താന്‍ പറ്റുന്നില്ല. അയാളെയാണ് ജൂനിയര്‍ ഓഫിസര്‍ ചോദ്യം ചോദിക്കുന്നത്. ചോദ്യം ചോദിക്കുന്നതാകട്ടെ വാട്സാപ്പ് വഴിയുള്ള ചോദ്യങ്ങളും. എന്താണ് പ്രശ്നം. എന്താണിവര്‍ തിരയുന്നത്. ഇന്‍കംടാക്സ് അടച്ചിട്ടുണ്ട്. എസ്.പി.ബിയാണ് ഉത്തരവാദി അല്ലാതെ കിഫ്ബിയല്ല. കിഫ്ബിയില്‍ നിന്നുള്ള മുഴവന്‍ കാര്യങ്ങളും നോക്കാന്‍ പാസ്വേഡ് തരാം. ഈ ഓഫിസില്‍ വന്നിരുന്നു സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തരുത്. ഇവനെയൊക്കെ മാപ്പ് പറയിക്കണം. 60,000 കോടിയുടെ വിഭവം സമാഹരിച്ചിട്ട് നാടിന്റെ മുഖച്ചായ മാറ്റാന്‍ ശ്രമിക്കുമ്പോള്‍ ചല കൂട്ടങ്ങള്‍ ഇറങ്ങിയിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികളുടെ വരവ് അവസാനത്തേതാണെന്ന് കരുതുന്നില്ല. അടുത്ത ഈസ്റ്റര്‍ അവധിക്ക് മുമ്പ് ഇ.ഡി.യുടെ വരവും പ്രതീക്ഷിക്കുന്നുണ്ട്. വരട്ടെ’, തോമസ് ഐസക്ക് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.