കോഴിക്കോട് • ലോട്ടറി രാജാവായ സാൻഡിയോഗോ മാർട്ടിനെതിരേ പ്രമുഖ പത്രത്തിൽ തോമസ് ഐസക് എഴുതിയ ലേഖനത്തിൻ്റെ പേരിൽ വന്ന കേസിനായി ചെലവിടുന്നതും നികുതിപ്പണം. സാൻഡിയോഗോ മാർട്ടിൻ തോമസ് ഐസകിനെതിരേ നൽകിയ കേസ് നടത്താൻ ഖജനാവിൽ നിന്ന് തുക അനുവദിക്കാൻ സർക്കാർ ഉത്തരവിട്ടു. സിക്കിമിലെ ഗാങ്‌ടോക്ക് ജില്ലാ കോടതിയിലാണ് മുൻ ധനമന്ത്രിക്കെതിരായ കേസ് നടക്കുന്നത്. നിലവിൽ കിഴക്കൻ ഗാങ്‌ടോക്കിൽ പ്രാക്റ്റീസ് ചെയ്യുന്ന സുപ്രിം കോടതി അഭിഭാഷകനായ സാങ്‌പോ ഷെർപയെ ആണ് തോമസ് ഐസകിനു വേണ്ടി കേസ് നടത്താൻ അഡ്വക്കേറ്റ് ജനറൽ ഏൽപിച്ചിരിക്കുന്നത്.
സാങ്‌പോ ഷെർപയ്ക്ക് ഓരോ കേസിനും ഒരുലക്ഷം രൂപയാണ് ഫീസായി നൽകേണ്ടത്. ഇതിനു പുറമെ ഓരോ ദിവസവും ഹാജരാകുന്നതിന് 15,000 രൂപ വീതവും നൽകണം. കൂടാതെ മറ്റു ചെലവുകളും വഹിക്കുക സർക്കാരാണ്.
നിലവിൽ രണ്ടു കേസുകളിലായി രണ്ടു ലക്ഷത്തിലേറെ രൂപ അഭിഭാഷകന് ഗാങ്‌ടോകിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ബ്രീഫ് ഹാൻഡ്‌ലിങ് നടത്തുന്നതിന് ചെലവു വരും.
2019 ഡിസംബർ 19ലാണ് അന്നത്തെ ധനകാര്യ മന്ത്രി തോമസ് ഐസകിന്റെ ലേഖനം പ്രമുഖ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത്. സാൻഡിയാഗോ മാർട്ടിനെതിരായ ചില പരാമർശങ്ങളുടെ പേരിൽ പത്രത്തിനെതിരേയും ലേഖകനെതിരേയുമായിരുന്നു നിയമ നടപടി. സുപ്രിം കോടതി വരെ നിയമപോരാട്ടം നടത്തിയ പത്രം ഒടുവിൽ ക്ഷമാപണം നടത്തുകയായിരുന്നു. മാർട്ടിനെ ലോട്ടറി മാഫിയ തലവൻ എന്ന് വിശേഷിപ്പിച്ചതാണ് പത്രത്തെ കോടതി കയറ്റിയത്.
കഴിഞ്ഞവർഷം എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്, പണത്തട്ടിപ്പു കേസിൽ മാർട്ടിന്റെയും കമ്പനികളുടെയും 173 കോടി രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുത്തിരുന്നു. സിക്കിം സർക്കാരിന് മാർട്ടിനും കൂട്ടാളികളും 910.29 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇയാൾക്കെതിരേ സി.ബി.ഐ അഴിമതി വിരുദ്ധ വിഭാഗം കൊച്ചി യൂനിറ്റും കേസെടുത്തിരുന്നു.
Comments are closed for this post.