2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

പ്രശ്‌നം പറഞ്ഞുപരിഹരിച്ചു, സാമ്പത്തിക ഞെരുക്കത്തിന് പരിഹാരമായി: തോമസ് ഐസക്

ട്രഷറി നിയന്ത്രണങ്ങള്‍ ഒഴിവാക്കി
കെ.എസ്.ആര്‍.ടി.സിക്ക് 60 കോടി രൂപ അനുവദിച്ചു

 

തിരുവനന്തപുരം: സംസ്ഥാന ട്രഷറിയിലെ സാമ്പത്തിക ഞെരുക്കത്തിന് പരിഹാരമായെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. ഇനിയുള്ള ദിവസങ്ങളില്‍ ട്രഷറി ഇടപാടുകള്‍ സാധാരണഗതിയിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

”മൂന്നു മാസത്തെ ട്രഷറി സ്തംഭനത്തിന് അടിസ്ഥാനപരമായ കാരണം വരവും ചെലവും തമ്മിലുള്ള വിടവ് നിയന്ത്രണാധീതമായി വളര്‍ന്നതാണ്. ചെലവ് കണക്കാക്കിയതിനേക്കാള്‍ വേഗതയില്‍ വളര്‍ന്നു. വരുമാനമാവട്ടെ, പണ്ടത്തെപ്പോലെ മുരടിച്ചു നിന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി സംസ്ഥാനത്തെ സ്ഥിതി പലപ്പോഴും ഇങ്ങനെയായിരുന്നു”- മന്ത്രി വിശദീകരിച്ചു.

”ഈ വെട്ടില്‍ നിന്നും രക്ഷപ്പെടാന്‍ സ്വീകരിച്ചിരുന്ന ഉപായം ചെലവ് കണക്കിലെഴുതും; പക്ഷെ പണം നല്‍കില്ല. പണം ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ തന്നെ സൂക്ഷിക്കാന്‍ നിര്‍ബന്ധിക്കും. ഇതിന്റെ ഫലമായി ട്രഷറി സേവിങ്‌സ് ബാങ്കിലെ ബാലന്‍സ് ഓരോ വര്‍ഷം കഴിയുന്തോറും വര്‍ധിച്ചുവന്നു. കഴിഞ്ഞ വര്‍ഷം ഇങ്ങനെ ഏഴായിരത്തോളം കോടി രൂപയാണ് വര്‍ധിച്ചത്. ഈ തുക അനധികൃതമായ വായ്പയായി വ്യാഖ്യാനിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് പൊതുകമ്പോളത്തില്‍ നിന്ന് ഈ വര്‍ഷം ഇനി 6,000 കോടി രൂപ വായ്പ എടുക്കാന്‍ ബാക്കി ഉണ്ടായിരുന്നതിന് അനുമതി നിഷേധിച്ചു.

ട്രഷറി സ്തംഭനത്തിലുമായി. ട്രഷറിയില്‍ വിവിധ അക്കൗണ്ടുകളില്‍ക്കിടന്ന 6,000 കോടി രൂപ തല്‍ക്കാലം ഇല്ലാതാക്കി ഈ പ്രശ്‌നം ഇപ്പോള്‍ പറഞ്ഞു പരിഹരിച്ചിട്ടുണ്ട്. അങ്ങനെ ഈ മാസം ആദ്യം 1,000 കോടി രൂപയും ഇപ്പോള്‍ മറ്റൊരു 1,000 കോടി രൂപയും വായ്പയെടുത്തു. 15 ന് കേന്ദ്ര ധനസഹായവും എത്തി. ഇനിയുള്ള ദിവസങ്ങളില്‍ സംസ്ഥാന നികുതികളും വരും. ഈ പശ്ചാത്തലത്തില്‍ ട്രഷറി നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയാണ്”- മന്ത്രി പറഞ്ഞു.

നിയന്ത്രണങ്ങള്‍ നീക്കി

  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള എല്ലാ ട്രഷറി നിയന്ത്രണങ്ങളും ഒഴിവാക്കി. പക്ഷേ, ട്രഷറിയില്‍ നിന്ന് പണം മാറി മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ പാര്‍ക്കു ചെയ്യുന്നതിനുള്ള അനുവാദം ഉണ്ടാവില്ല
  • വകുപ്പുകളുടെയും മറ്റു ഏജന്‍സികളുടെയും അഞ്ചു കോടി വരെയുള്ള ബില്ലുകള്‍ക്ക് വെയ്‌സ് ആന്‍ഡ് മീന്‍സ് നിയന്ത്രണം ഉണ്ടാവില്ല. ഇതിനകം വെയ്‌സ് ആന്‍ഡ് മീന്‍സ് ക്ലിയറന്‍സിനുവേണ്ടി സമര്‍പ്പിച്ച് ഡോക്കറ്റ് നമ്പരെടുത്തിട്ടുള്ള അഞ്ചു കോടി രൂപ വരെയുള്ള മുഴുവന്‍ ബില്ലുകള്‍ക്കും ഇതോടെ അനുമതിയാകും.
  • കരാറുകാരുടെ 2017 ഏപ്രില്‍ വരെയുള്ള എല്ലാ ബില്ലുകള്‍ക്കും പണം നല്‍കും. മെയ് മാസം മുതലുള്ളവയുടെ പരിശോധന കഴിഞ്ഞാല്‍ ഉടന്‍ പണം അനുവദിക്കും.
  • റബ്ബര്‍ കൃഷിക്കാര്‍ക്കുള്ള സബ്‌സിഡി 43 കോടി രൂപ അനുവദിച്ചു. ഇനി 21 കോടിയുടെ ബില്ലുകളാണ് റബ്ബര്‍ ബോര്‍ഡ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്. അവയുടെ പരിശോധന പൂര്‍ത്തീകരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ പണം വിതരണം ചെയ്യും.
  • നെല്ലു സംഭരണത്തിന് ബാങ്കുകള്‍ നല്‍കിയ അഡ്വാന്‍സുകളില്‍ ആറു മാസം പൂര്‍ത്തിയാക്കിയവയെല്ലാം പലിശ സഹിതം സര്‍ക്കാര്‍ ഇന്ന് പണം അനുവദിക്കുന്നതാണ്.
  • കെ.എസ്.ആര്‍.ടി.സിയ്ക്ക് 60 കോടി രൂപ അനുവദിച്ചു. ഇതടക്കം കെ.എസ്.ആര്‍.ടി.സിയ്ക്ക് ഈ വര്‍ഷം 690 കോടി രൂപ പണമായി നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ പുതിയ വണ്ടികള്‍ വാങ്ങുന്നതിന് 325 കോടി രൂപയും പ്ലാന്‍ ഫണ്ടില്‍ നിന്ന് 45 കോടി രൂപയും നല്‍കിയിട്ടുണ്ട്. പുറമെ സര്‍ക്കാര്‍ ഗ്യാരണ്ടി നിന്ന് 505 കോടി രൂപ വായ്പയെടുത്തും നല്‍കിയിട്ടുണ്ട്. അങ്ങനെ കെ.എസ്.ആര്‍ടി.സിയ്ക്ക് ഇതുവരെ 1565 കോടി നല്‍കിയിട്ടുണ്ട്.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News