
തിരുവനന്തപുരം: കിഫ്ബിയുടെ കരട് ഓഡിറ്റ് റിപ്പോര്‍ട്ടിനെതിരായ വിയോജിപ്പ് സിഎജിയെ രേഖാമൂലം അറിയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പാര്‍ട്ടിയുടെ അനുമതി തേടിയ ശേഷമാണ് സിഎജിക്കെതിരായ ധനമന്ത്രി തോമസ് ഐസക്കിന്റെ പടയൊരുക്കം. സര്‍ക്കാരിന്റെ വാദങ്ങള്‍ നിരത്തി ചീഫ് സെക്രട്ടറിയാണ് കത്തു നല്‍കുക.
കിഫ്ബിയെ അടിമുടി ചോദ്യം ചെയ്യുന്ന സിഎജി റിപ്പോര്‍ട്ട് തോമസ് ഐസക് പാര്‍ട്ടിയെ അറിയിച്ചിരുന്നു. ബജറ്റില്‍ കിഫ്ബി എന്ന് കേട്ട അന്ന് മുതല്‍ ഒച്ചപ്പാടുണ്ടാക്കുന്ന പ്രതിപക്ഷത്തെ ഓര്‍ത്ത് പാര്‍ട്ടി സിഎജിക്കെതിരായ രാഷ്ട്രീയ ആക്രമണത്തിന് പച്ചക്കൊടി കാണിക്കുകയായിരുന്നു.
കേസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ നിയമോപദേശം കൂടി തേടിയ ശേഷമാണ് തോമസ് ഐസക് സിഎജിക്കെതിരെ ആഞ്ഞടിച്ചത്. ഉടന്‍ തന്നെ വിയോജിപ്പ് വ്യക്തമാക്കി ചീഫ് സെക്രട്ടറി സിഎജിക്ക് കത്തു നല്‍കുകയും ചെയ്യും. ധനവകുപ്പ് ഇതിനുവേണ്ട കുറിപ്പ് തയാറാക്കി തുടങ്ങി. സര്‍ക്കാര്‍ വായ്പയെ സംബന്ധിച്ച ഭരണഘടനാ അനുച്ഛേദം കോര്‍പറേറ്റ് സ്ഥാപനമായ കിഫ്ബിക്ക് ബാധകമല്ല എന്ന പ്രധാന വാദത്തോടെ ആകും കത്ത് നല്‍കുക.
വായ്പാ തിരിച്ചടവ് എങ്ങനെ നടത്തുമെന്നും വിശദീകരിക്കും. സര്‍ക്കാരിന് മറുപടിയുമായി സിഎജി രംഗത്തു വന്നാല്‍ ആക്രമണം കടുപ്പിക്കാനാണ് തീരുമാനം. വേണ്ടിവന്നാല്‍ മുഖ്യമന്ത്രിയും പരസ്യ വിമര്‍ശനത്തിന് തയാറായേക്കും. സര്‍ക്കാര്‍ പദ്ധതികളുടെ പരിശോധനയ്ക്ക് സിഎജിയുള്ളപ്പോള് ഇഡി ഫയല്‍ ആവശ്യപ്പെടുന്നത് സമാന്തര ഭരണകൂടം ചമയലാണെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാരും സിപിഎമ്മും ആരോപിച്ചിരുന്നു. ആ ഭരണഘടനാ സ്ഥാപനമായ സിഎജിക്കെതിരെയാണ് ഇപ്പോള്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്.
Comments are closed for this post.