സാന്‍ സാല്‍വദോര്‍: ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന് നിയമസാധുത നല്‍കി മധ്യനമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോര്‍. ഇതാദ്യമായാണ് ഒരു ക്രിപ്‌റ്റോകറന്‍സിക്ക് ഒരു രാജ്യം ഔദ്യോഗിക അംഗീകാരം നല്‍കുന്നത്. പ്രസിഡന്റ് നായിബ് ബുകേലെയുടെ നിര്‍ദേശം കോണ്‍ഗ്രസില്‍ ഭൂരിപക്ഷ വോട്ടോടെ അംഗീകരിക്കപ്പെടുകയായിരുന്നു.
ബിറ്റ്‌കോയിന്‍ നിയമസാധുതയോടെ ഉപയോഗിക്കാനുള്ള നിയമനിര്‍മാണത്തിന് സഭയിലെ 84 അംഗങ്ങളില്‍ 62 പേരും പിന്തുണ നല്‍കി. രാജ്യത്ത് കൂടുതല്‍ നിക്ഷേപവും ടൂറിസം, സാമ്പത്തിക വികസനവും ഇതിലൂടെ സാധ്യമാവുമെന്ന് പ്രസിഡന്റ് നായിബ് ബുകേലെ ട്വീറ്റ് ചെയ്തു.
ഇവിടെ ബിറ്റ്‌കോയിന്‍ സ്വീകരിക്കുമെന്ന് എല്‍ സാല്‍വദോറിലെ എല്‍ സോന്റെ ബീച്ചിന് സമീപത്തെ ചെറിയ റെസ്റ്റോറന്റില്‍ പതിച്ച പോസ്റ്റര്‍
അടുത്ത 90 ദിവസത്തിനുള്ളില്‍ ബിറ്റ്‌കോയിന്‍ ഉപയോഗത്തിന് നിയമസാധുത വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശങ്ങളില്‍ ജോലി ചെയ്യുന്നവരുടെ പണം ഏറ്റവും കൂടുതല്‍ കിട്ടുന്ന രാജ്യങ്ങളിലൊന്നാണ് എല്‍ സാല്‍വദോര്‍. 2019 ല്‍ ജി.ഡി.പിയുടെ അഞ്ച് ശതമാനം വരുമാനവും ഇങ്ങനെയാണ് ലഭിച്ചത്. ഏതാണ്ട് 6 മില്യണ്‍ ഡോളര്‍ വരുമാനവും എല്‍ സാല്‍വദോറിന് ലഭിച്ചത് വിദേശത്ത് ജോലി ചെയ്യുന്ന പൗരന്മാര്‍ക്ക് നാട്ടിലേക്കയക്കുന്ന പണത്തിലൂടെയായിരുന്നു.
ഇന്ത്യയില്‍ ക്രിപ്‌റ്റോകറന്‍സി പറ്റുമോ?
ലോകത്തെ വിവിധ ഭാഗങ്ങളില്‍ ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സി ഖനനവും ഉപയോഗവും വ്യാപകമായിട്ടുണ്ടെങ്കിലും ഇതുവരെ ഒരു രാജ്യവും നിയമസാധുത നല്‍കിയിരുന്നില്ല. ചില രാജ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല.
രാജ്യത്ത് ക്രിപ്‌റ്റോകറന്‍സി ഇടപാട് നിരോധിച്ചിട്ടില്ലെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) വ്യക്തമാക്കിയിരുന്നു. ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ വിലക്കരുതെന്ന് ചൂണ്ടിക്കാട്ടി ബാങ്കുകള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ആര്‍.ബി.ഐ ഇക്കാര്യം വ്യക്തമാക്കുന്നത്.
ക്രിപ്‌റ്റോകറന്‍സി ഇടപാട് നിരോധിച്ചുകൊണ്ട് 2018 ല്‍ റിസര്‍വ്വ് ബാങ്ക് ഇറക്കിയ ഉത്തരവ് ചൂണ്ടിക്കാണിച്ച് പല ബാങ്കുകളും ഉപഭോക്താക്കളെ ഇടപാടില്‍ നിന്ന് തടഞ്ഞിരുന്നു. എന്നാല്‍ ഈ ഉത്തരവ് പിന്നീട് സുപ്രിംകോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
ക്രിപ്‌റ്റോകറന്‍സി ഇടപാട് തുടരാന്‍ ഉപഭോക്താക്കള്‍ക്ക് അനുമതി നല്‍കണമെന്നും എന്നാല്‍ കൃത്യമായ ജാഗ്രത പാലിക്കണമെന്നും ആര്‍.ബി.ഐ ബാങ്കുകളോട് വ്യക്തമാക്കി.
2018 ലെ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടി എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ തുടങ്ങി നിരവധി ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് ക്രിപ്‌റ്റോകറന്‍സി ഇടപാട് നടത്തുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെയാണ് 2018 ലെ സര്‍ക്കുലര്‍ സുപ്രിംകോടതി റദ്ദാക്കിയ കാര്യം ചൂണ്ടിക്കാട്ടി ആര്‍.ബി.ഐ രംഗത്തെത്തിയത്. സുപ്രിംകോടതി വിധിപ്രകാരം ക്രിപ്‌റ്റോകറന്‍സി ഇടപാട് തുടരാന്‍ ഉപഭോക്താക്കളെ അനുവദിക്കണമെന്നും അതിനു മുന്‍പുള്ള സര്‍ക്കുലര്‍ മാനദണ്ഡമാക്കരുതെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.
നഷ്ടസാധ്യത കുറച്ച് നിക്ഷേപിക്കാം
ആര്‍.ബി.ഐ അനുമതി നല്‍കിയെങ്കിലും നിക്ഷേപത്തിലെ നഷ്ടത്തിന് ഉപഭോക്താവ് തന്നെ സഹിക്കേണ്ടി വരും. അതുകൊണ്ട് കൂടുതല്‍ പഠിച്ചശേഷം മാത്രം നിക്ഷേപിക്കുകയാവും എപ്പോഴും നല്ലത്.
ബിറ്റ്‌കോയിന്‍, എഥിറ്യോം, റിപ്പിള്‍, ലിറ്റ്‌കോയിന്‍, ബിനാന്‍ക് കോയിന്‍ തുടങ്ങി നിരവധി ക്രിപ്‌റ്റോകറന്‍സികള്‍ വിപണിയിലുണ്ട്. 2008 ല്‍ ക്രിപ്‌റ്റോകറന്‍സി കണ്ടെത്തിയ ശേഷം പലതും വിപണിലെത്തുകയും ഒരു തെളുവുപോലുമില്ലാതെ മാഞ്ഞുപോവുകയും ചെയ്തിട്ടുണ്ട്. ബിറ്റ്‌കോയില്‍ പൊതുവേ മാര്‍ക്കറ്റില്‍ നല്ല നിലയിലുള്ള കോയിനാണ്.
ദുബൈയ്ക്ക് സ്വന്തമായി ക്രിപ്‌റ്റോകറന്‍സിയോ?
ദുബൈയുടെ ഔദ്യോഗിക ക്രിപ്‌റ്റോ കറന്‍സിയെന്ന പേരില്‍ വ്യാപക തട്ടിപ്പ് നടന്നതായി ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. തങ്ങള്‍ക്ക് അങ്ങനെയൊരു കറന്‍സിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദുബൈ മീഡിയ ഓഫിസ്. ഇത്തരത്തില്‍ എന്തെങ്കിലും കാണുമ്പോള്‍ ചാടിക്കയറി തീരുമാനം എടുത്ത് അബന്ധത്തില്‍പ്പെടാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്.
കടംവാങ്ങി നിക്ഷേപിക്കുന്നവരോട്
അബദ്ധമാണ് ചെയ്യുന്നതെന്ന കാര്യത്തില്‍ സംശയമില്ല. ചിലര്‍ വലിയ വായ്പകളൊക്കെ എടുത്തും വീട് അടക്കം പണയംവച്ചും ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിക്കാറുണ്ട്. ഓഹരി വിപണിയെ പോലെ തന്നെ ക്രിപ്‌റ്റോ വിപണിയും ഉയര്‍ന്ന അനിശ്ചിതാവസ്ഥയും ചാഞ്ചാട്ടവും നിലനില്‍ക്കുന്ന ഒന്നാണ്. അപ്രതീക്ഷിതമായി വില ഉയരുകയോ ഇടിയുകയോ ചെയ്യാം. എന്തുവന്നാലും വലിയ ബാധ്യതയിലേക്ക് നീങ്ങില്ലെന്ന ഉറപ്പോടെ വേണം ഈ രംഗത്തേക്കിറങ്ങാന്‍. ഇങ്ങനെ വലിയ തുക നഷ്ടപ്പെടുകയും ജീവിതം തന്നെ അവസാനിപ്പിക്കേണ്ടി വന്നവരും നിരവധി പേരുണ്ട്.
ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ച്
ഏത് കറന്‍സിയില്‍ നിക്ഷേപിക്കുന്നു എന്നതുപോലെ തന്നെ വാങ്ങിക്കാനും വില്‍ക്കാനും കൈയ്യില്‍ സൂക്ഷിക്കുവാനും ഉപയോഗിക്കുന്ന എക്‌സ്‌ചേഞ്ച് ഏതായിരിക്കണം എന്നതും പ്രധാനം തന്നെയാണ്.
Comments are closed for this post.