ഉപയോക്താക്കളുടെ ഓഡിയോ രഹസ്യമായി റെക്കോര്‍ഡ് ചെയ്യുകയും ഓരോ 15 മിനിറ്റ് കൂടുമ്പോഴും ഷെയര്‍ ചെയ്യുകയും ചെയ്യുന്ന ആന്‍ഡ്രോയ്ഡ് ആപ്പിനെതിരെ മുന്നറിയിപ്പുമായി സുരക്ഷാ ഗവേഷകര്‍. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിരുന്ന ഐറെക്കോര്‍ഡര്‍-സ്‌ക്രീന്‍ റെക്കോര്‍ഡര്‍ എന്ന ആപ്പിനെക്കുറിച്ചാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ആപ്പ് ഉപയോക്താക്കളുടെ ഓഡിയോ രഹസ്യമായി റെക്കോര്‍ഡ് ചെയ്യുകയും ഒരു എന്‍ക്രിപ്റ്റ് ചെയ്ത ലിങ്ക് വഴി ഡെവലപ്പറുടെ സെര്‍വറിലേക്ക് പങ്കിടുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ സ്‌ക്രീനുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതിന് സഹായിക്കുന്ന ആപ്പ് എന്ന നിലയ്ക്ക് 2021 സെപ്റ്റംബര്‍ മുതല്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമായ ആപ്പാണ് ഐറെക്കോഡര്‍സ്‌ക്രീന്‍ റെക്കോഡര്‍. ഏതാണ്ട് 50000ല്‍ അധികം പേര്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ആപ്പ് ഉപയോഗിക്കാത്ത അവസരങ്ങളിലും രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ ഓരോ 15 മിനിറ്റ് കൂടുമ്പോഴും ഡവലപ്പര്‍മാരുടെ നിയമവിരുദ്ധമായുള്ള രഹസ്യ സെര്‍വറിലേക്ക് അയയ്ക്കുന്നുണ്ടെന്നാണ് എസന്‍ഷ്യല്‍ സെക്യൂരിറ്റി എഗന്റ് എവോള്‍വിംഗ് ത്രെറ്റ്‌സ് ( ESET ) എന്ന ഡാറ്റ സെക്യൂരിറ്റി സ്ഥാപനം കണ്ടെത്തിയിരിക്കുന്നത്.
സുരക്ഷാപ്രശ്‌നം തിരിച്ചറിഞ്ഞ് ഗൂഗിള്‍ ഇപ്പോള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഈ ആപ്പ് നീക്കം ചെയ്തിട്ടുണ്ട്. Coffeholic Dev ആണ് ഈ ആപ്പിന്റെ ഡവലപ്പര്‍മാര്‍. ഇവരുടെ മറ്റ് ആപ്പുകളും പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. എങ്കിലും അവയിലൊന്നും മാല്‍വെയര്‍ ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഉപകാരപ്രദമായ ആപ്പുകളുടെ രൂപത്തില്‍ പ്ലേസ്റ്റോറില്‍ പല തട്ടിപ്പുകളും പ്രത്യക്ഷപ്പെടാറുണ്ട്. ഒരിക്കല്‍ ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഉപയോഗിച്ച് തുടങ്ങുംമുന്‍പ് തന്നെ ഫോണിലെ ഡാറ്റകളിലേക്ക് ഉപയോക്താക്കള്‍ തന്നെ ആക്‌സസ് അനുവദിക്കുന്നു. ഇതോടുകൂടി ആപ്പുകള്‍ ഫോണിലെ ഡാറ്റകള്‍ കൈക്കലാക്കുകയും ചെയ്യുന്നു. ആളുകളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ ആപ്പുകള്‍ക്ക് വ്യാജ റിവ്യൂകള്‍ ഉള്‍പ്പെടെ തട്ടിപ്പുകാര്‍ നല്‍കാറുണ്ട്. ഈ നല്ല റിവ്യൂ കണ്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരാണ് കൂടുതലും അപകടത്തില്‍പെടുന്നത്.
Comments are closed for this post.