
ദക്ഷിണാഫ്രിക്കയിലെ അതിപ്രശസ്തമായ മെഡിക്കല്‍ സര്‍വകലാശാലയിലെ 2003 ലെ ബിരുദദാന ചടങ്ങാണ് രംഗം. പതിനായിരക്കണക്കിന് ഡോക്ടര്‍മാര്‍ വര്‍ഷങ്ങള്‍ പഠിച്ച് ബിരുദം ഏറ്റുവാങ്ങിയ സര്‍വകലാശാലയാണത്. പക്ഷെ അന്നത്തെ ബിരുദദാന ചടങ്ങിന് സവിശേഷതകള്‍ ഏറെയുണ്ട്. കേവലം ആറാം ക്ലാസ് വരെ മാത്രം പഠിച്ച ഒരു മനുഷ്യനാണ് അന്നേദിവസം ‘മാസ്റ്റര്‍ ഓഫ് മെഡിസിന്’ എന്ന ഉന്നത ബഹുമതിപത്രം ഏറ്റുവാങ്ങുന്നത്!
ആ അപൂര്വചടങ്ങിന് സാക്ഷിയാവാന്‍, അദ്ദേഹം പഠിപ്പിച്ച നൂറുകണക്കിന് യുവഡോക്ടര്‍മാര്‍ അത്യാഹ്ലാദപൂര്‍വം എത്തിയിരിക്കുന്നു!
‘മാസ്റ്റര്‍ ഓഫ് മെഡിസിന് ഓണററി ബിരുദം ഇതാ ഹാമില്റ്റണ് നാക്കിയ്ക്ക്- ഒഅങകഘഠഛച ചഅഗക- സമ്മാനിക്കുന്നു’ എന്ന അനൗണ്‍സ്മെന്റ് മുഴങ്ങിയപ്പോള്‍ അത്യുജ്ജ്വലമായ കരഘോഷത്താല്‍ അന്തരീക്ഷം പ്രകമ്പനംകൊണ്ടു.
ദരിദ്രനായ ആ കറുത്ത വര്ഗക്കാരന് കൗമാരപ്രായത്തില്‍ നിര്‍മാണത്തൊഴിലാളിയായാണ് മെഡിക്കല്‍ സര്‍വകലാശാലയിലെത്തിയത്. പുതിയ കെട്ടിടങ്ങളുടെ നിര്‍മാണ ജോലികള്‍ വര്‍ഷങ്ങളോളം നീണ്ടു. തികഞ്ഞ ആത്മാര്‍ഥതയോടെ പണിയെടുത്ത പയ്യന് പിന്നീട് കാംപസില്‍തന്നെ ടെന്നീസ് കോര്‍ട്ട് പരിപാലിക്കുന്ന ജോലി ലഭിച്ചു.
ഒരുനാള്‍ ഗ്രൗണ്ടില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ സര്‍ജിക്കല്‍ വിഭാഗത്തിലെ ഫാക്കല്‍റ്റിയായ ഡോ. റോബര്‍ട്സ് ഗേറ്റ്സ് അയാളെ വിളിച്ചു. ലബോറട്ടറിയില്‍ സര്‍ജറിക്കായും പഠനപ്രവര്ത്തനങ്ങള്ക്കായും സൂക്ഷിക്കുന്ന മൃഗങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ട ജോലികള്‍കൂടി ചെയ്യാനായിരുന്നു ആ വിളി.
കൂട് വൃത്തിയാക്കല്‍ മുതല്‍ ഓപ്പറേഷന് ടേബിളില്‍ അനസ്തീഷ്യ നല്‍കുന്നത് വരെയുള്ള വിവിധ ജോലികള്‍കൂടി ആ തൊഴിലാളി സന്തോഷപൂര്വംതന്നെ ഏറ്റെടുത്തു.
സര്‍ജറിയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ഹാമില്‍റ്റന്റെ സേവനം പ്രയോജനപ്പെടുത്തി. ജിറാഫിനെ സര്‍ജറിക്കായി ഒരുക്കുക, അനസ്തേഷ്യ നല്‍കുക തുടങ്ങിയ പല ജോലികളും!
വര്‍ഷങ്ങള്‍ കടന്നു പോയി. ഡോക്ടര്‍ റോബര്‍ട്സ് ഗേറ്റ്സ് റിട്ടയര്‍ ചെയ്തു.
പിന്നീട് കൃസ്ത്യന്‍ ബെര്‍ണാഡ് എന്ന ഡോക്ടറായിരുന്നു ആ പദവിയില്‍. (ലോകത്താദ്യമായി ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്തക്രിയ നടത്തി ചരിത്രത്തില്‍ ഇടംപിടിച്ച അതേ ഡോക്ടര്‍.)
ലബോറട്ടറിയില്‍ അയാളിപ്പോള്‍ ജിറാഫിനെ ഒരുക്കലും കഴുത്ത് പിടിച്ചുവെക്കലും മറ്റും ചെയ്യുന്ന കേവലമൊരു തൊഴിലാളി മാത്രമല്ല!
ഇതിനൊക്കെയപ്പുറം, ഓപറേഷന് നടത്തുന്നതിലും ഹാമില്റ്റണ് അസിസ്റ്റന്റായി! ശരിക്കും പറഞ്ഞാല്‍ സഹഡോക്ടര്‍ തന്നെ!!
സര്‍ജറിയിലും തുന്നിക്കെട്ടലിലുമൊക്കെ ആ ‘തൊഴിലാളി ഡോക്ടറുടെ’ കരവിരുതും സൂക്ഷ്മതയും അപാരമായിരുന്നു.
ലാബിലെ പ്രിന്‍സിപ്പല്‍ സര്‍ജിക്കല്‍ അസിസ്റ്റന്റായി ഡോ. കൃസ്ത്യന്‍ ബര്‍ണാഡ് ഹാമില്റ്റണ് നാകിയെ നിയമിച്ചു. കരള്‍മാറ്റിവെയ്ക്കല്‍ വിഭാഗത്തിലും അയാള്‍ സേവനമനുഷ്ഠിച്ചു.
‘മെഡിക്കല്‍ രംഗത്ത് ഔപചാരിക വിദ്യാഭ്യാസം കിട്ടിയിരുന്നെങ്കില്‍ അതിപ്രഗല്ഭനായ സര്‍ജനായി ലോകമെങ്ങും അയാള്‍ അറിയപ്പെടുമായിരുന്നു’ ഹൈസ്കൂള്‍ പഠനം പോലും സാധ്യമാവാതിരുന്ന ആ മനുഷ്യനെക്കുറിച്ച് ഡോ. കൃസ്ത്യന്‍ ബര്‍ണാഡ് പറഞ്ഞു.
ആയിരക്കണക്കിന് ഡോക്ടര്‍മാരെ ആ മനുഷ്യന് സര്‍ജറി പഠിപ്പിക്കുകയും ചെയ്തു! അക്ഷരാഭ്യാസം കുറവായിരുന്നിട്ടും അയാളുടെ അനുഭവ പരിജ്ഞാനവും ആശയവ്യക്തതയും അപാരമായിരുന്നു.
തന്റെ ചെറിയ ജീവിതം കൊണ്ട് ഇത്തരം വലിയ കാര്യങ്ങള്‍ ചെയ്യാന്‍ ഹാമില്റ്റന് സാധ്യമായതിന്റെ രഹസ്യമെന്തായിരുന്നു?
അന്നൊരിക്കല്‍ ജിറാഫിന്റെ കഴുത്ത് പിടിച്ചുവെച്ചുകൊടുക്കുന്നതിനായി ലാബിലേക്ക് വിളിച്ചപ്പോള്‍, ‘നോ, അതെന്റെ ജോലിയല്ല, എനിക്ക് ഗ്രൗണ്ടിലാണ് ജോലി’ എന്ന് പറഞ്ഞൊഴിയുമായിരുന്നു. പക്ഷെ അയാള്‍ അതല്ല ചെയ്തത്. പുതിയൊരു മേഖല പരിചയപ്പെടാനുള്ള സുവര്‍ണാവസരമായി അയാളതിനെ കണ്ടു!
നമ്മളില്‍ പലരെയും പോലെ, ‘ഇത്തിരി ജോലി അധികം ചെയ്യാന്‍ സന്നദ്ധനാവുന്നവത് വെറും മണ്ടത്തരമാണ്’ എന്ന് ഹാമില്റ്റണ് കരുതിയില്ല.
താന്‍ നിര്‍വഹിക്കാന്‍ ബാധ്യസ്ഥനല്ലാത്ത ചുമതലകള്‍പോലും ഏറ്റെടുത്ത് സന്തോഷത്തോടെ ചെയ്തതോടെ, അയാള്‍ ഒരുപാട് പഠിച്ചു. ആട്ടിടയന്റെ പുത്രനായ ആറാം ക്ലാസുകാരന് വിദഗ്ധ സര്ജനായിത്തീര്ന്നു. ഹൃദയം മാറ്റിവെയ്ക്കുന്ന ടീമില്‍പ്പോലും അംഗമായി!
ചരിത്രത്തിന്റെ ഭാഗമായി!
ജനമനസ്സുകളിലേക്കും ‘സുപ്രഭാതത്തിന്റെ താളുകളിലേക്കും കുടിയേറി നമ്മെ അതിശയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.
ഔപചാരിക വിദ്യാഭ്യാസമില്ലാത്ത, കറുത്തവര്ശക്കാരനായ മനുഷ്യന്റെ കഴിവ് കണ്ടെത്താനും അംഗീകരിക്കാനും പ്രോല്‍സാഹിപ്പിക്കാനും മടിക്കാതിരുന്ന വെളുത്ത ഡോക്ടര്‍മാരുടെ നല്ല മനസ്സും കാണേണ്ടതുണ്ട്. കൂടെയുള്ളവന് പോലും തന്നോളം ഉയരത്തില്‍ എത്തുന്നത് ഇഷ്ടപ്പെടാത്തവരുടെ ലോകത്ത്, വെറും സാധാരണക്കാരനെ ഉയരാന്‍ സഹായിച്ച നന്മയെ വാഴ്ത്താതെ വയ്യ! കുപ്രസിദ്ധമായ വര്‍ണവിവേചനത്തിന്റെ കാലമായിരുന്നു അതെന്ന് ഓര്‍ക്കണം. വര്ണ്ണവിവേചനകാലം കഴിഞ്ഞാണ് ഹാമില്‍റ്റന്റെ മഹത്വം പുറംലോകത്ത് പ്രചരിച്ചത്.
ലോകത്തെ ആദ്യത്തെ ഹൃദയം മാറ്റിവെക്കല്‍ സര്‍ജറിയില്‍ കൃസ്ത്യന്‍ ബര്‍ണാഡ് ഹാമില്‍റ്റനെ സഹകരിപ്പിച്ചതിനെക്കുറിച്ച് പില്ക്കാലത്ത് ചലച്ചിത്രവും പുറത്തിറങ്ങി. പേര് Hidden Heart.
മസ്തിഷ്കമരണം സംഭവിച്ച വ്യക്തിയുടെ ശരീരത്തില്‍ നിന്ന് സര്‍ജറിയിലൂടെ ഹൃദയം പുറത്തെടുത്ത് കൃസ്ത്യന്‍ ബര്ണാഡിന് കൈമാറിയ സംഭവം ആ സിനിമയില്‍ ഹാമില്റ്റന് വിവരിക്കുന്നുണ്ട്.
പഴയ ആഫ്രിക്കന്‍ ചരിത്രകാലം അങ്ങനെയിരിക്കട്ടെ.
പ്രതിഭയുണ്ടായിട്ടും പല കാരണങ്ങളാല്‍ പഠനം ശരിയായ വിധം തുടരാന്‍ കഴിയാത്ത ഇന്നത്തെ കുട്ടികളെ മുന്നോട്ട് നയിക്കാന്‍ നമുക്ക് ഉത്തരവാദിത്വമില്ലേ? എന്തൊക്കെ ചെയ്യാന്‍ കഴിയും?
അധ്യാപകരുടെ റോള്‍ എന്തൊക്കെ?
ഈ അപൂര്‍വ കഥയുടെ പശ്ചാത്തലത്തില്‍ ആലോചിക്കാന്‍ ഏറെയില്ലേ?